കല്യാണിയുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും പത്രാധിപര്‍ കടന്നുവന്നുകൊണ്ടിരുന്നു. ആ ചിന്തകളെ ആട്ടിയോടിച്ചു കളയാന്‍ അവള്‍ കിണഞ്ഞു. താന്‍ ഒരിക്കല്‍ നിരസിച്ച ആളാണ്. അതും വ്യക്തമായ കാരണങ്ങള്‍ കൊണ്ട്. അങ്ങനെയൊരാള്‍ക്ക് വീണ്ടും മനസ്സില്‍ ഇരിപ്പിടം നല്കുക എന്ന് പറഞ്ഞാല്‍ പരാജയമല്ലേ? ഭീരുത്വമല്ലേ? സ്വതന്ത്രമായി അഭിപ്രായം രൂപീകരിക്കാനും സ്വന്തം കാഴ്ചപ്പാട് എവിടെയും തുറന്നുപറയാനും ദൃഢനിശ്ചയം ചെയ്ത മനസ്സാണ് തന്റേത്. സ്ത്രീ അബലയാണെന്നും ദുര്‍ബലയാണെന്നുമുള്ള പ്രഖ്യാപനങ്ങളെ നേരിട്ടുകൊണ്ടാണ് വളര്‍ന്നുവന്നത്. അമ്മയോട് എതിരിട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ അമ്മ പിന്തുണയും നല്കിയിട്ടുണ്ട്. അച്ഛനാണെങ്കില്‍ പിന്നെ വല്ലപ്പോഴുമുള്ള ഒരു സന്ദര്‍ശകന്‍ മാത്രം. തന്റെ കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ല. ശാസിക്കാന്‍ വന്നിട്ടില്ല. നായര്‍ സമുദായത്തിന്റെ ശാപം എന്ന് താന്‍ വിശ്വസിക്കുന്ന ബന്ധത്തിന്റെ സന്തതിയാണ് താനെന്ന ബോധം അവള്‍ക്കുണ്ട്.
എഴുത്തുകാരിയാവാന്‍ ആഗ്രഹിച്ച വല്ലതുമൊക്കെ കുത്തിക്കുറിക്കാനും ചിലതൊക്കെ അച്ചടിച്ചുവരാനും തുടങ്ങിയശേഷം പ്രോത്സാഹനകരമായ വാക്കുകള്‍ കിട്ടിയത് പത്രാധിപരില്‍ നിന്നാണ്. അച്ചടിച്ച പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാര്‍ പോലും തരാത്ത പരിഗണന. ഒരുപക്ഷേ അതാവാം പത്രാധിപര്‍ രാമകൃഷ്ണ പിള്ളയോട് തനിക്കു തോന്നുന്ന ആകര്‍ഷണത്തിന്റെ ഹേതു.
ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് പുറത്തുനിന്ന് ആരോ വിളിച്ചുചോദിക്കുന്നത്.
‘കല്യാണി അമ്മയുണ്ടോ? കല്യാണിഅമ്മ?’
കല്യാണി പുറത്തേക്കു ചെന്നു.
‘അതെ. ഞാന്‍ തന്നെയാണ് കല്യാണി അമ്മ. എന്താ?’
ഒരു മധ്യവയസ്‌കനാണ് മുന്നില്‍. അയാളുടെ കൈയില്‍ ഒരു പൊതിക്കെട്ടുണ്ട്.
‘കൊല്ലത്ത് മലയാളി ഓഫീസില്‍ നിന്ന് ഒരു കെട്ട് തന്നയച്ചിട്ടുണ്ട്.’
അയാള്‍ പൊതിക്കെട്ട് കല്യാണി അമ്മയ്ക്ക് കൈമാറി.
‘എന്നാല്‍പ്പിന്നെ ഞാന്‍…’
പിന്തിരിയാന്‍ ഭാവിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. കല്യാണി തല കുലുക്കി.
അവള്‍ വേഗം പൊതിക്കെട്ടുമായി അകത്തേക്ക് കയറി.
മലയാളിയില്‍ നിന്ന് എന്ന് പറഞ്ഞാല്‍ പത്രാധിപരില്‍ നിന്ന്.. പുസ്തകങ്ങളാണ്.
അവള്‍ ആകാംക്ഷയോടെ പൊതി തുറന്നു. പുസ്തകങ്ങള്‍ തന്നെ. എട്ടു പുസ്തകങ്ങള്‍. എല്ലാം രാമകൃഷ്ണപിള്ള എഴുതിയവ. അവള്‍ പുസ്തകങ്ങള്‍ ഓരോന്നായി എടുത്ത് പേരുകള്‍ വായിച്ചു. ബാലബോധിനി, അങ്കഗണിതം, ക്ഷേത്രഗണിതസാധനാപാഠങ്ങള്‍, കൃഷിശാസ്ത്രം, സോക്രട്ടീസ്, നായന്മാരുടെ സ്ഥിതി, ഭൂവിവരണചോദ്യങ്ങള്‍, ഭാര്യാധര്‍മ്മം.
ഇവയില്‍പ്പലതും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയതാണെന്നവള്‍ക്കറിയാം. നന്നായി വിറ്റു പോകുന്ന പുസ്തകങ്ങള്‍.
അവള്‍ പുസ്തകങ്ങള്‍ വീണ്ടും വീണ്ടും മറിച്ചുനോക്കി.
അവയ്ക്കിടയില്‍ ഒരു കടലാസുമുണ്ട്. മിടിക്കുന്ന ഹൃദയത്തോടെ അവള്‍ അത് നിവര്‍ത്തി.
‘പ്രിയപ്പെട്ട കല്യാണി അമ്മേ, പുതുവത്സരസമ്മാനമായി ഈ പുസ്തകങ്ങള്‍ സ്വീകരിക്കുക. നാം തമ്മില്‍ നടന്നിട്ടുള്ള സാഹിത്യസംവാദങ്ങളുടെ തുടര്‍ച്ചയായി ഇതിനെ കാണണം.’
ആ കടലാസും മാറിലടക്കിപ്പിടിച്ച് കല്യാണി ചിന്താവിഷ്ടയായി ഏറെ നേരം അങ്ങനെ ഇരുന്നു.
ഏതാനും നാളുകള്‍ കഴിഞ്ഞ് പുറത്തുനിന്ന് വീട്ടിലേക്കു വരികയായിരുന്നു കല്യാണി. വീട്ടിലേക്കു നോക്കിയ അവള്‍ക്ക് അദ്ഭുതവും കൗതുകവുമുണ്ടായി. വീട്ടിനു മുന്നില്‍ നിന്ന് പത്രാധിപര്‍ തുറന്നുകിടക്കുന്ന വാതിലിലൂടെ അകത്തേക്ക് നോക്കുകയാണ്. പിന്നെ പിന്തിരിയുന്നു. രണ്ടുനാലടി വച്ചശേഷം പിന്നെയും വീട്ടിനു മുന്നിലേക്ക് വരുന്നു.
പത്രാധിപരുടെ പിന്നില്‍നിന്ന് കല്യാണി വിളിച്ചുചോദിച്ചു:’എന്താ, അകത്തേക്ക് കയറുന്നില്ലേ?’
പത്രാധിപര്‍ ഞെട്ടിത്തിരിഞ്ഞുനോക്കി. മുഖത്ത് അദ്ഭുതവും ജാള്യതയും സന്തോഷവും മിന്നിമിന്നിത്തെളിഞ്ഞു.
‘ങാ, കല്യാണിയമ്മ പുറത്തുണ്ടായിരുന്നോ?’ പിന്നെ തന്റെ പ്രവൃത്തിക്ക് ഒരു വിശദീകരണമെന്നപോലെ തുടര്‍ന്നു:’ഞാന്‍ ഇവിടെ അടുത്തുള്ള മള്ളൂര്‍ ഗോവിന്ദപ്പിള്ളയുടെ വീട്ടില്‍ വന്നതാണ്. അപ്പോ വിചാരിച്ചു കല്യാണി അമ്മ ഉണ്ടെങ്കില്‍ ഒന്ന് കണ്ടുപോകാമെന്ന്.’
‘വരൂ. അകത്തിരിക്കാം.’ കല്യാണി ക്ഷണിച്ചു.
‘ഇല്ല. ഒന്ന് കാണണമെന്നു തോന്നി. ഇങ്ങോട്ടുവന്നു. കണ്ടല്ലോ. ഇനി ഞാന്‍ പോകുന്നു. ഇന്ന് തന്നെ കൊല്ലത്തേക്കു പോണം.’
‘ഒരു കാപ്പി കുടിച്ചേച്ചുപോകാം.’
‘അടുത്തതവണ ഞാന്‍ കൊല്ലത്തുനിന്ന് വരട്ടെ.. കാപ്പി കുടിക്കാനായിത്തന്നെ ഇങ്ങോട്ടുവരാം. പുസ്തകങ്ങളെക്കുറിച്ചുള്ള ആ നിരൂപണങ്ങള്‍ക്ക് നേരില്‍ക്കണ്ട് നന്ദി പറയാന്‍ കൂടിയാണ് ഇങ്ങോട്ട് കയറിയത്.’
‘നിരൂപണമോ? നിരൂപണത്തിനുള്ള കഴിവൊന്നും എനിക്കില്ല. വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ എഴുതീന്നേയുള്ളൂ.’
‘നിരൂപകരൊക്കെ അങ്ങനെയാണ് തുടങ്ങുന്നത്.’ പത്രാധിപര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: ‘പിന്നെ, ഗള്ളിവറുടെ സഞ്ചാരകഥകള്‍ മലയാളത്തിലാക്കിത്തരണമെന്ന് ഞാന്‍ എഴുതീരുന്നല്ലോ. അതൊന്ന് ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ് വന്നത്.’ ‘ഗേള്‍സ് സ്‌കൂളിലെ ജോലിയുണ്ട്. പിന്നെ വനിതാവേദിയുടെ പ്രവര്‍ത്തനങ്ങളുണ്ട്. ഇതൊക്കെ കഴിഞ്ഞുവേണം എഴുതാന്‍’ കല്യാണി തന്റെ നിസ്സഹായത പത്രാധിപരെ ധരിപ്പിച്ചു.
‘തിരക്കിനിടയില്‍ എഴുതാന്‍ കൂടി സമയം കണ്ടെത്തണം. എഴുത്ത് ഒരു സിദ്ധിയല്ലേ? എല്ലാവര്‍ക്കും അതങ്ങനെ കിട്ടുകയില്ല. കിട്ടുന്നവര്‍ അത് പ്രയോജനപ്പെടുത്തണം.’ പത്രാധിപര്‍ കല്യാണിയെ പ്രോത്സാഹിപ്പിച്ചു.
കല്യാണി ഒന്നും മിണ്ടാതെ തല കുനിച്ചുനിന്നതേയുള്ളൂ.
പത്രാധിപര്‍ പോകാനായി തിരിഞ്ഞു. രണ്ടടി വച്ചശേഷം തിരിഞ്ഞു കല്യാണിയെ നോക്കി.
‘അടുത്ത തവണ ഞാന്‍ കൊല്ലത്തുനിന്ന് വരുമ്പോള്‍ ഒരദ്ധ്യായമെങ്കിലും തയ്യാറാക്കി വയ്ക്കണം.’
അദ്ദേഹം നടന്നുനീങ്ങി. കല്യാണി തെല്ലുനേരം ആ പോക്ക് നോക്കിനിന്നു. പിന്നെ മുറിക്കകത്തേക്കു കയറി. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പുറത്തെടുത്ത് എല്ലാം ഒന്നുകൂടി മറിച്ചുനോക്കി.
അദ്ദേഹം വീട്ടിനകത്തേക്കുവന്നിരുന്നെങ്കില്‍, കുറേ നേരം സംസാരിച്ചിരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍…അങ്ങനെയൊക്കെ അവളാലോചിച്ചു. ഇനി എന്നായിരിക്കാം അദ്ദേഹം കൊല്ലത്തുനിന്നുവരിക.?
എന്നാല്‍, പത്രാധിപര്‍ വീണ്ടുമെത്താന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല കല്യാണിക്ക്.
പത്രാധിപര്‍ യാത്ര പറഞ്ഞുപോയതിന്റെ പിറ്റേന്നാള്‍. അദ്ദേഹത്തിന്റെ ഉപദേശം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലായിരുന്നു അവള്‍. ഏകാഗ്രതയോടെ അവള്‍ എഴുതുകയായിരുന്നു.
അന്നേരം വാതില്ക്കല്‍ മുട്ട് കേട്ടു. മനസ്സുറപ്പിച്ച് എഴുതാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന ഈ തടസ്സം അവളെ തെല്ലൊന്ന് അലോസരപ്പെടുത്താതിരുന്നില്ല.പേന താഴെ വച്ച് അവളെഴുന്നേറ്റു.
വാതില്‍ തുറന്നപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടുപോയി. മുന്നില്‍ പത്രാധിപര്‍!
‘ഇന്നലെ കൊല്ലത്തേക്ക് പോകുന്നെന്ന് പറഞ്ഞിട്ട്….?’
പത്രാധിപര്‍ അവളുടെ മുഖത്തുനിന്ന് കണ്ണുകള്‍ തിരിച്ചു.പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
‘പോകണമെന്ന് തന്നെയാണ് വിചാരിച്ചിരുന്നത്. പക്ഷേ,ഇന്നലെ യാദൃച്ഛികമായി ഒരു ബന്ധുവിനെ കണ്ടു. അപ്പോ ഒരു വിവരമറിഞ്ഞു. ഉടനെ ഇവിടെ വരണമെന്നു തോന്നി. ഒരു കാര്യം പറയാന്‍…’
‘കാലേ അറിയിച്ചിരുന്നെങ്കില്‍ കാര്യം കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരിക്കുമായിരുന്നു. ഇതിപ്പോള്‍….’
അതുകേട്ട് ഒരു നിമിഷം പത്രാധിപര്‍ ശങ്കിച്ചുനിന്നു. കല്യാണി ഒരു ചിരിയോടെ പറഞ്ഞു:
‘കാര്യം എന്തുതന്നെയായാലും അകത്തുകയറി ഇരുന്ന് സംസാരിക്കാം.’
പത്രാധിപരുടെ മറുപടിക്ക് കാക്കാതെ അവള്‍ തിരിഞ്ഞു നടന്നു. പത്രാധിപര്‍ അനുധാവനം ചെയ്തു. നടക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു:
‘കാലേ പറഞ്ഞിരുന്നെങ്കില്‍ കാണാന്‍ സൗകര്യമില്ലെന്ന് പറഞ്ഞാലോ എന്നായിരുന്നു ശങ്ക.’
കല്യാണി അദ്ദേഹത്തിന് കസേര നീക്കിയിട്ടു. അതിലേക്കമര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു:
‘നേരില്‍ വന്നാല്‍ ഒഴിഞ്ഞു മാറില്ലല്ലോ എന്ന് വിചാരിച്ചു..ഭാഗ്യം പരീക്ഷിക്കാമെന്നു കരുതി. ഞാന്‍ അസൗകര്യപ്പെടുത്തുകയില്ല. പറയാനുള്ളത് വേഗത്തില്‍ പറഞ്ഞു തീര്‍ക്കാം.’
‘പറയണം.’
‘മൂന്നുമാസം മുന്‍പ് എന്റെ ഒരു കല്യാണാലോചന വന്നിരുന്നു, അല്ലേ?’
‘അതെ.’
‘അത് ഞാനറിഞ്ഞിരുന്നില്ല.എന്റെ ബന്ധുക്കളും സുഹൃത്തുക്കളും കൂടി ഒപ്പിച്ച പണിയായിരുന്നു അത്. അറിഞ്ഞിരുന്നെങ്കില്‍… നമ്മള്‍ തമ്മിലുള്ള കത്തിടപാടുകളൊന്നും നടക്കുമായിരുന്നില്ല. ഇന്നലെ മാത്രമാണ് ഞാനതറിയുന്നത്. കല്യാണി ആ ആലോചന നിരസിച്ച കാര്യവുമറിഞ്ഞു.’
‘പിന്നേ ….. ഭാര്യ മരിച്ച് മൂന്നു മാസമായപ്പോള്‍ അടുത്ത കല്യാണാലോചന നടത്തുന്ന ആളെപ്പറ്റി പുച്ഛമല്ലേ തോന്നൂ…?’
‘ശരിയാണ്. പക്ഷേ. ഞാനതറിഞ്ഞില്ല… കല്യാണിക്കറിയുമോ? പഠിച്ചുകൊണ്ടിരിക്കുമ്പഴേ വീട്ടില്‍ നിന്നും പുറത്തായതാണ് ഞാന്‍. പിന്നെ എന്നും ഞാന്‍ തനിച്ചായിരുന്നു. ഒറ്റയ്ക്കുള്ള എന്റെ ജീവിതത്തെപ്പറ്റി ഉല്‍ക്കണ്ഠ തോന്നീട്ടാവാം അവര്‍ അങ്ങനെയൊരു ആലോചനയുമായി വന്നത്.’
കല്യാണി ഒന്നും മിണ്ടിയില്ല. അന്നത്തെ കല്യാണാലോചനയെപ്പറ്റി അവള്‍ ഓര്‍മ്മിച്ചു. എത്ര വാശിയോടെയാണ് താനത് നിരസിച്ചതെന്നും അവളോര്‍ത്തു. പിന്നീട് വന്ന പത്രാധിപരുടെ കത്തുകള്‍, കിട്ടിയ പുസ്തകങ്ങള്‍, പുച്ഛത്തിന്റെ സ്ഥാനത്ത് മെല്ലെ മെല്ലെ കയറിപ്പറ്റാന്‍ തുടങ്ങിയ ആരാധന. അവള്‍ നിശ്ശബ്ദയായിരുന്നുവെങ്കിലും മനസ്സ് പ്രക്ഷുബ്ധമായിരുന്നു.
പത്രാധിപര്‍ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.കല്യാണിയുടെ മനസ്സിലൂടെ കടന്നുപോകുന്നതെന്തെന്ന് അദ്ദേഹം അറിയുന്നുണ്ടായിരുന്നു.
‘ആ ആലോചന എന്റെ അറിവോടെ വന്നതല്ലെന്ന് വീണ്ടും ഞാന്‍ പറയുന്നു.’ അസുഖകരമായ ആ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് പത്രാധിപര്‍ പറഞ്ഞു. ഒന്നു നിര്‍ത്തിയിട്ട് അവളെ ആകാംക്ഷയോടെ ഉറ്റുനോക്കി. പിന്നെ തന്റെ മുന്നിലെ ഏതോ ബിന്ദുവിലേക്ക് ദൃഷ്ടിയുറപ്പിച്ച് അദ്ദേഹം തുടര്‍ന്നു: ‘ഏതായാലും അങ്ങനെ ഒരാലോചന വന്ന നിലയ്ക്ക് അതിനെ പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറല്ല. അനുകൂലമായ മറുപടി കിട്ടുമെന്ന പ്രതീക്ഷയോടെ ഇതാ ഒരു പ്രാവശ്യം കൂടി അപേക്ഷിക്കുന്നു. എന്നെ നിരസിക്കത്തക്ക കാരണങ്ങളില്ലെങ്കില്‍ ഈ അപേക്ഷ സ്വീകരിക്കുക.’
മറുപടി പറയാന്‍ കുഴയുന്നതുപോലെ കല്യാണി ഒരു നിമിഷം മിണ്ടാതെയിരുന്നു. പിന്നെയവള്‍ മുഖമുയര്‍ത്തി.
‘അത് അത്ര സുസാദ്ധ്യമാണോ? അങ്ങനെ തോന്നുന്നുണ്ടോ?’
‘അസാദ്ധ്യമാണെന്നു തോന്നുന്നില്ല.’
‘എന്റെ തോന്നല്‍ നേരേ തിരിച്ചാണ്. ഇതേപ്പറ്റി നമ്മള്‍ തമ്മില്‍ സംസാരിക്കാന്‍ തന്നെ പാടില്ല. അല്പകാലത്തെ പരിചയമേ നാം തമ്മിലുള്ളൂ.അതിനാല്‍ ഇതിനു മറുപടി തരാന്‍ വിചാരിക്കുന്നില്ല.’
‘ചിരപരിചിതരായവര്‍ തമ്മിലേ വിവാഹാലോചന പാടുള്ളൂ എന്നോ വിവാഹം കഴിക്കാവൂ എന്നോ ഒരു നിയമം നമുക്കിടയിലില്ല. പരിചയക്കുറവ് വിവാഹാലോചന നിരസിക്കുന്നതിനുള്ള മതിയായ കാരണമല്ല. അതത്യാവശ്യമെന്നു തോന്നുന്നത് ഇംഗ്ലീഷ് നോവലുകള്‍ വായിച്ചതിന്റെ ഫലമായിരിക്കും. ഈ ലോകത്തുകാണുന്ന ഭാര്യാ-ഭര്‍ത്താക്കന്മാരൊക്കെ ചിരപരിചയം കൊണ്ട് കല്യാണം കഴിച്ചവരാണോ?’
‘അവരില്‍ പലരുടെയും ജീവിതം എങ്ങനെ പോകുന്നുവെന്ന് ആര്‍ക്കറിയാം?’ കല്യാണി ഒന്ന് നിര്‍ത്തി. പിന്നെ ദൃഢസ്വരത്തില്‍ തുടര്‍ന്നു: ‘അതൊക്കെ എന്തോ ആവട്ടെ. ഈ സംസാരം ഇവിടെ നിര്‍ത്താം. വാദിച്ചുജയിക്കാനുള്ള കഴിവോ വാക്പാടവമോ എനിക്കശേഷമില്ല.’
പത്രാധിപര്‍ മെല്ലെ എഴുന്നേറ്റു. എങ്ങനെ സംഭാഷണം തുടരാം എന്ന ഒരു സന്ദേഹത്തില്‍ അദ്ദേഹം അകപ്പെട്ടുപോയപോലെ നിന്നു.കല്യാണിയെ തിരിഞ്ഞുനോക്കി പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു: ‘മുഷിയണ്ട. നിര്‍ബന്ധിക്കാന്‍ എനിക്കധികാരമില്ല. തന്നെയുമല്ല, നിങ്ങളുടെ സ്ഥിതിയിലെത്തിയിട്ടുള്ള ഒരു സ്ത്രീയോട് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിക്കാനുമാവില്ല. എന്റെ എഴുത്തിനേക്കാള്‍ ശക്തി എന്റെ വാക്കുകള്‍ക്കുണ്ടെന്നു വിചാരിച്ചുപോയി. ആ തെറ്റിദ്ധാരണയാണ് ഇത്രയും പറയാന്‍ ഇടയാക്കിയത്. എന്റെ സാഹസത്തെ പൊറുക്കുക.’ അദ്ദേഹം ഒരു ചുവട് മുന്‍പോട്ടുവച്ചു, അവിടെത്തന്നെ നിന്നു. ‘എങ്കിലും, എന്റെ അപേക്ഷയെപ്പറ്റി സമയമെടുത്ത് ഒന്നാലോചിക്കുക.’ വിടാന്‍ ഭാവമില്ലെന്ന മട്ടില്‍ അദ്ദേഹം തുടര്‍ന്നു: ‘ആലോചിച്ചിട്ട് മറുപടി തരിക. മറുപടി അനുകൂലമോ പ്രതികൂലമോ ആയിക്കൊള്ളട്ടെ. നമ്മള്‍ക്കിപ്പോഴുണ്ടായ ഈ പരിചയത്തെ ഈ നിലയിലെങ്കിലും നിര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം.’
അത്രയും പറഞ്ഞിട്ട് പത്രാധിപര്‍ വേഗത്തില്‍ മുന്നോട്ടുനടന്നു. അവിടെ നിന്നാല്‍ അഹിതമായ എന്തെങ്കിലും കേട്ട് മനസ്സ് പീഡിതമാവും എന്ന് ഭയന്നിട്ടെന്നപോലെ.






















