വിവേകാനന്ദദര്‍ശനം ആര്‍.എസ്.എസ്സിന് മാത്യകയാവുന്നത് എന്തുകൊണ്ട്?
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഖ്യ പ്രചോദനങ്ങളിലൊന്ന് സ്വാമി വിവേകാനന്ദന്റെ ജീവിതവും സന്ദേശവുമാണ്. കാരിരുമ്പിന്റെ പേശീബലവും ഉരുക്കിന്റെ ഞരമ്പുകളും ഇടിമുഴക്കത്തിന്റെ ഹൃദയവമുള്ള യുവാക്കളെയാണ് സ്വാമി വിവേകാനന്ദന്‍ ആഗ്രഹിച്ചത്. ഇതുതന്നെയാണ് സംഘത്തിന്റെ ദൈനംദിന ശാഖാപദ്ധതികളില്‍ നാം കാണുന്നത്. രാഷ്ട്രനിര്‍മ്മാണ കാര്യത്തില്‍ സ്വാമി വിവേകാനന്ദന്റെ ആശയങ്ങളില്‍ സുപ്രധാനമായവ ആരംഭം മുതല്‍ക്കേ ആര്‍.എസ്.എസ്. സ്വീകരിച്ചു പോരുന്നു. ജനങ്ങളുടെ നിത്യജിവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സംഘം വളരെ ശ്രദ്ധ വയ്ക്കുന്നുണ്ട്. രാജ്യത്തെ പരിപാലിക്കാനും അതിനെ ദൃഢമാക്കാനും യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാക്കി ആത്മീയമായി ശക്തിപ്പെടുത്താനും സ്വാമിജി അടിസ്ഥാനപരമായി ആശ്രയിച്ചത് യുവതലമുറയെയാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ പ്രതീക്ഷയും അവരില്‍ കേന്ദ്രീകൃതമായിരുന്നു. കുറ്റമറ്റരീതിയില്‍ കെട്ടിപ്പടുത്തതും അച്ചടക്കമുള്ളതുമായ സംഘടനയില്ലാതെ മഹത്തായ ഒന്നുംതന്നെ നേടാനാവില്ലെന്ന് അദ്ദേഹം പൂര്‍ണ്ണമായും തിരിച്ചറിഞ്ഞിരുന്നു. മാതൃഭൂമിയ്ക്കുവേണ്ടി പൂര്‍ണ്ണ സമര്‍പ്പിത സേവനം നടത്തുന്ന ആര്‍.എസ്.എസ് ഈ ആശയത്തിന്റെ രൂപവല്‍ക്കരണമാണ്.
സ്വാമി വിവേകാനന്ദനെ സംബന്ധിച്ചിടത്തോളം ഭാരതത്തിന്റെ രണ്ട് ദേശീയ ആദര്‍ശങ്ങള്‍ ത്യാഗവും സേവനവുമാണ്. ഇത് രണ്ടും പിന്തുടരുക മാത്രമാണ് ഭാരതത്തിന്റെ ക്ഷേമത്തിലേയ്ക്കുള്ള ഏക വഴി എന്ന് ആര്‍.എസ്.എസ്സും കരുതുന്നു. ത്യാഗത്തിന്റെയും സേവനത്തിന്റെയും സംസ്‌കാരം ഒരു രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാകണമെങ്കില്‍ വളരെ ചിട്ടയോടെയുള്ള പരിശീലനം ആവശ്യമാണ്. ദൈനംദിന ശാഖകള്‍ അതിനുള്ള വേദിയാണ്. ത്യാഗത്തെ പ്രതിനിധാനം ചെയ്യുന്ന കാവിപതാകയ്ക്കുകീഴില്‍ സ്വയംസേവകര്‍ രാഷ്ട്രസേവനത്തിന്റെ പ്രതിജ്ഞ പുതുക്കുന്നു. ഇതിന്റെ ഫലമായി മാതൃഭൂമിക്കുവേണ്ടി ജീവിതം പൂര്‍ണ്ണ സമര്‍പ്പണം ചെയ്ത ആയിരക്കണക്കിന് യുവാക്കള്‍ രാജ്യവ്യാപകമായി സംഘപ്രവര്‍ത്തനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നു.
മാനവസേവയാണ് ഈശ്വരസേവയെന്ന സ്വാമി വിവേകാനന്ദസൂക്തമാണ് ആര്‍.എസ്.എസ് സ്വീകരിച്ചിരിക്കുന്നത്. കേവലം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെക്കാള്‍ ദേശീയ പ്രസ്ഥാനമാണ് വേണ്ടതെന്ന് സ്വാമി വിവേകാനന്ദനെപ്പോലെ ആര്‍.എസ്.എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറും വിശ്വസിച്ചു. ഈ രാജ്യത്തിന്റെ ദേശീയത ചിട്ടപ്പെടുത്തുന്നത് ഹിന്ദു സംസ്‌കാരം തന്നെയാണ് എന്ന് രണ്ടുപേരും വിശ്വസിച്ചു. സാമ്രാജ്യത്വശക്തികളെ പുറത്താക്കണമെങ്കില്‍ സംഘടിതമായ അച്ചടക്കവും ദേശവ്യാപക പ്രവര്‍ത്തനവും ദ്യഢനിശ്ചയവുമുള്ള ദേശീയവാദികളെക്കൊണ്ടേ സാധ്യമാകൂ എന്നവര്‍ കരുതി. സംഘടനയായിരുന്നു അതിന്റെ താക്കോല്‍. ഒരു പൊതു ആദര്‍ശവും അച്ചടക്കവുംകൊണ്ട് ചിട്ടപ്പെടുത്തിയ ജനങ്ങളുടെ സംഘടിത ശക്തിയെയാണ് രാജ്യത്തിന് മറ്റെന്തിനെക്കാളും ആവശ്യമെന്ന ഉറച്ച കാഴ്ചപ്പാടായിരുന്നു സ്വാമി വിവേകാനന്ദനെപ്പോലെ ഡോക്ടര്‍ജിക്കുമുണ്ടായിരുന്നത്. സംഘടനയുടെ അഭാവമാണ് ഭാരതത്തിന്റെ പ്രശ്‌നം എന്ന് സ്വാമിജി പറഞ്ഞു. അത് പരിഹരിക്കുന്നതിനാണ് പില്‍ക്കാലത്ത് ആര്‍.എസ്.എസ് രൂപംകൊണ്ടത്. ഹിന്ദു സമൂഹം വിവിധ കാരണങ്ങളാല്‍ അസംഘടിതരായിരുന്നുവെന്ന് മാത്രമല്ല, ദേശീയ ഐക്യത്തെയും സവിശേഷതയേയും കുറിച്ച് അവര്‍ അജ്ഞരായിരുന്നു. ഹിന്ദുസംഘടന എന്ന ലക്ഷ്യം സാദ്ധ്യമാക്കാന്‍ അടിസ്ഥാന ചിന്ത ദേശീയതെയക്കുറിച്ചുള്ളതായിരിക്കണം. വിശ്വസാഹോദര്യത്തിന്റെ പ്രചാരകനായിരുന്ന സ്വാമി വിവേകാനന്ദന്‍ ഭാരതത്തെ ഹിന്ദുരാഷ്ട്രമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഘടിത ഹിന്ദു സമൂഹമായിരുന്നു സ്വാമി വിവേകാനന്ദന്റെയും ഡോക്ടര്‍ജിയുടെയും ലക്ഷ്യം.
ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വയം അകന്നുനിന്ന്, എന്നാല്‍ രാജ്യത്തെ അതിന്റെ മഹിമയുടെ കൊടുമുടിയില്‍ എത്തിക്കാന്‍ സ്വയം സമര്‍പ്പിതരായ രാജ്യസ്‌നേഹികളെ സൃഷ്ടിക്കാന്‍ ഒരു രാജ്യവ്യാപക ഹിന്ദുദേശീയതാ സംഘടന കെട്ടിപ്പടുക്കാന്‍ ആത്മാര്‍പ്പണം നടത്തിയ ഡോ. ഹെഡ്‌ഗേവാര്‍ ഓരോരോ കല്ലുകള്‍ കെട്ടിപ്പൊക്കുംപോലെയാണ് രാഷ്ട്രീയ സ്വയംസേവക സംഘം രൂപപ്പെടുത്തിയത്. ഭാരതത്തെ അതിന്റെ ആത്മീയ ദേശീയതയുടെ അടിസ്ഥാനത്തില്‍ വിശ്വഗുരുവാക്കി ശക്തിപ്പെടുത്തണമെന്ന ആത്യന്തിക ലക്ഷ്യമായിരുന്നു സ്വാമി വിവേകാനന്ദനെപ്പോലെ ഡോക്ടര്‍ജിക്കും ഉണ്ടായിരുന്നത്. ശ്രീരാമകൃഷ്ണശിഷ്യരില്‍ സ്വാമി വിവേകാനന്ദനും സ്വാമി അഖണ്ഡാനന്ദയും ഏറെ മാനസിക ഐക്യം ഉളളവരായിരുന്നു. സ്വാമി അഖണ്ഡാനന്ദയുടെ അന്ത്യനാളുകളില്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ ശ്രീഗുരുജിയുമുണ്ടായിരുന്നു. അഖണ്ഡാനന്ദ സ്വാമികളുടെ ഉപദേശപ്രകാരമാണ് ഗുരുജി ആര്‍.എസ്.എസ്സില്‍ തിരികെ വന്ന്, ജീവിതകാലം മുഴുവന്‍ അതിനെ നയിച്ചത്. ശ്രീരാമകൃഷ്ണാശ്രമവുമായി ശ്രീഗുരുജി ഏറെ അടുത്ത ബന്ധം വച്ചു പുലര്‍ത്തിയിരുന്നു. ഭാരതത്തിന്റെ ഭാവിയെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ക്ക് പ്രായോഗിക രൂപം നല്‍കാന്‍ ആര്‍.എസ്.എസ്സിന് കഴിഞ്ഞു. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഉജ്ജ്വലസ്മാരകം അതിന്റെ പ്രതീകമാണ്. ആര്‍.എസ്.എസ് സര്‍കാര്യവാഹ് ആയിരുന്ന ഏകനാഥറാനഡെയാണ് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്റെ സ്ഥാപകന്‍.
ഹിന്ദുരാഷ്ട്രത്തിന്റെ പുനരുജ്ജീവനത്തിന് സ്വാമി വിവേകാനന്ദന്റെ ദര്‍ശനം തന്നെയാണ് ആര്‍.എസ്.എസ്സിന്റെ വഴികാട്ടി. ഹിന്ദുരാഷ്ട്രത്തിനുവേണ്ടി സ്വാമി വിവേകാനന്ദന്‍ രൂപപ്പെടുത്തിയ ദര്‍ശനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നത്. ഡോക്ടര്‍ജിയുടെ സങ്കല്പങ്ങളെയും ഹൃദയത്തെയും ഏറെ സ്വാധീനിച്ചത് വിവേകാനന്ദ ദര്‍ശനങ്ങളാണ് എന്നതില്‍ തര്‍ക്കമില്ല.





















