- കൊമരന്‍ ചങ്കു
- ദിവ്യശക്തി (കൊമരന്‍ ചങ്കു 2)
- അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)
- ഞായറാഴ്ചയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ് ( കൊമരന്‍ ചങ്കു 15)
- ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)
- നിധിശേഖരം (കൊമരന്‍ ചങ്കു 5)
- പൊട്ടുകുന്നന്‍ മലയിലേക്ക് (കൊമരന്‍ ചങ്കു 6)
ഒരു മണിക്കൂറിനുള്ളില്‍ അപ്പു ഒരു തീരുമാനത്തിലെത്തി. ഫ്രെഡിയോടും മമ്മയോടും പോലും അവന് ചര്‍ച്ച ചെയ്തില്ല.
ഡു ഓര് ഡൈ.
പദ്ധതി നടപ്പിലാക്കുക തന്നെ. വരുന്നിടത്തു വെച്ചു കാണാം. നല്ല കാര്യങ്ങളൊന്നും വെച്ചു താമസിപ്പിക്കരുത് എന്നാണല്ലോ പഴയ ആള്ക്കാര് പറയാറ്.
ആറുമണിക്ക് വിക്രമന് വിളിച്ചപ്പോള്‍ അപ്പു തീരുമാനമറിയിച്ചു.
‘എന്താണ് നിങ്ങള്‍ക്കുവേണ്ടത്. അത് ചെയ്തോളൂ.’
‘ഞങ്ങള്‍ വന്ന് കുഴിക്കും. നിധി എടുത്ത് സ്ഥലം വിടും.’
‘സമ്മതം. ഒപ്പം ഞങ്ങള്‍ക്ക് ചില നിബന്ധനകളുണ്ട്. അത് പാലിക്കണം.’
‘കേള്‍ക്കട്ടെ. എന്തൊക്കെയാണ്?’
‘നാളെ… ഞായറാഴ്ചയാണ് നിങ്ങള്‍ വരേണ്ട ദിവസം’
‘ഓ.കെ’
‘രാത്രി ഏഴര മണിക്കുശേഷം ആരംഭിച്ച് രാത്രി പത്തരപതിനൊന്നുമണിയ്ക്കുള്ളില് അവസാനിപ്പിക്കണം.’
‘അതെന്താണ് സമയ ക്ലിപ്തത?’
‘നാളെ ഇന്ത്യ-പാകിസ്ഥാന് ട്വന്റി ട്വന്റി ക്രിക്കറ്റു മത്സരം ഏഴര മുതല്‍ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ആ സമയത്ത് ജനം മുഴുവന്‍ ടി.വിയുടെ മുമ്പിലായിരിക്കും. സമീപവാസികളുടെ ഇടപെടലില്ലാതെ നിങ്ങള്‍ക്ക് ജോലി തീര്‍ത്തുപോകാം.’
‘തീരാന്‍ അല്പം വൈകിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?’
‘നിങ്ങള്‍ക്ക് ഇവിടെ നിന്ന് പോകാന്‍ പറ്റാതെ വരും.’
‘അതെന്താ?’
‘ഇന്ത്യ-പാകിസ്ഥാന് മത്സരത്തില്‍ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ മാച്ചും പരമ്പരയും സ്വന്തമാക്കും. അതോടെ ഫോര്‍ട്ട് കൊച്ചിയ്ക്ക് അത് ആഘോഷരാവായി മാറും. ജനം മുഴുവന്‍ ആട്ടവും പാട്ടുമായി തെരുവിലിറങ്ങും.’
‘അതു ശരിയാണ്’
‘പിന്നെ… നിങ്ങളുടെ ടീമില്‍ എത്ര പേരുണ്ടോ. അവരെല്ലാം വന്നോട്ടെ. സമയബന്ധിതമായി ജോലി തീര്‍ക്കാന്‍ അതാണ് നല്ലത്.’
‘അങ്ങനെ ചെയ്യാം’
‘മറ്റൊന്ന്… കുടിച്ചു കൂത്താടി വരരുത്. യാതൊരു ഒച്ചയും അനക്കവും ഇല്ലാതെ വന്ന കാര്യം സാധിച്ചിട്ടുപോകണം. ചുറ്റും താമസിക്കുന്നവരുടെ ശ്രദ്ധയില്‍ പെട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. നിങ്ങള്‍ക്ക് അവരെ നേരിടാന്‍ കരുത്തും കഴിവുമുണ്ടായിരിക്കും. സംശയമൊന്നുമില്ല. പക്ഷേ അതിനിടയില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യം നടക്കാതെ പോകും.’
‘അത് നേര്. അക്കാര്യം ശ്രദ്ധയില്‍ വെയ്ക്കാം’.
‘അപ്പോള്‍ നാളെ… ഏഴര മണിക്ക് ഗേറ്റ് തുറന്നുവെയ്ക്കും. അതിനുശേഷം മാത്രം വരിക. വാഹനങ്ങള്‍ ദൂരെ നിര്‍ത്തി പണി ആയുധങ്ങളുമായി നടന്നുവേണം വരാന്‍. ഇനി തമ്മില്‍ സംസാരമില്ല.’
‘ഓ.കെ. ഡണ്‍.’
അപ്പുവിന്റെ മനസ്സില്‍ എന്താണ് എന്ന് മമ്മയും ഫ്രെഡിയും ചോദിച്ചില്ല. അവര്‍ക്ക് അവനെ അത്രമേല്‍ വിശ്വാസമായിരുന്നു. തങ്ങള്‍ക്ക് ദോഷമായി ഭവിക്കുന്നതൊന്നും അവന് ചെയ്യുകയില്ല. അപ്പു ഉദ്ദേശിക്കുന്ന കാര്യം ഫലപ്രാപ്തിയില്‍ എത്തുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു.
എന്തോ…. അപ്പോഴേയ്ക്കും അപ്പുവിനും പതിന്മടങ്ങ് ആത്മവിശ്വാസം കൈവന്നു.
ചങ്കുമാമന് തന്ന പായ്ക്കറ്റു ഇതുവരെ തുറന്നിട്ടില്ല.
അതിലെന്താണ് എന്ന് അറിയുകയുമില്ല.
തനിക്കുള്ള നിര്‍ദ്ദേശവും വായിക്കേണ്ടിയിരിക്കുന്നു.
സര്‍വ്വോപരി കുറ്റമറ്റ രീതിയില്‍ എല്ലാം നടപ്പിലാക്കുകയും വേണം.
ഫ്രെഡിയും മമ്മയും അവരുടെ വാടകമുറിയിലെ അന്തേവാസികളും വരാനിരിക്കുന്നത് എന്ത് മഹാത്ഭുതമാണ് എന്ന ആകാംക്ഷയില്‍ ഞായറാഴ്ചയ്ക്കുവേണ്ടി കാത്തിരുന്നു.