‘ഫോര്‍ട്ടുകൊച്ചിയില്‍ താമസിച്ചിരുന്ന ചില സാധാരണക്കാരായ ആളുകള്‍ പെട്ടെന്ന് ധനവാന്മാരായി. പഴയകെട്ടിടങ്ങള്‍ പൊളിച്ച് പുതിയവ പണിയാന്‍ മണ്ണുമാന്തിയപ്പോള്‍ അവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ നിറച്ചചെമ്പു കുടങ്ങള്‍ കിട്ടിപോലും!
അപ്പുകഥ തുടരുകയായിരുന്നു. കേള്‍വിക്കാരായ കുഞ്ഞുണ്ണിയും വീണയും അവന്റെ മുഖത്തുനിന്നും കണ്ണ് എടുത്തതേയില്ല.
‘നിധി കിട്ടി എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ. അതു തന്നെ സംഭവം!’
‘ഇതെങ്ങനെ സംഭവിച്ചു?’ വീണക്ക് ആകാംക്ഷ അടക്കാനായില്ല.
‘അതറിയാന്‍ നാം കുറച്ചു പുറകിലേക്ക് പോകണം. ചരിത്രമാണ്. പത്തു മുന്നൂറു വര്‍ഷം മുമ്പുള്ള കാലത്തേക്ക്. അന്ന് കൊച്ചിയുടെ ഭരണാധിപത്യം പോര്‍ച്ചുഗീസുകാര്‍ എന്ന വിദേശികള്‍ക്കായിരുന്നു. വലിയകപ്പലില്‍ വന്ന് കേരളത്തില്‍, പ്രത്യേകിച്ച് മലബാറിലെ തീരങ്ങളില്‍ കുരുമുളക്, ചുക്ക്, ഏലം തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ വ്യാപാരം നടത്തി അവര്‍ ഒരുപാടു ധനം സമ്പാദിച്ചു. ഒപ്പം അധികാരവും ആധിപത്യവും സ്ഥാപിച്ചു. അതൊ ക്കെ അനുഭവിച്ച് സുഖലോലുപരായി കഴിയവെ പെട്ടെന്ന് എല്ലാം ഉപേക്ഷിച്ച് അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യേണ്ടിവന്നു.’
‘എന്താണ് കാരണം?’ കുഞ്ഞുണ്ണിക്ക് അത് അറിയാന്‍ തിടുക്കമായി.
‘മറ്റൊരു വിദേശസാമ്രാജ്യമായ ഡച്ചുകള്‍ പീരങ്കിപ്പടയുമായി വന്ന് പോര്‍ച്ചുഗീസുകാരെ ആക്രമിച്ചു. കണക്കില്ലാത്ത പൊന്നും പണവും ഉപേക്ഷിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.’
‘എന്നിട്ട് അവര്‍ എന്തു ചെയ്തു?’ വീണക്ക് പിന്നെയും സംശയം.
‘വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ ചെമ്പുപാത്രങ്ങളില്‍ നിറച്ചു മരത്തിന്റെ ചുവട്ടിലും ചുമരുകള്‍ക്കുള്ളിലും അടയാളം ചാര്‍ത്തി അവര്‍ ഒളിപ്പിച്ചുവെച്ചു. കാലം കഴിഞ്ഞാലും എപ്പോഴെങ്കിലും വന്ന് സ്വത്ത് തിരികെ എടുത്തുകൊണ്ടുപോകാം എന്ന് അവര്‍ കണക്കുകൂട്ടി. സ്വത്തുവകകള്‍ ഒളിപ്പിച്ചുവെച്ച ഇടങ്ങള്‍ സൂചിപ്പിക്കുന്ന രഹസ്യമാപ്പുകള്‍ കയ്യില്‍വെച്ച് മനസ്സില്ലാമനസ്സോടെ അവര്‍ നാടുവിട്ടു. കാലക്രമത്തില്‍ അവരുടെ അനന്തരാവകാശികള്‍ തങ്ങള്‍ക്കു ലഭിച്ച സൂചനാ മാപ്പുകളും ചാര്‍ട്ടുകളുമായി വന്ന് കുറെയൊക്കെ കൊണ്ടുപോയി.’ ‘അങ്ങനെയെങ്കില്‍ അവിടെയും ഇവിടെയുമായി ഇപ്പോഴും നിധി ശേഖരം ഒളിഞ്ഞിരിപ്പുണ്ടെന്നുവേണം കരുതാന്‍. അല്ലേ?’ കുഞ്ഞുണ്ണിയുടെ സംശയം ശരിവെയ്ക്കുന്നതായിരുന്നു അപ്പുവിന്റെ പിന്നീടുള്ള വെളിപ്പെടുത്തല്‍.
‘പോര്‍ച്ചുഗലിലെ ബിസ്‌ലന്‍ മ്യൂസിയത്തില്‍ നിന്നും കണ്ടെടുത്ത ചില മാപ്പുകളിലെ സൂചനകളില്‍ നിന്നും ഇനിയും കണ്ടെത്താത്ത നിധിശേഖരം ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരൊക്കെയോ തിരിച്ചറിഞ്ഞിരിക്കുന്നു. ആ മാപ്പുകള്‍ കൈക്കലാക്കി വലിയൊരു കൊള്ള സംഘം അറബിക്കടലിന്റെ തീരത്തോടടുത്തു പായ്ക്കപ്പലില്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട്. അവരുടെ ലക്ഷ്യം ആ നിധിയെല്ലാം കവര്‍ന്ന് പോര്‍ച്ചുഗല്ലിലേക്ക് കൊണ്ടുപോകണമെന്നതാണ്.’
കഥ കേട്ടിരുന്ന കുഞ്ഞുണ്ണിക്ക് വീണ്ടും സംശയമായി.
‘അപ്പുവിന്റെ കൂട്ടുകാരന്‍ ഫ്രെഡിയെ ഇതെങ്ങനെ ബാധിക്കുമെന്ന് മനസ്സിലായില്ല.’
‘ഫ്രെഡിയുടെ വീടിരിക്കുന്നിടത്താണ് നിധിയുള്ളത്. കൊള്ളസംഘം വന്ന് ഭൂമിയും ചുമരും കുഴിച്ചുനോക്കിയാല്‍ പഴക്കം ചെന്ന ആ വീട് പൊളിഞ്ഞ് താഴെവീഴും. പുതിയൊരു വീട് നിര്‍മ്മിക്കാനുള്ള സാമ്പത്തിക സൗകര്യമൊന്നും അവര്‍ക്കില്ല.’
‘അവര്‍ ഫ്രെഡിയുടെ വീടാണ് കൃത്യമായി ലക്ഷ്യം വെയ്ക്കുന്നത് എന്ന് എങ്ങനെയാണ് മനസ്സിലായത്?’ വീണയുടെ ചോദ്യം.
‘കൊള്ളക്കാര്‍ ഫ്രെഡിയുടെ മമ്മയെ ഫോണില്‍ വിളിച്ചു. അടുത്ത ഒരു ദിവസം രാത്രിയില്‍ രഹസ്യമായി വീടിരിക്കുന്ന സ്ഥലം കുഴിക്കുമെന്ന് പറഞ്ഞു. ബന്ധുക്കളെയോ പോലീസിനെയോ അറിയിച്ചാല്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.’
‘ആകെ പ്രശ്‌നമാണ് അല്ലേ?’
‘ഫ്രെഡിയുടെ മമ്മ ഒരു സാധു സ്ത്രീ. ലക്ഷ്മി ഹോസ്പിറ്റലില്‍ അറ്റന്‍ഡറായി ജോലി ചെയ്തു കിട്ടുന്നതുകൊണ്ടാണ് കിടപ്പിലായ ഭര്‍ത്താവിന്റെ ജീവന്‍ നിലനിര്‍ത്തുന്നതും ഫ്രെഡിയുടെ പഠനാവശ്യങ്ങളും വീട്ടുകാര്യങ്ങളും നിര്‍വ്വഹിക്കുന്നതും. മുകളില്‍ താമസിക്കുന്നവര്‍ വാടകയ്ക്കാണെന്നപേരേയുള്ളൂ. വാടകയൊന്നും നല്‍കാറില്ല. ഫ്രെഡിയുടെ പപ്പയുടെ അടുത്ത ബന്ധുക്കളാണവര്‍. കാര്യമായ വരുമാനമൊന്നുമില്ലാത്ത ഒരമ്മയും മകനും. ഫ്രെഡിയുമായി അടുപ്പമായ കാലം മുതല്‍ ഏതുകാര്യവും മമ്മ എന്നോട് അഭിപ്രായം ചോദിക്കും. ആലോചിച്ച് ഞാന്‍ ഒരു മറുപടി പറയും. അത് അവര്‍ക്ക് പലപ്പോഴും സ്വീകാര്യമായിരുന്നു. ബന്ധുക്കളോട് പോലും ഇക്കാര്യം ഷെയര്‍ ചെയ്യാന്‍ അവര്‍ക്ക് പേടിയാണ്. ഒപ്പം നില്ക്കുമെന്ന് സിംപതിയോടെ സംസാരിച്ചിട്ട്… നിധിയുടെ കാര്യമല്ലേ രാത്രിയില്‍ വന്ന് കുത്തി മാന്തില്ല എന്ന് എന്താണ് ഉറപ്പ്.’ കൊമരന്‍ ചങ്കുവിനെ കണ്ട് ഉപദേശം തേടിയാല്‍ ഇക്കാര്യത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് എന്റെ മനസ്സു പറയുന്നു.
(തുടരും)