”അല്ല. നിങ്ങളുടെ ഭൂമിയിലുള്ളതുപോലെയല്ല ഇവിടെ വെള്ളമുള്ളത്. ഇവിടുത്തെ സമുദ്രവും വ്യത്യസ്തമാണ്.”
”വ്യത്യസ്തമോ? അപ്പോള്‍ വെള്ളം ഐസായാണോ ഉള്ളത്?”
”നേരില്‍ കാണാന്‍ പോകുകയല്ലേ? പിന്നെന്തിനാണ് വിശദീകരിക്കുന്നത്?”
”ഇവിടുത്തെ കടലില്‍ ധാരാളം മീനുകളുണ്ടോ? ഞങ്ങളുടെ കടലിലുള്ളതുപോലെ മത്തിയും അയലയുമൊക്കെയാണോ ഇവിടെയും? ഇവിടെ ആരാണ് മീന്‍പിടിക്കാന്‍ പോകാറുള്ളത്? വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ എനിക്ക് കുറച്ച് മീന്‍ പിടിച്ച് കൊണ്ടുപോകാന്‍ പറ്റുമോ?”
അവന്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.
”വരൂ. ആദ്യം സമുദ്രം കാണൂ. എന്നിട്ട് പറയാം ബാക്കി.”
അമ്പിളിമാമന്‍ ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ട് പറഞ്ഞു.
”എവിടെയാണ് കടല്‍? ഇനിയും കുറേദൂരം നടക്കണോ?”
”നമ്മള്‍ അടുത്തെത്താറായി. ഇങ്ങനെ ധൃതിപിടിക്കല്ലേ ആനന്ദൂ.”
”തിരമാലകളുടെ ശബ്ദമൊന്നും കേള്‍ക്കാനില്ലല്ലോ!”
”അതാണ് തമാശ. ദാ… കാണൂ…”
”എവിടെ? ഞാനൊന്നും കാണുന്നില്ലല്ലോ.”
”ദാ.. ആ ഇരുട്ടിലേക്ക് നോക്കൂ.”
”ആ ഇരുട്ടിലാണോ കടല്‍?”
”അതെ. ചാന്ദ്രസമുദ്രമാണ് ആ അലയടിക്കുന്നത്.”
”എന്നിട്ട് അതിന്റെ ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലോ. ഇരുട്ടിലായതുകൊണ്ടാണോ കടല്‍വെള്ളം നമുക്ക് കാണാന്‍ പറ്റാത്തത്? എനിക്ക് വെള്ളത്തിലേക്കിറങ്ങാന്‍ തോന്നുന്നു.”
”മോനിറങ്ങിക്കോളൂ. പതുക്കെ.. ശ്രദ്ധിച്ച്… ശ്രദ്ധിച്ച്.. വീഴരുതേ.”
അമ്പിളിമാമന്‍ പറഞ്ഞതനുസരിച്ച് ആനന്ദു ഇരുട്ടുനിറഞ്ഞ ഭാഗത്തേക്കിറങ്ങി. പക്ഷേ ഒന്നും കാണാന്‍ കഴിഞ്ഞില്ല. കനത്ത നിശ്ശബ്ദതയായിരുന്നു അവിടെ. നനവൊന്നും കാലില്‍ അനുഭവപ്പെട്ടതുമില്ല. വെള്ളം തൊടാനായി അവന്‍ കുറച്ചുകൂടെ മു ന്നോട്ടു നടന്നുനോക്കി. എന്നിട്ടും വെള്ളം തൊടാനായില്ല.
”അമ്പിളിമാമന്‍ എന്നെ പറ്റിക്കുകയാണോ? ഇവിടെയെവിടെയും വെള്ളമില്ലല്ലോ. മണ്ണിന് നനവുപോലുമില്ല.”
”വെള്ളമുണ്ടെന്ന് ഞാന്‍ പറഞ്ഞോ. സമുദ്രമാണെന്നല്ലേ പറഞ്ഞുള്ളൂ?”
”വെള്ളമില്ലാത്ത സമുദ്രമോ?”
”അതെ. വെള്ളമില്ലാത്ത സമുദ്രം.”
”വെള്ളമില്ലാത്തതിനെ എങ്ങനെയാണ് സമുദ്രമെന്ന് വിളിക്കുക?”
”ഞാനല്ലല്ലോ. നിങ്ങള്‍ മനുഷ്യരാണ് ഈ മേഖലയെ സമുദ്രമെന്ന് വിളിച്ചത്. നിങ്ങള്‍ ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ ഇരുണ്ടതായി കാണപ്പെടുന്ന ഭാഗങ്ങളെയാണ് സമുദ്രമെന്ന് വിളിച്ചത്.”
”അമ്പിളിമാമനെന്നെ കളിപ്പിക്കല്ലേ. സമുദ്രമൊക്കെ ഞാന്‍ ഇഷ്ടംപോലെ കണ്ടിട്ടുണ്ട്. നേരിട്ടും ടിവിയിലുമൊക്കെ. വെള്ളമില്ലാത്ത സ്ഥലത്തെ ഞങ്ങള്‍ മനുഷ്യര്‍ സമുദ്രമെന്നൊന്നും വിളിക്കാറില്ല.”
”പിന്നെ വിളിക്കാതെ? ജനസമുദ്രമെന്നൊക്കെ കേട്ടിട്ടില്ലേ? അവിടെ വെള്ളമുണ്ടായിട്ടാണോ?”
”അതുശരിയാണല്ലോ!” ആനന്ദു ആലോചിച്ചു. കടലുപോലെ പരന്നുകിടക്കുന്ന പലതിനേയും സമുദ്രമെന്ന് മനുഷ്യര്‍ വിശേഷിപ്പിക്കാറുണ്ട്. ഇങ്ങോട്ടുവരുമ്പോള്‍ കണ്ട മേഘങ്ങളെ മേഘക്കടലെന്നാണല്ലോ വിളിച്ചത്. അതുപോലെയായിരിക്കുമിതും.
”അപ്പോഴിത് യഥാര്‍ത്ഥ സമുദ്രമല്ല അല്ലേ?”
ആനന്ദുവിന് നിരാശയായി. അവനേറെ പ്രതീക്ഷിച്ചതായിരുന്നു. കടലിലിറങ്ങി കയ്യും കാലുമൊക്കെ നനയ്ക്കാനും പറ്റിയാലൊന്ന് കുളിക്കാനുമൊക്കെ. ഇവിടെയിതാ, നല്ല ഉറച്ച പാറപോലെ കിടക്കുന്നു. മറ്റിടങ്ങളിലെപ്പോലെയുള്ള പൊടിനിറഞ്ഞ മണ്ണൊന്നുമല്ല സമുദ്രമെന്നു പറയുന്ന ഭാഗത്ത്.
”ഇതെന്താ കറുത്തപാറയാണോ?”
”അതെ. കറുകറുത്തപാറയാണ്. നിങ്ങളുടെ ഭൂമിയിലെ കരിമ്പാറകള്‍ രൂപപ്പെട്ടതുപോലെ ലാവ ഉറഞ്ഞുകട്ടിയായുണ്ടായതാണ് ഈ പാറകളും.”
”അപ്പോള്‍ ഇവിടെയും ലാവയുണ്ടോ?”
(തുടരും)






















