അമ്പിളിമാമനെ കളിയാക്കാനാണ് ആനന്ദുവിനപ്പോള്‍ തോന്നിയത്.
”ശ്രദ്ധിക്കൂ. അവിടെ നില്‍ക്കൂ. അവിടെയൊരു ഗര്‍ത്തമാണ്. ഇനിയൊരടി മുന്നോട്ടുവച്ചാല്‍ അപകടമാണ്.”
അമ്പിളിമാമന്‍ മുന്നറിയിപ്പ് കൊടുക്കുമ്പോഴേക്കും ആനന്ദു മുന്നോട്ടൊരോട്ടം വച്ചുകൊടുത്തു. അടുത്തനിമിഷം അവന്‍ ഇരുള്‍നിറഞ്ഞ ഗര്‍ത്തത്തിലേക്ക് പതിച്ചു.
”ഹമ്മേ… രക്ഷിക്കണേ…”
അവന്‍ ഉറക്കെ നിലവിളിച്ചു. എത്രയുച്ചത്തില്‍ നിലവിളിച്ചിട്ടും അവനുപോലും കേള്‍ക്കാന്‍ പറ്റാത്തവിധം ശബ്ദം നേര്‍ത്തില്ലാതായിപ്പോകുന്നു.
”എന്തുപറ്റി ആനന്ദൂ, പേടിച്ചുപോയോ?”
കുഴിയില്‍ വീണുകിടക്കുന്ന ആനന്ദുവിനോട് അമ്പിളിമാമന്‍ ചിരിച്ചുകൊണ്ടുചോദിച്ചു.
”ഇവിടെ വീണാല്‍ ആനന്ദുവിന് അപകടമൊന്നും പറ്റില്ല. ചന്ദ്രനില്‍ ഭൂമിയിലുള്ളതിനേക്കാള്‍ ആറിലൊന്ന് ഭാരമേ അനുഭവപ്പെടുള്ളൂ. കൂടാതെ ഞാന്‍ മോനുചുറ്റും ഒരു വായുവിന്റെ സംരക്ഷണാവരണം സൃഷ്ടിച്ചിട്ടുണ്ടെന്ന് പറഞ്ഞല്ലോ. അത് രക്ഷിക്കും.”
”ഇത്രവലിയ ഇരുട്ടുനിറഞ്ഞ കുഴിയിലേക്ക് വീണുപോയപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചുപോയി. എന്റെ കഥ കഴിഞ്ഞുവെന്ന് വിചാരിച്ചു.”
”കുഴിയില്‍ വീഴുന്നതിന് പേടിക്കുകയാണെങ്കില്‍ അതിനേ സമയം കാണുള്ളൂ.”
”അതെന്താ?”
”എന്റെയുപരിതലത്തില്‍ ചെറുതും വലുതുമായ ധാരാളം ഗര്‍ത്തങ്ങളുണ്ട്. അവയില്‍ത്തന്നെ സാമാന്യം വലിയൊരു കിരണഗര്‍ത്തത്തിലാണ് ആനന്ദുവിപ്പോള്‍ വീണുകിടക്കുന്നത്.”
”കിരണഗര്‍ത്തമോ? അതെന്താണ്?”
”പ്രകാശകിരണങ്ങള്‍ പുറത്തേക്ക് വമിക്കുന്ന ഗര്‍ത്തങ്ങളാണ് കിരണഗര്‍ത്തങ്ങള്‍. പൗര്‍ണമിദിനത്തില്‍ ഭൂമിയില്‍ നിന്നും നോക്കുന്നവര്‍ക്ക് ഈ ഗര്‍ത്തങ്ങളില്‍ നിന്നും പ്രകാശകിരണങ്ങള്‍ നാലുഭാഗത്തേക്കുമായി പുറത്തേക്ക് വരുന്നതുപോലെ തോന്നും. അതുകൊണ്ടാണിവയക്ക് കിരണഗര്‍ത്തങ്ങളെന്ന് പേരിട്ടിരിക്കുന്നത്. മനുഷ്യരാണീ പേരിട്ടത്.”
”ശരിക്കും ഇതില്‍നിന്നും പ്രകാശകിരണങ്ങള്‍ പുറത്തുവരുമോ? നല്ലയിരുട്ടാണല്ലോയിവിടെ?”
”വെളിച്ചം വരുന്നതായൊക്കെ ഭൂമീന്ന് നോക്കുമ്പോള്‍ മനുഷ്യര്‍ക്ക് തോന്നുന്നതല്ലേ? ശരിക്കും വെളിച്ചമൊന്നും വരുന്നില്ല.”
അമ്പിളിമാമന്‍ ചിരിച്ചു.
”ഈ കുഴികളൊക്കെ ആരാ കുഴിച്ചത്?”
”ആരും കുഴിച്ചതൊന്നുമല്ല. ഇവയുണ്ടാകാന്‍ പല കാരണങ്ങളുണ്ട്. ഇവിടെ ചിലപ്പോള്‍ വലിയ ഉല്‍ക്കകള്‍ വന്നുവീഴും. അല്ലെങ്കില്‍ ധൂമകേതുക്കള്‍ വന്ന് പതിക്കും. അപ്പോള്‍ ആഴമുള്ള കുഴികള്‍ രൂപപ്പെടും.”
”ഹയ്യോ! അപ്പോഴിവിടെ ഉല്‍ക്കകളും വന്നുവീഴുമോ?”
”അതെ. ഉല്‍ക്കാപതനമുണ്ടാകും. ചിലപ്പോഴത് അപകടമുണ്ടാക്കും.”
”ഹയ്യോ! ഇവിടെ വന്നത് അബദ്ധമായോ?”
”പേടിക്കേണ്ട. ഉല്‍ക്കകള്‍ വീഴുന്നത് എപ്പോഴാണെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയും. ഞാനല്ലേ മോനെയിങ്ങോട്ട് കൊണ്ടുവന്നത്? ആനന്ദുവിന് അപകടം വരാതെ നോക്കേണ്ടത് എന്റെ കടമയല്ലേ? എന്റെ അതിഥിയല്ലേ മോന്‍?”
അമ്പിളിമാമന്‍ പറഞ്ഞപ്പോള്‍ ആനന്ദു ചിരിച്ചു.
”വരൂ. നമുക്ക് ഈ കുഴിയില്‍ നിന്നും ഉടനെ പുറത്തേക്ക് കടക്കണം.”
അമ്പിളിത്തോണിയിലേറ്റി ആനന്ദു ഗര്‍ത്തത്തില്‍ നിന്നും പുറത്തുവന്നു.
”ഹൊ! ഞാന്‍ വീണത് ഇത്രയും വലിയ ഗര്‍ത്തത്തിലാണല്ലേ? ഇതിന് ഒരു പേരുകൊടുക്കണം. എന്റെ പേരുതന്നെയാവട്ടെ. ആനന്ദു ഗര്‍ത്തം. നല്ല പേരായിരിക്കും. ഇവിടുത്തെ പാറയില്‍ ഞാനതെഴുതിവയ്ക്കാം.”
ആനന്ദു വെളുത്തുതിളങ്ങുന്ന ഒരു കല്ലെടുത്ത് വലിയ കറുത്ത പാറയില്‍ വലിയ അക്ഷരങ്ങളില്‍ ആനന്ദുഗര്‍ത്തം എന്ന് പേരെഴുതിവച്ചു.
”ആഹ! കൊള്ളാമല്ലോ. ശാസ്ത്രജ്ഞരുടെ പേരുകളാണ് സാധാരണ ഇവിടുത്തെ ഗര്‍ത്തങ്ങള്‍ക്ക് കൊടുക്കാറുള്ളത്. അവരാണല്ലോ പേരുവിളിയുടെ ആശാന്മാര്‍. ഏറ്റവും വലിയ ഗര്‍ത്തത്തിന് കോപ്പര്‍നിക്കസ് ഗര്‍ത്തം എന്നാണ് പേര്.”
”കോപ്പര്‍നിക്കസ് ഗര്‍ത്തമോ? കൊള്ളാമല്ലോ.”
(തുടരും)






















