കോഴിക്കോട് : നവരാത്രിയോടനുബന്ധിച്ച് കേസരി ഭവനില്‍ നടന്നുവരുന്ന നവരാത്രി സര്‍ഗ്ഗോത്സവം ഇതിനോടകം ഉത്തരകേരളത്തിന്റെ സാംസ്‌കാരികോത്സവമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കലയും ആദ്ധ്യാത്മികതയും വിജ്ഞാനവും സമ്മേളിക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തില്‍ ഇത്തവണ ബഹു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍, ശ്രീ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി തുടങ്ങിയ പ്രമുഖരും പരിപാടിയുടെ ഭാഗമാവും. ഒക്ടോബര്‍ ഒന്‍പതിന് വൈകുന്നേരം 5.30 ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യ അര്‍ച്ചകനായ സുബ്രഹ്‌മണ്യ അഡിഗകളുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന മഹാസാരസ്വത പൂജയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും. ഒക്ടോബര്‍ 11ന് വൈകുന്നേരം 5.30 ന് കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ നവരാത്രി സര്‍ഗ്ഗോത്സവത്തിന് തിരി തെളിയിക്കും. ചലച്ചിത്രതാരം വിവേക് ഗോപന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ സീമാജാഗരണ്‍ മഞ്ച് ദേശീയ മുഖ്യസംരക്ഷക് എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സര്‍ഗ്ഗോത്സവത്തില്‍ പ്രമുഖ പണ്ഡിതന്മാര്‍ അണിനിരക്കുന്ന പ്രഭാഷണവും പ്രശസ്ത കലാകാരന്മാരുടെ കലാപ്രകടനങ്ങളും അരങ്ങേറും. ഒക്ടോബര്‍ 16 ന് വൈകുന്നേരം 5മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബഹു. ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബഹു. കേരള ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍, സ്വാമി ചിദാനന്ദപുരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ചിത്രകലാ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി സര്‍ഗ്ഗോത്സവസമിതി ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ്ഗ കേസരി പുരസ്‌കാരം ആര്‍ടിസ്റ്റ് പി.ആര്‍. രാജേന്ദ്രന് ഉപരാഷ്ട്രപതി സമര്‍പ്പിക്കും.
സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി വിവിധ ഭജന സംഘങ്ങളുടെ ഭജനകള്‍, മാതൃസമിതി ഒരുക്കുന്ന ബൊമ്മക്കൊലു, ജയരാജ് ഫിലിം ഫെസ്റ്റിവല്‍, പൂജവയ്പ്പ്, ഡിവൈന്‍ ഹിന്ദു മാര്‍ക്കറ്റ്, വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രീയസംഗീതം, ലളിതഗാനം, ചിത്രരചന, പ്രശ്‌നോത്തരി തുടങ്ങിയ മത്സരങ്ങള്‍, സരസ്വതീ മണ്ഡപത്തില്‍ സംഗീതാര്‍ച്ചന, നൃത്താര്‍ച്ചന തുടങ്ങി വൈവിദ്ധ്യ സമ്പന്നമായ പരിപാടികളും നടക്കും. ശ്രേഷ്ഠാചാരസഭയുടെ ആഭിമുഖ്യത്തില്‍ ഗുരുമുഖത്തു നിന്ന് വിധിപ്രകാരം ആചാരപദ്ധതികള്‍ പഠിക്കാന്‍ അവസരമൊരുക്കുന്ന സാധനാ ശിബിരം ഒക്ടോബര്‍ 12 ന് രാവിലെ 7 മണിക്ക് ആരംഭിക്കും. ദിവസവും രാവിലെ പ്രായ ലിംഗഭേദമില്ലാതെ നടത്തപ്പെടുന്ന യോഗ ശിബിരത്തിന് പ്രമുഖ യോഗാചാര്യന്മാര്‍ നേതൃത്വം നല്‍കും. കോഴിക്കോട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് സംവിധായകന്‍ ജയരാജിന്റെ സിനിമകളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്
കല, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി നല്‍കപ്പെടുന്ന നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരത്തിന് ചലച്ചിത്ര സംവിധായകന്‍ ജയരാജിനെ തെരഞ്ഞെടുത്തു. ഇരുപത്തയ്യായിരം രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്‌ക്കാരം ഒക്ടോബര്‍ 19ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് ബഹു. കേരള ഗവര്‍ണ്ണര്‍ സമര്‍പ്പിക്കും.
ഒക്ടോബര്‍ 21നു വിജയദശമി ദിവസം രാവിലെ ഏഴ് മുതല്‍ നടക്കുന്ന അക്ഷരദീക്ഷയോടെ (വിദ്യാരംഭം) നവരാത്രി സര്‍ഗ്ഗോത്സവത്തിന് തിരശ്ശീല വീഴും. ഇതോടൊപ്പം പ്രമുഖ ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ നൃത്ത, ചിത്രകലാ, സംഗീത വിദ്യാരംഭവും നടക്കും.

ശ്രീ. എ.കെ. പ്രശാന്ത് (വര്‍ക്കിംഗ് പ്രസിഡന്റ് നവരാത്രി സര്‍ഗ്ഗോത്സവ സമിതി), ഡോ. എന്‍.ആര്‍. മധു (മുഖ്യപത്രാധിപര്‍, കേസരി വാരിക), ശ്രീ. ടി.വി. വേണുഗോപാലന്‍ (മാനേജിംഗ് ട്രസ്റ്റി, മാതംഗി കള്‍ച്ചറല്‍ & എഡ്യുക്കേഷണല്‍ ട്രസ്റ്റ്), ശ്രീ എ.കെ. അനുരാജ് (മീഡിയാ കണ്‍വീനര്‍ നവരാത്രി സര്‍ഗ്ഗോത്സവ സമിതി) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

















