സത്യാന്വേഷിയായ ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതസംഘര്‍ഷങ്ങളുടെ കഥ…. രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെട്ട ഒരു രാജ്യസ്‌നേഹിയുടെ ജീവിതത്തിന്റെ ഏടുകളില്‍ നിന്ന്. ‘പോർമുഖം’ നോവല്‍ ഈ ലക്കം മുതല്‍.
അരണ്ട നിലാവുള്ള രാത്രി. പ്രസന്നമായ നിലാവല്ല. ഏതോ നിഗൂഢതയെ ഉള്ളില്‍ വഹിച്ച മാതിരി വിളറിപ്പരക്കുന്ന നിലാവ്. ഈ നിഗൂഢരാത്രിയുടെ വിളംബരം പോലെ പട്ടികളുടെ ഓരിയിടലും ചെന്നായ്ക്കളുടെ മുരള്‍ച്ചയും ചീവീടുകളുടെ ആലാപനവും ചേര്‍ന്ന ഒരു വിചിത്ര സംഗീതധാര മുഴങ്ങിയുയരുന്നു. ശക്തമായി വീശുന്ന തണുത്ത കാറ്റില്‍ കരിമ്പനകള്‍ മുടിയഴിച്ചാടുന്നു.
കുണ്ടും കുഴിയും നിറഞ്ഞചെമ്മണ്‍പാത അവ്യക്തമായി നീണ്ടു കിടക്കുന്നു. ഇരുവശവും മുള്‍മരങ്ങള്‍.
അകലെ നിന്ന് തെന്നിയും തെറിച്ചും ഒരു റാന്തല്‍വെളിച്ചം നീങ്ങിവരുന്നു. മെല്ലെമെല്ലെ വണ്ടിച്ചക്രങ്ങളുടെ ഞരക്കങ്ങള്‍ കേട്ടുതുടങ്ങുന്നു. പിന്നെ കുടമണികളുടെ ഒച്ചയും.
കുണ്ടിലും കുഴിയിലും കയറിയിറങ്ങി വലിയ വണ്ടിച്ചക്രങ്ങള്‍ കറങ്ങിക്കൊണ്ടിരുന്നു. തിരുനെല്‍വേലിയിലേക്കുള്ള ചെമ്മണ്‍പാതയിലൂടെയാണ് ആ വില്ലുവണ്ടി നീങ്ങിക്കൊണ്ടിരുന്നത്.
വണ്ടിക്കാരനെക്കൂടാതെ മൂന്നുപേര്‍ അതിനകത്തുണ്ടായിരുന്നു. ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍, ഒരു സ്റ്റേഷന്‍ ഓഫീസര്‍, പിന്നെ നിശ്ചയദാര്‍ഢ്യം തുളുമ്പുന്ന കണ്ണുകളുമായി ശിരസ്സുയര്‍ത്തിപ്പിടിച്ച് ഒരു ചെറുപ്പക്കാരന്‍. ഒരു കുറ്റവാളിയെ നോക്കുന്നതുപോലെയല്ല പോലീസുകാര്‍ അയാളെ നോക്കുന്നത്. ആ നോട്ടത്തില്‍ ബഹുമാനം ഒളിഞ്ഞുകിടന്നിരുന്നു.
പെട്ടെന്ന് വണ്ടി ഒരു കുഴിയില്‍ ചാടി. യാത്രക്കാരെല്ലാം മേലോട്ട് പൊങ്ങി, താഴേക്ക് തിരികെ പതിച്ചു.
ഇന്‍സ്‌പെക്ടര്‍ക്ക് ദേഷ്യം വന്നു.
വണ്ടിക്കാരന്റെ നേര്‍ക്കുനോക്കി അയാള്‍ ആക്രോശിച്ചു:
എന്തെരെഡേ ഇത്? ഇക്കണക്കിന് ആരുവാമൊഴിയിലെത്തുമ്പ നട്ടെല്ല് ഒടിയുമല്ല… “
വണ്ടിക്കാരന്‍ ഭവ്യതയോടെ പിന്നിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടു പറഞ്ഞു:
അടിയന്‍ എന്തര് ചെയ്യട്ട് അങ്ങത്തേ? വഴി മൊത്തം കുണ്ടും കുഴീം തന്നെ.”
സ്റ്റേഷന്‍ ഓഫീസര്‍ അത് സമ്മതിക്കുന്ന മട്ടില്‍ തലകുലുക്കി.
അത് ശരി തന്നെ. അല്ല, നമ്മള് ആരുവാമൊഴിയിലെത്തിയാ രക്ഷപ്പെടുമല്ല്. ഇങ്ങേരെ കാര്യമോ? അങ്ങ് തിരുനെല്‍വേലി വരെ പോണ്ടേ?”പിന്നെ ഇങ്ങേര് ബാക്കി കാണുമോ?”
ഇന്‍സ്‌പെക്ടര്‍ ആരോടെന്നില്ലാതെ മുറുമുറുത്തു. പിന്നെയയാള്‍ ചെറുപ്പക്കാരനു നേരേ തിരിഞ്ഞു.”അല്ല, ഞാനൊരു സംഗതി ശോദിക്കട്ട്. ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു പൊന്നുതമ്പുരാന് ഒരു മാപ്പെഴുതിക്കൊടുത്താ പോരായിരുന്നോ?. അല്ലെങ്കി ഇദ്ദേഹത്തിന്റെ പത്രത്തിത്തന്നെ ഒരു പരസ്യം കൊടുത്താ പോരായിരുന്നോ? ഈ പൊല്ലാപ്പ് വല്ലോം ഉണ്ടാകുമായിരുന്നോ?”
ഇന്‍സ്പെക്ടറുടെ ചോദ്യം കേട്ട് ചെറുപ്പക്കാരന് ചിരിവന്നു.തന്നെപ്പറ്റി ഈ പോലീസുകാര്‍ പോലും പരിഗണനയോടെ പറയുന്നത് കേട്ട് മുഖത്ത് ചാരിതാര്‍ഥ്യം പരന്നു.
സ്വദേശാഭിമാനിയില്‍ അങ്ങനെയൊരു പരസ്യം ഒരിക്കലും വരികയില്ല. പിന്നെ തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുള്ളതുകൊണ്ട് രാമകൃഷ്ണപിള്ള മാപ്പു പറയുന്ന പ്രശ്‌നവുമില്ല.”
ആ ശബ്ദത്തിലെ ദൃഢത ശ്രദ്ധിച്ച ഇന്‍സ്‌പെക്ടറും സ്റ്റേഷന്‍ ഓഫീസറും പരസ്പരം നോക്കി.സ്വദേശാഭിമാനി’അവരും വായിച്ചിട്ടുണ്ട്. ദിവാനെ കണക്കറ്റ് ആക്ഷേപിക്കുന്നതുകണ്ട് ആ ധൈര്യത്തെപ്പറ്റി മതിപ്പും തോന്നിയിട്ടുണ്ട്. എങ്കിലും പൊന്നുതമ്പുരാന് നീരസം തോന്നുന്ന കാര്യങ്ങള്‍ ഒരു പ്രജ ചെയ്യാമോ? തമ്പുരാന് വേണമെങ്കില്‍ ഇങ്ങേരെ ജയിലിലടയ്ക്കാമായിരുന്നു.വധശിക്ഷ കൊടുത്താല്‍പോലും ആരെതിര്‍ക്കാനാണ്? തിരുവായ്‌ക്കെതിര്‍വായുണ്ടോ? ഇതിപ്പോള്‍ നാട് കടത്തുന്നു എന്നല്ലേയുള്ളൂ? അങ്ങനെയാണ് അവരുടെ മനസ്സിലെ ചിന്തകള്‍ സഞ്ചരിച്ചത്.
ഏമാന്മാര് അതുകണ്ടാ? ഒരുത്തന്‍ വന്നുനിന്ന് ചെറയണത്?വണ്ടിക്കാരന്റെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ട് അവര്‍ മുന്നോട്ടു നോക്കി.
പ്രാകൃതവേഷക്കാരനായ ഒരുവന്‍ പാത മുറിച്ചുകടക്കുകയാണ്.. ഒരിട അവന്‍ നില്ക്കുന്നു. വണ്ടിയിലേക്ക് സൂക്ഷിച്ചുനോക്കുന്നു. പിന്നെ നടന്നു പോകുന്നു.
ആരെഡേ യെവന്‍?”
ഇന്‍സ്പെക്ടര്‍ ചോദിച്ചു.
മറവനാണ് ഏമാനെ.”
വണ്ടിക്കാരന്റെ സ്വരത്തില്‍ ഭയത്തിന്റ നിഴല്‍പ്പാടുണ്ടായിരുന്നു.
നാഗര്‍കോവില്‍ തിരുനെല്‍വേലി പാതയിലെ യാത്രക്കാരുടെ പേടിസ്വപ്‌നമായിരുന്നു മറവന്മാര്‍.. കൈയിലുള്ള എന്തും അവര്‍ പിടിച്ചുപറിക്കും.. ആഭരണങ്ങളുണ്ടെങ്കില്‍ പറയുകയും വേണ്ട. കൊല്ലാനും മടിക്കാത്ത കൂട്ടര്‍.
ഒറ്റ വണ്ടിയല്ലേ ഒള്ളൂ? അകത്താരൊക്കെയുണ്ടെന്ന് നോക്കീട്ടു പോയതാണ്. ഇപ്പം കൂട്ടക്കാര്‍ക്ക് അറിയിപ്പ് പോകും. അവമ്മാര് നമ്മളെ വളയും.”
വണ്ടിക്കാരന്റെ പരിഭ്രമം കണ്ടിട്ട് സ്റ്റേഷന്‍ ഓഫീസര്‍ക്ക് തമാശയാണ് തോന്നിയത്.
അതെങ്ങനെയെഡേ? നമ്മള് വണ്ടീലല്ലേ പോണത്? എവനെങ്ങനെ കൂട്ടക്കാരുടെയടുത്ത് പറന്നുപോകുമോ?”
പറക്കുമ്പോലെ തന്നെ. ഏമാമ്മാരെ വണ്ടിക്കാരന്‍ ഗൗരവത്തോടെ പറഞ്ഞു:”കാട്ടിനകത്ത് ഊടുവഴികളൂണ്ട്. അതീക്കൂടെ എവമ്മാര് പറക്കും.’
സ്റ്റേഷന്‍ ഓഫീസറുടെ കളിമട്ട് മാഞ്ഞു.. അയാള്‍ ഇന്‍സ്‌പെക്ടറെ നോക്കി.
എവന്‍ പറേണത് നേരു തന്നേ ?”
തന്നെ തന്നെ. വലിയ ഭാവവ്യത്യാസമൊന്നുമില്ലാതെ ഇന്‍സ്പെക്ടര്‍ പറഞ്ഞു.”പക്ഷേങ്കില് അതിനൊക്കെ പോംവഴിയും നമ്മള് കണ്ടിട്ടുണ്ട്. ഒഴുകിനാശ്ശേരി തപാല്‍ വണ്ടിപ്പേട്ടയില്‍ എത്തിയാല്‍ തപാല്‍ വണ്ടീലോട്ട് നമ്മള്‍ മാറിക്കയറും. തപാല്‍ വണ്ടികളുടെ കൂടെയായിരിക്കും നമ്മള് പോകുന്നത്. ഒഴുകിനാശ്ശേരിയില്‍ നിന്ന് മൂന്ന് തപാല്‍ വണ്ടികളാണ് അന്ന് യാത്ര തിരിച്ചത്. നടുവിലെ വണ്ടിയിലാണ് പത്രാധിപരെ കയറ്റിയത്. ഇന്‍സ്‌പെക്ടറും സ്റ്റേഷന്‍ ഓഫീസറും കൂടെക്കയറി.
വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു:
ആരുവാമൊഴിക്കോട്ട വരേ ഞങ്ങളുള്ളൂ.”
സഹതാപത്തോടെ അയാള്‍ പത്രാധിപരെ നോക്കി. പിന്നെയയാള്‍ തുടര്‍ന്നു:”അതിര്‍ത്തി വരെയുള്ള വണ്ടിക്കൂലി സര്‍ക്കാര്‍ ചെലവാണ്. അവിടം വിട്ടാ തിരുനെല്‍വേലി വരെയുള്ളത് സ്വന്തം കൈയീന്ന് കൊടുക്കണം.”
അതെല്ലാം പത്രാധിപര്‍ക്കറിയാമായിരുന്നു. തന്റെ യാത്ര തിരുനെല്‍വേലിയില്‍ അവസാനിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹത്തിനറിയാമായിരുന്നു.‘ഭാവിയെക്കുറിച്ച് ഗാഢമായി ചിന്തിക്കേണ്ടിയിരിക്കുന്നു.‘ഭാര്യയെയും കുട്ടികളെയും വരുത്തണം.അവരും നാടുകടത്തല്‍ അനു‘വിക്കാന്‍ വിധിക്കപ്പെട്ടവരാണ്.
എന്നാല്‍, ‘ഭാവിയെക്കുറിച്ചു ചിന്തിക്കാന്‍ പത്രാധിപര്‍ക്കു കഴിഞ്ഞില്ല. ആ മനസ്സ് പാഞ്ഞുകൊണ്ടിരുന്നത് പിന്നിലേക്കാണ്.
ഭരിക്കുന്നവര്‍ വിമര്‍ശനങ്ങളെ ഭയന്നാല്‍ സംഭവിക്കാവുന്നതിന്റെ ഇരയാണ് താന്‍.
പകല്‍ നടന്നതെല്ലാം ഒരു ദുഃസ്വപ്‌നം പോലെ അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഇരമ്പിക്കയറി.
(തുടരും)






















