ഓഫീസിന്റെ വാതില്‍ വലിയ ശബ്ദത്തോടെ വലിച്ചുതുറക്കപ്പെടുകയായിരുന്നു. പത്രാധിപര്‍ അസ്വസ്ഥതയോടെ മുഖമുയര്‍ത്തിനോക്കി. ചുവന്ന തലപ്പാവും കാക്കി ഉടുപ്പുമിട്ട ഒരാള്‍ അകത്തേക്ക് കയറുന്നു.പിന്നാലെ വേറെയും ആളുകള്‍ അകത്തേക്ക് തിക്കിക്കയറുന്നുണ്ടായിരുന്നു. നേരെ പിന്നിലായി വെള്ള ഉടുപ്പും വെള്ള ഹാറ്റും ധരിച്ച ഒരു വെള്ളക്കാരനെ കണ്ടു. അതിനും പിന്നില്‍ കുറേ പോലീസുകാര്‍.
അവരില്‍ പലരെയും പത്രാധിപര്‍ തിരിച്ചറിഞ്ഞു.
മുന്നില്‍ വരുന്നത് പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.അച്ച്യുതന്‍ പിള്ള. പോലീസ് സൂപ്രണ്ട് എഫ്.എസ്.എസ്.ജോര്‍ജാണ്. വെള്ളക്കാരന്‍.. പിന്നില്‍ വരുന്നവരില്‍ ഒരാള്‍ കോട്ടയ്ക്കകം പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.ഗോവിന്ദപ്പിള്ള, പിന്നെ പുത്തന്‍ചന്ത ഇന്‍സ്‌പെക്ടര്‍ പിച്ചു അയ്യങ്കാര്‍.
ചെറിയ അമ്പരപ്പുണ്ടായെങ്കിലും അത് പുറത്തുകാണിക്കാതെ പത്രാധിപര്‍ എഴുന്നേറ്റു.
സൂപ്രണ്ട് ജോര്‍ജ് അദ്ദേഹത്തിന്റെ അടുത്തേക്കുചെന്ന് പരുഷമായ സ്വരത്തില്‍ ചോദിച്ചു:
‘മിസ്റ്റര്‍ രാമകൃഷ്ണപിള്ള നിങ്ങളാണോ?’
‘ഞാന്‍ തന്നെ.’പത്രാധിപര്‍ സൗമ്യമായി പറഞ്ഞു.
സൂപ്രണ്ട് മേശപ്പുറത്ത് അടുക്കിവച്ചിരുന്ന പത്രങ്ങളിലേക്ക് രൂക്ഷമായി നോക്കി.
മദ്രാസ് സ്റ്റാന്‍ഡേര്‍ഡ്, വെസ്റ്റ് കോസ്റ്റ് റിഫോര്‍മര്‍, മലബാര്‍ ഹെറാള്‍ഡ്, കൊച്ചിന്‍ ആര്‍ഗ്‌സ്, മലബാര്‍ ഡെയ്‌ലി ന്യൂസ്, വെസ്റ്റേണ്‍ സ്റ്റാര്‍, മറാട്ട, ഇന്ത്യന്‍ സോഷ്യല്‍ റിഫോര്‍മര്‍, ഇന്ത്യന്‍ റിവ്യൂ തുടങ്ങിയ പത്രങ്ങളൊക്കെ അവിടെ അടുക്കിവച്ചിരുന്നു. സൂപ്രണ്ട് കൈയെടുത്ത് അതെല്ലാം തട്ടിമറിച്ചിട്ടു.
‘ഇതൊക്കെ എന്താണ്?’ പരുഷമായി സൂപ്രണ്ട് ചോദിച്ചു.
‘എക്‌സ്‌ചേഞ്ചായും മറ്റും കിട്ടിയ പത്രങ്ങളാണ്..’ അസ്വസ്ഥത പുറത്തു കാട്ടാതെ പത്രാധിപര്‍ പറഞ്ഞു.
‘ഇതൊന്നും നിങ്ങളുടെ പത്രങ്ങളല്ല?’
‘അല്ല.’
‘അതൊക്കെയെവിടെ?’
പത്രാധിപര്‍ക്ക് ചിരി വന്നു. കാരണം, പത്രങ്ങള്‍ മുന്‍പില്‍ തന്നെയുണ്ടായിരുന്നു. മേശയുടെ മറ്റൊരു കോണില്‍ അടുക്കിവച്ചിരുന്ന ‘സ്വദേശാഭിമാനി’യുടെ കെട്ടുകള്‍ പത്രാധിപര്‍ ചൂണ്ടിക്കാട്ടി.
സൂപ്രണ്ട് ആ പത്രങ്ങളും തട്ടിമറിച്ചിട്ടു. ഒന്നും കൈയിലെടുക്കാനോ മറിച്ചുനോക്കാനോ അയാള്‍ കൂട്ടാക്കിയില്ല.
‘മിസ്റ്റര്‍ ഗോവിന്ദപ്പിള്ളേ, ഈ പത്രങ്ങളില്‍ ഗവണ്‍മെന്റിനെപ്പറ്റി ആക്ഷേപിച്ചെഴുതിയത് തിരഞ്ഞെടുക്കുക.’
പത്രാധിപര്‍ തന്നെ ഒരു പത്രമെടുത്ത് സൂപ്രണ്ടിനെ കാട്ടി.
‘ഏതാണ് നിങ്ങള്‍ക്ക് കാണേണ്ടത്? ഇതാ, ഇത് നോക്ക്.ദിവാന്‍ജിയുടെ പ്രജാസഭാനിയമങ്ങളെ ഇതില്‍ വിമര്‍ശിച്ചിട്ടുണ്ട്.’
സൂപ്രണ്ട് ഗോവിന്ദപ്പിള്ളയുടെ നേര്‍ക്ക് തിരിഞ്ഞു.
‘എന്താണത്?’
ഗോവിന്ദപ്പിള്ള പത്രാധിപരുടെ കൈയില്‍ നിന്ന് പത്രം വാങ്ങി അത് മറിച്ചുനോക്കി.
‘പ്രജാസഭയുടെ ചട്ടങ്ങളെ ദിവാന്‍ജി പുതുക്കി..അതിനെ ആക്ഷേപിച്ചിരിക്കുകയാണ്.’
അത് കേള്‍ക്കെ സൂപ്രണ്ടിന്റെ മുഖത്തുണ്ടായ രൗദ്രഭാവം കണ്ട് പത്രാധിപര്‍ക്ക് കൗതുകം തോന്നി. അദ്ദേഹം മറ്റൊരു പത്രമെടുത്ത് സൂപ്രണ്ടിന് നേരേ നീട്ടി.
‘ഇതാ, ഇതാണ് ലേറ്റസ്റ്റായി ദിവാന്‍ മിസ്റ്റര്‍ രാജഗോപാലാചാരിയെപ്പറ്റി എഴുതിയിട്ടുള്ളത്. ഗര്‍ഹ്യമായ നടത്ത എന്ന ലേഖനമാണിത്.’
ലേഖനം നേരത്തെ വായിച്ചിട്ടുണ്ടായിരുന്ന ഗോവിന്ദപ്പിള്ള സൂപ്രണ്ടിന് വിശദീകരിച്ചുകൊടുത്തു.
‘ദിവാന്‍ജിയെ കുതിരക്കവുച്ചെടുത്തടിക്കും എന്നൊക്കെയാണ് അതിലെഴുതിയിട്ടുള്ളത്.’
‘വാട്ട്?’
സൂപ്രണ്ടിന്റെ ഗര്‍ജ്ജനം ഉയര്‍ന്നുമുഴങ്ങി.
‘ഗവര്‍മെന്റുദ്യോഗസ്ഥന്മാരെ ആക്ഷേപിക്കുന്ന ലേഖനങ്ങള്‍ എല്ലാ ലക്കങ്ങളിലും കാണാറുണ്ട്.
ഗോവിന്ദപ്പിള്ള എരിതീയില്‍ എണ്ണ പകര്‍ന്നു.
സൂപ്രണ്ട് പത്രാധിപരുടെ നേര്‍ക്ക് തിരിഞ്ഞു.അയാളുടെ കണ്ണുകളില്‍ ക്രോധം തുളുമ്പുന്നുണ്ടായിരുന്നു.
‘ഈ പത്രമല്ലാതെ വല്ലതും നിങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടോ?’
‘ഉണ്ട്.’ പത്രാധിപര്‍ അക്ഷോഭ്യനായി മറുപടി പറഞ്ഞു.’കേരളന്‍ എന്നൊരു മാസികയുണ്ട്. സ്ത്രീകള്‍ക്കായി ശാരദ എന്നൊരു മാസിക. പിന്നെ യുവജനങ്ങള്‍ക്കുവേണ്ടി വിദ്യാര്‍ത്ഥി.’
ഇത്രയും പ്രസിദ്ധീകരണങ്ങള്‍ നടത്തുന്ന ആള്‍ എന്ന മതിപ്പൊന്നും സൂപ്രണ്ടിന്റെ മുഖത്തു കണ്ടില്ല. എന്നല്ല, അതെന്തോ നിസ്സാരപ്പെട്ട കാര്യം എന്ന മട്ടില്‍ സൂപ്രണ്ട് ചോദിച്ചു:.
‘നിങ്ങള്‍ക്ക് ഈ പത്രനടത്തിപ്പ് മാത്രമാണോ പണി?’
‘ഞാന്‍ ലോയ്ക്ക് പഠിക്കുന്നുണ്ട്.’ വിശേഷിച്ചൊരു വികാരവുമില്ലാതെ പത്രാധിപര്‍ മറുപടി പറഞ്ഞു.
‘നിങ്ങള്‍ പഠിച്ചുജയിച്ചു ലോയ്ക്കു പോകാതെ ഇങ്ങനെ പത്രം നടത്തിക്കൊണ്ടിരിക്കുന്നതെന്തിന്?’
ഗുണദോഷിക്കുന്ന മട്ടില്‍ സൂപ്രണ്ട് ചോദിച്ചു.
ആ ചോദ്യത്തിന് പത്രാധിപര്‍ മറുപടി പറഞ്ഞില്ല.
ലോയ്ക്ക് പഠിക്കുന്നതുപോലും പത്രപ്രവര്‍ത്തനത്തിന് ബലം പകരനാണെന്നു പറഞ്ഞാല്‍ ഇയാള്‍ക്ക് മനസ്സിലാവുമോ?പുച്ഛം കുറച്ചും കൂടെ കൂടുമെന്നല്ലാതെ?
ഗോവിന്ദപ്പിള്ള’സ്വദേശാഭിമാനി’യുടെ ലക്കങ്ങള്‍ ഓരോന്നായി മറിച്ചുനോക്കി ആക്ഷേപകരമായ ലേഖനങ്ങള്‍ വന്നതിന്റെ വിവരങ്ങള്‍ കുറിച്ചെടുത്തുകൊണ്ടിരുന്നു.
സൂപ്രണ്ടാവട്ടെ, കമ്പോസിറ്റര്‍മാര്‍ അച്ചു നിരത്തിക്കൊണ്ടിരിക്കുന്നതിന്റെ അടുത്തേക്കുചെന്ന് കൈയെഴുത്തുപ്രതികള്‍ പിടിച്ചെടുത്തു. ഒന്നും പിടി കിട്ടാതെ കമ്പോസിറ്റര്‍മാര്‍ അമ്പരന്ന് പത്രാധിപരെയും പോലീസുകാരെയും മാറിമാറി നോക്കി. കടലാസുകള്‍ മുന്നില്‍ നിന്ന് പിടിച്ചെടുക്കപ്പെട്ടപ്പോള്‍ ഇതികര്‍ത്തവ്യതാമൂഢരായി അവര്‍ നിന്നു. സൂപ്രണ്ട് കെയ്‌സുകളുടെയും യന്ത്രങ്ങളുടെയും പേരുകള്‍ കുറിച്ചെടുക്കുന്നത് അവരെ അദ്ഭുതപ്പെടുത്തി. ഇതുകൊണ്ട് ഈ പോലീസുകാര്‍ എന്തുചെയ്യാന്‍ എന്നായിരുന്നു അവരുടെ ചിന്ത.
‘സ്വദേശാഭിമാനി’യുടെ ഓഫീസില്‍ പോലീസ് കടന്നിരിക്കുന്നു എന്നറിഞ്ഞു ഒന്നും രണ്ടുമായി ആള്‍ക്കാര്‍ വന്നുതുടങ്ങി. മെല്ലെ അതൊരു ആള്‍ക്കൂട്ടമായി. മുറുമുറുക്കലുകളുയര്‍ന്നു. പിന്നെ അടക്കിയ സ്വരത്തില്‍ അവര്‍ സംസാരിച്ചു. ക്രമേണ ശബ്ദം ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങി. ജോലിയില്‍ മുഴുകിനിന്ന സൂപ്രണ്ട് തലയുയര്‍ത്തിയപ്പോള്‍ അസ്വസ്ഥനായി. പരുഷമായ സ്വരത്തില്‍ അയാള്‍ പത്രാധിപരോട് ചോദിച്ചു:
‘ഇവരൊക്കെയാര്?’
‘എന്റെ വെല്‍ വിഷേഴ്‌സ്.’പത്രാധിപര്‍ ശാന്തമായി മറുപടി പറഞ്ഞു.
സൂപ്രണ്ട് ആള്‍ക്കൂട്ടത്തെ രൂക്ഷമായി നോക്കി.
‘ഇവര്‍ എന്തിനു കൂട്ടം കൂടുന്നു? പോകാന്‍ പറയൂ.’
‘അവരെന്റെ ഓഫീസില്‍ വന്നവരാണ്.’ പത്രാധിപര്‍ ഗൗരവസ്വരത്തില്‍ പറഞ്ഞു.’അവരോടെന്തിന് പോകാന്‍ പറയണം?’സൂപ്രണ്ടിന്റെ അടുത്തേക്ക് നടന്നുകൊണ്ട് അദ്ദേഹം തുടര്‍ന്നു: ‘ആട്ടെ, പരിശോധനയ്ക്കുള്ള വാറന്റുണ്ടെങ്കില്‍ അത് കാണിക്കണം.’
ധിക്കാരം കേട്ടതുപോലെ സൂപ്രണ്ടിന്റെ മുഖത്തെ ഭാവം പകര്‍ന്നു. അയാള്‍ പത്രാധിപരെ തറഞ്ഞു നോക്കി. എന്നിട്ട് ഉറപ്പിച്ചുപറഞ്ഞു:
‘വാറന്റുണ്ട്. പക്ഷെ കാണിക്കില്ല.’
‘മജിസ്‌ട്രേറ്റിന്റെ വാറന്റ് കാണിക്കാതെ ഇഷ്ടം പോലെ സേര്‍ച്ച് ചെയ്യാമെന്നാണോ? എങ്കില്‍ ലിസ്റ്റ് ഞാന്‍ ഒപ്പിടുകയില്ല.’ ഒട്ടും മയമില്ലാതെ തന്നെ പത്രാധിപര്‍ മറുപടി പറഞ്ഞു.
‘നിങ്ങള്‍ ഒപ്പിടണം.’
‘എങ്കില്‍ വാറന്റ് കാണിക്കണം.’
‘വാറന്റ് കാണിക്കയില്ല. അത് എന്റെ കൈയിലുണ്ട്.’
ധിക്കാരസ്വരത്തിലായിരുന്നു സൂപ്രണ്ടിന്റെ മറുപടി.
‘വാറന്റ് കാണാന്‍ എനിക്കവകാശമുണ്ട്. കാണിക്കാഞ്ഞാല്‍ പരിശോധന നിയമവിരുദ്ധമാണ്.’ ഉറച്ച ശബ്ദത്തില്‍ പത്രാധിപര്‍ പറഞ്ഞു.
‘എങ്കില്‍ നിങ്ങള്‍ പോയി നിയമനടപടിയെടുക്ക്.’ വിട്ടുവീഴ്ചയില്ലാതെ സൂപ്രണ്ട് പറഞ്ഞു.’വാറന്റ് എന്റെ പക്കലുണ്ട്. എന്നാല്‍ ഞാനതു കാണിക്കുകയില്ല. അത് രാജാവില്‍ നിന്നുള്ള വാറന്റാണ്.’
‘വാറന്റുണ്ടെങ്കില്‍ കാണിക്കരുതോ?’
‘ഇല്ല. കാണിക്കില്ല.’
അവിടെ വന്നുകൂടിയവരില്‍ ഈ സംഭാഷണം ശ്രദ്ധിച്ചവരൊക്കെ മുറുമുറുക്കാന്‍ തുടങ്ങി.ഒരാള്‍ ഉറക്കെ പറഞ്ഞു:
‘വാറണ്ടില്ലെങ്കില്‍ സേര്‍ച്ച് ചെയ്യാന്‍ സമ്മതിക്കരുത്.’
സൂപ്രണ്ട് ക്രുദ്ധനായി അത് പറഞ്ഞയാളിന്റെ നേരെ തിരിഞ്ഞു.
‘ദൂരെപ്പോ. ഇവിടെ നിക്കരുത്.’
പറഞ്ഞയാള്‍ ഒരു ഭീരുവായിരുന്നില്ല. സൂപ്രണ്ടിന്റെ ആക്രോശത്തില്‍ ഒട്ടും ഭയപ്പെടാതെ അയാള്‍ തിരിച്ചടിച്ചു:
‘ഇത് മി.രാമകൃഷ്ണപിള്ളയുടെ ഓഫീസല്ലേ? അദ്ദേഹത്തെ അന്വേഷിച്ചുവന്ന എന്നോട് ദൂരെപ്പോകാന്‍ പറയാന്‍ നിങ്ങള്‍ക്കെന്തവകാശം?’
ഈ വാക്കുകള്‍ക്ക് പ്രതിധ്വനികളുണ്ടായി. വന്നുകൂടിയവര്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. സൂപ്രണ്ടിന്റെ കണ്ണുകളില്‍ കനലുകള്‍ ചിതറി. എന്തോ പറയാന്‍ വന്ന അയാള്‍ വാക്കുകള്‍ വിഴുങ്ങി.
‘എന്നെ ബന്തവസ്സില്‍ വയ്ക്കാന്‍ വാറന്റുണ്ടെങ്കില്‍ പറയൂ.ഇല്ലെങ്കില്‍ ഞാനിതാ പോകുന്നു.’
പത്രാധിപരെ തടയുന്ന മട്ടില്‍ സൂപ്രണ്ട് അദ്ദേഹത്തിന്റെ മുന്നില്‍ കയറിനിന്നു.
‘വാറന്റുണ്ടെന്നു കരുതുക.’
‘എങ്കില്‍ അത് കാണിക്കുക.’
‘കാണിക്കാന്‍ പറ്റില്ല.’
‘എന്ത് ചാര്‍ജിനാണ് എന്നെ ബന്തവസ്സില്‍ വയ്ക്കുന്നതെന്ന് എനിക്കറിയണം. വാറന്റ് കാണട്ടെ.’
‘അത് നിങ്ങള്‍ക്കു നാളെ കാണാം.’
സൂപ്രണ്ട് തിരിഞ്ഞു പോലീസുകാരോട് ആക്രോശിച്ചു.
‘എന്താ നോക്കി നിക്കണത്? എല്ലാമെടുത്ത് പുറത്തിട്.’
ആജ്ഞ കിട്ടിയ മാത്രയില്‍ പോലീസുകാര്‍ ഉഷാറായി. അടിച്ചുതകര്‍ക്കാനുള്ള അവരുടെ സഹജമായ ഉത്സാഹം സടകുടഞ്ഞെഴുന്നേറ്റപോലെ.
മേശകള്‍, കസേരകള്‍, ടൈപ്പ് കെയ്‌സുകള്‍, സ്റ്റാന്‍ഡുകള്‍ എല്ലാം പുറത്തേക്കു പറന്നു. തടയാനെന്നപോലെ മുന്നോട്ടുകയറിവന്ന ആളുകളെ പോലീസുകാര്‍ ഉന്തി പുറകിലേക്ക് തള്ളി.മുറ്റത്ത് അവിടവിടെ നിര്‍ത്തിയിട്ടിരുന്ന കാളവണ്ടികള്‍ മുന്നിലോട്ടു കൊണ്ട് നിര്‍ത്തി. സാധനസാമഗ്രികളെല്ലാം ആ വണ്ടികളിലേക്കു കയറ്റി. വണ്ടികള്‍ പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ അവയെ തടയാനെന്നപോലെ ആള്‍ക്കാര്‍ മുന്നില്‍ കയറി നിന്നു..പോലീസുകാര്‍ ബലപ്രയോഗത്തിലൂടെ അവരെ തള്ളിമാറ്റി വണ്ടികള്‍ക്ക് വഴി കൊടുത്തു. വണ്ടികള്‍ പുറപ്പെട്ടപ്പോള്‍ ആളുകള്‍ കൂക്കിവിളിച്ചു.
ഗോവിന്ദപ്പിള്ള പത്രാധിപരുടെ അടുത്തേക്കുവന്നു.
‘വരണം. നമുക്ക് സ്റ്റേഷനിലേക്ക് പോകാം.’
പത്രാധിപര്‍ ഒരുനിമിഷം ശങ്കിച്ചുനിന്നു. തനിക്ക് എതിര്‍ത്തുനില്ക്കാനാവില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി.
ഗോവിന്ദപ്പിള്ളയോടൊപ്പം നടന്ന് അദ്ദേഹം ഒരു വണ്ടിയില്‍ കയറി. അഭ്യുദയകാംക്ഷികള്‍ ആശങ്കയോടെ അദ്ദേഹത്തെ നോക്കിനിന്നു. അദ്ദേഹം വിളറിയ ഒരു ചിരിയോടെ അവരെ കൈയുയര്‍ത്തിക്കാണിച്ചു.
വണ്ടി നീങ്ങി.
(തുടരും)






















