ചീരന്‍ചെന്നായ പതിവുപോലെ ഇരതേടിയിറങ്ങിയതാണ്. കുറച്ചുദൂരം സഞ്ചരിച്ചപ്പോള്‍ അകലെയതാ ഒരു നിഴലനക്കം!
‘ഹയ്യട! മനമേ, കെങ്കേമം!
മുയലിനെ മുന്നില്‍ക്കാണുന്നൂ,
ചാടിവീണുപിടിച്ചിട്ട്
ശാപ്പിട്ടീടാന്‍ കൊതിയാണേ!’
എന്നു മനസ്സില്‍ പാടിക്കൊണ്ട് ചീരന്‍ പതുങ്ങിപ്പതുങ്ങി മുന്നോട്ടു നീങ്ങി. തൊട്ടു തൊട്ടില്ല എന്നായപ്പോള്‍ മുയല്‍ കുതിച്ചുചാടിയോടി.
ചീരനുണ്ടോ വിടുന്നു! പുറകേ പാഞ്ഞു.
ഓടിയോടി കാട്ടുവഴിയിലെത്തി എന്തോ കണ്ടുപേടിച്ചപോലെ മുയല്‍ അവിടെ നിന്നു.
എന്നിട്ട് കുതിച്ചൊരു ചാട്ടം.
ചാടിയോടി കുറെദൂരം മുന്നോട്ടു പോയി.
ചീരനും പുറകേ ചാടി.
പെട്ടെന്ന് വലിയൊരു ശബ്ദംകേട്ടു.
ശക്തിയായ സ്‌ഫോടനത്തോടെ ചീരന്‍ അകലേക്കു തെറിച്ചുവീണു.!
കഴിഞ്ഞ ദിവസം വേട്ടക്കാരൊരുക്കിയ കെണിയായിരുന്നു അത്.
ചെറിയ ഇളക്കംതട്ടിയാല്‍ രണ്ടോ മൂന്നോ നിമിഷത്തിനകം പൊട്ടിത്തെറിക്കുന്ന ഒരു കെണി അവര്‍ സ്ഥാപിക്കുന്നതു മുയല്‍ കണ്ടിരുന്നു.
തക്കസമയത്ത് അവന് ഈ കെണി ഉപയോഗിച്ചു രക്ഷപ്പെടാനുള്ള ബുദ്ധി തോന്നി.
പാവം ചീരന്‍! കെണിയിലകപ്പെട്ട് തെറിച്ചുവീണ് പരിക്കുപറ്റി.
ഹാവൂ! രക്ഷപ്പെട്ടു!
മുയല്‍ സമാധാനത്തോടെ അവിടെനിന്നോടി.
ബുദ്ധിയുപയോഗിച്ച് വലിയ അപകടങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍കഴിയും.






















