രാമകൃഷ്ണപിള്ളയുടെ അഭ്യുദയകാംക്ഷിയും മാര്‍ഗ്ഗദര്‍ശ്ശിയുമായിരുന്നു നാരായണക്കുരുക്കള്‍. തിരുവിതാംകൂറിന്റെ ഭരണവൈകല്യങ്ങളെക്കുറിച്ച് ഒരേ കാഴ്ചപ്പാടാണവര്‍ക്കുണ്ടായിരുന്നത്. കുരുക്കള്‍ പലപ്പോഴും പത്രാധിപര്‍ക്ക് പ്രചോദനമായിരുന്നു. പലപ്പോഴും പിന്‍ബലമായിരുന്നു.
കുരുക്കള്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥനായിരുന്നതുകൊണ്ട് സ്വന്തം പേര് വച്ചെഴുതുന്നതില്‍ തടസ്സമുണ്ടായിരുന്നു. അതിനാല്‍, കുരുക്കളുടെ ആശയങ്ങള്‍ പലതിനും ലേഖനരൂപം നല്കിയത് രാമകൃഷ്ണപിള്ള തന്നെയായിരുന്നു. എന്നാല്‍, കുരുക്കള്‍ എഴുതുന്ന നോവല്‍ രാമകൃഷ്ണപിള്ളയുടെ പേരില്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശം അദ്ദേഹം നിഷേധിച്ചു. സ്വന്തം പേര് ഉപയോഗിക്കരുതെന്ന് കുരുക്കളും നിര്‍ബന്ധിച്ചു. അങ്ങനെ നോവലിസ്റ്റിന്റെ പേരില്ലാതെയാണ് കുരുക്കളെഴുതിയ നോവല്‍ പുറത്തുവന്നത്.
‘പാറപ്പുറം’- അതായിരുന്നു നോവലിന്റെ പേര്. ശീര്‍ഷകം തൊട്ട് തുടങ്ങുന്നു അതിന്റെ വ്യംഗ്യാര്‍ത്ഥപരമ്പര. പാറയുടെ പുറമല്ല ഈ പാറപ്പുറം.പാര്‍ അപ്പുറമാണ്. അപ്പുറം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരുവിതാംകൂറിന്റെ സമകാലദുരന്തചിത്രങ്ങള്‍ കാണാം. അഴിമതിയും അധികാരപ്രമത്തതയും സ്വജനപക്ഷപാതവും സദാചാരരാഹിത്യവും അന്യാപദേശരൂപത്തില്‍ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെയൊരു നോവല്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്ന കാര്യം പുറത്തുവരുമ്പോഴാവട്ടെ, പോസ്റ്ററുകളിലൂടെ പരസ്യവും നല്കപ്പെട്ടിരുന്നു.
രാമകൃഷ്ണപിള്ളയായിരുന്നു ‘പാറപ്പുറ’ത്തിന്റെ പ്രസാധകന്‍.
കല്യാണി അമ്മ അപ്പോള്‍ ഗര്‍ഭിണിയായിരുന്നു. താന്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ ഈ ഗര്‍ഭകാലത്ത് ഭാര്യയെ ബാധിക്കരുതെന്ന കരുതലുണ്ടായിരുന്നു പത്രാധിപര്‍ക്ക്. അതിനാല്‍, അധികസമയവും കല്യാണി വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടി.
എന്നാല്‍, ആ ഗൃഹത്തിന്റെ ചുറ്റുവട്ടത്ത് സംഘര്‍ഷങ്ങളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല.
പുറത്ത് ആരുടെയോ ഒച്ച കേട്ട് കല്യാണി വാതില്‍ തുറന്നു നോക്കി.
രണ്ടാളുകള്‍ വീട്ടിലേക്ക് കയറി വരുന്നു. മുഖപരിചയമുള്ളവരാണ്. കല്യാണി പുറത്തേക്ക് ചെന്നു.
‘പത്രാധിപരില്ലേ?’ കല്യാണിയെ കണ്ടപാടെ അതിലൊരാള്‍ ചോദിച്ചു.
‘ഇല്ല.’ കല്യാണി പറഞ്ഞു,’വക്കത്താണ്.’
ആഗതര്‍ പരസ്പരം നോക്കി.
മുതിര്‍ന്നയാള്‍ മറ്റേയാളോട് പറഞ്ഞു:
‘എന്നാപ്പിന്നെ കല്യാണി അമ്മയോട് പറഞ്ഞാലും മതി.’ കല്യാണിയെ നോക്കി അയാള്‍ തുടര്‍ന്നു: ‘പക്ഷേ രാമകൃഷ്ണപിള്ളയെ പറഞ്ഞു ബോദ്ധ്യ പ്പെടുത്തണം.’
‘കാര്യം പറയൂ..’ കല്യാണിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
‘പാറപ്പുറം’ നോവലിന്റെ നോട്ടീസൊക്കെ എല്ലാടത്തുമൊണ്ട്..രാമകൃഷ്ണപിള്ള എഴുതിയതല്ലേ അത്?’
‘അല്ല.’
‘പക്ഷേ സ്വദേശാഭിമാനി പ്രെസ്സാണല്ലോ പ്രസിദ്ധീകരിക്കണത്?’
‘അതെ. അദ്ദേഹമാണതിന്റെ പ്രസാധകന്‍.’
‘എങ്കിപ്പിന്നെ അദ്ദേഹം തന്നെ എഴുതിയതായിരിക്കും’
കല്യാണിക്ക് ആ സംസാരം തീരെ ഇഷ്ടപ്പെട്ടില്ല. എങ്കിലും ഒറ്റ വാക്കില്‍ത്തന്നെ മറുപടി പറഞ്ഞു:
‘അല്ല.’
‘പിന്നെ എഴുതിയയാളിന്റെ പേര് വയ്ക്കാത്തതെന്താ?’
‘എന്തെങ്കിലും കാരണം കാണും.’ കല്യാണിയുടെ മറുപടിയില്‍ നീരസം പ്രകടമായിരുന്നു.
‘ഒന്നുമില്ല. അടി കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട് ആ ബുദ്ധിമാന്‍ പേര് വച്ചില്ല. നിങ്ങടെ ഭര്‍ത്താവ് പിന്നെ വഴിയേ പോണ അടി ഏറ്റുപിടിക്കാന്‍ മിടുക്കനായതുകൊണ്ട് അത് പ്രസിദ്ധീകരിക്കുന്നു’
മുതിര്‍ന്നയാള്‍ കല്യാണിയുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു്യു
‘ഞങ്ങള്‍ ബന്ധുക്കളായതുകൊണ്ട് ഗുണദോഷിക്കാമെന്നു കരുതിയതാണ്. രാമകൃഷ്ണനോട് പറയണം, കരുതിയിരിക്കാന്‍. ‘പാറപ്പുറം’ പ്രസിദ്ധം ചെയ്താ ശിക്ഷ ഉറപ്പാണ്. നാടുകടത്തലോ കാരാഗൃഹവാസമോ.. ഇതൊന്നുമൊണ്ടായില്ലെങ്കി അവര് കാലോ കൈയോ അടിച്ചൊടിക്കും’
അത്രയും പറഞ്ഞു അഭ്യുദയകാംക്ഷികള്‍ തിരിച്ചുപോയി.
കല്യാണി അമ്മയുടെ അസ്വസ്ഥത വര്‍ദ്ധിച്ചു. ഒന്നും ചെയ്യാന്‍ അവള്‍ക്കു തോന്നിയില്ല.ഭര്‍ത്താവിന്റെ വരവും കാത്ത് അവള്‍ നിശ്ചലയായിരുന്നു. നീതിയുടെയും ന്യായത്തിന്റെയും വഴിയിലൂടെയാണ് ഭര്‍ത്താവിന്റെ സഞ്ചാരമെന്ന് അവള്‍ക്കറിയാം. ആ വഴിയില്‍ത്തന്നെ താനും എക്കാലവും ഉണ്ടാവുമെന്ന് അവള്‍ക്കുറപ്പുമുണ്ടായിരുന്നു.എന്നാല്‍, ഗര്‍ഭാലസ്യങ്ങളുടെ ഈ അവസ്ഥയില്‍ മനസ്സിന് ഒരു ചാഞ്ചല്യം പോലെ.
എങ്കിലും തന്റെ ആശങ്കകള്‍ അവള്‍ ഭര്‍ത്താവിന്റെ മുന്നില്‍ അവതരിപ്പിക്കാതിരുന്നില്ല. രണ്ടു ബന്ധുജനങ്ങള്‍ വന്നതും മുന്നറിയിപ്പ് തന്നതും പത്രാധിപരോടവള്‍ പറഞ്ഞു. അദ്ദേഹം അതുകേട്ട് ചിരിച്ചു.
‘ഇത്തരം സന്ദര്‍ഭങ്ങളിലാണ് എനിക്ക് ബന്ധുക്കളും അഭ്യുദയകാംക്ഷികളും ഉണ്ടെന്നറിയുന്നത്.’
‘….എങ്കിലും എല്ലാവരും ഇതുതന്നെ പറയുന്നു. തമ്പുരാനെയും ദിവാനെയും ഉദ്യോഗസ്ഥന്മാരെയുമെല്ലാം ഹീനമായി കുറ്റപ്പെടുത്തുന്ന നോവലാണുപോലും’ ‘പാറപ്പുറം’.
‘അവര്‍ പറഞ്ഞത് ശരിയാണ്.’ ശാന്തമായ സ്വരത്തില്‍ പത്രാധിപര്‍ പറഞ്ഞു. ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ അദ്ദേഹം ഉറച്ച സ്വരത്തില്‍ തുടര്‍ന്നു: ‘പക്ഷേ അതെന്റെ കടമയാണ്. അന്യായം പ്രവര്‍ത്തിക്കുന്നവര്‍ക്കേ ആപല്‍ശങ്ക വേണ്ടൂ. അന്യായം പ്രവര്‍ത്തിച്ചതുകൊണ്ട് ആപത്ത് സംഭവിക്കുകയാണെങ്കില്‍ അതനുഭവിക്കാതെ ഗത്യന്തരമില്ല.’ പത്രാധിപര്‍ ഭാര്യയുടെ അടുത്തേക്ക് നടന്നു. അവളുടെ കണ്ണുകളിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു: ‘ഈ ഭീരുത്വം എന്റെ ഭാര്യയ്ക്ക് ചേര്‍ന്നതല്ല.’
കല്യാണിക്ക് തന്റെ ആശങ്കയില്‍ ലജ്ജയുണ്ടായി. മനസ്സിലെ ചാഞ്ചല്യം ഭര്‍ത്താവ് തൊട്ടറിഞ്ഞിരിക്കുന്നു.
‘ഞാന്‍ എന്റെ ഭയം കൊണ്ട് പറഞ്ഞതാണ്’ കല്യാണി കുറ്റസമ്മതത്തിന്റെ സ്വരത്തില്‍ പറഞ്ഞു. ‘പ്രത്യേകിച്ച്, നമുക്കൊരു കുഞ്ഞു ജനിക്കാന്‍ പോകുന്ന ഈ സന്ദര്‍ഭത്തില്‍…. വല്ലതും സംഭവിച്ചാല്‍…’
‘ഒന്നും സംഭവിക്കില്ല..’ കല്യാണിയെ മുറുകെ പിടിച്ചുകൊണ്ട് അവളുടെ അടുത്തായി ചേര്‍ന്നിരുന്നു. പിന്നെ ഗൗരവമെല്ലാം കുടഞ്ഞുകളഞ്ഞ് കാര്യമോ തമാശയോ എന്നു തിരിച്ചറിയാനാവാത്ത സ്വരത്തില്‍ രാമകൃഷ്ണപിള്ള പറഞ്ഞു: ‘ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ഗോമതി എന്ന് പേരിടും..’ ‘പാറപ്പുറ’ത്തിലെ നായികയുടെ പേര്. ആണ്‍കുട്ടിയാണെങ്കില്‍ മാധവന്‍. നായകന്റെ പേര്. ഡാളി ഇതോര്‍ത്തുവയ്ക്കണം.. എനിക്ക് വല്ലതും സംഭവിച്ചാലും ഇതോര്‍മ്മ വേണം.’
സന്തോഷവും അതേസമയം എന്തിനെന്നറിയാത്ത സങ്കടവും അവളുടെ മനസ്സില്‍ നിറഞ്ഞു.
പത്രാധിപര്‍ പറഞ്ഞതൊന്നും തമാശയായിരുന്നില്ല. പത്രത്തിന് നേര്‍ക്കും അദ്ദേഹത്തിന്റെ ജീവന് നേര്‍ക്കും ആക്രമണങ്ങള്‍ പതിവായിത്തുടങ്ങിയിരുന്നു. സ്വന്തം നിഴലിനെപ്പോലും നിരീക്ഷിച്ചുകൊണ്ടാണ് പത്രാധിപരുടെ നടത്തം. വക്കത്ത് തപാലാഫീസുണ്ടായിരുന്നില്ല. ചിറയിന്‍കീഴ് കൊണ്ടുപോയി പോസ്റ്റ് ചെയ്യേണ്ടിയിരുന്നു. തപാലാഫീസുകാര്‍ക്ക് ഇത്രയും പത്രങ്ങള്‍ മുദ്രയടിച്ചയയ്ക്കുന്നത് ഭാരിച്ച പണിയായി അനുഭവപ്പെട്ടു. തങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന ഈ പത്രങ്ങളുടെ ഉള്ളില്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ രൂക്ഷമായി കുറ്റപ്പെടുത്തുന്നുണ്ടെന്നും അവര്‍ക്കറിയാമായിരുന്നു. അതിന്റെയൊക്കെ നീരസം ഈ പത്രക്കെട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ കാട്ടിയിരുന്നു.
ഒരിക്കല്‍ പത്രക്കെട്ടുകള്‍ യഥാസമയം അയയ്ക്കാതെ തപാലാഫീസില്‍ കൂട്ടിയിട്ടിരുന്നപ്പോള്‍ പത്രാധിപര്‍ ഏജന്റുമാരെ വിളിച്ചുവരുത്തി അവ വിതരണം ചെയ്തു. അടുത്തദിവസം പത്രാധിപര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് തപാല്‍ സൂപ്രണ്ടിന്റെ ഒരു നോട്ടീസ് വന്നു. മാപ്പു പറഞ്ഞില്ലെന്നുമാത്രമല്ല, ‘അഞ്ചല്‍ സൂപ്രണ്ടിന്റെ ഓലപ്പാമ്പ്’ എന്ന പേരില്‍ പത്രത്തില്‍ മുഖപ്രസംഗം വരികയും ചെയ്തു. വാദി പ്രതിയായി. സൂപ്രണ്ടിന് പത്രത്തോട് മാപ്പു പറയേണ്ടതായി വന്നു.സ്വാഭാവികമായും തപാലാഫീസുകാര്‍ ‘സ്വദേശാഭിമാനി’യെ ശത്രുവായിക്കണ്ടു.
വക്കത്തുനിന്ന് വള്ളത്തിലാണ് പത്രക്കെട്ടുകള്‍ ചിറയിന്‍കീഴ് എത്തിച്ചിരുന്നത്.
കൃഷ്ണപിള്ളയും ഭാസ്‌കരനും മറ്റൊരാളും കൂടി പത്രങ്ങള്‍ പായ്ക്ക് ചെയ്തുകൊണ്ടിരിക്കുന്നിടത്തേക്ക് പത്രാധിപര്‍ വന്നു. അദ്ദേഹവും അവരെ ജോലിയില്‍ സഹായിക്കാന്‍ തുടങ്ങി.
‘ഒരു കാര്യം ഞാന്‍ പറയാനിരിക്കയായിരുന്നു. ഇന്നലെ കടവില് നിക്കുമ്പം ഒരു മുറുമുറുക്കല് കേട്ടു.’
ഭാസ്‌കരന്‍ നിര്‍ത്തിയപ്പോള്‍ പത്രാധിപര്‍ ചോദിച്ചു:
‘ആര് മുറുമുറുത്തൂന്നാണ്?’
‘ഇവിടത്തുകാര് തന്നെ. അതായത് നാളെ പത്രം അഞ്ചലാപ്പീസിലോട്ട് കൊണ്ടുപോകുമ്പം വള്ളം ചവിട്ടിത്താഴ്ത്താനാണ് പരിപാടി.’
‘ഓഹോ, അങ്ങനെയാണോ?’ പത്രാധിപര്‍ ഒരു നിമിഷം ആലോചിച്ചുനിന്നു. പിന്നെ കൃഷ്ണപിള്ളയോട് പറഞ്ഞു: ‘കൃഷ്ണപിള്ളേ, കൈക്കരുത്തുള്ള രണ്ടുപേരെക്കൂടെ വള്ളത്തി കയറ്റിക്കോ. ഞാനും വരാം.’
പരിഭ്രമത്തോടെ കൃഷ്ണപിള്ള പറഞ്ഞു:
‘അയ്യോ. അതുവേണ്ട. ഞ ങ്ങള്‍ തന്നെ ധാരാളം.’
‘സമ്മതിച്ചു. പക്ഷേ, ആക്രമിക്കാന്‍ വരുന്നവരെ എനിക്കുമൊന്നു കാണണമല്ലോ.’
പത്രാധിപരുടെ പിടിവാശിയെപ്പറ്റി നന്നായി അറിയാവുന്ന കൃഷ്ണപിള്ള പിന്നൊന്നും വാദിക്കാന്‍ നിന്നില്ല.






















