രാമകൃഷ്ണപിള്ളയുടെ എഴുത്തുരീതി സവിശേഷമായിരുന്നു. ഇരുന്നുകൊണ്ടല്ല അദ്ദേഹം അധികവും എഴുതാറ്, നിന്നുകൊണ്ടാണ്. ഓഫീസില്‍ അതിനനുസരിച്ച് ഒരെഴുത്തുമേശ തയ്യാറാക്കിയിട്ടുണ്ടാവും. ഒഴുക്കിന് എഴുതിപ്പോകുകയാവും. അതിന്നിടെ ആലോചിക്കേണ്ട വല്ലതും വന്നാല്‍ രണ്ടുചാല്‍ നടക്കും. പിന്നെയും എഴുത്തുമേശയുടെ അടുത്തെത്തി എഴുത്തു തുടരും..
കൊല്ലത്തുനിന്നിറങ്ങുന്ന ‘മലയാളി’യില്‍ത്തന്നെയായിരുന്നു അപ്പോഴുമദ്ദേഹം..താമസവും കൊല്ലത്തു തന്നെയായിരുന്നു. കല്യാണിക്ക് ജോലിയുള്ളതുകൊണ്ട് ഒപ്പം കൂട്ടാന്‍ കഴിയാതെ വന്നു. സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം തിരുവനന്തപുരത്തെത്തും.
വിമര്‍ശനപരമായ ഒരു ലേഖനം എഴുതുകയായിരുന്നു പത്രാധിപര്‍.
ഗവണ്‍മെന്റുദ്യോഗസ്ഥന്‍ പൊതുജനങ്ങളുടെ ദാസന്‍ ആകുന്നു. പൊതുജനങ്ങളുടെ പ്രതിനിധി ആയിട്ടാണ് രാജാവ് രാജ്യം ഭരിക്കുന്നത്.. ഏതുദ്യോഗസ്ഥന്റെ ചെയ്തികളെ വിമര്‍ശിക്കാനും അതുകൊണ്ട് പൊതുജനങ്ങള്‍ക്ക് അധികാരമുണ്ട്. ഉദ്യോഗസ്ഥന്മാരുടെ ഹീനനടപടികളെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു ആക്ഷേപിക്കുന്നതിന് ജനങ്ങളുടെ വക്താവായ പത്രങ്ങള്‍ക്ക് പ്രത്യേക കടമയുണ്ട്.
ഇത്രയും ഒരൊഴുക്കില്‍ എഴുതി അടുത്ത വാക്യം ആലോചിക്കാനായി തലയുയര്‍ത്തിയപ്പോഴാണ് രാമന്‍ ഉണ്ണിത്താന്റെ വരവ്. പത്രമുടമയാണ് ഉണ്ണിത്താന്‍. പത്രാധിപരുടെ രൂക്ഷമായ വിമര്‍ശനശൈലിക്ക് എതിരൊന്നും പറഞ്ഞിട്ടില്ലാത്ത മാന്യന്‍.പതിവുള്ള പ്രസാദഭാവമൊന്നും ഇപ്പോള്‍ അദ്ദേഹത്തില്‍ കണ്ടില്ല. ഏതോ ചിന്തകള്‍ വേട്ടയാടുന്ന മുഖഭാവം.
വന്നപാടെ ഉണ്ണിത്താന്‍ പറഞ്ഞു:
‘രാമകൃഷ്ണപിള്ളേ, വളരെ ഗൗരവമായി ചിലതു സംസാരിക്കാനുണ്ട്.’
പത്രാധിപര്‍ക്കൊരു പന്തികേട് തോന്നി. അദ്ദേഹം എഴുത്ത് നിര്‍ത്തി. ഉണ്ണിത്താന്റെ മുന്നില്‍ കസേര വലിച്ചിട്ട് ഇരുന്നു.
പത്രാധിപരുടെ നേര്‍ക്ക് നോക്കാതെ ഉണ്ണിത്താന്‍ തുടങ്ങി.
ഈയാഴ്ച നാല് പ്രാവശ്യമാണ് തിരുവനന്തപുരത്ത് പോകേണ്ടി വന്നത്. കാരണമറിയാമല്ലോ. നിങ്ങള്‍ ഓരോരോ ഉദ്യോഗസ്ഥന്മാരെപ്പറ്റി എഴുതിവിട്ട അഴിമതിയാരോപണങ്ങള്‍. അതിന്റെ വിശദീകരണമാണ് കൊടുക്കേണ്ടിവന്നത്. നിങ്ങളുടെ നിരൂപണങ്ങള്‍ ഈവിധം തുടര്‍ന്നാല്‍ പത്രത്തിന്റെ നിലനില്പ് തന്നെ അപകടത്തിലാവും.’
പറഞ്ഞു തീര്‍ന്ന് ഉണ്ണിത്താന്‍ പത്രാധിപരെ തറപ്പിച്ചുനോക്കി.
‘അങ്ങ് പറഞ്ഞുവരുന്നതെന്താണ്?’
‘പത്രത്തിന്റെ നയം മാറ്റണമെന്ന് തന്നെ.’ ഉണ്ണിത്താന്‍ വെട്ടിത്തുറന്നു പറഞ്ഞു.
‘പത്രത്തിന്റെ നയം പത്രാധിപരുടെ ഹിതമനുസരിച്ചാണ് നിശ്ചയിക്കുന്നത്.’
‘അല്ല.’ പത്രാധിപര്‍ പറഞ്ഞുനിര്‍ത്തും മുന്‍പേ ഉണ്ണിത്താന്‍ ഉറപ്പിച്ചുപറഞ്ഞു.’ഞാന്‍ തരുന്ന ശമ്പളം പറ്റുന്നുണ്ടെങ്കില്‍ ഞാന്‍ പറയുന്ന രീതിയില്‍ പത്രം നടക്കണം.’
‘പൊതുജനസേവകന്‍ എന്ന നിലയില്‍ പൊതുജനം നല്കുന്ന വരിപ്പണത്തില്‍ നിന്നല്ലേ ഞാന്‍ ശമ്പളം കൈപ്പറ്റുന്നത്?’
‘ഞാന്‍ പത്രം നിര്‍ത്തിയാല്‍, അല്ലെങ്കില്‍ മറ്റാരെയെങ്കിലും പത്രാധിപരാക്കി പത്രം നടത്തിയാല്‍ ഞാന്‍ നിങ്ങള്‍ക്ക് ശമ്പളം തരേണ്ടതില്ലല്ലോ.’
പത്രാധിപര്‍ ഒരു നിമിഷം നിശ്ശബ്ദനായി ഇരുന്നു.
‘അങ്ങയുടെ ഹിതം നടക്കട്ടെ.’ അങ്ങനെ പറഞ്ഞുകൊണ്ട് പത്രാധിപര്‍ എഴുന്നേറ്റു. ‘ഞാന്‍ പത്രാധിപത്യമൊഴിയാം. അല്ലാതെ എന്റെ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ എനിക്ക് കഴിയുകയില്ല. ഒന്നുകില്‍ ഇന്നത്തെ മാതിരി പത്രം നടത്തിക്കൊണ്ടു പോകുക. അല്ലെങ്കില്‍ ഞാന്‍ ഒഴിഞ്ഞുപോകുക. ഏതാണ് വേണ്ടതെന്ന് അങ്ങേക്ക് തീരുമാനിക്കാം.’
ഉണ്ണിത്താനും എഴുന്നേറ്റു.
‘ഇന്നത്തെ മാതിരി പത്രം നടത്തിക്കൊണ്ടു പോകുക അസാധ്യമാണ്.’
‘എന്നാല്‍ പുതിയ പത്രാധിപരെ കണ്ടെത്തിക്കൊള്ളൂ.’
പിന്നെ ഒന്നും പറയാനോ കേള്‍ക്കാനോ നില്‍ക്കാതെ പത്രാധിപര്‍ തിരിഞ്ഞുനടന്നു.






















