വന്ദേമാതര ഗാനത്തെ മുസ്ലീംലീഗ് എതിര്‍ക്കുന്നത് എന്തുകൊണ്ട്? ഹിന്ദു ദൈവങ്ങളെ പ്രകീര്‍ത്തിക്കുന്ന വന്ദേമാതര ഗാനത്തെ അവര്‍ എതിര്‍ക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയുമോ?
ബങ്കിംഗ് ചന്ദ്രചാറ്റര്‍ജി 1875ല്‍ ആണ് ‘വന്ദേമാതരം’ എഴുതുന്നത്. 1882ല്‍ അദ്ദേഹം രചിച്ച ‘ആനന്ദമഠം’ എന്ന നോവലിലൂടെയാണ് ‘വന്ദേമാതരം’ ജനകീയമാകുന്നത്. വളരെവേഗം അത് സ്വാതന്ത്ര്യവാഞ്ചയുടെയും ഒപ്പം സ്വാതന്ത്ര്യസമരസേനാനികളുടെ ആത്മാവിനെ തട്ടിയുണര്‍ത്തുന്ന മോചനഗീതമായി. ഭാരതാംബയെ വന്ദിക്കുന്ന ‘വന്ദേമാതരം’ ഭാരതഭൂമിയെ ഏറ്റവും വലിയ ദേവതയായും ആരാധനാബിംബമായും വര്‍ണ്ണിക്കുന്നു. ഓരോ ഭാരതീയന്റെയും പരമമായ ആരാധനാമൂര്‍ത്തി ഭാരതാംബയും ഏറ്റവും വലിയ ദൗത്യം ഭാരതാംബയെ വൈദേശിക ആധിപത്യത്തില്‍ നിന്നു മോചിപ്പിക്കുന്നതുമായി വന്ദേമാതരം പ്രഖ്യാപിക്കുന്നു. ഈ കാലഘട്ടത്തില്‍ തന്നെ ഭാരതഭൂമിയെ ഏറ്റവും പവിത്രമായി കാണാനും അത് ഇസ്ലാമിനെതിരാണെന്നും അള്ളാഹുവല്ലാതെ മറ്റൊരാളെയും വന്ദിക്കാന്‍ മുസ്ലീമിന് കഴിയില്ല എന്നും പ്രഖ്യാപിച്ചു കൊണ്ട് ചില മുസ്ലീം പണ്ഡിതന്മാര്‍ രംഗത്തു വന്നു. അതിനു പിറകില്‍ ചില ബ്രിട്ടീഷുകാരുടെ താല്പര്യവും ഉണ്ടായിരുന്നു. 1905ല്‍ ബംഗാള്‍ വിഭജനത്തിനെതിരായി വമ്പിച്ച ജനമുന്നേറ്റം ഉണ്ടായി. മുസ്ലീം-ഹിന്ദു വ്യത്യാസമില്ലാതെ ‘വന്ദേമാതരം’ എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രതിരോധം ഉണ്ടായി. ‘സ്വദേശി, വിദേശവസ്തുക്കളുടെ ബഹിഷ്‌കരണം, ദേശീയ വിദ്യാഭ്യാസം’ എന്നീ മൂന്നു കര്‍മ്മ പദ്ധതികളുമായാണ് ദേശീയ സ്വാതന്ത്ര്യസമരം ഉണര്‍ന്ന് എഴുന്നേറ്റത്. ഈ ദേശീയ മുന്നേറ്റത്തിനു മുമ്പില്‍ പരാജയപ്പെട്ട ബ്രീട്ടിഷ് സര്‍ക്കാര്‍ 1911ല്‍ ബംഗാള്‍ വിഭജനം തന്ത്രപരമായി റദ്ദു ചെയ്തു.
1905ലെ സ്വദേശി മുന്നേറ്റവും വന്ദേമാതരം ഉയര്‍ത്തിയ തീവ്ര ദേശീയ വിമോചന വികാരവും തളയ്ക്കുന്നതിന് ബ്രിട്ടീഷുകാര്‍ മുസ്ലീം മതപണ്ഡിതന്മാരെയും നേതാക്കളെയുമാണ് ഉപയോഗിച്ചത്. 1906, ഡിസംബര്‍ 30ന് ഇന്നത്തെ ബംഗ്ലാദേശിലെ ധാക്കയില്‍ മുസ്ലീംലീഗ് ജന്മംകൊണ്ടു. ദ്വിരാഷ്ട്രവാദത്തിന് രാഷ്ട്രീയരൂപം വരുന്നത് അന്നുമുതലാണ്. ഇതിനിടയില്‍ 1908ലെ കല്‍ക്കട്ടാ സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദാദാബായി നവറോജിയുടെ അദ്ധ്യക്ഷതയില്‍ ‘വന്ദേമാതര’ത്തെ ദേശീയഗാനമായി അംഗീകരിച്ചു.
സര്‍സയ്യിദ് അലി ഇമാം ആദ്യമായി വന്ദേമാതരഗാനത്തിനെതിരായും രക്ഷാബന്ധനെതിരായും രംഗത്തുവരുന്നത് 1908ലെ മുസ്ലീംലീഗിന്റെ സമ്മേളനവേദിയിലാണ്. തുടര്‍ന്ന് മറ്റു ചില മുസ്ലീം നേതാക്കളും വന്ദേമാതരഗാനം ആലപിക്കുന്നതില്‍ വിമുഖത കാണിച്ചു. വന്ദേമാതരഗാനത്തിനുള്ളില്‍ പരാമര്‍ശിക്കുന്ന ഹിന്ദു ദേവതകളുടെ നാമത്തിനെതിരായ വിയോജിപ്പിനേക്കാള്‍ മുസ്ലീം പണ്ഡിതര്‍ എതിര്‍ത്തിരുന്നത് ഭാരതദേശീയതയ്ക്ക് അഥവാ ‘ഭാരതാംബയ്ക്ക്’ പരമപ്രധാനമായ സ്ഥാനം നല്‍കുന്നതും എല്ലാ ദേവതമാര്‍ക്കും ഉപരിയായി പ്രതിഷ്ഠിക്കുന്നതുമാണ്. അള്ളാഹുവില്‍ വിശ്വസിക്കുന്നവര്‍ക്ക് മറ്റൊന്നിനെയും നമസ്‌കരിക്കാന്‍ കഴിയില്ല എന്നതായിരുന്നു അവര്‍ ഉന്നയിച്ച വാദം.
വന്ദേമാതരത്തിനെതിരായി താത്വികമായ എതിര്‍പ്പ് മാത്രമാണ് ഉന്നയിച്ചിരുന്നത്. ഇതിനിടയില്‍ കോണ്‍ഗ്രസ്സിന്റെ മുസ്ലീം പ്രീണനനയം വന്ദേമാതരഗാനത്തെയും വിഭജിക്കാന്‍ കാരണമായി. 1937ല്‍ കോണ്‍ഗ്രസ് അംഗീകരിച്ച വന്ദേമാതരഗാനത്തില്‍ വന്ദേമാതരഗാനത്തെ വിഭജിച്ച് ആദ്യത്തെ രണ്ട് പദ്യ ഭാഗം മാത്രമാക്കി അംഗീകരിച്ചു. ഹിന്ദു ദേവതമാരുടെ നാമം പരാമര്‍ശിക്കുന്ന ഭാഗങ്ങളെ ഒഴിവാക്കി. 1896ല്‍ കല്‍ക്കട്ട കോണ്‍ഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരഗാനം ആദ്യമായി ആലപിക്കുന്നത്. അന്നുമുതല്‍ 1937 വരെയും കോണ്‍ഗ്രസ് വേദികളില്‍ വന്ദേമാതരഗാനം പൂര്‍ണ്ണരൂപത്തിലാണ് ആലപിച്ചിരുന്നത്. രവീന്ദ്രനാഥ ടാഗൂര്‍ ആണ് 1896ല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആദ്യമായി വന്ദേമാതരം ആലപിക്കുന്നത്. തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വന്ദേമാതരഗാനത്തെയും ആനന്ദമഠം എന്ന നോവലിനെയും നിരോധിച്ചിരുന്നു. 1950 ജനുവരി 24ന് ഭരണഘടനാനിര്‍മ്മാണ സഭ വന്ദേമാതര ഗാനത്തെ ദേശീയഗീതമായും ‘ജനഗണമന’ യെ ദേശീയഗാനമായും അംഗീകരിച്ചു. 1937ല്‍ കോണ്‍ഗ്രസ് അംഗീകരിച്ച വന്ദേമാതരഗാനത്തിന്റെ ആദ്യത്തെ രണ്ടു പദ്യഭാഗമാണ് ഭരണഘടനാനിര്‍മ്മാണ സഭയും അംഗീകരിക്കുന്നത്.
വന്ദേമാതരത്തില്‍ ഹിന്ദുദേവതമാരുടെ പേരുകള്‍ പരാമര്‍ശിക്കുന്നു എങ്കിലും അത് ദേവതമാരെ സ്തുതിക്കുന്ന ഗീതമല്ല മറിച്ച് ഭാരതാംബയെ വര്‍ണ്ണിക്കുമ്പോള്‍ ഈ ദേവതമാരുടെ നാമങ്ങള്‍ കടന്നുവരുന്നതാണ്. മാതൃഭൂമിയെ ഹിന്ദു ദേവതകളുമായി ഉപമിക്കുന്നത് മതത്തിന്റെ ഇടുങ്ങിയ ലക്ഷ്യത്തോടെയല്ല, മറിച്ച് ശക്തിയുടെ പര്യായമായി ‘ദുര്‍ഗ്ഗ’ എന്ന ദേവതാസങ്കല്പം കടന്നുവരുന്നതാണ്. ഐശ്വര്യദേവത ലക്ഷ്മിയും, വിദ്യാദേവത സരസ്വതിയുമെല്ലാം രാഷ്ട്രമാതാവിനെ വര്‍ണ്ണിക്കുമ്പോള്‍ കടന്നുവരുന്ന ദേവതാ നാമങ്ങളാണ്. ഭാരതഭൂമിയുടെ സൗകുമാര്യവും സമൃദ്ധിയും വര്‍ണ്ണിച്ചുകൊണ്ട് രാഷ്ട്രമാതാവിനെ പരമമായ ശക്തിയായി കാണുന്നു. ത്യാഗവും, സേവനവും മുഖമുദ്രയാക്കിയ ദേശസ്‌നേഹികളുടെ പൂജാമന്ത്രമാണ് വന്ദേമാതരഗീതം. അതുകൊണ്ട് തന്നെ ഹിന്ദു ദേവതകളെ പ്രകീര്‍ത്തിക്കുന്ന കൃതിയുമല്ല വന്ദേമാതരം.
ചില മുസ്ലീം പ്രസ്ഥാനങ്ങളില്‍ നിന്നു ഉയര്‍ന്ന എതിര്‍പ്പ് ദ്വിരാഷ്ട്രവാദത്തിന്റെ ഉല്പന്നമാണ്. ഇസ്ലാം മതം ദേശീയതയെ അംഗീകരിക്കുന്നില്ല. ഇസ്ലാമിക രാഷ്ട്രം മതരാഷ്ട്രമാണ് മറിച്ച് ദേശീയരാഷ്ട്രമല്ല. സാംസ്‌കാരിക ദേശീയതയോ, ദേശീയ ബിംബങ്ങളോ പ്രകീര്‍ത്തിക്കുന്ന രചനകളും ഇസ്ലാമിക രാജ്യങ്ങളില്‍ അനുവദിക്കില്ല. അള്ളാഹു അല്ലാതെ പൂജനീയമായ ഒരു ബിംബവും ഇസ്ലാമില്‍ ഇല്ല. ചുരുക്കത്തില്‍ മാതൃരാജ്യത്തെ ഏറ്റവും ഉയര്‍ന്നതലത്തില്‍ മാതൃഭാവത്തില്‍ പ്രതിഷ്ഠിച്ച് ഭാരതാംബയായി ചിത്രീകരിച്ച് വന്ദിക്കുന്ന ഭാരതത്തിന്റെ സംസ്‌കാരം എതിര്‍ക്കപ്പെടുന്ന ഇസ്ലാമിക രാഷ്ട്രീയം തികച്ചും മതജന്യമാണ്.





















