- ജയ് ഹിന്ദ്
- അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-2)
- മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ് ഹിന്ദ് 3)
- വീട്ടുതടങ്കലില്‍ നിന്നുള്ള രക്ഷപ്പെടല്‍ (ചരിത്ര നോവല്‍ ജയ് ഹിന്ദ്-7)
- ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ് ഹിന്ദ് -4)
- ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ് ഹിന്ദ് -5)
- സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ്-6)
ഇന്ത്യക്കാര്‍ ഓര്‍ത്തിരിക്കേണ്ട ഒരു ചരിത്രമുഹൂര്‍ത്തമാണ് 1941 ജനുവരി 16. ഈ ദിവസമാണ് സുഭാഷ്ചന്ദ്രന്‍ വീട്ടുതടങ്കലില്‍നിന്നു രക്ഷപ്പെട്ടത്. അന്നേദിവസം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ടത്തിന്റെ തുടക്കം കുറിച്ചു.
ആ രക്ഷപ്പെടലിന്റെ കഥ ഇങ്ങനെയാണ്: അന്നു രാവിലെ നീളം കുറഞ്ഞ പൈജാമയും ഷേര്‍വാണിയും ധരിച്ച ഒരു പഠാന്‍ വീട്ടില്‍ വന്നു. പ്രശസ്തനായ വക്കീലാണല്ലൊ ജ്യേഷ്ഠന്‍ ശരത്‌ബോസ്. വക്കീലിനെ കാണാന്‍ ധാരാളം കക്ഷികള്‍ വരാറുണ്ട്. ആരേയും പോലീസുകാര്‍ തടയാറില്ല. ജാഗ്രത പുലര്‍ത്തുമെന്നുമാത്രം. സംശയം തോന്നിയാല്‍ മാത്രം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യും. സന്ദര്‍ശകരുടെ പേരും മേല്‍വിലാസവും വിസിറ്റുബുക്കില്‍ എഴുതിവെക്കും. എന്നാല്‍ പഠാനെ സംശയിക്കത്തക്കതായി ഒന്നും കണ്ടില്ല.
കുറച്ചുനേരം കഴിഞ്ഞ് ഏട്ടനായ ശരത്‌ബോസിന്റെ മകന്‍ പഠാനെ കാറില്‍ കയറ്റി. എവിടെപ്പോകുന്നു എന്ന ചോദ്യത്തിന് –
”റെയില്‍വേ സ്റ്റേഷനിലേക്ക്, അച്ഛന്റെ കക്ഷിയാണ്, സിയാല്‍ദാ സ്റ്റേഷനില്‍ വിടണം” എന്ന മറുപടിയും കിട്ടി.
പോലീസ് ഗേറ്റു തുറന്നുകൊടുത്തു. വന്നത് പഠാനാണെങ്കിലും പഠാന്റെ വേഷത്തില്‍ മടങ്ങിപ്പോയത് സുഭാഷ്ചന്ദ്രനായിരുന്നു. ചെറിയച്ഛനെ ബിഹാറിലെ ഗോമോഹിലിറക്കിവിട്ട് ഏട്ടന്റെ മകന്‍ മടങ്ങി. ഒറിജിനല്‍ പഠാനെവിടെ? കഥയില്‍ ചോദ്യമില്ലല്ലൊ.
അടുത്ത രണ്ടുദിവസവും മൂന്നുനേരം ശരത്ചന്ദ്രബോസിന്റെ മകള്‍ ചെറിയച്ഛന് ഭക്ഷണവുമായി തഴുതിട്ടു ഭദ്രമാക്കിയ മുറിയില്‍ കയറി. മുറിയടച്ചിരുന്ന് ചെറിയച്ഛനായി കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. എച്ചില്‍പ്ലേറ്റുമായി അടുക്കളയിലേക്കു പോയി. അപ്പോഴും വാതില്‍ അടച്ചുതഴുതിടാന്‍ ഏട്ടന്റെ മകള്‍ മറന്നില്ല. അങ്ങനെയായിരുന്നു പോലീസിന്റെ നിര്‍ദ്ദേശം. മകള്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ പോലീസുകാരന്‍ വാതിലിന്റെ താഴു പരിശോധിക്കും.
മൂന്നാംദിവസം രാവിലെ ഭക്ഷണവുമായി ചെറിയച്ഛന്റെ മുറിയിലേക്കു കയറിപ്പോയ ഏട്ടന്റെ മകള്‍ അലറിക്കരഞ്ഞുകൊണ്ട് പുറത്തുവന്നു.
‘ചെറിയച്ഛനെ കാണുന്നില്ല.’
അണ്ടിപോയ അണ്ണാനെപ്പോലെ പോലീസുകാര്‍ ചിലച്ചുകൊണ്ടിരുന്നു.
സുഭാഷ്ചന്ദ്രബോസ് അഫ്ഗാനിസ്ഥാനിലെത്തിയിരുന്നു. അവിടെനിന്ന് റഷ്യയിലേക്കു കടക്കാനായിരുന്നു പ്ലാന്‍. പക്ഷേ റഷ്യന്‍ അംബാസഡര്‍ താല്‍പ്പര്യം കാണിച്ചില്ല. മഹായുദ്ധത്തില്‍ റഷ്യ നിഷ്പക്ഷത പാലിച്ചുനില്‍ക്കുന്ന സമയം. ഇന്ത്യയില്‍നിന്നു വന്നിരിക്കുന്നത് ചെറിയ പുള്ളിയല്ല. അങ്ങനെയുള്ള ഒരാള്‍ക്ക് അഭയം കൊടുത്തു എന്നറിയുമ്പോള്‍ ബ്രിട്ടനു നീരസം തോന്നാം.
അഫ്ഗാനിസ്ഥാനിലെ ഇറ്റാലിയന്‍ അംബാസഡര്‍ നേതാജിയെ സഹായിക്കാന്‍ തയ്യാറായി. അദ്ദേഹത്തിന് മൊസോട്ടോ എന്ന വ്യാജപ്പേരില്‍ ഒരു പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചുകൊടുത്തു.
അച്ചുതണ്ടുശക്തികളെന്നറിയപ്പെടുന്ന സഖ്യത്തിന്റെ ഭാഗമാണല്ലൊ ഇറ്റലി. ജര്‍മ്മനിയുടെ ഉറ്റതോഴന്‍. നേതാജി ആദ്യം റഷ്യയിലും പിന്നീട് ജര്‍മ്മനിയിലുമെത്തി. ആസാദ് ഹിന്ദ് റേഡിയോവിലൂടെ തന്റെ നാട്ടുകാരുമായി വാര്‍ത്താവിനിമയം ആരംഭിച്ചു.
താന്‍ ശരിയായ മാര്‍ഗ്ഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് സുഭാഷ്ചന്ദ്രന് ഉത്തമവിശ്വാസമുണ്ട്. അച്ചുതണ്ടുശക്തികളുടെ സഖ്യത്തിലെ ഏഷ്യയിലെ കണ്ണിയാണ് ജപ്പാന്‍. ജര്‍മ്മനിയും ഇറ്റലിയും തളര്‍ന്നുതുടങ്ങിയിട്ടും തെക്കുകിഴക്കനേഷ്യയില്‍ ജപ്പാന്‍ അജയ്യരായി മുന്നേറുന്നു. ബര്‍മ്മയും ജപ്പാന്റെ സ്വാധീനവലയത്തിലാണ്.
സമീപഭാവിയില്‍ത്തന്നെ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് മുന്‍കൈയെടുത്ത് ആസാദ് ഹിന്ദ് സര്‍ക്കാറും ആസാദ് ഹിന്ദ് ഫൗജും ഉദയം കൊള്ളും. നേതാജിയുടെ അറിവോടെ ആലോചനകള്‍ രഹസ്യമായി നടക്കുന്നുണ്ട്.
ജര്‍മ്മനിയുടെ മേല്‍കോയ്മ അംഗീകരിക്കുന്നവരായാല്‍പോലും മറ്റു രാഷ്ട്രത്തലവന്മാര്‍ക്ക് അപൂര്‍വമായേ ഹിറ്റ്‌ലര്‍ കൂടിക്കാഴ്ച അനുവദിക്കുകയുള്ളു. അഭയാര്‍ത്ഥിയെന്നു വിശേഷിപ്പിക്കാമെന്നിട്ടുകൂടി നേതാജിക്ക് ഹിറ്റ്‌ലര്‍ കൂടിക്കാഴ്ച അനുവദിച്ചത് ഏവരേയും അതിശയപ്പെടുത്തി. നേതാജിയുടെ വ്യക്തിപ്രഭാവത്തില്‍ ഹിറ്റ്‌ലര്‍ അത്രമേല്‍ ആകൃഷ്ടനായിരുന്നു.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌സാമ്രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ ഇന്ത്യയുടെ വിഭവശേഷിയും ഇന്ത്യന്‍പട്ടാളത്തിന്റെ സമരവീര്യവുമാണ്. ബ്രിട്ടന്റെ പിടിയില്‍നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞാല്‍ ബ്രിട്ടനെ എളുപ്പത്തില്‍ കീഴടക്കാമെന്ന് ഹിറ്റ്‌ലര്‍ സ്വപ്നം കണ്ടു.
നേതാജി ഈ സാഹചര്യം മുതലെടുക്കാനായിത്തന്നെയാണ് ഇന്ത്യയില്‍നിന്നു രക്ഷപ്പെട്ട് അഫ്ഗാനിസ്ഥാന്‍ വഴി ജര്‍മ്മനിയിലെത്തിയതും ഹിറ്റ്‌ലറുടെ സഹായം തേടിയതും.
നിരന്തരവായനയിലൂടെയാണ് ശങ്കുണ്ണി നേതാജി സുഭാഷ്ചന്ദ്രബോസിനെ തൊട്ടറിഞ്ഞത്. മാടിനെപ്പോല പണിവലിച്ചും ഉണ്ടും ഉറങ്ങിയും ജീവിതം ജീവിച്ചുതീര്‍ക്കുന്നതിലര്‍ത്ഥമില്ലെന്ന് ശങ്കുണ്ണി വിശ്വസിച്ചു.
ജനനീ ജന്മഭൂമി ച
സ്വര്‍ഗ്ഗാദപി ഗരീയസീ
മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയാണ് തന്റെ ജീവിതലക്ഷ്യം. റാഷ്ബിഹാരിബോസിനെപ്പോലെ രക്ഷകനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ശങ്കുണ്ണിയും.
***** **** ****
ബ്രിട്ടനോടെതിരിടാന്‍ നേതാജി ജപ്പാനെ കൂട്ടുപിടിക്കാനെന്തായിരിക്കാം കാരണമെന്ന് ശങ്കുണ്ണി അതിശയിച്ചിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നു പറയാമെങ്കിലും അതിലൊരപകടം മറഞ്ഞിരിപ്പുണ്ട്. പുലിയില്‍നിന്നു രക്ഷപ്പെടാന്‍ കടുവയുടെ ഗുഹയിലഭയം തേടുന്നത് ബുദ്ധിയാണോ!
ഏറെനാളത്തെ വായനക്കും മനനത്തിനുമൊടുവില്‍ ശങ്കുണ്ണിക്ക് ആ സത്യം വെളിപ്പെട്ടുവന്നു. ബുദ്ധന്റെ നാടായ ഇന്ത്യ ജപ്പാന്‍കാര്‍ക്ക് സ്വര്‍ഗ്ഗഭൂമിയാണ്. ഇന്ത്യക്കാരോട് ജപ്പാന്‍കാര്‍ക്ക് സ്‌നേഹവും ആദരവുമുണ്ട് ; എല്ലാക്കാലത്തും.
ചിത്രലിപി ഉപയോഗിക്കുന്ന ജപ്പാന്‍കാര്‍ക്ക് ഇന്ത്യ എന്നെഴുതണമെങ്കില്‍ ആ ശബ്ദത്തെ അവരുടെ ഭാഷയിലെ ഒരാശയമാക്കണം. ആ ആശയത്തിനു ചേരുന്ന ഒരു ചിത്രം തയ്യാറാക്കണം.
ഇന്ത്യ എന്ന ആശയം അവരുടെ ഭാഷയില്‍ ‘ടെന്‍ജികു'(സ്വര്‍ഗ്ഗം) ആണ്. മറ്റേതൊരു രാജ്യത്തോട് ജപ്പാന്‍ അക്രമം കാണിച്ചാലും അവര്‍ക്കൊരിക്കലും ഇന്ത്യയെ ശത്രുപക്ഷത്തു കാണാന്‍ കഴിയില്ല.
ക്രൂരസ്വഭാവികളാണ് ജപ്പാന്‍സൈനികരെന്നു പറയപ്പെടുന്നുണ്ടെങ്കിലും, ഒരു ഇന്ത്യന്‍ വനിതയെപ്പോലും അവര്‍ സിംഗപ്പൂരില്‍ ഉപദ്രവിച്ചിട്ടില്ല. ഇന്ത്യയോടുള്ള സ്‌നേഹം അത്രയധികം ജപ്പാന്‍കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്നതില്‍ ഒരു സംശയവുമില്ല.
ഇന്ത്യയെ ബ്രിട്ടന്റെ കൈക്കൂട്ടില്‍നിന്നു രക്ഷപ്പെടുത്തേണ്ടത് അവരുടെ കടമയായി മാത്രം ജപ്പാന്‍ കാണുന്നു. ഒരു രാഷ്ട്രീയലാഭവും അവര്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ശങ്കുണ്ണിക്ക് തോന്നലുണ്ടായി.
നേതാജിയുടെ മാനസഗുരുവായ വിവേകാനന്ദസ്വാമികള്‍ക്കും ജപ്പാനുമായി വൈകാരികമായ അടുപ്പമുണ്ടായിരുന്നു.
ചൈനയും ജപ്പാനും ബുദ്ധമതക്കാരാണെങ്കിലും രണ്ടു രാജ്യങ്ങളും തമ്മില്‍ രാവും പകലുംപോലെ അന്തരമുണ്ട്. ചൈന ഒരുകാലത്തും ഇന്ത്യയുമായി സൗഹൃദത്തിലായിരുന്നില്ല. ഇന്ത്യയും ജപ്പാനും തമ്മിലോ, ആത്മബന്ധംതന്നെ ഉണ്ടായിരുന്നു എന്നുവേണം പറയാന്‍.
ധര്‍മ്മപ്രചാരണത്തിനായി ബുദ്ധശിഷ്യന്മാര്‍ ചൈനയിലും ജപ്പാനിലും സഞ്ചരിച്ചു. ചൈനയെപ്പോലെ അന്യഭാഷകളെ ജപ്പാന്‍ തിരസ്‌കരിച്ചില്ല. സംസ്‌കൃതം പഠിക്കാനും അവര്‍ ഉത്സാഹം കാണിച്ചു. അതിനൊരു കാരണമുണ്ട്. ശ്രീബുദ്ധന്റെ ഉദ്‌ബോധനങ്ങള്‍ സിദ്ധം ലിപിയില്‍ സംസ്‌കൃതഭാഷയിലാണ് എഴുതി സൂക്ഷിച്ചിരുന്നത്, ഇന്ത്യക്കാരോടുള്ള അടുപ്പത്തിന് സംസ്‌കൃതവും ഒരു നിമിത്തമായി.
ജപ്പാന്റെ സ്ഥിരോത്സാഹത്തെ വിവേകാനന്ദസ്വാമികള്‍ ബഹുമാനിച്ചിരുന്നു എന്ന് ശങ്കുണ്ണി തിരിച്ചറിഞ്ഞു. ജപ്പാനെ കണ്ടുപഠിക്കാനാണ് സാക്ഷാല്‍ ജെ.എന്‍. ടാറ്റയെപ്പോലും സ്വാമികള്‍ ഉപദേശിച്ചത്. ടോക്കിയോവിലേക്കുള്ള യാത്രയില്‍ കപ്പലില്‍വെച്ചാണ് സ്വാമികള്‍ ടാറ്റയെ കണ്ടുമുട്ടിയത്. ഇന്ത്യയില്‍ ഇരുമ്പുരുക്കുവ്യവസായത്തിന് തറക്കല്ലിടാന്‍ ആ കൂടിക്കാഴ്ച ഒരു കാരണമായിട്ടുണ്ടാവാം.
‘എനിക്ക് ഏതാനും അവിവാഹിതരായ ബിരുദധാരികളെ കിട്ടുകയാണെങ്കില്‍ അവരെ ജപ്പാനിലേക്കയച്ച് സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടാനുള്ള ഒരുക്കങ്ങള്‍ ചെയ്യാമായിരുന്നു. അവര്‍ തിരിച്ചുവരുമ്പോള്‍ അവരുടെ പ്രാവീണ്യം ഇന്ത്യയുടെ നന്മയ്ക്കായി ഉപയോഗിക്കാം. അതെത്ര നല്ല കാര്യമായിരിക്കും’ എന്നാണ് ബേലൂര്‍മഠത്തില്‍വെച്ച് സ്വാമികള്‍ അനുയായികളോടു പറഞ്ഞത്.
സ്വാമികളുടെ മാനസശിഷ്യനായ നേതാജിക്ക് ജപ്പാനോട് ആദരവുണ്ടായതില്‍ അത്ഭുതപ്പെടാനില്ല. ജപ്പാന്റെ പിന്‍ബലത്തോടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മി ഡല്‍ഹി പിടിക്കുകയാണെങ്കില്‍ റെഡ്‌ഫോര്‍ട്ടില്‍ ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ ത്രിവര്‍ണ്ണപതാക ഉയരും.
ശ്രീബുദ്ധന്റെ ജന്മനാട്ടില്‍ അധികാരം സ്ഥാപിക്കാന്‍ ജപ്പാന്‍ മുതിരില്ല. ഈ ജീവന്മരണസംഗ്രാമത്തില്‍ ഐഎന്‍എക്ക് സഹായഹസ്തം നീട്ടുന്നത് ജപ്പാന് ഒരു സല്‍പ്രവൃത്തിമാത്രം. അതുകൊണ്ടായിരിക്കാം നേതാജി ജര്‍മ്മനിയില്‍നിന്നു പുറപ്പെട്ട് മഡഗാസ്‌കര്‍ചുറ്റി സുമാത്ര വഴി ടോക്കിയോവിലെത്തിയതും ജപ്പാന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴച നടത്തിയതും. ജപ്പാന്റെ ആശീര്‍വാദത്തോടെയാണ് നേതാജി സിംഗപ്പൂരില്‍ പറന്നിറങ്ങിയത്.
***** ***** *****
ശങ്കുണ്ണിയെപ്പോലെ എല്ലാം ത്യജിച്ച് മാതൃരാജ്യത്തിനുവേണ്ടി പൊരുതാനായി മുമ്പോട്ടുവന്ന യുവസഹസ്രങ്ങളായിരുന്നു ആസാദ് ഹിന്ദ് ഫൗജിന്റെ ശക്തി.
ഷുഗര്‍ കിങ്ങ് എന്നറിയപ്പെടുന്ന വ്യാപാരി. റംഗൂണായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ ആസ്ഥാനം. വൃദ്ധനായ ഈ മനുഷ്യന്‍ തന്റെ സര്‍വ സ്വത്തുക്കളും പെണ്‍മക്കളുടെ ആഭരണങ്ങളും ഐഎന്‍എക്കു സമര്‍പ്പിച്ചു. പകരം പട്ടാളക്കാരന്റെ കുപ്പായം ആവശ്യപ്പെട്ടു. നേതാജിയെ സ്വര്‍ണ്ണംകൊണ്ടു തൂക്കി, ആ സ്വര്‍ണ്ണം വിറ്റ് അദ്ദേഹം ആസാദ്ഹിന്ദ് ബാങ്കു തുടങ്ങി.
പലരില്‍നിന്നായി സ്വരൂപിച്ച പണംകൊണ്ടാണ് ജപ്പാന്റെ പക്കല്‍നിന്ന് വെടിക്കോപ്പുകള്‍ വാങ്ങുന്നത്. യുദ്ധം ജയിക്കണമെങ്കില്‍ ജപ്പാന്റെ സഹായം വേണം. ശക്തനോട് ഒരുകൈ സഹായം ആവശ്യപ്പെടാം. എന്നുവെച്ച് തോളില്‍ തൂങ്ങരുത്.
പുതുതായി ചേരുന്ന യുവാക്കള്‍ക്ക് മിലിട്ടറി ട്രെയ്‌നിങ്ങില്ലെന്നത് ഒരു പോരായ്മതന്നെ. ശരിയായ പരിശീലനം നല്‍കി അവരെ സുസജ്ജമാക്കാനാണല്ലൊ ഇംഗ്ലീഷുകാര്‍ ഉപേക്ഷിച്ചുപോയ ഇന്ത്യന്‍ആര്‍മ്മിക്കാരെ ഐഎന്‍എയിലെടുത്തത്.
അവരെ നിഷ്‌ക്കരുണം ജപ്പാന്‍ സൈന്യത്തിനുമുമ്പില്‍ അടിയറവെച്ച് കടന്നുകളഞ്ഞ ഇംഗ്ലീഷുകാരോട് ഇന്ത്യന്‍പട്ടാളത്തിന് മമതയില്ലെന്നുവേണം കരുതാന്‍. ഉണ്ണാത്ത ചോറിന് നന്ദി കാണിക്കേണ്ട ആവശ്യമില്ല.
കോളേജില്‍ പഠിക്കുമ്പോഴേ സൈനികപരിശീലനം കിട്ടിയിട്ടുണ്ട് നേതാജിക്ക്. എന്നെങ്കിലുമൊരിക്കല്‍ ഈ പരിശീലനം തനിക്കുപകാരപ്പെടുമെന്ന് അന്നേ നേതാജിക്ക് ഉള്‍വിളി ഉണ്ടായിട്ടുണ്ടാവാം.
സിംഗപ്പൂരില്‍ റിക്രൂട്ടു ചെയ്തവര്‍ക്ക് സറാര്‍ ക്യാമ്പിലാണല്ലോ ട്രെയിനിങ്ങ്്. ബര്‍മ്മയില്‍നിന്നു ചേര്‍ന്നവര്‍ക്ക് ഗോശാല ക്യാമ്പില്‍. ബര്‍മ്മയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ മലമുകളിലായിരുന്നു ഗോശാല ക്യാമ്പ്.
മാതൃഭൂമിയുടെ മോചനം എന്ന മഹത്തായ ലക്ഷ്യം ഓരോ യുവാവിന്റേയും മുമ്പിലുണ്ടായിരുന്നതിനാല്‍ കഠിനമായ പരിശീലനം അവര്‍ക്കൊരു പീഡനമായി അനുഭവപ്പെട്ടില്ല.
സൈനിക പരിശീലനം കഴിഞ്ഞിട്ടുവേണം യുദ്ധമുന്നണിയിലേക്കു മാര്‍ച്ചു ചെയ്യാനെന്ന് അവര്‍ക്കു നന്നായറിയാം.
നെഹ്‌റുബ്രിഗേഡില്‍ എഞ്ചിനീയറിങ്ങ് യൂണിറ്റിലേക്കായിരുന്നു ശങ്കുണ്ണിയെ സെലക്ട് ചെയ്തത്.
സൈനികരുടെ പരിശീലനം കഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു സര്‍വസൈന്യാധിപനായ നേതാജി. സമയമൊട്ടും പാഴാക്കാതെ ബര്‍മ്മയുടെ അതിര്‍ത്തിയിലുള്ള പോപ്പോഹില്‍സിലേക്ക് സൈന്യം നീങ്ങി.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. യൂറോപ്പില്‍ ജര്‍മ്മനിയുടേയും ഇറ്റലിയുടേയും മുന്നേറ്റം തടുക്കണം. സ്വന്തം രാജ്യാതിര്‍ത്തി കാത്തുസൂക്ഷിക്കണം. ബ്രിട്ടന്‍ അങ്കലാപ്പിലായിരുന്നു. ഫ്രാന്‍സിനെ അടിച്ചുതകര്‍ത്ത് ജര്‍മ്മന്‍പട ബ്രിട്ടീഷ് ദ്വീപുകള്‍ ലക്ഷ്യമാക്കി നീങ്ങുന്നു.
ബ്രിട്ടനില്‍ പ്രധാനമന്ത്രിയായി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ സ്ഥാനമേറ്റതോടെ യുദ്ധത്തിന്റെ ഗതി മാറി. ചര്‍ച്ചില്‍ മുന്‍കയ്യെടുത്ത് അമേരിക്കന്‍ പ്രസിഡന്റ് റൂസ്‌വെല്‍ട്ടുമായും റഷ്യയിലെ സ്റ്റാലിനുമായും സഖ്യമുണ്ടാക്കി. ആളും അര്‍ത്ഥവും ആയുധവും കൊടുത്തു സഹായിക്കാന്‍ അമേരിക്ക തയ്യാറായി.
യുദ്ധമുഖങ്ങളില്‍ അമേരിക്ക നേരിട്ടിടപെട്ടു. ഫ്രാന്‍സില്‍നിന്ന് ജര്‍മ്മനിയേയും ഇറ്റലിയേയും തുരത്തി. വടക്കന്‍ ആഫ്രിക്കയില്‍ വെട്ടുകിളികളെപ്പോലെ പറന്നിറങ്ങിയ ശത്രുസൈന്യത്തെ സഖ്യശക്തികള്‍ നിലംപരിശാക്കി. അമ്പത്തയ്യായിരം ഭടന്മാര്‍ ടുണീഷ്യയില്‍ കീഴടങ്ങി.
1942ലെ വേനല്‍ക്കാലത്ത് റഷ്യയുടെ കോക്കസസ്സിലെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുത്ത് ജര്‍മ്മനി വോള്‍ഗാനദിയുടെ തീരത്തെ സ്റ്റാലിന്‍ഗ്രാഡിലെത്തി. സ്റ്റാലിന്‍ഗ്രാഡില്‍ പക്ഷേ ജര്‍മ്മനിക്ക് കനത്ത പ്രതിരോധം നേരിടേണ്ടിവന്നു. 1943 ഫെബ്രുവരിയില്‍ ജര്‍മ്മന്‍ പട റഷ്യന്‍ സൈന്യത്തിനുമുമ്പില്‍ അടിയറവു പറഞ്ഞു. 94000 പടയാളികളാണ് അന്ന് ആയുധംവെച്ചു കീഴടങ്ങിയത്. അതിരുകടന്ന ആത്മവിശ്വാസം ജര്‍മ്മനിക്കു വിനയായി.
ഇറ്റലിയിലെ ഭരണാധികാരിയായ മുസ്സോളിനിയുമായി കൈകോര്‍ത്ത് യൂറോപ്പ് ഒന്നാകെ കാല്‍ക്കീഴില്‍ കൊണ്ടുവരാമെന്ന ജര്‍മ്മനിയുടെ സ്വപ്നം പൊലിഞ്ഞു.
1943 ജൂലായ് മാസത്തോടെ അമേരിക്കന്‍-ഇംഗ്ലീഷ് സൈന്യങ്ങള്‍ ഇറ്റലിയുടെ മണ്ണില്‍ കാലുറപ്പിച്ചുകഴിഞ്ഞിരുന്നു. അവര്‍ മുസ്സോളിനിയെ ജയിലില്‍ പിടിച്ചിട്ടു. ജര്‍മ്മന്‍ റെസ്‌ക്യൂ ടീം മുസ്സോളിനിയെ തടവില്‍നിന്നു രക്ഷപ്പെടുത്തിയെങ്കിലും ജര്‍മ്മന്‍ വിരോധികളായ ചില ഇറ്റലിക്കാര്‍ മുസ്സോളിനിയെ പിടികൂടി കൊന്ന് പരസ്യമായി കെട്ടിത്തൂക്കി.
യുദ്ധകാലമായതിനാല്‍ എന്താണ് യൂറോപ്പിലും ബ്രിട്ടനിലും റഷ്യയിലും നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ശങ്കുണ്ണിക്കായില്ല. പലപ്പോഴും ശങ്കുണ്ണിക്ക് വരികള്‍ക്കിടയിലൂടെ വായിക്കേണ്ടിവന്നു. ഫ്രാന്‍സ് കയ്യടക്കാന്‍ ശ്രമിച്ച ജര്‍മ്മനിക്കും ഇറ്റലിക്കും തിരിച്ചടികള്‍ കിട്ടിക്കൊണ്ടിരിക്കുന്നു എന്നുവേണം കരുതാന്‍. ഉറങ്ങിക്കിടക്കുന്ന റഷ്യന്‍കരടിയെ തോണ്ടിയുണര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നോ ജര്‍മ്മനിക്ക്.
ഒരുകാര്യം തീര്‍ച്ചയാണ്. അച്ചുതണ്ടു ശക്തികള്‍ യൂറോപ്പില്‍ പരാജയപ്പെട്ടെങ്കിലും ജപ്പാന്‍ തെക്കുകിഴക്കനേഷ്യയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഫിലിപ്പൈന്‍സും ഇന്ത്യോനേഷ്യയും മലയായും സിംഗപ്പൂരും കൈവശപ്പെടുത്തി ജപ്പാന്‍ ബര്‍മ്മയിലെത്തി.
ബര്‍മ്മയില്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ പിടി അയഞ്ഞിരിക്കുന്നു.
(തുടരും)






















