‘ഫോര്‍ട്ടുകൊച്ചിയില്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കുഞ്ഞുണ്ണി പല പ്രാവശ്യം വന്നിട്ടുണ്ടല്ലോ.’ അപ്പു ചോദിച്ചു.
‘ഉവ്വ്’.
‘പതിനാലു നിലകളുള്ള ആ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ മുമ്പിലുള്ള റോഡിനപ്പുറം തുറസ്സായ സ്ഥലം കണ്ടിട്ടില്ലേ. അത് സര്‍ക്കാര്‍ വകയാണ്. വൈകുന്നേരങ്ങളില്‍ കുട്ടികളും ചെറുപ്പക്കാരും അവിടെ പലതരം കളികളില്‍ ഏര്‍പ്പെടും. സമീപപ്രദേശങ്ങളിലെ താമസക്കാരാണ് അവരെല്ലാം. പൊതുവെ ഫ്‌ളാറ്റുകളിലെ കുട്ടികളെ അവിടെ കളിക്കാന്‍ പോകാന്‍ രക്ഷിതാക്കള്‍ അനുവദിക്കാറില്ല. പലതരക്കാരും വരുന്നിടത്ത് കളിക്കാന്‍ പോയാല്‍ മക്കള്‍ വഷളാകുമെന്ന് അവര്‍ ഭയപ്പെടുന്നു. എന്നാല്‍ അമ്മ എന്നോട് പറഞ്ഞത് എന്താണെന്നോ?’
‘എന്താണ്?’
‘പോകുന്നതില്‍ പ്രശ്‌നമില്ല. കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ സമ പ്രായത്തില്‍ തന്നെ ഉള്ളവരാവാന്‍ ശ്രദ്ധവെയ്ക്കണമെന്നാണ്. എനിക്ക് കൂട്ടുകാരനെ തെരഞ്ഞെടുക്കേണ്ടി വന്നില്ല. നാലാം ക്ലാസ്സുമുതല്‍ എന്നോടൊപ്പം പഠിക്കുന്ന ഫ്രെഡിഫെര്‍ണാണ്ടസിനെ അവിടെ വെച്ച് ഞാന്‍ കണ്ടുമുട്ടി. ഒരു ചെറിയ സൈക്കിളില്‍ ചാരി എന്തോ നോക്കി നില്‍ക്കുകയായിരുന്നു അവന്‍. ചിരിച്ചു. കൈകൊടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ അടുത്ത കൂട്ടുകാരായി. മിക്കവാറും ഞങ്ങള്‍ ഗ്രൗണ്ടിനു ചുറ്റും നാലഞ്ചുതവണ സൈക്കിള്‍ ചവിട്ടും. പിന്നെ ഏതെങ്കിലും മരത്തിനു ചുവട്ടിലിരുന്ന് ഇരുട്ടുവോളം സംസാരിക്കും. വായിച്ച പുസ്തകത്തെപ്പറ്റി… കണ്ട സിനിമയെപ്പറ്റിയൊക്കെ ഒഴുക്കോടെ സിംപിള്‍ ഇംഗ്ലീഷില്‍ അവന്‍ പറയുന്നത് കേട്ടിരിക്കാന്‍ നല്ല രസമാണ്. നിത്യജീവിതത്തില്‍ ഇംഗ്ലീഷ് പറയുന്നവരോട് എനിക്ക് മുമ്പേ തന്നെ ഒരുതരം ആരാധനയാണ്. അമ്മ പറയുമായിരുന്നു. എല്ലാവരും മലയാളത്തോടൊപ്പം ഇംഗ്ലീഷും പഠിക്കണമെന്ന്. നമുക്കറിയുന്നതിനപ്പുറമുള്ള ലോകത്തേക്ക് തുറക്കുന്ന വാതിലാണ് ഇംഗ്ലീഷെന്ന്. അതറിഞ്ഞാല്‍ ഏതറ്റം വരെയും നമുക്ക് എത്തിപ്പെടാമെന്ന്.’
വീണ ചിരിച്ചു: ‘ഇവിടെ വായില്‍ നിന്ന് ഒരു ഇംഗ്ലീഷ് വാക്കെങ്ങാന്‍ വീണുപോയാല്‍ കളിയാക്കുന്നവര്‍ ഇപ്പോഴുമുണ്ട്.
‘കിണറ്റില്‍ കിടക്കുന്ന തവളക്കുഞ്ഞിനെപ്പോലെ ഈ കാണുന്നതിനപ്പുറം ഒരു ലോകമില്ലെന്നു കരുതുന്നതുകൊണ്ടാണ്. അത് കാര്യമാക്കരുത്. മലയാളം സംസാരിക്കാത്ത ദേശങ്ങളില്‍ എത്തിപ്പെട്ടാല്‍ അത്യാവശ്യം പിടിച്ചു നില്‍ക്കണ്ടേ.’
‘ശരിയാണ്. ചെറുപ്പത്തിലേ ശീലിച്ചാല്‍ അതൊരു പ്രശ്‌നമാവില്ല.’
ബംഗളൂരുവില്‍ ബ്രിട്ടീഷ് ലൈബ്രറിയിലായിരുന്നു ഫ്രെഡിയുടെ പാപ്പയ്ക്ക് ജോലി. മൂന്നാം ക്ലാസ്സിലെത്തുന്നവരെ അവര്‍ കുടുംബമായി അവിടെയായിരുന്നു താമസം. ഒരു ദിവസം ഫ്രെഡിയുടെ പപ്പ സ്‌ട്രോക്ക് വന്ന് സംസാരിക്കാനും നടക്കാനും വയ്യാതെ വീണുപോയി. വരുമാനം നിലച്ചു. അതോടെ ഉള്ളതെല്ലാം വിറ്റ് ഫോര്‍ട്ടു കൊച്ചിയിലെത്തി. ഒരു വീടു വാങ്ങി താമസം തുടങ്ങി. ചെറിയൊരു രണ്ടുനില വീട്. സമാധാനത്തോടെ താമസിച്ചിരുന്ന ആ വീട് വിട്ടൊഴിയേണ്ട സാഹചര്യം ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നു. അവരാകെ മാനസികമായി തകര്‍ന്നിരിക്കുകയാണ്. അതാണ് ഫോര്‍ട്ടുകൊച്ചിയില്‍ എനിക്ക് ചിലതു ചെയ്യാനുണ്ടെന്നു പറഞ്ഞത്. അവരെ ആ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ വഴിതേടുകയാണ് ഞാന്‍.’
‘അപ്പുവിന്റെ സംസാരം വ്യക്തമാണ്. എന്നാല്‍ അവസാനം പറഞ്ഞത് അങ്ങ് ക്ലിയര്‍ ആകുന്നില്ല. അവര്‍ വില കൊടുത്തു വാങ്ങിയവീട് വിട്ടൊഴിയേണ്ട സാഹചര്യമെന്താണ്? ഇവിടെ പോലീസും നിയമവും കോടതിയുമൊക്കെയുണ്ടല്ലോ.’
കുഞ്ഞുണ്ണിയാണ് അതുപറഞ്ഞത്.
‘ചോദ്യം ന്യായമാണ്. യുക്തിഭദ്രമാണ്’ അപ്പു സമ്മതിച്ചു.
‘കാര്യങ്ങള്‍ നിയമത്തിനുമുന്നിലെത്തിക്കണം. തര്‍ക്കമുണ്ടെങ്കില്‍ അതല്ലേ ഇതുപോലുള്ള ചുറ്റുപാടില്‍ എല്ലാവരും ചെയ്യുക.’
‘അക്കാര്യം അറിയാഞ്ഞിട്ടല്ല. ഇത് ഒരു പ്രത്യേക സാഹചര്യമാണ്. ഞാന്‍ വിശദമായി പറയാം. അതിന്റെ പശ്ചാത്തലം കൂടികേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും.’
അപ്പു പഴയ ഫോര്‍ട്ടു കൊച്ചിയുടെ കഥപറയാന്‍ തുടങ്ങി.
(തുടരും)