രാമകൃഷ്ണപിള്ളയെ ആദ്യം കണ്ട ആ ദിവസം.
അതൊരു നാട്ടുവഴിയില്‍ വച്ചായിരുന്നു. സഹോദരനുണ്ടായിരുന്നു കല്യാണിയുടെ കൂടെ.. ഒരു ബന്ധുഗൃഹത്തില്‍ പോയി മടങ്ങുകയായിരുന്നു അവര്‍. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞു അങ്ങനെ നടക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ത്തന്നെ ശ്രദ്ധിച്ചുപോകുന്ന ഒരു ചെറുപ്പക്കാരന്‍ എതിരെ വരുന്നു. ശുഭ്രവസ്ത്രധാരി.. കറുത്ത കുപ്പായം. മേല്‍മുണ്ട്. ഒരു കൈയില്‍ കുട. മറ്റേതില്‍ പുസ്തകങ്ങള്‍.
സഹോദരന്‍ ശബ്ദം താഴ്ത്തി പറഞ്ഞു:
‘ഇതാണ് കേരളപഞ്ചിക’യുടെ പത്രാധിപര്‍.. കേട്ടിട്ടില്ലേ?’
‘പിന്നേ. കുറേ പ്രായം ചെന്ന ആളായിരിക്കുമെന്നാണ് കരുതിയത്. ഇത്രേം ചെറുപ്പമോ?’
കല്യാണി കുതൂഹലത്തോടെ പത്രാധിപരെ സൂക്ഷിച്ചുനോക്കി. ആപാദചൂഡം കുലീനത നിറഞ്ഞ രൂപം. മുഖത്ത് നിറഞ്ഞുനിന്ന പൗരുഷം. കണ്ണുകളില്‍ കരുണ. എങ്കിലും ശരീരം മെലിഞ്ഞിട്ടാണ്.
താന്‍ ശ്രദ്ധാവിഷയമാകുന്നതറിയാതെ രാമകൃഷ്ണപിള്ള അവരെ കടന്നുപോയി.
കല്യാണിക്ക് ആ ചെറുപ്പക്കാരനെ ഒന്ന് തിരിഞ്ഞുനോക്കാന്‍ തോന്നി.
അതേനിമിഷത്തില്‍ത്തന്നെ അയാളും തിരിഞ്ഞുനോക്കി.
സാഹിത്യത്തോടും ആനുകാലികങ്ങളോടുമെല്ലാം ആഭിമുഖ്യം പുലര്‍ത്തുന്ന കല്യാണിക്ക് ഒരു പത്രാധിപരെ നേരില്‍ക്കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടായി. ധീരമായി കാര്യങ്ങള്‍ പറയുന്ന പത്രമാണ് ‘കേരളപഞ്ചിക’. അതിലെ ഉള്ളടക്കങ്ങള്‍ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കാറുണ്ടെന്ന് കല്യാണിക്കറിയാം.
ആ പത്രത്തെയും പത്രാധിപരെയും പറ്റി ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് പുറത്തുനിന്ന് ‘കല്യാണീ’ എന്ന വിളികേട്ടത്. കല്യാണി വേഗം പുറത്തേക്കു ചെന്നു.
ചിന്നമ്മുവായിരുന്നു അത്.കൂട്ടുകാരി. വനിതാവേദിയിലെ സഹപ്രവര്‍ത്തക.
‘ചിന്നമ്മൂ, നിന്നെക്കണ്ടിട്ട് എത്ര കാലമായി?’ കല്യാണി കുശലമന്വേഷിച്ചു.
ചിന്നമ്മുവിന്റെ കൈയില്‍ ചുരുട്ടിപ്പിടിച്ച ഒരു പത്രമുണ്ടായിരുന്നു. അതും നിവര്‍ത്തിക്കൊണ്ടാണ് അവള്‍ ഉള്ളിലേക്ക് കയറിയത്.
‘നമ്മളു പറഞ്ഞ കാര്യം ദേ ‘കേരളപഞ്ചികേ’ല് വന്നിട്ടുണ്ട്. നമ്മളന്ന് പ്രമേയം പാസ്സാക്കീട്ട് ആരെങ്കിലും ശ്രദ്ധിച്ചോ? ഇനീപ്പ നോക്കിക്കോ. രാജാവ് വരെ കാണും. നടപടിയെടുക്കും.’
കല്യാണിക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല.
‘എന്ത് കാര്യമാണ് നീ പറയണത്?’
‘ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കും വേട്ട മുതലായ വിശേഷങ്ങള്‍ക്കും മതില്‍ക്കകം സംബന്ധക്കാരായ നായര്‍ സ്ത്രീകള്‍ മാറുമറയ്ക്കാതെ എഴുന്നള്ളത്തിനു ചെല്ലണമെന്ന ആചാരമില്ലേ, അതിനെതിരെ നമ്മള് പ്രമേയം പാസ്സാക്കിയത് മറന്നുപോയോ? അതേകാര്യം ഇതാ ‘കേരളപഞ്ചികേ’ല് പത്രാധിപര്‍ രാമകൃഷ്ണപിള്ള മുഖപ്രസംഗമെഴുതിയിരിക്കുന്നു.’
ചിന്നമ്മു പത്രം നിവര്‍ത്തി ആവേശപൂര്‍വം വായിക്കാന്‍ തുടങ്ങി.
‘വേട്ട,ആറാട്ട് എന്നീ ആഘോഷങ്ങള്‍ക്കു വന്നുകൂടുന്ന നാനാജാതിക്കാരും വെറും കാഴ്ച കാണാന്‍ വരുന്നവരല്ലാത്തതിനാല്‍ ഇങ്ങനെയുള്ള നഗ്‌നരൂപങ്ങള്‍ അവരുടെ കണ്ണില്‍ നായര്‍ സമുദായത്തിലെ സ്ത്രീകളെപ്പറ്റി ദുരഭിപ്രായവും ഹാസ്യരസവും ഉണ്ടാക്കുന്നതിനേ മാര്‍ഗ്ഗമുള്ളൂ. പ്രജകളുടെ യോഗക്ഷേമത്തെയും പരിഷ്‌കാരത്തെയും സദാ കാംക്ഷിച്ചുകൊണ്ടിരിക്കുന്ന ദയാവാരിധിയായ തിരുമനസ്സു കൊണ്ട് ഈ ജനസമുദായത്തിന്റെ അത്യന്താപേക്ഷിതവും കാലോചിതവുമായ പരിഷ്‌കൃതമര്യാദയ്ക്കുവേണ്ട ഏര്‍പ്പാടുകള്‍ അടുത്തകാലത്തുതന്നെ കല്പിച്ചു ചെയ്തുകാണാന്‍ ആഗ്രഹിച്ചുകൊണ്ട് തിരുമനസ്സിലെ ശ്രദ്ധയെ ഭക്തിവിനയാദരപൂര്‍വം ക്ഷണിക്കുകയും ചെയ്തുകൊള്ളുന്നു.’
ചിന്നമ്മു വായന നിര്‍ത്തിയപ്പോള്‍ കല്യാണി പത്രത്തിലേക്ക് എത്തിനോക്കി.
‘ഈയാള് സാധാരണ ഒരു മാര്‍ദ്ദവവുമില്ലാതെ എഴുതുന്നയാളല്ലേ? ഇതിപ്പോ വലിയ ഭയഭക്തിബഹുമാനത്തോടെയാണല്ലോ എഴുത്ത്?’
പത്രാധിപരെ കൊച്ചാക്കിക്കൊണ്ടുള്ള ആ സംസാരം ചിന്നമ്മയ്ക്ക് പിടിച്ചില്ല.
‘കാര്യം നടന്നുകാണാന്‍ വേണ്ടിയല്ലേ? രാജാവിനോടാവുമ്പോ ഈ ഭാഷയില്‍ത്തന്നെ പറയണം.’ കല്യാണിയുടെ മുഖത്തെ നിസ്സാരത കണ്ടിട്ട് ഉറച്ച സ്വരത്തില്‍ ചിന്നമ്മു തുടര്‍ന്നു:’സേവകന്മാരോട് പറയുന്ന ഭാഷയില്‍ പറഞ്ഞാല്‍ ചിലപ്പോള്‍ പത്രവും അകത്താവും. പത്രാധിപരും അകത്താവും.’
കല്യാണി ചിരിച്ചു.
‘പത്രാധിപരും അകത്താകുമോ? എങ്കില്‍ വേണ്ട. ഇങ്ങനെ തന്നെ മതി.’
ചിന്നമ്മയ്ക്ക് അതുകേട്ട് അരിശം വന്നു.
‘പത്രമില്ലാതെ പത്രാധിപരുണ്ടോ? ഇതൊക്കെ എഴുതാന്‍ പത്രമില്ലെങ്കില്‍ പിന്നെ പത്രാധിപരെന്തിന് പുറത്ത് ഞെളിഞ്ഞു നടക്കണം?’
ചിന്നമ്മുവിന്റെ അരിശം കണ്ട് കല്യാണി പിന്നെയും ചിരിച്ചു. പിന്നെ അവളുടെ മുഖം ഗൗരവം കൈക്കൊണ്ടു.
‘തിരുമനസ്സിതു ശ്രദ്ധിക്കുമായിരിക്കും, അല്ലേ? എങ്കില്‍ ഈ നഗ്‌നതാപ്രദര്‍ശനം അവസാനിക്കുമെന്നു കരുതാം.’
ചിന്നമ്മ പോയപ്പോള്‍ കല്യാണി ആലോചിച്ചത് താനെന്തിനാണ് രാമകൃഷ്ണപിള്ളയെപ്പറ്റി താല്പര്യമെടുക്കുന്നത് എന്നാണ്. ചിന്നമ്മയ്ക്കങ്ങനെ തോന്നിയിട്ടുണ്ടാവുമോ?
അന്നുകണ്ടശേഷം രാമകൃഷ്ണപിള്ളയെപ്പറ്റി പല വിവരങ്ങളും അറിയാന്‍ കഴിഞ്ഞു.ആള്‍ വിവാഹിതനായിരുന്നു. മൂന്നുമാസം മുന്‍പാണ് ഭാര്യ മരണമടഞ്ഞത്. എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ആ ബന്ധത്തില്‍ ഉണ്ടായിരുന്നുവെന്നും കേള്‍ക്കുന്നു.
ദിവസങ്ങള്‍ ഏറെക്കഴിഞ്ഞില്ല. ജീവിതത്തിന്റെ യാദൃച്ഛികവഴികളെപ്പറ്റി കല്യാണിയെ അമ്പരപ്പിച്ച ഒരു സംഗതിയുണ്ടായി.
ഒരു ലേഖനം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു കല്യാണി. ഇങ്ങനെ വല്ലതും ചെയ്യുമ്പോള്‍ പരിസരം മറന്നുപോകുന്ന ഒരു സ്വഭാവമുണ്ടവള്‍ക്ക്. അന്നും വീടിനുമുന്നില്‍ എന്തൊക്കെയോ ശബ്ദങ്ങളും സംഭാഷണങ്ങളും കേട്ടെങ്കിലും അതൊന്നും അവളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പെട്ടെന്നാണ് ഭഗവതി അമ്മ മുറി തുറന്ന് അകത്തേക്ക് വന്നത്.
‘കല്യാണീ, വാ, നിന്നെക്കാണണമെന്ന്.’
ജോലി നിര്‍ത്താനുള്ള മടി കൊണ്ട് കല്യാണി ചോദിച്ചു.
‘ആരാണമ്മാ, വന്നിരിക്കണത്?’
‘ങാ,വന്നു നോക്ക’ എന്ന് പറഞ്ഞുകൊണ്ട് അമ്മ തിരിഞ്ഞു നടന്നു.
കല്യാണി ആകാംക്ഷയോടെ പിന്നാലെ ചെന്നു.
സ്വീകരണമുറിയില്‍ അവളുടെ അച്ഛന്‍ സുബ്ബരായന്‍ പോറ്റിയോടൊപ്പം മൂന്നുപേര്‍ ഇരിപ്പുണ്ട്. അവള്‍ക്ക് ആരെയും പിടി കിട്ടിയില്ല.
മകളെക്കണ്ടതും സുബ്ബരായന്‍ പോറ്റി പറഞ്ഞു:
‘മോളേ, ഇവര്‍ കേരളപഞ്ചിക പത്രാധിപര്‍ രാമകൃഷ്ണപിള്ളയുടെ ബന്ധുക്കളാണ്.’ ആ വാക്കുകള്‍ അവളെ അമ്പരപ്പിച്ചു. എന്നാല്‍, തുടര്‍ന്ന് വന്ന വാക്കുകള്‍ അവള്‍ക്ക് അവിശ്വസനീയമായിത്തോന്നി. ‘രാമകൃഷ്ണപിള്ളയുടെ വിവാഹാലോചനയുമായിട്ടാണ് ഇവര്‍ വന്നിരിക്കുന്നത്.’
അമ്പരപ്പില്‍ നിന്നുണര്‍ന്നപ്പോള്‍ കല്യാണി ഒട്ടും മയമില്ലാത്ത സ്വരത്തില്‍ ചോദിച്ചു:
‘അതെങ്ങനെ? അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട് മൂന്നുമാസമായിട്ടില്ലല്ലോ.’
ആഗതര്‍ പരസ്പരം നോക്കി. പിന്നെ ഒരാള്‍ പറഞ്ഞു:
‘ഇല്ല. ശരി തന്നെ. പക്ഷേ ആ ബന്ധം മൂന്നുവര്‍ഷം തെകച്ചില്ലായിരുന്നു.’
രണ്ടാമന്‍ തുടര്‍ന്നു പറഞ്ഞു: ‘തന്നെയുമല്ല, കുടുംബക്കാര്‍ക്കൊന്നും ആ വിവാഹത്തില്‍ താല്പര്യമുണ്ടായിരുന്നില്ല.’
‘അതെന്ത്?’ എടുത്തടിച്ചപോലെയായിരുന്നു കല്യാണിയുടെ ചോദ്യം.
അയാളൊന്നു പരുങ്ങി. ‘താണ ജാതിക്കാരിയായിരുന്നില്ലേ?’
‘അവര്‍ നായര്‍ തന്നെയായിരുന്നല്ലോ.’ ഇഷ്ടപ്പെടാത്ത മട്ടിലാണ് കല്യാണി അത് പറഞ്ഞത്.
‘നായരില്‍ത്തന്നെ പത്തറുപത്തഞ്ച് ഉപജാതികളില്ലേ?’
വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത മട്ടില്‍ അയാള്‍ പറഞ്ഞു.
ആ വര്‍ത്തമാനം കല്യാണിക്ക് തീരെ രസിച്ചില്ല. ഉറച്ച ശബ്ദത്തില്‍ അവള്‍ പറഞ്ഞു:
‘ഈ ഉപജാതികള്‍ ഇല്ലാതാക്കാന്‍ സമരം നടത്തിയ ആളല്ലേ രാമകൃഷ്ണപിള്ള?’
ആഗതര്‍ പരസ്പരം നോക്കി. സുബ്ബരായന്‍ പോറ്റി നിസ്സംഗനായി നോക്കിയിരുന്നു. ഭഗവതി അമ്മയ്ക്ക് കാര്യങ്ങളുടെ പോക്ക് ഒട്ട് പിടികിട്ടിയതുമില്ല. ആദ്യത്തെയാളാണ് തുടര്‍ന്ന് സംസാരിച്ചത്.
‘അതുപോട്ടെ.’ വിഷയം മാറ്റുന്ന മട്ടില്‍ അയാള്‍ പറഞ്ഞു: കേരളദര്‍പ്പണം ഉടമസ്ഥന്‍ പരമേശ്വരന്‍ പിള്ളയുടെ അനന്തരവളായിരുന്നല്ലോ നാണിക്കുട്ടി.രാമകൃഷ്ണനും പരമേശ്വരന്‍ പിള്ളയും തമ്മില്‍ തെറ്റിയപ്പോള്‍ പ്രസവത്തിനുപോയ നാണിക്കുട്ടിക്ക് ഒരുപാട് പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. ആ മരണത്തിനു പ്രധാന കാരണം അതാണ്.’
‘അതൊക്കെ ശരിയായിരിക്കാം.’ കല്യാണി പറഞ്ഞു: ‘ഭാര്യയുടെ മരണം കഴിഞ്ഞു മൂന്നുമാസം തികയും മുന്‍പ് ഒരാള്‍ പുനര്‍വിവാഹം കഴിക്കുന്നതിന് ഇതൊന്നും ന്യായീകരണമല്ല.’
ആഗതര്‍ വീണ്ടും പരസ്പരം നോക്കി. അവര്‍ക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.
അപ്പോള്‍ സുബ്ബരായന്‍ പോറ്റി ഇടപെട്ടു.
‘കല്യാണിക്കിഷ്ടമില്ലെങ്കില്‍ പിന്നെ നമ്മളാലോചിച്ചിട്ടു കാര്യമില്ല.’
ആഗതരില്‍ മുതിര്‍ന്നയാള്‍ എഴുന്നേറ്റു. കൂടെ മറ്റുള്ളവരും..
‘എന്നാപ്പിന്നെ ഞങ്ങള്…..’
‘ആയിക്കോട്ടെ.’ ഒട്ടും സമയം കളയാതെ സുബ്ബരായന്‍ പോറ്റി അവര്‍ക്ക് അനുമതി നല്കി.
അവര്‍ പുറത്തേക്കു നടന്നു. തിരിഞ്ഞു നോക്കാതെയും പരസ്പരം ഒന്നും ഉരിയാടാതെയും അവര്‍ നടന്നു നീങ്ങി.
ആ പോക്ക് കണ്ടപ്പോള്‍ ഭഗവതി അമ്മയ്ക്ക് വിഷമം തോന്നി.
‘എന്നാലും അങ്ങനെ മുഖമടച്ചു പറയേണ്ടായിരുന്നു.’ അവര്‍ പറഞ്ഞു.
‘പിന്നെ പറയാതെ?’ പോറ്റിയുടെ സ്വരത്തില്‍ അരിശം നിറഞ്ഞുനിന്നു. ‘അവക്കെന്താ മംഗലം കഴിപ്പാന്‍ ആളെ കിട്ടൂല്ലേ?’
അങ്ങനെ വളരെ നിസ്സാരമായി രാമകൃഷ്ണപിള്ളയുടെ വിവാഹാലോചന ഒഴിവാക്കിവിട്ടെങ്കിലും കല്യാണിയുടെ മനസ്സില്‍ നിന്ന് അയാള്‍ പൂര്‍ണ്ണമായി ഇറങ്ങിപ്പോയില്ല..






















