ഫ്‌ളൈ ദുബായ് വിമാന റാഞ്ചല്‍ ശ്രമവും സി.പി.എം. നേതാവും പൊന്നാനിയിലെ മുന്‍ എം.എല്‍.എയുമായ പി.നന്ദകുമാറിന്റെ പ്രസംഗവും തമ്മില്‍ എന്തു ബന്ധം എന്ന ചോദ്യം സ്വാഭാവികമാണ്. സപ്തംബര്‍ 11 ന് അമേരിക്കയില്‍ അല്‍ഖ്വയ്ദ നടത്തിയ ഭീകരാക്രമണം ഇസ്രായേലില്‍ ആവര്‍ത്തിക്കാനായിരുന്നു ഫ്‌ളൈ ദുബായ് കോപൈലറ്റ് ഹമാം അല്‍ ഹമ്മാമി ലക്ഷ്യമിട്ടിരുന്നതെന്ന് അയാളെ ചോദ്യം ചെയ്ത സൗദി അധികൃതര്‍ വെളിപ്പെടുത്തിയതായി പത്രവാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. സപ്തംബര്‍ 11 പോലെ സപ്തംബര്‍ 30-ഉം ആഘോഷിക്കാന്‍ ആഗ്രഹിച്ചവരുടെ സ്വപ്‌നം തകര്‍ത്തത് ആ വിമാനത്തിന്റെ ക്യാപ്റ്റനും ഭാരതീയനുമായ സ്മിത്ത് മച്ചാറാണ്. സ്വന്തം ജീവന്‍ പണയം വെച്ചും റാഞ്ചല്‍ ഉദ്യമം തകര്‍ത്ത മച്ചാറിനെ ആശുപത്രിക്കിടക്കയില്‍ ഫോണില്‍ അഭിനന്ദിച്ച ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം പറഞ്ഞത് തനിക്ക് പ്രതിരോധിക്കാനുള്ള ശക്തി കിട്ടിയത് ഹനുമാന്‍ ചാലീസയില്‍ നിന്നാണെന്നാണ്. അടിയന്തര ഘട്ടത്തില്‍ വാതില്‍ തുറക്കാന്‍ ഉപയോഗിക്കുന്ന ക്രാഷ് ആക്‌സ് എന്ന ചെറുമഴു കൊണ്ടാണ് ഹമ്മാമി മച്ചാറിനെ അടിച്ചതും വെട്ടിയതും. അപ്രതീക്ഷിത അക്രമത്തിന് കീഴടങ്ങാതെ പ്രതിരോധിക്കാനും യാത്രക്കാര്‍ക്ക് സഹായത്തിനെത്താനായി സകലശക്തിയുമെടുത്ത് വാതില്‍ തുറക്കാനും അദ്ദേഹത്തിന് മന:സാന്നിദ്ധ്യം കിട്ടിയത് ഹനുമാന്‍ ചാലീസയില്‍ നിന്നാണ്. ചുരുങ്ങിയത് 174 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ അതുകൊണ്ടു സാധിച്ചു. മച്ചാര്‍ കീഴ്‌പെട്ടുപോയിരുന്നെങ്കില്‍ ഇസ്രായേലിലെ ഭൂതല കേന്ദ്രങ്ങളില്‍ വിമാനം ഇടിച്ചിറക്കിയാല്‍ ഉണ്ടാവുന്ന നാശനഷ്ടവും ആഘാതവും എത്രയെന്ന് ഊഹിക്കാന്‍ പോലും പ്രയാസമാണ്. അതാണ് സൗദിയടക്കം ലോകരാജ്യങ്ങള്‍ മച്ചാറിനെ പ്രകീര്‍ത്തിക്കാന്‍ കാരണം.
ഒക്ടോബര്‍ 3നാണ് സി.പി.എമ്മിന്റെ പുതിയ മലപ്പുറം ജില്ലാകമ്മറ്റിയുടെ ഉദ്ഘാടന യോഗത്തിന്റെ സ്വാഗതപ്രസംഗത്തില്‍ മലപ്പുറം മതമൗലികവാദികളുടെയും തീവ്രവാദികളുടെയും കൂടായി മാറിയിരിക്കുന്നു എന്നു നന്ദകുമാര്‍ പറഞ്ഞത്. മലപ്പുറത്തെ മതസൗഹാര്‍ദ്ദത്തിന്റെ പറുദീസ എന്ന് കൊട്ടിഘോഷിക്കുന്നവര്‍ അരങ്ങുതകര്‍ക്കുമ്പോഴാണ് മലപ്പുറം ജില്ലക്കാരനായ നന്ദകുമാര്‍ ഇതുപറയുന്നത്. കൂടെ കിടക്കുന്നവനല്ലേ രാപ്പനിയറിയൂ. പിബി അംഗം വിജയന്‍ സഖാവിനെ സാക്ഷിയാക്കിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിന്നീട് വിജയന്‍ അതിനെ ന്യായീകരിക്കുകയും ചെയ്തതോടെ ഇത് പാര്‍ട്ടിയുടെ നിലപാടുകൂടിയാണ് എന്നാണല്ലോ കാണിക്കുന്നത്. മുമ്പ് പാര്‍ട്ടി നേതാക്കളായ ഏ.കെ. ബാലനും വിജയരാഘവനും സജി ചെറിയാനും ഇത്തരം പ്രസ്താവന മലപ്പുറത്തെക്കുറിച്ച് നടത്തിയതാണ്. പാര്‍ട്ടി ആചാര്യന്‍ ഇ.എം.എസ് 1967-ല്‍ മുഖ്യമന്ത്രിക്കസേരക്കായി സ്വന്തം ഇല്ലപ്പറമ്പ് പതിച്ചു കൊടുക്കുന്നതുപോലെ മുസ്ലീം ലീഗിന് മാപ്പിളസ്ഥാന്‍ പതിച്ചുനല്‍കിയതിന്റെ ഫലമാണ് ഈ ജില്ല ഭീകരവാദികളുടെ കൂടായി മാറിയത് എന്ന ചരിത്രസത്യം സഖാക്കളെ വേട്ടയാടുന്നുണ്ടാവാം. അന്ന് മുന്നറിയിപ്പ് നല്‍കിയ കേളപ്പജിയെ വര്‍ഗ്ഗീയവാദി എന്നു വിളിച്ചവരാണിവര്‍.
മതേതരത്വം നിലനിര്‍ത്താനാണ് നന്ദകുമാര്‍ ഇക്കാര്യം പറഞ്ഞത് എന്നാണ് വിജയന്‍ സഖാവിന്റെ വാദം. ഇതേ സഖാവ് പോറ്റിവളര്‍ത്തിയ പഴയ സിമിക്കാരന്‍ കെ.ടി.ജലീല്‍ പ്രതികരിച്ചത് മലപ്പുറം മതേതരത്വത്തിന്റെ സ്വര്‍ഗ്ഗമാണ് എന്നാണ്. സി.പി.എം. കൊട്ടിഘോഷിക്കുന്ന ‘മതേതരത്വം’ നിര്‍ണ്ണായക ഘട്ടത്തില്‍ ജലീലിനെ പോലുള്ളവരുടെ കയ്യിലെ ക്രാഷ് ആക്‌സ് ആകില്ലെന്ന് എന്തുറപ്പ്? ഈ മഴുകൊണ്ട് തലക്ക് കനത്ത പ്രഹരം കിട്ടുമ്പോള്‍ ഒരു ചെമ്പന്‍ വിപ്ലവമന്ത്രവും സഖാക്കള്‍ക്ക് രക്ഷക്കെത്തില്ല. അതിനാല്‍ ഇപ്പോഴേ ഹനുമാന്‍ ചാലീസ ചൊല്ലാന്‍ പഠിക്കുന്നതാണ് സഖാക്കളേ നല്ലത്.
തലവര:
കുംഭമേളക്കെതിരെ തിരുനാവായയില്‍ സി.പി.ഐയുടെ മതനിരപേക്ഷ സംഗമം.
ഹിന്ദു സംഘടിച്ചാലേ ഇക്കൂട്ടരുടെ മതനിരപേക്ഷത ഉണരൂ; കാവി കണ്ടാലേ കലി വരൂ.





















