”കോപ്പര്‍നിക്കസിനെ അറിയില്ലേ? പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹമാണ് സൗരകേന്ദ്രസിദ്ധാന്തം അവതരിപ്പിച്ചത്. പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് അദ്ദേഹം പറഞ്ഞു. അതിനുമുമ്പെല്ലാവരും വിശ്വസിച്ചിരുന്നത് ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്നായിരുന്നു. അരിസ്റ്റോട്ടിലും ടോളമിയുമൊക്കെ സൂര്യന്‍ ഭൂമിയെ ചുറ്റുന്നുവെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ കോപ്പര്‍നിക്കസിന്റെ സിദ്ധാന്തം ജ്യോതിശാസ്ത്രപഠനത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കി.”
”അതിന് ഗര്‍ത്തത്തിന് അദ്ദേഹത്തിന്റെ പേര് കൊടുക്കേണ്ടതുണ്ടോ?”
”ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് പറഞ്ഞ ശാസ്ത്രജ്ഞനല്ലേ? അത് വലിയ കാര്യമല്ലേ?”
”അപ്പോള്‍ ഞങ്ങള്‍ മനുഷ്യരിടുന്ന പേരാണ് ഇവിടുത്തെ ഗര്‍ത്തങ്ങള്‍ക്കല്ലേ?”
”അതെ. ഇപ്പോള്‍ ആനന്ദുമോന്‍ വീണ ഗര്‍ത്തം ഇനിമുതല്‍ ആനന്ദുഗര്‍ത്തമെന്നും അറിയപ്പെടും. മോന്റെ പേരാണ് ആദ്യമായിങ്ങനെ പാറയില്‍ എഴുതിവച്ചിട്ടുള്ളത്. മറ്റുള്ളതൊക്കെ ഭൂമിയിലെ മനുഷ്യര്‍ക്കേയറിയൂ. ഇതിപ്പോള്‍ ആരുവന്നാലും വായിക്കാലോ. ആനന്ദുഗര്‍ത്തത്തിനാവും ഇനിമുതല്‍ കൂടുതല്‍ പ്രശസ്തി.”
അമ്പിളിമാമന്‍ പറഞ്ഞു ചിരിച്ചപ്പോള്‍ ആനന്ദുവും ഒരുമിച്ചുചേര്‍ന്നു. അതേസമയം അവന്‍ അകമേ അഭിമാനിക്കുകയും ചെയ്തു.
”പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണോ? സൗരയൂഥത്തിന്റെ കേന്ദ്രമല്ലേ സൂര്യന്‍?”
”അതെ. കോപ്പര്‍നിക്കസ് പറഞ്ഞതും തെറ്റായിരുന്നു. ശാസ്ത്രം പുതിയ കണ്ടെത്തലുകള്‍ നടത്തുമ്പോള്‍ പഴയവ നിരാകരിക്കപ്പെടില്ലേ? ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം, ആകാശഗംഗയെന്ന നക്ഷത്രസമൂഹത്തിലെ ഒരു നക്ഷത്രം മാത്രമാണ് സൂര്യനെന്നും ആ സൂര്യനും അതിനെച്ചുറ്റുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചേര്‍ന്നതാണ് സൗരയൂഥമെന്നുമൊക്കെ.”
”ഇനി പുതിയ അറിവുകള്‍ കണ്ടെത്തുമ്പോള്‍ പഴയത് പലതും തെറ്റാണെന്നും വരുമല്ലേ?”
”തീര്‍ച്ചയായും. ആനന്ദുമോന്‍ ഇനി കാണാന്‍ പോകുന്ന കാഴ്ചകള്‍ അത്തരത്തിലുള്ളതാകും. മോനാണ് മനുഷ്യര്‍ക്കാകെ പുതിയ അറിവുകള്‍ സമ്മാനിക്കാന്‍ പോകുന്നത്.”
”ഞാനോ? ഈ ഞാനോ?”
”അതെ. മോന്‍തന്നെ. അതിനുവേണ്ടിയാണ് മോനെ ഞാനിങ്ങോട്ട് കൊണ്ടുവന്നത്. മനുഷ്യര്‍ക്ക് എന്നെപ്പറ്റി പല തെറ്റിദ്ധാരണകളുമുണ്ട്. പല കഥകളും എന്നെപ്പറ്റി പ്രചരിക്കുന്നുണ്ട്. അവയൊക്കെ തിരുത്തണം. ആദ്യം ഞാന്‍ മോനിവിടെയൊക്കെയൊന്ന് കാട്ടിത്തരാം.”
”ആഹ! എനിക്ക് കാഴ്ചകള്‍ കാണാന്‍ ധൃതിയായി. എങ്ങോട്ടാണ് നാമാദ്യം പോകുന്നത്?”
”നമ്മളിനി സമുദ്രം കാണാന്‍ പോകുകയാണ്.”
”സമുദ്രമോ? ചന്ദ്രനില്‍ വെള്ളമില്ലെന്നല്ലേ ഇതേവരെയുള്ള കണ്ടെത്തല്‍? നമ്മള്‍ ആ വിശ്വാസം മാറ്റിമറിക്കാന്‍ പോകുകയാണോ?”
ആനന്ദുവിന് ആവേശമായി. ഇതാ ചന്ദ്രനിലെ സമുദ്രം ഞാന്‍ കണ്ടെത്താന്‍ പോകുന്നു. ഭൂമിയിലേതുപോലുള്ള തിരമാലകളും വേലിയേറ്റവും വേലിയിറക്കവുമൊക്കെയുള്ള കടല്‍ ഇവിടെയും കണ്ടെത്താന്‍ പോകുന്നു. കടല്‍ത്തീരത്തെ മണല്‍പ്പരപ്പില്‍ ഓടിക്കളിക്കുമ്പോള്‍ കൂട്ടുകാരുമുണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നു. ലീമയെയെങ്കിലും ഒരുമിച്ചുകൊണ്ടുവരാമായിരുന്നു. ആനന്ദുവിന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല.
(തുടരും)






















