‘ദൂരെ ദൂരെ വിടര്‍ന്നു കണ്ടൂ
ഞങ്ങള്‍ ജീവിതചക്രവാളം
അവിടെ ജൈത്രപതാക നാട്ടാ-
നായി ഞങ്ങളെ നീ നയിച്ചു.’
പ്രിയപ്പെട്ട എം.എ.സാര്‍, അങ്ങേയ്ക്കു വിട. കോഴിക്കോട്ടെ മാധവകൃപയിലായിരുന്നപ്പോഴും, കൊച്ചിയിലെ മാധവനിവാസിലായിരുന്നപ്പോഴും അങ്ങയെ കാണാന്‍ പഥ്യം നോക്കാതെ ഞങ്ങള്‍ വന്നു. അങ്ങയുമായുള്ള സംഭാഷണത്തിനിടയില്‍ നാലു തവണയെങ്കിലും എം.എ.സാര്‍ എന്നു നീട്ടി വിളിക്കാതെ ഞങ്ങള്‍ക്കാര്‍ക്കും തൃപ്തിവരുമായിരുന്നില്ല. അത്രയധികം അങ്ങ് ഞങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി. നാഗ്പൂരില്‍ നിന്നും ഡോക്ടര്‍ജിയാല്‍ തുറന്നുവിടപ്പെട്ട സംഘഗംഗയെ ആത്മാവിലേക്കാവാഹിച്ച് കേരളത്തിന്റെ മണ്ണിനെ ആര്‍ദ്രമാക്കാന്‍ തുനിഞ്ഞിറങ്ങിയ നവഭഗീരഥരിലൊരാളായിരുന്നല്ലോ അങ്ങ്.
സംസ്‌കൃതത്തില്‍ ‘മഹോപാദ്ധ്യായ’ എന്ന ബിരുദാനന്തര ബിരുദം നേടിയ അങ്ങ് അന്നു ലഭിക്കുമായിരുന്ന മികച്ച ഭൗതിക സാഹചര്യങ്ങളെല്ലാം ത്യജിച്ചാണല്ലോ സംഘപ്രചാരകനായത്. 2026 സപ്തംബര്‍ 29 ന് കാലത്ത് ദേഹവിയോഗം സംഭവിക്കുന്നതുവരെ അങ്ങ് ഈ ശ്രേഷ്ഠപാതയിലൂടെ അനവരതം സഞ്ചരിച്ചു. അനേകായിരം പേര്‍ അങ്ങയില്‍ നിന്ന് പ്രേരണയും മാര്‍ഗ്ഗദര്‍ശനവും സ്വീകരിച്ച് സമാജസേവനത്തില്‍ സക്രിയരായി. കടുത്ത ക്ഷയരോഗത്തില്‍ നിന്ന് മുക്തനായി, വിശ്രമജീവിതം നയിക്കുന്ന അവസ്ഥയിലാണ് അങ്ങ് കേസരിയുടെ പത്രാധിപ സ്ഥാനത്ത് നിയോഗിക്കപ്പെടുന്നത്. പക്ഷെ അങ്ങയുടെ അനാരോഗ്യം കേസരിയുടെ ആരോഗ്യമായി മാറുന്നതാണ് പിന്നീട് ഞങ്ങള്‍ കണ്ടത്. കേരളത്തിന്റെ പത്രപ്രവര്‍ത്തന രംഗത്ത് പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയ കേസരിയെ ഉറച്ച കാല്‍വെയ്പുകളോടെ നെഞ്ചുവിരിച്ച് തലയുയര്‍ത്തി നടക്കാന്‍ പ്രാപ്തമാക്കിയത് അങ്ങാണല്ലോ. മഹാനായ കേളപ്പജി പോലും കേസരിയുടെ കാര്യാലയത്തിലേക്ക് നടന്നുവന്ന് കേസരിയുടെ പുതിയ ലക്കം വില കൊടുത്തു വാങ്ങിയ ചരിത്രസംഭവം ഇന്നും അഭിമാനത്തോടെ ഞങ്ങള്‍ ഓര്‍ക്കുന്നു. കേസരിയുടെ പത്രത്താളുകളിലൂടെ അങ്ങ് ഹിന്ദു സമാജത്തിനു കാഴ്ചയും കാഴ്ചപ്പാടും നല്‍കി. അതില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് തകര്‍ന്നുകിടന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനും അന്യാധീനപ്പെട്ടവ മോചിപ്പിക്കാനും സമാജം മുന്നോട്ടു വന്നു. കേളപ്പജിയും വി.എം. കൊറാത്തുമൊക്കെ നേതൃത്വം നല്‍കിയ ക്ഷേത്ര സംരക്ഷണ പ്രസ്ഥാനത്തോടൊപ്പം അങ്ങും സഞ്ചരിച്ചു.
കേസരിയുടെ താളുകളില്‍ ആരംഭിച്ച ബാലഗോകുലം പംക്തിയുടെ സ്വാഭാവികമായ വളര്‍ച്ചയാണ് അങ്ങയുടെ നേതൃത്വത്തില്‍ പിന്നീട് നടന്നത്. ഒരു ചെറിയ തുണിസഞ്ചിയില്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള കൊച്ചു പുസ്തകങ്ങളുമായി ബാലഗോകുലങ്ങളിലേക്കും കുട്ടികളുടെ കലാമത്സര വേദികളിലേക്കും അങ്ങ് യാത്ര ചെയ്യുന്നത് കാണുമ്പോള്‍ അത് ഏഷ്യയിലെ ഏറ്റവും വലിയ ബാലപ്രസ്ഥാനത്തിന്റെ നാന്ദി കുറിക്കലാവുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ആരംഭിച്ചതോടെ കേരളം അക്ഷരാര്‍ത്ഥത്തില്‍ അമ്പാടിയായി മാറിയപ്പോള്‍ കണ്ണന്റെ പതാകാവാഹകനായി ഏറ്റവും മുന്നില്‍ ഞങ്ങള്‍ കണ്ടത് അങ്ങയെയാണ്. ലക്ഷക്കണക്കിന് ബാലമനസ്സുകളില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മായാത്ത മുദ്ര പതിപ്പിച്ച മഹാനായി കാലം അങ്ങയെ വിലയിരുത്തുമെന്നതില്‍ സംശയമില്ല. എത്രയെത്ര വിശിഷ്ട വ്യക്തികളാണ് ബാലഗോകുലത്തിന്റെ വേദികളില്‍ വന്ന് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ പൂമാല ചാര്‍ത്തിയതെന്ന് ഇന്ന് ഞങ്ങള്‍ അത്ഭുതത്തോടെ ഓര്‍ക്കുന്നു. കണ്ണന്റെ മുരളീഗാനംപോലെ മധുരമായ ഒരു പ്രാര്‍ത്ഥനയും അങ്ങ് കുട്ടികള്‍ക്കായി നല്‍കി. കക്കാടിന്റെ തൂലികയില്‍ നിന്നാണ് ‘കരുണാ മുരളീധാരാ’ എന്ന ആ പ്രാര്‍ത്ഥന പിറന്നതെങ്കിലും അതിന്റെ പിന്നിലെ പ്രേരണ അങ്ങായിരുന്നുവല്ലോ.
പേരെടുത്തു പറയാന്‍ കഴിയാത്തത്ര എഴുത്തുകാരന്മാരുമായി അങ്ങ് ഹൃദയബന്ധം പുലര്‍ത്തി. അങ്ങയിലൂടെ അവര്‍ സംഘത്തെ അറിഞ്ഞു. നല്ലൊരു വായനക്കാരന്‍ കൂടിയായ അങ്ങാകട്ടെ അവരുടെ കൃതികള്‍ വായിച്ചു കൊണ്ടുതന്നെ അവരെ അടുത്തറിഞ്ഞു. ഈ ബന്ധമാണല്ലോ തപസ്യയുടെ രൂപീകരണത്തിന് വെള്ളവും വളവും നല്‍കിയത്. പ്രസിദ്ധ ഒറിയ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ മനോജ് ദാസിന്റെ പത്രാധിപത്യത്തില്‍ ചെന്നൈയില്‍ നിന്ന് ചന്ദാമാമാ പബ്ലിക്കേഷന്‍സ് ‘ദ ഹെറിറ്റേജ്’ എന്ന മാസിക പ്രസിദ്ധീകരിച്ചപ്പോള്‍ അത് വരുത്തി വായിക്കാനും മനോഹരമായ അതിന്റെ ലക്കങ്ങള്‍ മാധവകൃപയിലെ തന്റെ മുറിയില്‍ സൂക്ഷിച്ചു വെക്കാനും അങ്ങ് ശ്രദ്ധിച്ചിരുന്നു. ഈ ബന്ധമാണല്ലോ തപസ്യയുടെ കോട്ടയം സമ്മേളനത്തില്‍ മനോജ് ദാസിനെ പങ്കെടുപ്പിക്കാനിടയാക്കിയത്. സാംസ്‌കാരിക കേരളത്തിന് അങ്ങു നല്‍കിയ സംഭാവനകള്‍ എഴുതി പൂര്‍ത്തിയാക്കാവുന്നവയല്ലെന്ന് നിസ്സംശയം പറയാം.
ഒരിക്കല്‍ക്കൂടി എം.എ.സാര്‍ എന്നു നീട്ടിവിളിച്ചുകൊണ്ട്, കൃഷ്ണാഷ്ടകത്തിലെ ഈ വരി ഓര്‍ത്തുകൊണ്ട്, കേസരിയുടെ ഈ അക്ഷര തിലോദകം അങ്ങയുടെ ദീപ്ത സ്മരണകള്‍ക്കു മുന്നില്‍ ശ്രദ്ധാഞ്ജലികളോടെ അര്‍പ്പിക്കട്ടെ.
കൃഷ്ണം വന്ദേ ജഗദ്ഗുരും.





















