ആര്‍.എസ്.എസ് ഒരു മതേതര സംഘടനയാണോ? ഹിന്ദുമതത്തോടും മതേതരത്വത്തോടുമുള്ള അതിന്റെ സമീപനം എന്താണ്?
”സര്‍വ്വധര്‍മ്മ സമഭാവന” എന്ന ഭാരതീയ വീക്ഷണമാണ് ആര്‍.എസ്.എസ്സിന്റെ അടിസ്ഥാനശില. എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്ന സംസ്‌കാരമാണത്. എന്നാല്‍ മതേതരത്വം ഒരു പാശ്ചാത്യ കാഴ്ചപ്പാടും, വ്യവസ്ഥയുമാണ്. ഭരണകൂടം മതത്തില്‍നിന്ന് സ്വതന്ത്രമായി നിലകൊള്ളുന്ന വ്യവസ്ഥയാണ് മതേതരത്വം. യൂറോപ്പില്‍ ക്രിസ്തുമതം മാത്രമാണുണ്ടായിരുന്നത്. നവോത്ഥാനവും, മതനവീകരണപ്രസ്ഥാനങ്ങളും വരുന്നതുവരെ കത്തോലിക്കാസഭയും റോമിലെ പോപ്പുമായിരുന്നു രാജാക്കന്മാരെ നിയന്ത്രിച്ചിരുന്നത്. മതനവീകരണത്തിന്റെ (Reformation) ഭാഗമായി പ്രൊട്ടസ്സന്റ് ചര്‍ച്ച് ഉടലെടുത്തതോടെ പോപ്പിന് ആധിപത്യം നഷ്ടപ്പെട്ടു. ഭരണകൂടം മതത്തില്‍ (ക്രിസ്തുമതം) നിന്ന് സ്വതന്ത്രമാകുന്ന അവസ്ഥ അങ്ങനെ അംഗീകരിക്കപ്പെട്ടു. 1648 ലെ യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വെസ്റ്റ്‌ഫേലിയ കരാറില്‍ മതേതരത്വവും അംഗീകരിക്കപ്പെട്ടു. ക്രമേണ യുറോപ്പിലെ കത്തോലിക്ക ഇതര രാജ്യങ്ങളില്‍ മതേതരത്വം ശക്തമായി.
മതേതരത്വത്തെ വികൃതമായാണ് ഭാരതത്തില്‍ അവതരിപ്പിച്ചത്. ഒന്ന് മതം എന്ന നിലയില്‍ ‘ഹിന്ദുമതത്തെ’ വ്യാഖ്യാനിക്കാന്‍ കഴിയില്ല. അതിന് ഒരു പ്രത്യേക ആരാധന പദ്ധതിയോ, ഗ്രന്ഥമോ, ആചാര്യനോ ഇല്ല. സാംസ്‌കാരികമായ ഏകത്വവും, എന്നാല്‍ ആചാര – അനുഷ്ഠാനങ്ങളില്‍ വ്യത്യസ്തതയും അംഗീകരിക്കുന്നു. എല്ലാ മതത്തേയും ഹിന്ദുവിന് ഉള്‍ക്കൊള്ളാന്‍ കഴിയും. കാരണം ഒരു പ്രവാചകനാല്‍ ചിട്ടപ്പെടുത്തിയ മത ബോധമല്ല ഹിന്ദുവിന്റേത്. മാത്രമല്ല ഒരു പ്രവാചകനും ഹിന്ദുവിന് അന്തിമവാക്കുമല്ല. ഓരോ വ്യക്തിയ്ക്കും പ്രവാചകനായി ഉയരാന്‍ അവകാശമുണ്ട്. ‘അഹം ബ്രഹ്മാസ്മി’, ‘തത്ത്വമസി’ തുടങ്ങിയ ഹിന്ദുവിന്റെ അടിസ്ഥാന തത്വങ്ങളിലെല്ലാം ദൈവം ഓരോരുത്തരിലും ഓരോ അണുവിലും എല്ലാ ജീവജാലങ്ങളിലും അടങ്ങിയിരിക്കുന്നു. മനുഷ്യനും മൃഗങ്ങളും വൃക്ഷങ്ങളും നദികളും പര്‍വ്വതനിരകളുമൊക്കെ ആരാധനാപാത്രങ്ങളാണ്. കോടിക്കണക്കിന് ദേവതകള്‍ ഉണ്ട്. ഓരോ ഭാവത്തിനും ഓരോ ദേവതയുണ്ട്.
ഒരു ജനതയുടെ ദേശീയത നിര്‍ണ്ണയിക്കുമ്പോള്‍ അതിന്റെ പ്രധാന ഘടകം മതമായിരിക്കരുത് എന്നതാണ് ആര്‍.എസ്.എസ്സിന്റെ തത്വം. യൂറോപ്പിലും, പശ്ചിമേഷ്യയിലും മതമായിരുന്നു ഏകീകരണ ശക്തി. ആര്‍.എസ്.എസ്സിനെ സംബന്ധിച്ച് മതം എന്നത് തികച്ചും വ്യക്തിപരമാണ്. അത് ജനതയുടെ സാമൂഹികവും, രാഷ്ട്രീയവുമായ വീക്ഷണത്തേയോ, കൂറിനേയോ സ്വാധീനിക്കേണ്ടതില്ല. ഹൈന്ദവ ദേശീയ ജീവിതത്തിന്റെ ആണിക്കല്ല് ഒരു പൊതു സമ്പ്രദായമായിരുന്നു. അല്ലാതെ പൊതു ആരാധനാ സമ്പ്രദായമായിരുന്നില്ല. ഐക്യത്തിന്റെയും ഭദ്രതയുടെയും ഹൈന്ദവ കാഴ്ചപ്പാട് ഏകരൂപമായിരുന്നില്ല, സമഞ്ജസതയായിരുന്നു. ഇണക്കമായിരുന്നു. ഒരു മനുഷ്യന് ദേശീയതയില്‍ ഹിന്ദുവായി നിന്നു കൊണ്ടുതന്നെ സനാതനിയാവാം, ആര്യസമാജക്കാരനാവാം, ക്രിസ്ത്യാനിയാവാം, മുസ്ലിമാവാം, ബൗദ്ധനാവാം, സിക്കുകാരനുമാവാം. അതില്‍ ഒരു തെറ്റുമില്ല.
മതത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും പാടില്ല. അത് ഹിന്ദു സംസ്‌കാരത്തിന് എതിരാണ്. ഭാരതത്തില്‍ ജീവിക്കുന്ന ഓരോ പൗരനും രാഷ്ട്രധര്‍മ്മമുണ്ട്, സമാജധര്‍മ്മമുണ്ട്, കുലധര്‍മ്മമുണ്ട്. അയാളുടെ വ്യക്തിധര്‍മ്മത്തിലേ അയാള്‍ക്ക് തന്റെ ആത്മാവിന്റെ തൃപ്തിയ്ക്ക് ഉതകുന്ന മതം തിരഞ്ഞെടുക്കാനാകൂ. മറ്റു മതങ്ങളോട് സഹിഷ്ണുത കാണിക്കുന്നതല്ല,അവയെ ആദരിക്കുന്നതാണ് ആര്‍.എസ്.എസ്സിന്റെ ശൈലി. ഒരേ ദേശീയവീക്ഷണമുളള, ഒരേ സംസ്‌കാരമുള്ള, പരസ്പരം ബഹുമാനിക്കുന്നതും, ആദരിക്കപ്പെടുന്നതുമായ വിവിധ മതങ്ങളുടെ നാടായിരിക്കണം ഭാരതം എന്നതാണ് ആര്‍.എസ്.എസ് കാഴ്ചപ്പാട്. മതത്തെ രാഷ്ട്രീയ ആവശ്യത്തിനായി ദുരുപയോഗം ചെയ്യുന്നതാണ് എതിര്‍ക്കപ്പെടുന്നത്. ഭാരതത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ഏതൊരു ശ്രമത്തെയും എക്കാലവും ആര്‍.എസ്.എസ് എതിര്‍ക്കും. 1940 കളില്‍ മത അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടന്നപ്പോള്‍ ശക്തമായ എതിര്‍പ്പാണ് ആര്‍എസ്എസ് സര്‍സംഘചാലക് ശ്രീ ഗുരുജി ഗോള്‍വല്‍ക്കര്‍ പ്രകടിപ്പിച്ചത്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെയും മുസ്ലിംലീഗിനെയും എതിര്‍ക്കേണ്ടിവന്നത് അതുകൊണ്ടാണ്. മുസ്ലീം വിഭാഗീയ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് മുസ്ലീം മതത്തോടുളള എതിര്‍പ്പല്ല. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരാണ് ആര്‍.എസ്.എസ്സിനെ മുസ്ലിം, ക്രിസ്ത്യന്‍ വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നത്.
ഭാരതത്തില്‍ ബൗദ്ധ, ജൈന, സിക്ക്, പാഴ്‌സി വിഭാഗങ്ങള്‍ നൂറ്റാണ്ടുകളായി യാതൊരു സംഘര്‍ഷവും കൂടാതെയാണല്ലോ കഴിഞ്ഞത്. പശ്ചിമേഷ്യന്‍ മുസ്ലിം ശക്തിയും പാശ്ചാത്യ കൊളോണിയന്‍ ശക്തികളുമാണ് മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചത്. ഒപ്പം നിര്‍ബ്ബന്ധിത മതപരിവര്‍ത്തനവും നടത്തി. ഈ മത ആക്രമണത്തെ ആര്‍.എസ്.എസ് എതിര്‍ക്കുന്നു. മതത്തെയല്ല എതിര്‍ക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം മതപരമായ ആക്രമണമാണ്. മാത്രമല്ല മതവിഭാഗീയതയെ സാംസ്‌കാരികമായ ഏകത്വംകൊണ്ട് ആര്‍.എസ്.എസ് എതിര്‍ക്കുന്നു. സാംസ്‌കാരിക ബിംബങ്ങളും, മതബിംബങ്ങളും വിഭിന്നമാണ്. മതത്തേയും സംസ്‌കാരത്തേയും കൂട്ടികുഴയ്ക്കുന്നതാണ് തെറ്റ്. പാശ്ചാത്യ മതേതര സങ്കല്പത്തെക്കാളും വിശാലവും ശക്തവുമാണ് ഭാരതീയ മതേതരത്വം. അത് സര്‍വ്വധര്‍മ്മ സമഭാവനയാണ്. ഭാരതം ഇന്ന് മതേതര രാഷ്ട്രമായി നിലകൊളളുന്നത് ഭരണഘടനയുടെ ശക്തിയിലല്ല, മറിച്ച് ഹിന്ദു സംസ്‌കാരത്തിന്റെ അടിത്തറയിലാണ്. ഈ സംസ്‌കാരത്തെയാണ് ആര്‍.എസ്.എസ് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയത്തില്‍ മതത്തെ കൊണ്ടുവരുന്നത് ഗാന്ധിജിയുടെ നേതൃത്വത്തില്‍ 1921-ല്‍ കോണ്‍ഗ്രസ് ഖിലാഫത്തുപ്രസ്ഥാനത്തിന് പിന്തുണ നല്‍കുകയും, രാജ്യമെമ്പാടും ഖിലാഫത്തു സമിതികളും രൂപീകരിച്ചു കൊണ്ടാണ്. തുടര്‍ന്ന്, വലിയ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് രാജ്യം സാക്ഷിയായി. 1921-ലെ മലബാറിലെ ഹിന്ദു കൂട്ടക്കൊല അങ്ങനെ ഉണ്ടായതാണ്. പില്‍ക്കാലത്ത് മതത്തെ വോട്ട്ബാങ്ക് മാത്രമായി കണ്ടതും രാഷ്ട്രശരീരത്തില്‍ മുറിവേല്‍പ്പിച്ചുകൊണ്ടാണ്. സര്‍വ്വധര്‍മ്മ സമഭാവന ഭാരതത്തിന്റെ മുഖമുദ്രയായത് കൊണ്ടാണ് ഭാരതത്തിന്റെ ഭരണഘടനയില്‍ ‘സെക്കുലര്‍’ എന്ന പദം എഴുതിച്ചേര്‍ക്കാതിരുന്നത്. പില്‍ക്കാലത്ത് അടിയന്തരാവസ്ഥയുടെ നിഴലില്‍ മതേതരത്വം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത് 1976-ലെ 42-ാം ഭരണഘടനാഭേദഗതിയിലൂടെയാണ്. ചുരുക്കത്തില്‍ സര്‍വ്വധര്‍മ്മ സമഭാവനയാണ് ആര്‍.എസ്.എസ്സിന്റെ സമീപനം.





















