ഭാരതം കണ്ട ഏറ്റവും വലിയ ഭൂകമ്പമായിരുന്നു 2001 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 8.53 ന് ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഉണ്ടായത്. മേഖലയെ ഒന്നാകെ കീഴ്‌മേല്‍ മറിച്ച ആ ഭൂകമ്പത്തില്‍ 20,000 ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 2 ലക്ഷത്തോളം പേര്‍ക്ക് പരിക്കു പറ്റി. 4 ലക്ഷം വീടുകള്‍ തകര്‍ന്നു. രാജ്യത്തെ നടുക്കിയ ഈ ഭൂകമ്പത്തില്‍ എന്തുചെയ്യണമെന്നറിയാതെ ഭരണകൂടം പോലും സ്തംഭിച്ചു നിന്നപ്പോള്‍ അകലെ ദില്ലിയിലായിരുന്ന നരേന്ദ്രമോദി തൊട്ടടുത്ത വിമാനത്തില്‍ അവിടെയെത്തി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല ഏറ്റെടുത്തു. ഭാരത ജനതയുടെ ഹൃദയത്തിലേക്കുള്ള നരേ്രന്ദ ദാമോദര്‍ദാസ് മോദിയുടെ രംഗപ്രവേശമായിരുന്നു അത്. തുടര്‍ന്ന് കേശുഭായ് പട്ടേലിനു പകരം 2001 ഒക്ടോബര്‍ 7 ന് ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ ഭരണഘടനാ പദവിയിലുള്ള മോദിയുടെ പ്രയാണത്തിന് തുടക്കമായി. 2014 മെയ് 22 വരെ ആ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 2014 മെയ് 26 ന് ഭാരതത്തിന്റെ പ്രധാനമന്ത്രിയായി. ഇപ്പോഴും ആ ചുമതലയില്‍ തുടരുന്നു. തുടര്‍ച്ചയായി മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മൂന്ന് ലോകസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച് എല്ലാ വെല്ലുവിളികളെയും തരണം ചെയ്ത് വിജയിച്ചാണ് അദ്ദേഹം അത്യപൂര്‍വ്വമായ ഈ ജനസമ്മതി നേടിയത്. ഭരണഘടനാ പദവിയില്‍ തുടര്‍ച്ചയായി 25 വര്‍ഷം പൂര്‍ത്തിയാക്കുക മാത്രമല്ല ഭരണവിരുദ്ധ വികാരം ഒട്ടും സ്പര്‍ശിക്കാതെ ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന ദേശീയ നേതാവാണ് നരേന്ദ്രമോദി. ഭാരതത്തിനകത്തു മാത്രമല്ല ലോകരാജ്യങ്ങള്‍ക്കിടയിലും മോദിയുടെ വ്യക്തിപ്രഭാവം ജ്വലിച്ചു തന്നെ നില്‍ക്കുന്നു. 2014 ല്‍ മോദി പ്രധാനമന്ത്രിയായപ്പോള്‍ ലണ്ടനിലെ ഗാഡിയന്‍ പത്രം എഴുതിയത് ബ്രിട്ടന്‍ അവസാനമായി ഇന്ത്യ വിട്ട ദിനമായി ഈ ദിനം ചരിത്രത്തില്‍ കണക്കാക്കപ്പെടും എന്നാണ്. ബ്രിട്ടന്‍ ഇന്ത്യാ ഉപഭൂഖണ്ഡം ഭരിച്ചതില്‍ നിന്ന് വലിയ മാറ്റമില്ലാതെ തുടര്‍ന്ന അധികാര ഘടനയുടേതായ നീണ്ട യുഗത്തിന്റെ അവസാനമായിരുന്നു തെരഞ്ഞെടുപ്പിലെ നരേന്ദ്ര മോദിയുടെ വിജയമെന്നും ആ പത്രം എഴുതി. അവരുടെ വിലയിരുത്തല്‍ അക്ഷരംപ്രതി ശരിയാണെന്നു തെളിയിക്കുന്ന തരത്തിലുള്ള ഒരു ഭരണമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അന്നു മുതല്‍ നടന്നുവരുന്നത്.
സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ച് ഭാരതത്തിന്റെ പ്രധാനമന്ത്രിയായിത്തീര്‍ന്ന ആദ്യ വ്യക്തിയാണ് നരേന്ദ്രമോദി. ഗുജറാത്തിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച് ഭാരതത്തിന്റെ പ്രധാനമന്ത്രിയായിത്തീര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം മഹത്തായ ചില പാഠങ്ങളാണ് നമുക്കു നല്‍കുന്നത്. ചായവില്പനക്കാരനായി അച്ഛനോടൊപ്പം ജീവിച്ച കുട്ടിക്കാലത്തു തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വയംസേവകനായിത്തീര്‍ന്നതാണ് മോദിയുടെ ഭാവി ഭാഗധേയം നിര്‍ണ്ണയിച്ച ഒന്നാമത്തെ കാര്യം. സംഘത്തിന്റെ ലക്ഷ്യമായ രാഷ്ട്രത്തിന്റെ പരംവൈഭവം എന്ന ആശയം ശാഖയില്‍ നിന്നു പകര്‍ന്നു കിട്ടിയ അദ്ദേഹം ഈ ലക്ഷ്യത്തിനു വേണ്ടി സ്വജീവിതം ഉഴിഞ്ഞു വെച്ചു കൊണ്ട് 1971 ല്‍ സംഘത്തിന്റെ പ്രചാരകനായി. മോദിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ സംഘം 14 വര്‍ഷത്തെ സംഘപ്രചാരക അനുഭവമുള്ള അദ്ദേഹത്തെ 1985 ല്‍ ബിജെപിയുടെ ചുമതലയിലേക്ക് നിയോഗിച്ചു. ഏകാത്മമാനവദര്‍ശനം അടിസ്ഥാനാശയമായി സ്വീകരിച്ച ഒരു രാജനൈതിക കക്ഷിയുടെ ചുമതലയില്‍ വന്നതാണ് മോദിയെ സ്വാധീനിച്ച രണ്ടാമത്തെ കാര്യം. വികസനത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ വരിയില്‍ നില്‍ക്കുന്ന അവസാനത്തെ ആളെയും പരിഗണിക്കുന്നതാണല്ലോ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ രൂപം നല്‍കിയ ഈ ദര്‍ശനം. ബിജെപി രൂപം കൊണ്ടിട്ട് അപ്പോള്‍ 5 വര്‍ഷമേ ആയിരുന്നുള്ളൂ. ഭാവിയില്‍ അധികാരത്തില്‍ വരുന്നതിനെ കുറിച്ചുള്ള ഒരു ചിന്തയും രണ്ട് എം.പിമാര്‍ മാത്രമുണ്ടായിരുന്ന അന്നത്തെ ബിജെപിയുടെ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നില്ല. 1980 ല്‍ ബിജെപി രൂപം കൊണ്ടതു തന്നെ ആദര്‍ശത്തോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലായിരുന്നു. അന്ന് മുംബൈയില്‍ നടന്ന പ്ലീനറി സമ്മേളന വേദിയില്‍ അടല്‍ ബിഹാരി വാജ്‌പേയി പറഞ്ഞ ഈ വാക്കുകള്‍ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു.
‘അന്ധേരാ ചലേഗാ, സൂരജ് നികലേഗാ, ഹമാരാ കമല്‍ ഖിലേഗാ (രാത്രി മറയും, സൂര്യന്‍ ഉദിക്കും, നമ്മുടെ താമര വിരിയും) എന്ന് അന്ന് വാജ്‌പേയി പറഞ്ഞത് പിന്നീട് യാഥാര്‍ത്ഥ്യമായി.
നരേന്ദ്രമോദിയുടെ ഭരണം ഭാരതത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു എന്ന് ഭാവി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുമെന്നതില്‍ സംശയമില്ല. രാഷ്ട്ര ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഇന്ന് ഭാരതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. മോദിയുടെ ഭരണനേട്ടങ്ങള കുറിച്ചും കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികളെ കുറിച്ചും പറയാന്‍ അനേകം പ്രബന്ധങ്ങള്‍ തന്നെ രചിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഭരണഘടനാപരമായ പദവിയില്‍ 25 വര്‍ഷം തികയുന്ന സന്ദര്‍ഭത്തില്‍ നരേന്ദ്രമോദി പറഞ്ഞ ഈ വാക്കുകള്‍ എല്ലാ പൊതു പ്രവര്‍ത്തകര്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവയാണ്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും മഹത്തായ ഈ രാഷ്ട്രത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നും അതിന് അനുവദിക്കുന്നതിന് ജനങ്ങളോട് നന്ദിയുണ്ടെന്നുമാണ് അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ എഴുതിയത്. ആയുരാരോഗ്യ സൗഖ്യത്തോടുകൂടി ദീര്‍ഘകാലം ഭാരതാംബയെ സേവിക്കാന്‍ നരേന്ദ്രമോദിക്കു കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.





















