- കൊമരന്‍ ചങ്കു
- ദിവ്യശക്തി (കൊമരന്‍ ചങ്കു 2)
- അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)
- പ്രതീക്ഷിക്കാതെ വന്ന പ്രതിസന്ധി (കൊമരന്‍ ചങ്കു 14)
- ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)
- നിധിശേഖരം (കൊമരന്‍ ചങ്കു 5)
- പൊട്ടുകുന്നന്‍ മലയിലേക്ക് (കൊമരന്‍ ചങ്കു 6)
ശനിയാഴ്ച രാവിലെ പത്തരമണി.
ഫോര്‍ട്ടു കൊച്ചിയില്‍ നിന്നും എറണാകുളം ബോട്ടു ജെട്ടിയിലേക്കുള്ള യാത്രാബോട്ടിന്റെ മുന്‍ഭാഗത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു അപ്പുവും ഫ്രെഡിയും. ഒരു ദിവസം മുഴുവന്‍ ആഘോഷിക്കാനുള്ള പുറപ്പാടിലായിരുന്നു അവര്‍.
കായല്‍പരപ്പിനെ ഇരുവശത്തേക്കും പകുത്തുകൊണ്ട് വെളുത്തനുരയും പതയും ഒഴുകിമാറുന്നത് അവര്‍ നോക്കിയിരുന്നു. ഇളം വെയിലില്‍ കുളിരേകുന്ന സുഖദമായ കാഴ്ചയായിരുന്നു അത്.
അപ്പു തന്റെ മൊബൈലെടുത്ത് ചുറ്റുമുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങി.
മറൈന്‍ ഡ്രൈവിലെ നീണ്ടനിരപോലെ ബഹുനിലമന്ദിരങ്ങള്‍, അകലെ ഹൈക്കോടതിയുടെ കൂറ്റന്‍ എടുപ്പുകള്‍, കൊച്ചിന്‍ പോര്‍ട്ടിന്റെ ഭാഗങ്ങള്‍, ഷിപ്പ്‌യാര്‍ഡ്, വെണ്ടുറുത്തിപാലം, ബൊള്‍ഗാട്ടി… എല്ലായിടത്തും എത്രതവണ പോയിട്ടുള്ളതാണ്. എന്നാലും ക്യാമറയിലൂടെ കാണുമ്പോള്‍ അത് വേറിട്ടൊരു ദൃശ്യചാരുതയാണ്. മൊബൈലില്‍ കിട്ടിയ ചിത്രങ്ങള്‍ അവരിരുവരും വീണ്ടും വീണ്ടും സ്‌ക്രോള്‍ ചെയ്തു കണ്ടുകൊണ്ടിരുന്നു.
ബോട്ടുജെട്ടിയിലിറങ്ങി അവര്‍ മെട്രോയുടെ സൗത്ത് സ്റ്റേഷനിലേയ്ക്ക് ഓട്ടോറിക്ഷയില്‍ പോയി. കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. കണ്ണടച്ചുതുറക്കും മുമ്പേ അവര്‍ക്കു മുമ്പില്‍ മെട്രോ ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകള്‍ തുറക്കപ്പെട്ടു. സൗകര്യപ്രദമായ സീറ്റുകളിലിരുന്ന് അവര്‍ ഇടപ്പള്ളിയിലേക്ക് യാത്ര ചെയ്തു. നഗരത്തിന്റെ വര്‍ണ്ണവൈവിധ്യങ്ങളിലേക്ക് കണ്ണുനട്ടുള്ള ആകാശക്കാഴ്ച.
എം.ജി.റോഡ് നോര്‍ത്ത് റെയില്‍വെസ്റ്റേഷന്‍, കലൂര്‍ ബസ് സ്റ്റാന്റ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, പാലാരിവട്ടം എല്ലാം എത്ര വേഗമാണ് പിന്നിട്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ ഇടപ്പള്ളി സ്റ്റേഷനിലെത്തി. മുന്നില്‍ കൊച്ചിക്കാരുടെ ഷോപ്പിംഗ് പറുദീസയായ ലുലുമാള്‍.
പടവുകള്‍ കയറിയും എസ്‌കലേറ്ററുകളില്‍ ഒഴുകിയും അവര്‍ ഷോപ്പുകളും കിഡ്‌സ് ഏരിയകളും ചുറ്റി.
ഏറെനേരവും കമ്പ്യൂട്ടര്‍ ഗെയിമിലാണ് അവര്‍ സമയം ചെലവഴിച്ചത്. ഉച്ചയോടെ അവര്‍ റസ്റ്റോറണ്ടില്‍ നിന്ന് പിസ്സയും ഐസ്‌ക്രീമും കഴിച്ചു. പിന്നെയും ഏറെ ചുറ്റിത്തിരിഞ്ഞ്… ചൊറിയൊരു ഷോപ്പിംഗും നടത്തി ഒരു ദിവസം മുഴുവന്‍ ആഹ്ലാദ പൂര്‍ണ്ണമാക്കിയാണ് അവര്‍ ഫോര്‍ട്ടു കൊച്ചിയിലേയ്ക്ക് മടങ്ങിയത്.
അപ്പുവിന്റെ സൈക്കിള്‍ ഫ്രെഡിയുടെ വീട്ടിലായിരുന്നതുകൊണ്ട് ബോട്ടിറങ്ങി അവര്‍ ഒരു ഓട്ടോറിക്ഷയില്‍ ഫ്രെഡിയുടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോള്‍ പക്ഷേ അവരെ കാത്തിരുന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. മമ്മ നല്‍കിയ ഏലയ്ക്ക ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ബെല്‍ മുഴങ്ങി. മമ്മ വിളിച്ചുപറഞ്ഞു.
‘അപ്പൂ… ദാ വിക്രമന്‍ വീണ്ടും വിളിക്കുന്നു.’
എന്തു കഥയാണിത്? ആ അദ്ധ്യായം അവസാനിച്ചതല്ലേ! പോര്‍ച്ചുഗീസുകാര്‍ എല്ലാം ജയിലിലായി. ഇയാള്‍ക്ക് ഇനി എന്തുവേണം? അപ്പു ഫോണ്‍ ചെവിയോട് ചേര്‍ത്തുപിടിച്ചു.
‘ഞാന്‍ വിക്രമനാണ്.’
‘വിക്രമന്‍ ടി.വിയിലും പത്രത്തിലും വന്ന വാര്‍ത്തകളൊന്നും കണ്ടില്ലേ?’
‘കണ്ടു.’
‘പിന്നെ ഈ വിളിയുടെ ഉദ്ദേശ്യം?’
‘കൊച്ചിയിലെ ഏറ്റവും വലിയ ക്വട്ടേഷന്‍ സംഘത്തിനു വേണ്ടിയാണ് ഞാന്‍ വിളിക്കുന്നത്.’
‘പേടിപ്പിക്കുകയാണോ?’
‘മുഴുവന്‍ കേള്‍ക്കൂ എന്നിട്ടുമതി ഒരു തീരുമാനത്തിലെത്താന്‍’
‘ശരി പറയൂ’
‘പോര്‍ച്ചുഗീസുകാരെ പോലീസിന് ഒറ്റിക്കൊടുത്ത്, നിധിപേടകമിരിക്കുന്ന സ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന മാപ്പ് കൈവശപ്പെടുത്തിയിരിക്കുന്നത് ഈ ക്വട്ടേഷന്‍ ടീമാണ്. എന്നെ തടവിലാക്കി നിങ്ങളെ വിളിപ്പിക്കുന്നതും അവരാണ്. ആരെയും കുടുംബത്തില്‍ കയറി തലകൊയ്യാന്‍ മടിയില്ലാത്ത കണ്ണില്‍ ചോരയില്ലാത്തവരാണ്. കേട്ടിട്ടില്ലേ…. വടിവാള്‍ പത്രോസ്, ചെള്ള് ബിജൂ, ഞണ്ട് ഹംസ എന്നൊക്കെ… സായിപ്പന്മാര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചതൊക്കെ ഇവര്‍ക്ക് സ്വന്തമാക്കണം. അതിനാണ് എന്നെക്കൊണ്ട് വിളിപ്പിക്കുന്നത്.’
‘ഇതിപ്പോള്‍ വളരെ പെട്ടെന്നായിപ്പോയല്ലോ. എല്ലാം കഴിഞ്ഞെന്നു വിചാരിച്ച് സമാധാനമായി ഇരിക്കുകയായിരുന്നു ഞങ്ങള്‍.’
‘ഒന്നും കഴിഞ്ഞിട്ടില്ല.’
‘ഞങ്ങള്‍ക്ക് ഒന്നാലോചിക്കണം.’
‘എത്ര സമയം വേണം?’
‘ഒരു മണിക്കൂര്‍’
‘ശരി. ആറുമണിക്ക് വിളിക്കട്ടെ.’
അപ്പു സമ്മതം മൂളി.
(തുടരും)