- നാടുകടത്തല്‍ (പോർമുഖം നോവല്‍ 1)
- കുടിയൊഴിക്കല്‍ (പോർമുഖം നോവൽ 2)
- മുദ്ര വച്ച വീട് (പോർമുഖം നോവൽ 3)
- ആറ്റില്‍ താഴാത്ത പത്രക്കെട്ടുകള്‍ (പോർമുഖം 14)
- അലസിപ്പോയ ആലോചന (പോർമുഖം നോവൽ 4)
- ബാലാമണി ( പോർമുഖം നോവൽ 5)
- ദിവാന്റെ സ്വര്‍ണ്ണപ്പതക്കം (പോർമുഖം നോവൽ 6)
‘സ്വദേശാഭിമാനി’യുടെ കെട്ടുകള്‍ അടുക്കിയ വള്ളം ആറ്റിലൂടെ മെല്ലെ മെല്ലെ നീങ്ങി വരികയായിരുന്നു. സാധാരണ വള്ളക്കാരനും ഒന്നോ രണ്ടോ പേരുമാണ് വള്ളത്തിലുണ്ടാവുക. ഇന്നാവട്ടെ, വള്ളത്തില്‍ മൂന്നുനാലുപേരുണ്ട്. കൃഷ്ണപിള്ളയുണ്ട്. രണ്ടു സഹായികളുണ്ട്. പിന്നെ, പത്രാധിപര്‍ തന്നെ അതിലിരിക്കുന്നു. പത്രം നശിപ്പിക്കാതിരിക്കാന്‍ കാവല്‍ നില്ക്കുന്ന പത്രാധിപര്‍.
ആശയങ്ങള്‍ കൊണ്ടാണ് സാധാരണ പത്രങ്ങളെ ആക്രമിക്കാറ്. പത്രപ്രവര്‍ത്തകരെ ശാരീരികമായി ആക്രമിക്കുന്നവരുമുണ്ട്. തീ വച്ചു നശിപ്പിക്കപ്പെട്ട പത്രക്കെട്ടുകളുടെ കഥകളുണ്ട്. ഇവിടെ നദിയില്‍ ചവിട്ടിത്താഴ്ത്തപ്പെടുമെന്ന ഭീഷണിയിലാണ് പത്രക്കെട്ടുകള്‍.
പ്രഭാതമാണ്. വെയിലിന് കാഠിന്യം വന്നിട്ടില്ല. ചിറയിന്‍കീഴ് തപാലാഫീസ് തുറക്കുമ്പോഴേക്ക് കെട്ടുകള്‍ എത്തണം. എന്നാലേ സീല് വച്ച് സമയത്തിന് അവിടെനിന്നു വിടാന്‍ പറ്റൂ.
വള്ളത്തിലിരിക്കുന്നവര്‍ നിശ്ശബ്ദരാണ്. എന്നാല്‍ അവരുടെ കണ്ണുകള്‍ ആറ്റിലും കരയിലുമൊക്കെ സൂക്ഷ്മതയോടെ സഞ്ചരിക്കുന്നുണ്ട്.
ആറ്റിന്റെ ഇരു വശത്തുമായി ഒതുക്കിയിട്ടിരുന്ന രണ്ടു വള്ളങ്ങള്‍ മെല്ലെ ചലിക്കാന്‍ തുടങ്ങുന്നത് കൃഷ്ണപിള്ളയുടെ സൂക്ഷ്മദൃഷ്ടികള്‍ കണ്ടെത്തി. അയാള്‍ പെട്ടെന്ന് മുന്നറിയിപ്പ് നല്കി.
‘വരുന്നുണ്ട്. വരുന്നുണ്ട്.’
വള്ളത്തിലുണ്ടായിരുന്നവര്‍ ജാഗരൂകരായി.
‘വരട്ടെ.’ പത്രാധിപര്‍ ശാന്തനായി പറഞ്ഞു.
വശങ്ങളിലെ വള്ളങ്ങള്‍ മെല്ലെ മെല്ലെ പത്രക്കെട്ടുകള്‍ അടുക്കിയ വള്ളത്തെ സമീപിക്കാന്‍ തുടങ്ങി. എങ്ങനെയായിരിക്കും അവരുടെ ആക്രമണം എന്ന് പത്രാധിപര്‍ ആശങ്കിച്ചു.
വള്ളങ്ങള്‍ രണ്ടും പത്രവള്ളത്തോട് ചേര്‍ന്നപ്പോള്‍ ഇടതുവശത്തെ വള്ളത്തിലുണ്ടായിരുന്ന ഒരു മല്ലന്‍ എഴുന്നേറ്റു. അയാള്‍ കാലുയര്‍ത്തി വള്ളത്തില്‍ ചവിട്ടാനാഞ്ഞു. പത്രവള്ളത്തിലുണ്ടായിരുന്ന ഒരഭ്യാസി ഞൊടിയിടയ്ക്കുള്ളില്‍ മല്ലന്റെ ഉയര്‍ത്തിയ കാലില്‍ ആഞ്ഞു തൊഴിച്ചു. ബാലന്‍സ് തെറ്റി മല്ലന്‍ നദിയില്‍ ചെന്നുവീണു.
രണ്ടു വള്ളങ്ങളില്‍ നിന്ന് ഓരോരുത്തര്‍ പത്രവള്ളത്തിലേക്ക് ചാടിക്കയറി. പത്രക്കെട്ടുകള്‍ കടന്നെടുക്കാന്‍ ശ്രമിച്ച അവരെ സഹായികള്‍ തടഞ്ഞു. ഒരു സഹായി പത്രക്കെട്ടെടുക്കാന്‍ കുനിഞ്ഞ അക്രമിയുടെ കൈയില്‍ പിടിച്ചു തിരിച്ചു. അവന്‍ ഉച്ചത്തില്‍ ആക്രോശിച്ചു. ആ കൈയില്‍ത്തന്നെ തൂക്കി അക്രമിയെ ആറ്റിലേക്കെറിഞ്ഞു. മറ്റേ അക്രമിയും സഹായിയുടെ ചവിട്ടേറ്റ് വെള്ളത്തില്‍ പതിച്ചു.
അത്രയും നേരം കാഴ്ചക്കാരനെപ്പോലെ നോക്കിയിരിക്കുകയായിരുന്നു പത്രാധിപര്‍. അദ്ദേഹം മെല്ലെ എഴുന്നേറ്റു.
ഒരു വള്ളത്തിലെ ആള്‍ക്കാര്‍ മുഴുവന്‍ വെള്ളത്തില്‍ വീണു കഴിഞ്ഞപ്പോള്‍ അതിലെ തുഴച്ചില്‍ക്കാരന്‍ തുഴയുമായി പത്രാധിപരുടെ നേര്‍ക്ക് ചാടി അദ്ദേഹത്തിന്റെ ശിരസ്സ് ലക്ഷ്യമാക്കി അവന്‍ തുഴ ഓങ്ങി. തുഴ ബലമായി പിടിച്ചുനിര്‍ത്തിയ പത്രാധിപര്‍ അത് വലിച്ചെടുക്കുകയും ചെയ്തു. അതുകൊണ്ട് തുഴക്കാരനെ ആഞ്ഞടിച്ചു. നില തെറ്റിയ തുഴക്കാരന്‍ വെള്ളത്തില്‍ ചെന്നുവീണു. ഇക്കാഴ്ച കണ്ട പത്രവള്ളത്തിലെ ആള്‍ക്കാര്‍ക്ക് ഉത്സാഹം വര്‍ധിച്ചു. അവര്‍ വര്‍ദ്ധിതവീര്യരായി.
പിന്നെല്ലാം പെട്ടെന്ന് കഴിഞ്ഞു.
അക്രമികള്‍ വന്ന വള്ളങ്ങള്‍ ചിറയിന്‍കീഴാറ്റില്‍ അലഞ്ഞുനടന്നു.
ആറ്റിലെ സംഘര്‍ഷം നാട്ടില്‍ പാട്ടായി. ‘സ്വദേശാഭിമാനി’യുടെ കൃശഗാത്രനായ പത്രാധിപര്‍ പത്രപ്രവര്‍ത്തനത്തില്‍ മാത്രമല്ല ചട്ടമ്പിത്തരത്തിലും സമര്‍ത്ഥനാണെന്ന് വായനക്കാര്‍ സമ്മതിച്ചു.
കഥയൊക്കെ വക്കം മൗലവിയുടെ ചെവിയിലുമെത്തി. അദ്ദേഹത്തിന്റെ ആലോചനകള്‍ പോയത് മറ്റു ചില വഴികളിലാണ്..
അന്ന് ഓഫീസിലെത്തിയപാടെ മൗലവി പത്രാധിപരുടെ അടുത്തേക്ക് ചെന്നു.
‘പത്രാധിപര്‍ ഒരൊന്നാന്തരം ഗുസ്തിക്കാരനാണെന്നാണല്ലോ ജനസംസാരം. കണ്ടാലങ്ങനെയൊട്ട് തോന്നുകയുമില്ല.’
പത്രാധിപര്‍ ചിരിച്ചു.
‘ഏയ്. ഗുസ്തിക്കാരനൊന്നും ആയിട്ടില്ല. പിന്നെ, അള മുട്ടിയാല്‍ ചേരയും കടിക്കില്ലേ?’ പെട്ടെന്ന് മൗലവിയുടെ ചിരി മാഞ്ഞു. ഒട്ടുനേരം അദ്ദേഹം ചിന്താധീനനായി. പിന്നെ പത്രാധിപരുടെ നേരെ തിരിഞ്ഞു. ‘ആശയപരമായി ആക്രമിക്കുന്നവരെ നമുക്ക് പ്രതിരോധിക്കാം. കായികമായി അക്രമിക്കുന്നവരെ തടയാനുള്ള ശേഷി നമുക്കുണ്ടോ?’
‘അതും വേണ്ടിവന്നേക്കും.കാലത്തിന്റെ പ്രത്യേകതയാണത്.’
‘ഞാന്‍ ആലോചിച്ചുനോക്കി. പത്രം വക്കത്തുനിന്ന് പ്രസിദ്ധീകരിക്കുന്നത് അസൗകര്യം തന്നെയാണ്, അല്ലേ?’
‘അഞ്ചലാഫീസ് ചിറയിന്‍കീഴല്ലേ? അതൊരു പ്രശ്‌നമാണ്.’
വിഷയം മാറ്റുകയാണോ എന്ന് തോന്നുന്ന മട്ടില്‍ മൗലവി ചോദിച്ചു:
‘എന്തുവന്നാലും കൂടെ നില്ക്കും എന്നാഗ്രഹിച്ച ഭാര്യ തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി, അല്ലേ?’
‘എന്റെ കാര്യത്തില്‍ ഉറപ്പൊന്നുമില്ലല്ലോ. അവളുടെ ജോലിയും കൂടെ പോയാല്‍ ജീവിതമെന്താവും?’
‘പത്രാധിപര്‍ ലോ കോളേജില്‍ ചേര്‍ന്ന കാര്യവും എനിക്കറിയാം.’
മൗലവിയോട് താന്‍ അക്കാര്യം പറഞ്ഞിരുന്നില്ലെന്ന് പത്രാധിപരോര്‍ത്തു. മറ്റൊന്നും കൊണ്ടല്ല. പത്രത്തില്‍ നിന്നും താന്‍ അകലുന്നു എന്ന ആശങ്ക ഉണ്ടാവരുത് എന്ന് കരുതിമാത്രം. മൗലവി പറഞ്ഞുവരുന്നതെന്താണെന്നറിയാതെ പത്രാധിപര്‍ അദ്ദേഹത്തെ നോക്കി.
‘എല്ലാ വശങ്ങളുമാലോചിക്കുമ്പോള്‍ എനിക്കു തോന്നുന്നത് പറയാം.’ മൗലവി പിന്നിലേക്ക് ചാരിയിരുന്നുകൊണ്ട് തുടര്‍ന്നു: ‘പത്രാധിപര്‍ക്കറിയാമല്ലോ. അഞ്ചുതെങ്ങിലാണ്’സ്വദേശാഭിമാനി’യുടെ തുടക്കം. അതില്‍ അസൗകര്യം തോന്നിയപ്പോഴാണ് വക്കത്തേക്കു മാറ്റിയത്. ഇപ്പോള്‍ ‘സ്വദേശാഭിമാനി’യുടെ തട്ടകമാകാന്‍ വക്കവും പോരാ എന്നെനിക്കു തോന്നുന്നു. നമുക്കിതങ്ങു തിരുവനന്തപുരത്തേക്ക് മാറ്റിയാലോ?’
പത്രാധിപര്‍ക്ക് അമ്പരപ്പാണ് തോന്നിയത്. തനിക്കത് വലിയ അനുഗ്രഹമാകുമെന്നത് ശരി തന്നെ. പക്ഷേ, മൗലവിയുടെ തട്ടകം വക്കമാണല്ലോ.അദ്ദേഹത്തിനത് എത്രത്തോളം അസൗകര്യമാവും എന്നതാണു പ്രശ്‌നം.
‘മൗലവി നല്ലവണ്ണം ആലോചിച്ചിട്ടാണോ പറയുന്നത്?’
‘ആലോചിക്കാനെന്തിരിക്കുന്നു? പത്രത്തിന്റെ എല്ലാ ചുമതലകളും നോക്കുന്നത് അങ്ങല്ലേ? പത്രത്തിനും പത്രാധിപര്‍ക്കും സൗകര്യം തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിക്കുന്നതാണ്. ഇതില്‍പ്പരം എന്റെ സൗകര്യം എന്താണ് നോക്കാനുള്ളത് ?’
മൗലവിയുടെ ആത്മാര്‍ത്ഥതയ്ക്കും സ്‌നേഹത്തിനും മുന്നില്‍ പത്രാധിപര്‍ ശിരസ്സ് നമിച്ചുപോയി.
‘എല്ലാം അങ്ങയുടെ ഇഷ്ടം.’
‘1907 ജൂലൈ മുതല്‍ പത്രം തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിക്കാം. ഒന്നാം തീയതി തന്നെ നമുക്കൊരു ഉടമ്പടിയുണ്ടാക്കണം. മാനേജ്‌മെന്റും പത്രാധിപത്യവുമെല്ലാം രാമകൃഷ്ണപിള്ളയുടെ ചുമതലയില്‍ത്തന്നെ ആവണം. ധനസംബന്ധമായോ നിയമസംബന്ധമായോ യാതൊരുവിധ ബാദ്ധ്യതകളും അങ്ങേക്കുണ്ടാവുകയില്ല.’
അവിശ്വസനീയമായിരുന്നു ആ വാക്കുകള്‍. തന്നെപ്പോലെ ഒരു പത്രപ്രവര്‍ത്തകനെ ഇത്രമേല്‍ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ആ പത്രമുതലാളിയെ പത്രാധിപര്‍ ആരാധനയോടെ നോക്കി.
‘എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല.. ഈശ്വരനിയോഗമായിട്ടാണ് ഈ വാക്കുകള്‍ ഞാന്‍ കേള്‍ക്കുന്നത്.’
വക്കത്തുനിന്നുള്ള മടക്കയാത്രയില്‍ കല്യാണിയും പത്രാധിപരോടൊപ്പമുണ്ടായിരുന്നു.. വള്ളത്തില്‍ പിന്നെയുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ ഒരു വയസ്സ് പ്രായമുള്ള അവരുടെ കുഞ്ഞായിരുന്നു.വാല്യക്കാരിയായിരുന്നു നാലാമത്തെ ആള്‍.
ആറ്റിലൂടെ വള്ളം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ നേരിയ ഒരീറന്‍ കാറ്റ് അവരെ തഴുകുന്നുണ്ടായിരുന്നു. യാത്രാമൊഴി എന്ന പോലെ ആറ്റിലെ ഓളങ്ങള്‍ വള്ളത്തില്‍ വന്നടിച്ചുകൊണ്ടിരുന്നു.
പ്രത്യാശാനിര്‍ഭരമായ ഒരു ഭാവിയിലേക്ക് തുറക്കുന്ന വാതില്‍ പോലെ വെള്ളം ഇരു വശത്തേക്കും പിരിഞ്ഞുകൊണ്ടിരുന്നു.






















