രാമകൃഷ്ണപിള്ള അഭ്യര്‍ത്ഥിച്ചപോലെ കല്യാണി ആലോചിച്ചു. ഏറെ സമയമെടുത്തുതന്നെ ആലോചിച്ചു. അച്ഛനമ്മമാരൊക്കെ പൂര്‍ണ്ണമായും അവളുടെ തീരുമാനത്തിന് വിട്ടു. അവര്‍ക്കറിയാം, കല്യാണി ഒന്ന് നിശ്ചയിച്ചാല്‍ ആരെന്തു പറഞ്ഞാലും അതില്‍ ഇളക്കമുണ്ടാവില്ലെന്ന്. വരും വരായ്കകളെക്കുറിച്ച്, പ്രായോഗികജീവിതത്തെക്കുറിച്ച്, സാമ്പത്തികാവസ്ഥകളെക്കുറിച്ച് എല്ലാം കൂലംകഷമായിത്തന്നെ അവള്‍ ആലോചിച്ചു. അദ്ദേഹത്തിന് സ്ഥിരം വരുമാനമല്ലെന്നറിയാം. ഇപ്പോള്‍ത്തന്നെ എത്രയോ പത്രങ്ങളില്‍ മാറി മാറി പ്രവര്‍ത്തിച്ചിരിക്കുന്നു! മുഖം നോക്കാതെ വെട്ടിത്തുറന്നെഴുതുന്നതുകൊണ്ട് എവിടെനിന്നും പുറം തള്ളപ്പെടാം. അവിടെ അവള്‍ക്ക് സമാധാനമായി വന്നത് സ്വന്തം ജോലി തന്നെയാണ്. തനിക്ക് ജോലിയുള്ളതുകൊണ്ട് പട്ടിണി കിടക്കേണ്ടിവരില്ല.
അങ്ങനെ തിരിഞ്ഞും മറിഞ്ഞും അനുകൂലിച്ചും പ്രതികൂലിച്ചും ഗുണവും ദോഷവും എല്ലാം ചിന്തിച്ച് അവള്‍ ഒരു തീരുമാനത്തിലെത്തി. പത്രാധിപര്‍ രാമകൃഷ്ണപിള്ളയുടെ ആലോചന സ്വീകരിക്കുക തന്നെ!
മാതാപിതാക്കള്‍ സമ്മതിച്ചുവെങ്കിലും പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും നിഷേധിക്കരുത് എന്നായിരുന്നു അവരുടെ നിലപാട്. അങ്ങനെയാണ് ഗോവിന്ദനാശാന്റെ കവടിക്കു മുന്‍പില്‍ അവരുടെ ജാതകങ്ങള്‍ ചെന്നെത്തിയത്.
ആദ്യത്തെ ദുര്‍ഘടം അവിടെത്തന്നെ തുടങ്ങി.
ജാതകങ്ങള്‍ തമ്മില്‍ ചേരില്ല എന്നായിരുന്നു കവടികള്‍ കണ്ടെത്തിയത്.
പിടിവാശിക്കാര്‍ക്ക് ജാതകഫലവും തടസ്സമായില്ല. പൊരുത്തമില്ലായ്മയെ യുക്തികള്‍ കൊണ്ട് ഖണ്ഡിച്ച് അവര്‍ മുഹൂര്‍ത്തം കുറിച്ചു. അവിടെയുമിവിടെയും ചെറിയ മുറുമുറുക്കലുകളൊക്കെയുണ്ടായി. അതും അവര്‍ അവഗണിച്ചു. എന്നാല്‍, കല്യാണത്തിന് അഞ്ചുദിവസം മുന്‍പ് പത്രാധിപര്‍ക്ക് രോഗം പിടിപെടുകയും അദ്ദേഹം ശയ്യാവലംബിയായി മാറുകയും ചെയ്തപ്പോള്‍ മുറുമുറുക്കലുകള്‍ പൊതുചര്‍ച്ചയുടെ രൂപം കൈക്കൊണ്ടു.
വിവാഹത്തിന് മൂന്നു ദിവസം മുന്‍പ് കല്യാണി വനിതാവേദിയുടെ ഓഫീസില്‍ എത്തിയിരുന്നു. കലുഷമായ അന്തരീക്ഷത്തില്‍ അല്പം ആശ്വാസം കിട്ടിയാല്‍ നന്ന് എന്നവള്‍ കരുതി. എന്നാല്‍ അവിടെയും അവളെ കാത്തിരുന്നത് വിമര്‍ശനങ്ങളായിരുന്നു.
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ശ്യാമള വെട്ടിത്തുറന്നുതന്നെ അവളോട് പറഞ്ഞു:
‘കല്യാണീ, നിനക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും ഞാനൊരു കാര്യം തുറന്നുപറയാം. ദിവാനേം ശങ്കരന്‍തമ്പി അങ്ങുന്നിനേമൊക്കെ തെറീം പറഞ്ഞുനടക്കുന്ന ഇങ്ങേര് നിനക്ക് ചേരൂല്ല. നീ തയാറാണെങ്കി കൊച്ചുതമ്പുരാക്കന്മാരു വരെ നിന്നെ കെട്ടാന്‍ വരും.’
കല്യാണിയുടെ മുഖം ചുവന്നു. അവള്‍ ശബ്ദമുയര്‍ത്തി പറഞ്ഞു:
‘ശ്യാമളയക്കാ, മതി മതി.നിര്‍ത്തിന്‍ ഈ വര്‍ത്തമാനം… എന്റെ അച്ഛനുമമ്മയും വിചാരിച്ചിട്ട് എന്റെ മനസ്സ് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയാണ് നിങ്ങള്‍…..’
അങ്ങനെ ആ കല്യാണം നടന്നു.
പത്രാധിപര്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയിരുന്നില്ല. മുഹൂര്‍ത്തമടുത്തപ്പോഴും ആളെ കണ്ടതുമില്ല. ഒടുവില്‍, വന്നപ്പോഴാകട്ടെ, ഒരു നവവരനെപ്പോലെയല്ല, ആശുപത്രിയില്‍ നിന്നിറങ്ങിയ ഒരു രോഗിയെപ്പോലെയാണ് തോന്നിച്ചത്. അങ്ങനെയുള്ള രൂപവും ഭാവവുമായിരുന്നു അദ്ദേഹത്തിന്.
വിവാഹശേഷം മംഗളപത്രങ്ങളുടെ ഊഴമായി. ഐ.എന്‍.പദ്മനാഭപിള്ള വായിച്ച മംഗളപത്രം പിറുപിറുക്കലുകളുയര്‍ത്തി.
അതിലെ രണ്ടു വരികള്‍ ഇങ്ങനെയായിരുന്നു.
‘പാരം വിലസുന്നീ വധൂവരന്മാര്‍
പണ്ട് ശ്രീരാമനും സീതയും ചേര്‍ന്നിരുന്നപോല്‍.’
അതുകേട്ട് ഉച്ചത്തില്‍ ആരോ പറഞ്ഞു:
‘അപ്പോള്‍ ഇനി വനവാസത്തിനും പോകേണ്ടിവരുമോ?’
പൊട്ടിച്ചിരികളുയര്‍ന്നു. ആളുകള്‍ പരസ്പരം നോക്കി. സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ കനലുകള്‍ വന്നുവീണു.
ബന്ധുക്കളും സുഹൃത്തുക്കളും പതിഞ്ഞ സ്വരത്തില്‍ ആശങ്കകള്‍ പങ്കുവച്ചു മടങ്ങി.
‘ആദ്യരാത്രി നമ്മള്‍ തമ്മില്‍ തൊടാന്‍ പാടില്ലെന്നായിരിക്കും ഈശ്വരനിശ്ചയം.’
അലങ്കരിച്ച കട്ടിലില്‍ പനിച്ചുവിറച്ചു കിടക്കുന്ന നവവരന്‍ വധുവിനെ നോക്കി നിസ്സഹായനായി പറഞ്ഞു.
‘ഞാന്‍ തൊടും. ദീനം പകരുന്നെങ്കില്‍ പകരട്ടെ.’
‘എന്നിട്ട് അതിന്റെ പഴി കൂടെ ഞാന്‍ കേള്‍ക്കണം. അല്ലേ?’
‘അപ്പോ എനിക്കസുഖം പിടിക്കുന്നതിലല്ല, പഴി കേള്‍ക്കുന്നതിലാണ് വിഷമം. അല്ലേ?’
പത്രാധിപര്‍ തന്റെ വധുവിനെ ചെറുചിരിയോടെ നോക്കി. ഇതാണ് പൊരുത്തം എന്നദ്ദേഹം മനസ്സില്‍ പറഞ്ഞു.
‘ഡാളിയുടെ അസുഖം എന്റെ മാത്രം കാര്യമാണ്. പഴി നാട്ടുകാരുടെ കാര്യവും.’
ഡാളി.. പത്രാധിപര്‍ സ്വകാര്യമായി വിളിച്ചിരുന്ന ഓമനപ്പേര്.. അവള്‍ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ചാരി. ഇനിയത് തനിക്ക് എന്നും കേള്‍ക്കാമല്ലോ എന്നോര്‍ത്തപ്പോള്‍ കല്യാണിക്ക് രോമാഞ്ചമുണ്ടായി.
‘ദീനക്കിടക്കയില്‍ നിന്ന് കുളിക്കാതെയും നനയ്ക്കാതെയും വന്ന് താലികെട്ടുന്ന ലോകത്തിലെ ആദ്യത്തെ സംഭവമായിരിക്കും. അല്ലേ?’
‘എത്ര സുഖമില്ലെങ്കിലും ഞാന്‍ മുഹൂര്‍ത്തം തെറ്റിച്ചില്ലല്ലോ.’ അഭിമാനത്തോടെ പത്രാധിപര്‍ പറഞ്ഞു.
‘സമ്മതിച്ചിരിക്കുന്നു. മനശ്ശക്തിയുടെ കാര്യത്തില്‍ ഇനി തര്‍ക്കമില്ല.’ അദ്ദേഹത്തിന്റെ കൈപ്പത്തി കവര്‍ന്നുകൊണ്ട് കല്യാണി പറഞ്ഞു.
‘ഡാളീ, എങ്ങനെയുണ്ടായിരുന്നു മംഗളപത്രങ്ങള്‍? പദ്മനാഭപിള്ളയ്‌ക്കെന്തുപറ്റി?’
‘പദ്മനാഭപിള്ളയ്ക്ക് ഒന്നും പിഴച്ചില്ല. ഉച്ചത്തില്‍ അഭിപ്രായം പറഞ്ഞയാളാണ് സംഗതി വഷളാക്കിയത്. മോങ്ങാനിരുന്ന പട്ടീടെ തലയില്‍ തേങ്ങാ വീണതുപോലെയായി കാര്യങ്ങള്‍.’
‘എന്തുകൊണ്ടാണങ്ങനെ?
പദ്മനാഭപിള്ള നമ്മളെ ശ്രീരാമനും സീതയുമായി ഉപമിച്ചു. അതിലെന്താ കുഴപ്പം? പക്ഷേ, കേട്ടിരുന്ന ഒരാള്‍ വനവാസത്തിനു പോകേണ്ടിവരുമോ എന്ന് ചോദിച്ചതാണ് കുഴപ്പമായത്.’
‘എന്ത് കുഴപ്പം? ഒന്നുമില്ല.’ പത്രാധിപര്‍ കല്യാണിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു. ‘രാമനും സീതയും തനിച്ചല്ലല്ലോ വനത്തില്‍ പോയത്? ഒന്നിച്ചല്ലേ? വനത്തില്‍ പോകേണ്ടിവന്നാല്‍ നമുക്കും ഒന്നിച്ചുപോകാം. എന്താ?’
കല്യാണി പൊട്ടിച്ചിരിച്ചു.
‘ഡാളി സീതയാണെന്നു പറഞ്ഞാല്‍ നേര് തന്നെ. പക്ഷേ,ഞാനെങ്ങനെ ശ്രീരാമനാകും?ഹനുമാനാവാന്‍ പോയ ആളാണ് ഞാന്‍. അതറിയാമോ?’ പത്രാധിപര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
‘എന്താ ആ കഥ?’
പത്രാധിപര്‍ ചിരിച്ചു.
‘കുട്ടിക്കാലത്തൊരിക്കല്‍ ഹരികഥാകാലക്ഷേപത്തിനു പോയി. ലങ്കാദഹനമായിരുന്നു കഥ. ലങ്കയ്ക്ക് ഹനുമാന്‍ തീ കൊടുക്കുന്ന ഭാഗമൊക്കെ രസിച്ചിരുന്നു കേട്ടു. ഇടയ്ക്ക് കണ്ണുകളടഞ്ഞപ്പോള്‍ വാലില്‍ തീയുമായി കൊട്ടാരങ്ങളില്‍നിന്ന് കൊട്ടാരങ്ങളിലേക്ക് ചാടുന്ന ഹനുമാനെ കണ്ടു. തീ പടര്‍ന്ന കോട്ടകൊത്തളങ്ങള്‍ കണ്ടു. വീട്ടിലെത്തിയ ഞാന്‍ വലിയണ്ണന്റെ കൗപീനമെടുത്ത് അരയില്‍ക്കെട്ടി. അതിന്റെ അറ്റം വിളക്കില്‍ക്കാണിച്ച് തീ കൊളുത്തി. ഹനുമാനെ അനുകരിച്ചു അട്ടഹസിച്ചും ആര്‍ത്തുവിളിച്ചും വീട്ടിനകത്തു ചുറ്റിനടന്നു. തക്ക സമയത്ത് അമ്മ കണ്ടുപിടിച്ചില്ലായിരുന്നെങ്കി ദേഹം പൊള്ളിയേനെ.
കല്യാണി പൊട്ടിച്ചിരിച്ചു. പിന്നെ ശബ്ദത്തില്‍ ഗൗരവം വരുത്തി പറഞ്ഞു:
‘ഇപ്പോഴും കോട്ടകൊത്തളങ്ങള്‍ക്ക് തീ കൊടുക്കുകയാണല്ലോ. ദിവാന്റെ കോട്ടകൊത്തളങ്ങളാണെന്നു മാത്രം.’
‘ആകെയൊരാശ്വാസമുള്ളത് ഹനുമാന് കൂട്ടിന് ഒരു പെണ്ണിനെ കിട്ടി എന്നുള്ളതാണ്.’
കല്യാണി പിന്നെയും ചിരിച്ചു.
‘അപ്പറഞ്ഞത് മുഴുവന്‍ ശരിയല്ല. ഞാന്‍ ഹനുമാനെ മാത്രമല്ല കല്യാണം കഴിച്ചത്. ശ്രീരാമനും ഹനുമാനും ചേര്‍ന്ന ഒരു മഹാപുരുഷനെയാണ്.’
‘പക്ഷേ ദേഹത്തുതൊടാന്‍ പറ്റില്ലെന്ന് മാത്രം.’
‘ആര് പറഞ്ഞു? ഞാന്‍ തൊട്ടല്ലോ. ഇനിയും തൊടാം.’
കല്യാണി പത്രാധിപരെ ചുറ്റിപ്പിടിച്ചു. അദ്ദേഹവും അവളെ ആലിംഗനം ചെയ്തു.
ദീര്‍ഘമായ ഒരാലിംഗനത്തില്‍ അവര്‍ അമര്‍ന്നു.
(തുടരും)






















