ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വളര്‍ച്ച ആഗോള ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മത്സരം രാജ്യങ്ങള്‍ക്കിടയിലെ കേവലം പരമ്പാരാഗത സൈനിക ശക്തിയിലോ സാമ്പത്തികശേഷിയിലോ മാത്രമൊതുങ്ങുന്നില്ല. സെമികണ്ടക്ടറുകള്‍, നിര്‍ണായക ധാതുക്കള്‍ (Critical Minerals), അത്യാധുനിക കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, വിപുലമായ ചിപ്പ് ഉല്‍പ്പാദനം, എഐ എന്നിവയില്‍ മേല്‍ക്കോയ്മ നേടിയെടുത്ത രാജ്യങ്ങളാണ് ഇന്നത്തെ ലോകത്തെ നിയന്ത്രിക്കുന്നത്.
ഈ പുതിയ സാഹചര്യത്തിലാണ് ചൈനയ്ക്ക് മേലുള്ള ആഗോള ആശ്രയത്വം കുറയ്ക്കുന്നതിനും സമാന്തര സാങ്കേതിക വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനുമായി അമേരിക്കയുടെ നേതൃത്വത്തില്‍ പാക്‌സ് സിലിക്ക (Pax Silica) എന്ന തന്ത്രപ്രധാന സഖ്യത്തിന് രൂപം നല്‍കിയത്. ജൂണ്‍ 25-26 തീയതികളിലായി വാഷിംഗ്ടണില്‍ നടന്ന രണ്ടാമത് പാക്‌സ് സിലിക്ക ഉച്ചകോടിയില്‍ ഭാരതം മറ്റ് 34 രാജ്യങ്ങള്‍ക്കൊപ്പം സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു. ആദ്യ ഉച്ചകോടി ഫെബ്രുവരിയില്‍ നടന്നു. ഇത് കേവലമൊരു സാങ്കേതിക കരാറല്ല, മറിച്ച് ഇന്ത്യ-യുഎസ് സിവില്‍ ആണവ കരാറിന് ശേഷം രാജ്യം കൈക്കൊള്ളുന്ന ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപരവുമായ തീരുമാനങ്ങളിലൊന്നാണ്. അങ്ങനെ ഭാവി ലോകത്തിന്റെ ഡിജിറ്റല്‍ നയങ്ങളും ചട്ടക്കൂടുകളും രൂപീകരിക്കുന്ന നിര്‍ണ്ണായകമായ വേദിയില്‍ സ്വന്തമായൊരു സ്ഥാനം ഈ സഖ്യത്തിലൂടെ ന്യൂദല്‍ഹി ഉറപ്പിച്ചിരിക്കുകയാണ്.
മുന്‍കാലങ്ങളിലെ അന്താരാഷ്ട്ര സാങ്കേതിക പങ്കാളിത്തങ്ങള്‍ ഭൂരിഭാഗവും കേവലം സോഫ്റ്റ്‌വെയര്‍ വികസനത്തിലോ സംയുക്ത ഗവേഷണങ്ങളിലോ മാത്രമാണ് ഒതുങ്ങിനിന്നിരുന്നത്. എന്നാല്‍ പാക്‌സ് സിലിക്കയുടെ ലക്ഷ്യം തികച്ചും വ്യത്യസ്തമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയെ ഒരു ആഗോള ഉല്‍പ്പാദന ശൃംഖലയായി സംയോജിപ്പിക്കാന്‍ ഈ കൂട്ടായ്മ ആഗ്രഹിക്കുന്നു. അത്യാധുനിക ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിന് ആവശ്യമായ നിര്‍ണ്ണായക ധാതുക്കള്‍ സുരക്ഷിതമാക്കുന്നത് മുതല്‍ എഐ ഡാറ്റാ സെന്ററുകള്‍ക്ക് ആവശ്യമായ വമ്പിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് വരെ ഈ സഖ്യത്തിന്റെ പരിധിയില്‍ വരുന്നു.
കൂടാതെ സെമികണ്ടക്ടര്‍, അഡ്വാന്‍സ്ഡ് ചിപ്പ്, ഉയര്‍ന്ന ശേഷിയുള്ള എഐ കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, എഐ മോഡലുകള്‍, സുരക്ഷിതമായ ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലകള്‍, അന്താരാഷ്ട്ര ഡിജിറ്റല്‍ കണക്റ്റിവിറ്റി, വിദേശ നിക്ഷേപങ്ങളുള്‍പ്പടെ സാങ്കേതികവിദ്യയ്ക്കായുള്ള സാമ്പത്തിക സഹായങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നു. ചുരുക്കത്തില്‍ ചിപ്പുകളില്ലാതെ എഐ പ്രവര്‍ത്തിക്കില്ല, നിര്‍ണായക ധാതുക്കളില്ലാതെ ചിപ്പുകള്‍ നിര്‍മ്മിക്കാനാവില്ല. ഇവയെല്ലാം സുഗമമായി നടക്കണമെങ്കില്‍ പരസ്പര സഹകരണത്തോടെയുള്ള ആഗോള വിതരണ ശൃംഖല ആവശ്യമാണെന്ന തിരിച്ചറിവാണ് അമേരിക്കയെയും സഖ്യകക്ഷികളെയും ചൈനയ്ക്ക് ബദലായി ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കാന്‍ പ്രേരിപ്പിച്ചത്.
പാക്‌സ് സിലിക്കയില്‍ ഭാരതം
ഈ സഖ്യത്തില്‍ ഭാരതം വെറുമൊരു വിപണിയെന്ന നിലയിലല്ല, മറിച്ച് സാങ്കേതികവിദ്യയുടെ ഉല്‍പ്പാദനം, രൂപകല്പന, നവീകരണം എന്നിവയിലെല്ലാമൊരു തുല്യ പങ്കാളിയാണ്. സാങ്കേതിക വിദ്യാഭ്യാസമുള്ള പ്രതിഭകള്‍, മികച്ച ചിപ്പ് രൂപകല്‍പ്പന ശേഷി, വലിയ ആഭ്യന്തര വിപണി എന്നിവയാണ് പാക്‌സ് സിലിക്കയില്‍ ഭാരതത്തിന്റെ പ്രധാന ആയുധങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ഡിസൈന്‍ എഞ്ചിനീയര്‍മാരുടെ നീണ്ട നിര ഭാരതത്തിലുണ്ട്. ആഗോള ചിപ്പ് കമ്പനികളെല്ലാം തങ്ങളുടെ നിര്‍ണായക ചിപ്പ് രൂപകല്‍പ്പന ജോലികള്‍ ചെയ്യുന്നത് ഭാരതത്തിലാണ്. എന്നാല്‍ കുറഞ്ഞ ആഭ്യന്തര നിര്‍മ്മാണ ശേഷിയായിരുന്നു ഭാരതം നേരിട്ടിരുന്ന വെല്ലുവിളി. പാക്‌സ് സിലിക്കയിലൂടെ കൈവരുന്ന വലിയ നിക്ഷേപങ്ങളും സാങ്കേതിക കൈമാറ്റവും ഈ കുറവ് പരിഹരിക്കാന്‍ സഹായിക്കും.
ഭാരതത്തിന്റെ ആഭ്യന്തര വ്യവസായ നയങ്ങളും ഈ അന്താരാഷ്ട്ര പങ്കാളിത്തവുമായി ഒത്തു പോകുന്നു. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച പ്രത്യേക അപൂര്‍വ്വ ധാതു ഇടനാഴികള്‍ ഖനനം, സംസ്‌കരണം, ഉല്‍പ്പാദനം, ഗവേഷണം എന്നിവയെ ഒരൊറ്റ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നു. കൂടാതെ, 2025-ല്‍ പ്രഖ്യാപിച്ച 7,280 കോടി രൂപയുടെ അപൂര്‍വ്വ ധാതു സ്ഥിര കാന്തിക ഉല്‍പ്പാദന പദ്ധതി (Rare Earth Permanent Magnets) ഭാരതത്തിന്റെ തദ്ദേശീയ ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായകരമാണ്. ഭാരതത്തിന്റെ നിലവിലുള്ള ധാതു വേര്‍തിരിച്ചെടുക്കല്‍-സംസ്‌കരണ സൗകര്യങ്ങളെ ആഗോള വിപണിയിലേക്ക് സംയോജിപ്പിക്കുവാന്‍ സഖ്യത്തിലെ പങ്കാളിത്തം സഹായിക്കുന്നു. ഇത് രാജ്യത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം കയറ്റുമതിയും വര്‍ദ്ധിപ്പിക്കും.
ഭൗമരാഷ്ട്രീയ തലത്തില്‍ പാക്‌സ് സിലിക്കയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നിലവില്‍ ആഗോള അപൂര്‍വ്വ ധാതു സംസ്‌കരണത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയാണ്. ഭാരതം തങ്ങളുടെ കാന്തിക സാമഗ്രികളുടെയും ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെയും 80 മുതല്‍ 90 ശതമാനം വരെ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അടുത്ത കാലത്ത് ചൈന ഏര്‍പ്പെടുത്തിയ ചില കയറ്റുമതി നിയന്ത്രണങ്ങള്‍ ഭാരതത്തിന്റെയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് വാഹനം എന്നീ മേഖലകളെ സാരമായി ബാധിച്ചിരുന്നു. പാക്‌സ് സിലിക്കയിലൂടെ വിതരണ ശൃംഖലകള്‍ വൈവിധ്യവത്കരിക്കുന്നതോടെ ചൈനയുടെ ഇത്തരം ഭീഷണികളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഈ രാജ്യങ്ങള്‍ക്ക് തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാന്‍ സാധിക്കും.
വെറും ഉല്‍പ്പാദനത്തിനപ്പുറം എഐയുടെ ഭാവി നിയമങ്ങളും നിയന്ത്രണങ്ങളും നിര്‍ണ്ണയിക്കുന്നതിലും പാക്‌സ് സിലിക്കയ്ക്ക് വലിയ പങ്കുണ്ട്. കര്‍ക്കശമായ നിരോധനങ്ങള്‍ക്ക് പകരം, സ്റ്റാര്‍ട്ടപ്പുകളെയും നവീകരണങ്ങളെയും പിന്തുണയ്ക്കുന്ന സമീപനമാണ് ഈ സഖ്യം മുന്നോട്ട് വെക്കുന്നത്. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ എന്നിവയുള്ള ഭാരതത്തിന് ഈ മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും. കൂടാതെ, ലോകത്ത് വരാനിരിക്കുന്ന 6ഏ സാങ്കേതികവിദ്യയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിലും ഭാരതത്തിന് നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ ഈ സഖ്യം വഴിയൊരുക്കുന്നു. ചുരുക്കത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ അനുസരിക്കുന്ന പഴയ രീതി മാറി ആഗോള നിയമങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പങ്കാളിയാകാന്‍ ഭാരതത്തിന് സാധിക്കും.
സാങ്കേതികവിദ്യ ഭൗമരാഷ്ട്രീയ സ്വാധീനത്തിന്റെ പ്രധാന തൂണായി മാറുന്ന പുതിയൊരു ലോകക്രമത്തിന്റെ പ്രതീകമാണ് പാക്‌സ് സിലിക്ക. ഈ സഖ്യത്തില്‍ ഭാരതത്തിന്റെ സാന്നിധ്യം ആഗോള സാങ്കേതിക ഭൂപടത്തില്‍ രാജ്യത്തിന്റെ വളരുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ഭാരതത്തിന്റെ അപൂര്‍വ്വ ധാതു ഇടനാഴികളും സെമികണ്ടക്ടര്‍ പദ്ധതികളും, തദ്ദേശീയ 6ഏ നവീകരണങ്ങളും ഒന്നിച്ച് ചേര്‍ത്ത് പാക്‌സ് സിലിക്കയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാല്‍ ആഗോള വിതരണ ശൃംഖലയുടെ ഒരു പ്രധാന കേന്ദ്രമായി രാജ്യം മാറുമെന്നതില്‍ തര്‍ക്കമില്ല. വെറുമൊരു പങ്കാളിയെന്നതിലുപരി ഭാവി ഡിജിറ്റല്‍ ലോകത്തിന്റെ നിയന്ത്രകരില്‍ പ്രധാനിയാകുവാനുള്ള പാതയിലാണ് ഭാരതമിപ്പോള്‍.






















