കമ്മ്യൂണിസമല്ല ഹിന്ദുവര്‍ഗീയയതയാണ് ഏറ്റവും വലിയ ആപത്ത് എന്ന മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പ്രസ്താവന രാജ്യത്ത് വര്‍ഗീയ വിഭജനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഒരു നൂറ്റാണ്ടുകാലമായി കോണ്‍ഗ്രസ് വളര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രീയത്തിന്റെ വെളിപ്പെടുത്തലാണ് അത്. ഭൂരിപക്ഷവര്‍ഗീയത എന്നത് അവര്‍ ആവര്‍ത്തിക്കാറുള്ള ഒരു നുണപ്രചാരണമാണ്. രാഷ്ട്രീയലാഭം ഉണ്ടാകുമെന്ന് മനസ്സിലായപ്പോള്‍ കമ്മ്യൂണിസ്റ്റുകളും അത് ഏറ്റുപിടിച്ചു എന്നുമാത്രം.
1920 മുതലാണ് വര്‍ഗീയപ്രീണനത്തിലൂടെ നേതൃത്വം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിരുന്നു ഭൂരിപക്ഷവര്‍ഗീയത എന്ന പ്രയോഗം. പിന്നീട് സ്വാതന്ത്ര്യത്തോടും വിഭജനത്തോടും അനുബന്ധിച്ച് അധികാരം നഷ്ടപ്പെടുമെന്നു തോന്നിയപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് അതിനെ അധികാരം നേടാനുള്ള ആയുധമായി പ്രയോഗിച്ചത്. അതിന്റെ അനന്തരഫലമായിരുന്നു ഭാരതവിഭജനം. അതിലൂടെ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ രക്തമൊഴുകി. ഭൂരിപക്ഷ വര്‍ഗീയത എന്നൊന്ന് ഉണ്ടായിരുന്നുവെങ്കില്‍ ഭാരതത്തില്‍ ഹിന്ദു വിഭാഗത്തില്‍ പെടുന്നവരല്ലാത്ത ഒരു മതവിഭാഗത്തിനും പ്രവേശനം ഉണ്ടാകുമായിരുന്നില്ല. ജൂതന്മാരും ക്രിസ്ത്യാനികളും പാഴ്‌സികളും അടക്കം ലോകത്തിലെ എല്ലാ മതവിഭാഗങ്ങളും അഭയം തേടിയും ആര്‍ത്തിപെരുത്തും കടന്നുവന്നത് ഇവിടേക്കാണ്. ഹിന്ദുവിന്റെ സാംസ്‌കാരിക സവിശേഷതയും ദാര്‍ശനിക മഹത്വവും കൊണ്ടാണ് അവരെല്ലാം സ്വീകരിക്കപ്പെട്ടത്. അഭയം തേടി വന്നവരെ കാണുന്ന അതേ കാഴ്ചയിലൂടെത്തന്നെ ഗൂഢലക്ഷ്യവുമായി വന്ന സംഘടിത രാഷ്ട്രീയമതങ്ങളെയും കണ്ടു എന്നതാണ് ഭാരതം ചെയ്ത തെറ്റ്. രാഷ്ട്രീയമതങ്ങള്‍ക്ക് അധികാരമായിരുന്നു ലക്ഷ്യം. അതിന് ഭാരതത്തിന്റെ മതസങ്കല്പത്തെ ചൂഷണം ചെയ്യുകയായിരുന്നു.
മതം മാര്‍ഗമാണ് എന്നതായിരുന്നു ഭാരതീയ ദര്‍ശനം. എന്നാല്‍ അധിനിവേശ മനോഭാവത്തോടുകൂടി വന്ന മതങ്ങള്‍ ഇതര മാര്‍ഗങ്ങളെ അനുവദിക്കുന്നവരല്ലതന്നെ. മറ്റെല്ലാ പാതകളും കൊട്ടിയടച്ച് തങ്ങളുടെ ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതുമായ പാത മാത്രമേ ഉപയോഗിക്കാവൂ എന്ന മനഃസ്ഥിതിക്കാരായിരുന്നു രാഷ്ട്രീയമതക്കാര്‍. വാസ്തവത്തില്‍ സംഘടിത രാഷ്ട്രീയമതമാണ് വര്‍ഗീയതയുടെ ആഗോള അവകാശികള്‍.
വര്‍ഗീയരാഷ്ട്രീയവുമായി കടന്നുവന്നവരാണ് ഭാരതത്തെ വിഭജിച്ചത്. തുടര്‍ന്നും പല കഷണങ്ങളാക്കി വിഭജിക്കാന്‍ കോപ്പുകൂട്ടുന്നു എന്നുവേണം അന്‍സാരിയുടെ പ്രസ്താവനകൊണ്ടു മനസ്സിലാക്കാന്‍. വിശാലഭാരതത്തിന്റെ പടിഞ്ഞാറന്‍ ഭാഗം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടത് ഭൂരിപക്ഷ വര്‍ഗീയതകൊണ്ടാണോ ന്യൂനപക്ഷ വര്‍ഗീയരാഷ്ട്രീയം കൊണ്ടാണോ? വടക്കു കിഴക്കന്‍ മേഖലകളില്‍ അശാന്തി വിതയ്ക്കുകയും കലാപം കൊയ്‌തെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഭൂരിപക്ഷവര്‍ഗീയതയാണോ ന്യൂനപക്ഷ വര്‍ഗീയരാഷ്ട്രീയമാണോ? ഭാരതമാതാവിന്റെ ഇരുകൈകളും വെട്ടിമാറ്റി അംഗഭംഗം വരുത്തി 1947ല്‍ ചോരപ്പുഴ ഒഴുക്കിയത് ഹമീദ് അന്‍സാരി പ്രതിനിധീകരിക്കുന്ന ന്യൂനപക്ഷ വര്‍ഗീയരാഷ്ട്രീയമാണ്. ഭാരതത്തിന് വെളിയില്‍ ലോകത്തുള്ള അനേകം രാജ്യങ്ങളില്‍ ഭീകരവാദവും കലാപവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും അവരാണ്.
സ്വാതന്ത്ര്യാനന്തരവും അധികാരത്തില്‍ തുടരാന്‍ ഭൂരിപക്ഷവര്‍ഗീയത എന്ന തട്ടിപ്പ് കോണ്‍ഗ്രസ് തുടര്‍ന്നും പ്രചരിപ്പിച്ചു. പിന്നീട് നെഹ്‌റുവിന്റെയും ഇന്ദിരയുടെയും കാലശേഷം വീണ്ടും അധികാരം നഷ്ടപ്പെടുമെന്ന് തോന്നിയപ്പോഴാണ് അവര്‍ പുതിയ ഒരു പ്രയോഗം നടത്തിയത്. ഭാരതത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇസ്ലാമിക ഭീകരവാദാക്രമണം നടന്നുകൊണ്ടിരിക്കുന്നു. പ്രതിരോധിക്കാനുള്ള കഴിവോ കരുത്തോ രാഷ്ട്രത്തോടുള്ള പ്രതിജ്ഞാബദ്ധതയോ ഇല്ലാതെ കോണ്‍ഗ്രസ് കൈമലര്‍ത്തി. ചില അന്വേഷണ ഏജന്‍സികള്‍ പേരിനെങ്കിലും ഭീകരവാദികളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായി. സ്വാഭാവികമായും അറസ്റ്റ് ചെയ്യപ്പെട്ടവരൊക്കെ മുസ്ലീങ്ങളായിരുന്നു. അത് തങ്ങളുടെ രാഷ്ട്രീയ അജണ്ടക്ക് ഗുണം ചെയ്യില്ല എന്നു മനസ്സിലാക്കി ഏറെ ആലോചനകള്‍ക്കുശേഷം കോണ്‍ഗ്രസ് കുടുംബത്തിന്റെ നിര്‍ദ്ദേശപ്രകാരം അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലും കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിംഗും കൂടിയാലോചിച്ചാണ് ഭൂരിപക്ഷ വര്‍ഗീയത എന്ന വാക്കിന്റെ അടുത്ത പടിയായി ‘കാവിഭീകരത’ എന്ന പ്രയോഗം ആവിഷ് കരിച്ചത്. അവര്‍ നടത്തിയ ഗൂഢാലോചനയും തുടര്‍ന്ന് അധികാര ദുര്‍വിനിയോഗത്തിലൂടെ നിരപരാധികളെ ജയിലിലടച്ച് പീഡിപ്പിച്ചതുമൊക്കെ ആഭ്യന്തരവകുപ്പ് സെക്രട്ടറിയായിരുന്ന ആര്‍.വി.എസ്. മണി വിശദീകരിച്ചിട്ടുണ്ട്.
ഇസ്ലാമികഭീകരത എന്നതിനെ സന്തുലനപ്പെടുത്താന്‍ കോണ്‍ഗ്രസ് കുടുംബത്തിന്റെ കുബുദ്ധിയായിരുന്നു ഈ പദപ്രയോഗം. അങ്ങനെ കോണ്‍ഗ്രസ് രണ്ട് നിഴല്‍ക്കുത്തുകള്‍ നടത്തി ദേശീയവികാരങ്ങളെയും ദേശീയശക്തികളെയും ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിച്ചു. ഇപ്പോള്‍ ഹമീദ് അന്‍സാരി വീണ്ടും അവരുടെ വൃത്തികെട്ട വിഴുപ്പ് പുറത്തിട്ട് രാഷ്ട്രീയ അന്തരീക്ഷം മലീമസമാക്കാന്‍ ശ്രമിക്കുകയാണ്. ഹമീദിന് സാമാന്യബുദ്ധിയും അല്പമെങ്കിലും ജനാധിപത്യബോധവും ഉണ്ടെങ്കില്‍ ലോകത്തിലെ ഇതര ജനതയെ വെല്ലുവിളിക്കുകയും ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇസ്ലാമിക ഭീകരവാദത്തെ ലഘൂകരിക്കാന്‍ കഴിയുമോ എന്ന് നോക്കുക. അതല്ല 1947 ആവര്‍ത്തിക്കാന്‍ അന്‍സാരി ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ കൂടുതല്‍ വിഭജനങ്ങള്‍ നടത്തി ഭാരതത്തെ സമ്പൂര്‍ണ്ണമായും ശിഥിലീകരിച്ച് അനേകം ഇസ്ലാമികരാജ്യങ്ങള്‍ സൃഷ്ടിക്കാനാണോ നോട്ടം. അത്തരമൊരു മന:സ്ഥിതി ഉള്ളില്‍ സൂക്ഷിച്ചുകൊണ്ടാണോ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുടെ പരിപാടികളില്‍ ഹമീദ് അന്‍സാരി പങ്കെടുത്തത്?
ഇത്രയും അപകടകരമായ ഒരു വിഷം ഉള്ളില്‍ വച്ചുകൊണ്ട് ഉപരാഷ്ട്രപതിസ്ഥാനംവരെ കടന്നെത്തിയ വ്യക്തി രാഷ്ട്രപതി ആയിരുന്നുവെങ്കില്‍ എന്തൊക്കെ ചെയ്യുമായിരുന്നില്ല! ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയും അറബിനാട്ടിലെ അംബാസിഡറും ഒക്കെയായിരുന്ന വേളകളില്‍ ഹമീദ് അന്‍സാരി രാജ്യവിരുദ്ധ പ്രവര്‍ത്തനം ചെയ്തിട്ടുണ്ടാവില്ല എന്ന് ഉറപ്പിക്കാമോ? ഹമീദ് അന്‍സാരിയുടെ നിലപാടും സമീപനവും ഉള്ളിലെ വിഷവും കൂട്ടിവായിക്കുമ്പോള്‍, കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം വര്‍ഗീയപ്രചാരണവും രാജ്യവിഭജനവും ആയിരിക്കില്ലേ സ്വപ്‌നം കണ്ടിട്ടുണ്ടാവുക? വിശേഷിച്ചും അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന അന്‍സാരി യഥാര്‍ത്ഥ ദേശീയവാദിയാകും എന്ന് ആരെങ്കിലും കരുതിയിരുന്നെങ്കില്‍ അവര്‍ക്കു തെറ്റി എന്നാണ് ഇപ്പോള്‍ ബോധ്യമാകുന്നത്. ഭാരതത്തിന് എതിരായി മുസ്ലീം മനോഭാവം സൃഷ്ടിക്കുന്നതിനുവേണ്ടി ബ്രിട്ടീഷുകാരാല്‍ വളര്‍ത്തപ്പെട്ടതാണല്ലോ അലിഗഡ് മുസ്ലീം വിദ്യാഭ്യാസ പ്രസ്ഥാനം.
എല്ലാ മതങ്ങളെയും രണ്ട് കൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഹിന്ദുസമൂഹത്തിനുള്ളത്. അത്തരമൊരു സമൂഹത്തെയും അതിന്റെ പാരമ്പര്യത്തെയും വെല്ലുവിളിക്കുന്നത് ഏറ്റവും കുറഞ്ഞ ഭാഷയില്‍ പറഞ്ഞാല്‍ നന്ദികേടാണ്. ‘കാക്ക കുളിച്ചാല്‍ കൊക്ക് ആകില്ല’ എന്ന പഴഞ്ചൊല്ലുപോലെ, ഔദ്യോഗിക പദവി വഹിച്ചാലും വര്‍ഗ്ഗീയ മനോഭാവത്തിന് മാറ്റമുണ്ടാവണമെന്നില്ല. അതിന്റെ തെളിവാണ് ഈ വര്‍ഗീയവിഷം വമിപ്പിച്ച പ്രസ്താവന!





















