- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ജനാധിപത്യം പുനഃസ്ഥാപിച്ച ആര്‍എസ്എസ് ദൗത്യം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 37)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
അടിയന്തരാവസ്ഥയെ പ്രതിരോധിക്കുന്നതില്‍ ആര്‍എസ്എസ് വെറുമൊരു പങ്കാളിയല്ലായിരുന്നു. ആ പ്രതിരോധത്തിന്റെ നട്ടെല്ലുതന്നെ സംഘമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒളിവിലും തെളിവിലുമുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ആര്‍എസ്എസ്സായിരുന്നു. അടിയന്തരാവസ്ഥ ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഒരിക്കലും മായാത്ത കറുത്ത പാടായിരുന്നെങ്കിലും ചില നായകന്മാരെയും അത് മുന്നോട്ടു കൊണ്ടുവന്നു. ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാന്‍ ജീവന്‍ പണയപ്പെടുത്തി പോരാടിയതും ആര്‍എസ്എസ് ആയിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നതിനു മുന്‍പുതന്നെ, ഇന്ദിരാ ഗാന്ധിയും അവരുടെ ഉപദേശകരും ആര്‍എസ്എസ്സിനെ സംശയദൃഷ്ടിയോടെ നിരീക്ഷിച്ചുവരികയായിരുന്നു. 1975 ജനുവരിയില്‍ തന്നെ, അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റായ്, ആര്‍എസ്സ്സസിനെ നിരോധിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. കാരണം, ബിഹാറിലും ഗുജറാത്തിലും ജയപ്രകാശ് നാരായണ്‍ നയിച്ച ഏകാധിപത്യവിരുദ്ധ പ്രസ്ഥാനത്തിന്, കോണ്‍ഗ്രസ്സിന്റെ മറ്റേതൊരു രാഷ്ട്രീയ എതിരാളിയേക്കാളും ആശയപരവും സംഘടനാപരവുമായ കരുത്ത് പകരുന്നത് ആര്‍എസ്എസ്സാണെന്ന് സിദ്ധാര്‍ത്ഥ ശങ്കര്‍ റായ് മനസ്സിലാക്കിയിരുന്നു.

1975 ജൂണ്‍ 25 നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 26 ന് അര്‍ദ്ധരാത്രിക്കു ശേഷം ഔദ്യോഗികമായി ആര്‍എസ്എസ്സിന് നിരോധനം ഏര്‍പ്പെടുത്തി. നടപടി ഉണ്ടാകുമെന്ന് മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്ന സംഘം, ഏതാണ്ട് ഒറ്റരാത്രികൊണ്ട് തന്നെ ഒളിപ്രവര്‍ത്തനങ്ങളിലേക്ക് മാറി. ആര്‍എസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരി ഇതിനെക്കുറിച്ച് ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ട്. കെ. രാമന്‍ പിള്ളയുടെ ‘അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍’ എന്ന പുസ്തകത്തിന് എഴുതിയ അവതാരികയില്‍ ആര്‍. ഹരി അന്നത്തെ സാഹചര്യത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
‘1975 ജൂണ്‍ 25 ന് രാത്രിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജൂണ്‍ 30 നാണ് സര്‍സംഘചാലക് ബാളാ സാഹേബ് ദേവറസ്ജിയെ നാഗ്പൂരില്‍ വച്ച് അറസ്റ്റു ചെയ്തത്. അതുവരെ അദ്ദേഹം ദല്‍ഹിയിലായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെതന്നെ ദല്‍ഹിയില്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും ഉപസ്ഥിത നേതൃത്വം ഒരുമിച്ചുകൂടി. മൂന്നുനാലു ദിവസത്തെ ക്ഷമാപൂര്‍വ്വമുള്ള നിരീക്ഷണത്തില്‍ക്കൂടി കാര്യങ്ങള്‍ ഏത് വഴിക്കു നീങ്ങുമെന്നവര്‍ കൃത്യമായി മനസ്സിലാക്കി. രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കില്ലെന്നും അവര്‍ കണക്കു കൂട്ടി. തുടര്‍ന്നുവേണ്ട പദ്ധതികളെക്കുറിച്ചും ചര്‍ച്ചചെയ്ത് തീരുമാനിച്ചു. ചുരുക്കത്തില്‍ തീരുമാനങ്ങള്‍ ഇവയായിരുന്നു: സംഘത്തിനു മാത്രമേ അഖില ഭാരത തലത്തില്‍ കൂറുറ്റ, കരുത്തുറ്റ സംഘടനാ യന്ത്രമുള്ളൂ. അതുകൊണ്ട് സംഘത്തിന് മാത്രമേ ശരിക്ക് നേതൃത്വം കൊടുക്കാനാവൂ. കര്‍മ്മരംഗത്തില്‍ കൃത്യതയും ചിട്ടയുമുണ്ടാകാന്‍ ജനസംഘം, മസ്ദൂര്‍ സംഘം, വിദ്യാര്‍ത്ഥി പരിഷത്ത്, വിശ്വഹിന്ദു പരിഷത്ത് (മറ്റ് വിവിധ ക്ഷേത്ര സംഘടനകളൊന്നും അന്ന് വികസിച്ചിരുന്നില്ല) എന്നിവ സംഘത്തിന്റെ സിംഗിള്‍ കമാന്‍ഡില്‍ പ്രവര്‍ത്തിക്കുകയും, താന്താങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വന്തം ലേബലില്‍ നടത്തുകയും വേണം. സാധാരണ പ്രവര്‍ത്തകര്‍ രംഗം മാറി പ്രവര്‍ത്തിക്കരുത്. അടിയന്തരാവസ്ഥയെ എതിര്‍ക്കേണ്ടതിന് പൊതുവായ കര്‍മ്മ സമിതി വേണം. അതിന് ലോക സംഘര്‍ഷ സമിതി എന്ന് നേരത്തെ തന്നെ നാമകരണം ചെയ്തു. സംഘത്തിന്റെ ഭാഗത്തുനിന്നും അതിന് പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ നാനാജി ദേശ്മുഖും ദത്തോപന്ത് ഠേംഗ്ഡിജിയും ആയിരുന്നു. അവരാണ് ഇതര സംഘടനകളെ സമ്പര്‍ക്കം ചെയ്യേണ്ടത്. സംഘത്തിലും വിവിധ ക്ഷേത്ര സംഘടനകളിലും പ്രവര്‍ത്തിക്കുന്ന പ്രചാരകന്മാര്‍ എല്ലാം ഒളിവില്‍ പോയി പ്രവര്‍ത്തനം ആസൂത്രണം ചെയ്യണമെന്നും, മറ്റുള്ള ഗൃഹസ്ഥ പ്രവര്‍ത്തകന്മാര്‍ അറസ്റ്റ് പ്രതീക്ഷിച്ച് വീട്ടുകാര്യങ്ങള്‍ പ്ലാന്‍ ചെയ്യണമെന്നും തീരുമാനിച്ചു. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിക്ക് സംഭവിച്ചിരിക്കുന്ന അപകടത്തെ തിരിച്ചറിയാനും, ഒരുതരത്തിലുള്ള ചാഞ്ചല്യവുമില്ലാതെ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാനും ആര്‍എസ്എസ് സജ്ജമായിരുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്.
വിദേശ രാജ്യങ്ങളിലും ബോധവല്‍ക്കരണം
ഭാരതത്തില്‍ മാത്രമല്ല വിദേശങ്ങളിലും അടിയന്തരാവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് നേതൃത്വം നല്‍കിയത് ആര്‍എസ്എസ്സാണ്. ഇതിനെക്കുറിച്ചും ആര്‍. ഹരി എഴുതുന്നുണ്ട്: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ 1920, 1930, 1942 എന്നീ വര്‍ഷങ്ങളില്‍ ബഹുജന സമരങ്ങള്‍ നടന്നു. 1948 ല്‍ സംഘനിരോധനത്തിനെതിരെ ബഹുജന സത്യഗ്രഹം നടന്നു. ഇവയിലൊന്നിലും ഇല്ലാതിരുന്ന സ്വഭാവ വിശേഷം ഇന്ദിരയുടെ സ്വേച്ഛാധിപത്യത്തിനെതിരെ നടന്ന ഈ സമരത്തില്‍ ഉണ്ടായിരുന്നു. അതായിരുന്നു അതിന്റെ ആഗോള സ്വഭാവം. ആഫ്രിക്കയിലെ ഭാരതീയ സ്വയംസേവക സംഘം, ബര്‍മയിലെ സനാതനധര്‍മ്മ സ്വയംസേവക സംഘം, ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി മുതലായ സംഘങ്ങള്‍ ജനാധിപത്യ ധ്വംസനത്തിനെതിരെ സ്വരമുയര്‍ത്തി കാലാകാലങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. ലേഖനങ്ങള്‍ എഴുതി. അവിടെ പ്രവര്‍ത്തിക്കാന്‍ ലക്ഷ്മണ്‍ റാവു ഭിഡേ എന്ന പ്രചാരകനെത്തി. എംപിയായ സുബ്രഹ്മണ്യന്‍ സ്വാമി അതിസമര്‍ത്ഥമായെത്തി യുഎസ്സിലും കാനഡയിലുമായി 40 പ്രഭാഷണങ്ങള്‍ നടത്തി. 37 സര്‍വകലാശാലകളിലും 20 ടെലിവിഷന്‍ പരിപാടികളിലും 17 റേഡിയോ പരിപാടികളിലും 40 പ്രസ് കോണ്‍ഫറന്‍സുകളിലും അദ്ദേഹം പങ്കെടുത്തു. തല്‍ക്കാല അഭയമായിട്ടാണെങ്കിലും പ്രസിദ്ധ വക്കീല്‍ രാംജത് മലാനി അമേരിക്കയിലെത്തി. അവിടത്തെ ന്യൂസ് വീക്കില്‍ അദ്ദേഹത്തിന്റെ സുദീര്‍ഘ മുഖാമുഖം പ്രസിദ്ധീകരിച്ചു. അതില്‍ അദ്ദേഹം ഇന്ദിരയെ ജനാധിപത്യത്തിന്റെ ഘാതക എന്ന് തുറന്നു കുറ്റപ്പെടുത്തി. അവിടങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്വയംസേവകര്‍ ഒത്താശ ചെയ്തു. ഇന്ത്യന്‍ കോഫി ബോര്‍ഡിന്റെ ഇംഗ്ലണ്ട് പ്രമുഖനായിരുന്ന മൈസൂര്‍ സ്വയംസേവക് സത്യനാരായണ അവരില്‍ പ്രമുഖനായിരുന്നു. പഞ്ചാബി സ്വയംസേവക് ജഗദീശ ശാസ്ത്രി സാര്‍ദാ കെനിയ, ടാന്‍സാനിയ, ഉഗാണ്ട മുതലായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സഞ്ചരിച്ചു കൊണ്ട് പ്രചാരം ചെയ്തു. വാസ്തവത്തില്‍ ഇന്ദിരയും അവരുടെ ശിങ്കിടികളും ഇത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എന്നു തോന്നുന്നു.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലണ്ടിലും മറ്റും ചില വ്യക്തികളും സംഘടനകളും പ്രവര്‍ത്തിച്ചിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജനാധിപത്യം അപകടത്തിലായപ്പോള്‍ ആഗോളതലത്തില്‍ ഇത്ര ആസൂത്രിതമായും വിജയകരമായും പ്രവര്‍ത്തിച്ചത് ആര്‍എസ്എസ്സായിരുന്നു. ഇടതു പാര്‍ട്ടികള്‍ക്ക് ആഗോള തലത്തില്‍ ബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഇന്ദിരാ ഗാന്ധിക്കും അടിയന്തരാവസ്ഥയ്ക്കും ഒപ്പമായിരുന്നു. പ്രമുഖ ഇടതു പാര്‍ട്ടിയായ സിപിഐക്ക് ആഭിമുഖ്യമുണ്ടായിരുന്ന സോവിയറ്റ് യൂണിയന്‍ അടിയന്തരാവസ്ഥയെ സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നുവല്ലോ.
നിശ്ശബ്ദമായ പ്രവര്‍ത്തനം ശക്തമായ പ്രതിരോധം
ഏകാധിപത്യത്തിനെതിരെ സ്വയം പോരാടുക മാത്രമല്ല ആര്‍എസ്എസ് ചെയ്തത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെ ഈ പോരാട്ടത്തില്‍ പങ്കാളികളാക്കാനും കഴിഞ്ഞു. ആരൊക്കെ എന്തൊക്കെ ചെയ്യണമെന്നതില്‍ ഒരു പ്രവൃത്തിവിഭജനവും നിശ്ചയിച്ചു. ഇതിനെക്കുറിച്ചും ആര്‍. ഹരി പറയുന്നുണ്ട്: ‘അണ്ടര്‍ ഗ്രൗണ്ട് ഹൈക്കമാന്‍ഡായി മോറോപന്ത് പിംഗ്‌ളെ, മാധവറാവു മൂളെ, ഭാവു റാവു ദേവറസ് എന്ന ത്രയത്തെ നിശ്ചയിച്ചു. എല്ലാ രാഷ്ട്രീയ ഗ്രൂപ്പുകളെയും സമ്പര്‍ക്കം ചെയ്യാന്‍ സുന്ദര്‍ സിംഗ് ഭണ്ഡാരിയും രാംഭാവു ഗോഡ്‌ബോളെയും, പ്രധാനപ്പെട്ട പ്രബുദ്ധരെ കാണാന്‍ പ്രൊഫ. രാജേന്ദ്ര സിംഗ്, ആചാര്യന്മാരെയും അഭിഭാഷകരെയും കാണാന്‍ ഡോ. ആബാജി ഥത്തേ, വിശ്വവിഭാഗ് സമ്പര്‍ക്കത്തിന് ലക്ഷ്മണ്‍ റാവു ഭിഡേയും കേദാര്‍നാഥ് സാഹ്നിയും, വരാന്‍ പോകുന്ന കോമണ്‍വെല്‍ത്ത് കോണ്‍ഫറന്‍സിനു വേണ്ടി ജഗന്നാഥ റാവു ജോഷി, ഉത്തം റാവു പാട്ടീല്‍, ഓംപ്രകാശ് ത്യാഗി എന്നിവരും, സാഹിത്യ നിര്‍മിതിക്കു വേണ്ടി ഭാനുപ്രകാശ് ശുക്ലയും വേദ പ്രകാശ് ഭാട്ടിയയും, ധര്‍മാചാര്യന്മാരെ സമ്പര്‍ക്കം ചെയ്യാന്‍ ദാദാ ആപ്‌ടേ, പത്രക്കാരെയും നിയമജ്ഞരെയും സമ്പര്‍ക്കം ചെയ്യാന്‍ അപ്പാ ഘടാടേ, കേന്ദ്രീയ സര്‍ക്കാര്‍ പ്രമുഖരെ സമ്പര്‍ക്കം ചെയ്യാന്‍ ബാപുറാവു മോഘേ- എന്നിങ്ങനെ പലതരം പ്രവര്‍ത്തന വിഭജനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രഥമ സപ്താഹത്തില്‍ തന്നെ നടന്നു. ഏറെ വൈകാതെ ഇതിന് സമാനമായ ഏര്‍പ്പാട് ഓരോ പ്രാന്തത്തിലുമുണ്ടായി. ചുരുക്കത്തില്‍ പ്രശ്‌നത്തിന്റെ ഗൗരവം സംഘപ്രസ്ഥാനം പൂര്‍ണമായി മനസ്സിലാക്കിയിരുന്നെങ്കിലും ആര്‍ക്കും പരിഭ്രമമൊട്ടുമുണ്ടായിരുന്നില്ല.

ഇന്ദിരയുടെ സ്വേച്ഛാധിപത്യം സര്‍വ്വതലസ്പര്‍ശിയായിരുന്നു. ഇതിനെതിരെ ശബ്ദിക്കുന്നവരും പോരാടുന്നവരും അതിക്രൂരമായി അടിച്ചമര്‍ത്തപ്പെടുമായിരുന്നു. അടിയന്തരാവസ്ഥയെ മനസ്സുകൊണ്ട് എതിര്‍ക്കുന്നവര്‍ പോലും ഭവിഷ്യത്ത് അനുഭവിക്കേണ്ടിവന്നു. ഹിന്ദി ഗായകന്‍ കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ക്ക് ആകാശവാണി വിലക്കേര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഏകാധിപത്യത്തെ സമഗ്രമായി വെല്ലുവിളിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചത്. പ്രത്യാഘാതങ്ങള്‍ ഗുരുതരമായിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്.
പിന്നീട് ശേഖരിക്കപ്പെട്ട ഒരു കണക്ക് ഇങ്ങനെയാണ്: ഭീതിജനകമായ മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട് (ങകടഅ) പ്രകാരം 77 സ്ത്രീകള്‍ ഉള്‍പ്പെടെ 23,015 ആര്‍എസ്എസ് പ്രവര്‍ത്തകരെ തടവിലാക്കി. സമാധാനപരമായ സത്യഗ്രഹ സമരങ്ങളില്‍ പങ്കെടുത്തതിന് മറ്റൊരു 44,965 സ്വയംസേവകരെയും അറസ്റ്റ് ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി സത്യാഗ്രഹത്തില്‍ പങ്കെടുത്തത് വെറും 10,000 ല്‍ താഴെ ആളുകളായിരുന്നു. (1) അക്കാലത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ബാലാസാഹേബ് ദേവറസിനെ നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തശേഷം പൂനെയിലെ യെര്‍വാദ ജയിലിലാണ് തടവിലാക്കിയത്. സര്‍സംഘചാലകിനെ അറസ്റ്റ് ചെയ്താല്‍ സംഘടന നിര്‍ജീവമാകുമെന്നും തകരുമെന്നുമാണ് ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. പിന്നീട് ഇന്ദിരാ ഗാന്ധിക്കു തന്നെ ഇപ്രകാരം സമ്മതിച്ചതിക്കേണ്ടിവന്നു: ”ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ 10 ശതമാനം പേരെപ്പോലും ഞങ്ങള്‍ക്ക് പിടികൂടാന്‍ കഴിഞ്ഞില്ല… അവര്‍ എല്ലാവരും ഒളിപ്രവര്‍ത്തനങ്ങളിലേക്ക് മാറി. നിരോധനം ഏര്‍പ്പെടുത്തിയിട്ടും ആര്‍എസ്എസ് ചിതറിപ്പോയില്ല.”(2)
ആര്‍എസ്എസ് ഒരിക്കലും ഒരു പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടിയുടെ ഘടനയുള്ള സംഘടനയായിരുന്നില്ല. ദിവസേന പ്രവര്‍ത്തിക്കുന്ന ശാഖകളുടെ വികേന്ദ്രീകൃതമായ ശൃംഖലയും, ദീര്‍ഘകാല പരിശീലനം ലഭിച്ച പ്രവര്‍ത്തകരുമാണ് അതിനെ അസാധാരണമായ രീതിയില്‍ കരുത്തുറ്റതാക്കിയത്. അതിലെ അംഗങ്ങള്‍ക്ക് ഭൂഗര്‍ഭത്തിലേക്ക് മാറി പ്രവര്‍ത്തിക്കാനും, നാലംഗ സംഘങ്ങളായി പ്രവര്‍ത്തിക്കാനും, ലഘുലേഖകള്‍ അച്ചടിച്ച് രഹസ്യമായി വിതരണം ചെയ്യാനും, ധനസമാഹരണം നടത്താനും, ജയിലിലടയ്ക്കപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കാനും അറിയാമായിരുന്നു. ‘ദി ഇക്കണോമിസ്റ്റ്’ മാസിക ഇക്കാര്യവും രേഖപ്പെടുത്തുകയുണ്ടായി. ”ഗ്രാമതലം വരെ അവര്‍ (ആര്‍എസ്എസ്) സംഘടിതമായിരുന്നു…ആവശ്യമായ അടിത്തറ ഒരുക്കിക്കഴിഞ്ഞാല്‍ ഒരു ചെറിയ തീപ്പൊരി പോലും വിപ്ലവത്തിന്റെ കാട്ടുതീക്ക് തുടക്കമിടാന്‍ മതിയാകും.”
ഈ തീപ്പൊരി പക്ഷേ ഇടതുപക്ഷത്തില്‍ നിന്നല്ല വന്നത്. സിപിഐ അടിയന്തരാവസ്ഥയെ പിന്തുണച്ചപ്പോള്‍, സോഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വത്തിലെ ഭിന്നതകളാലോ നിരുത്സാഹത്താലോ തളര്‍ന്നുനിന്നു. അപ്പോള്‍ ഉണ്ടായ ശൂന്യത നികത്തിയത് ആര്‍എസ്എസ് ആയിരുന്നു. ചരിത്രത്തിലെ കഠിനമായ ഒരു വിരോധാഭാസമെന്നപോലെ, പലപ്പോഴും ഫാസിസ്റ്റ് സംഘടനയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സംഘമാണ് പ്രവര്‍ത്തനരീതിയില്‍ ഏറ്റവും ഗാന്ധിയന്‍ മാര്‍ഗം സ്വീകരിച്ചത്. സ്വയംസേവകര്‍ സമാധാനപരമായ സത്യഗ്രഹം നടത്തി. അവര്‍ ജയിലിലടയ്ക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തു. രാജ്യത്താകെ നൂറുകണക്കിനാളുകള്‍ ബലിദാനികളാവുകയും ചെയ്തു. ഇവരിലധികം പേരും സ്വയംസേവകരായിരുന്നു.
1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 14 വരെയാണ് ആര്‍എസ്എസ് രാജ്യവ്യാപകമായി സംഘടിതമായ സത്യഗ്രഹം സംഘടിപ്പിച്ചത്. 5,349 കേന്ദ്രങ്ങളിലായി 1.5 ലക്ഷത്തിലധികം ആളുകള്‍ അതില്‍ പങ്കെടുത്തു. അവരില്‍ 80,000 പേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, മാധ്യമ സെന്‍സര്‍ഷിപ്പ് അവസാനിപ്പിക്കുക എന്നിവയായിരുന്നു ഈ പ്രക്ഷോഭത്തിന്റെ ആവശ്യങ്ങള്‍. സ്ത്രീകളും ഇതില്‍ സജീവമായി പങ്കെടുത്തു. അവരില്‍ 2,424 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ ആ ദൃശ്യം, ആര്‍എസ്എസിന്റെ പതിവ് പ്രവര്‍ത്തനശൈലിയേക്കാള്‍, 1942 ലെ കോണ്‍ഗ്രസിന്റെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
ഗുജറാത്തിലെ പ്രവര്‍ത്തനവും മോദിയുടെ ആള്‍മാറാട്ടവും
അക്കാലത്ത് ഒളി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന യുവ പ്രചാരകരില്‍ ഒരാള്‍ നരേന്ദ്ര മോദിയായിരുന്നു. ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മോദി നിരോധിക്കപ്പെട്ട സാഹിത്യങ്ങള്‍ വിതരണം ചെയ്യുന്നതുമുതല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതുവരെ ആര്‍എസ്എസിന്റെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ‘സംഘര്‍ഷ് മാ ഗുജറാത്ത്’ എന്ന ഗ്രന്ഥത്തില്‍, ഒരു സിഖുകാരന്റെ വേഷമുള്‍പ്പെടെ വിവിധ വേഷങ്ങളില്‍ അറസ്റ്റ് ഒഴിവാക്കിയതിനെക്കുറിച്ച് മോദി വിവരിച്ചിട്ടുണ്ട്. ഉജ്ജ്വലനായ സോഷ്യലിസ്റ്റ് നേതാവും പിന്നീട് അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസിന് ഗുജറാത്തില്‍ സുരക്ഷിതമായ താവളമൊരുക്കാനും മോദിക്ക് കഴിഞ്ഞു. ഒരു സോഷ്യലിസ്റ്റും ഒരു സ്വയംസേവകനും തമ്മില്‍ രൂപപ്പെട്ട ഇത്തരമൊരു സഹകരണം അടിയന്തരാവസ്ഥയ്‌ക്കെതിരായ മുന്നണി എത്ര വിശാലമായിരുന്നുവെന്നതിന് തെളിവായിരുന്നു.
പ്രവര്‍ത്തകരെ നല്‍കി വിശാലമായ ഈ കൂട്ടായ്മയെ സംഘടനാപരമായി ശക്തിപ്പെടുത്തിയത് ആര്‍എസ്എസ് ആയിരുന്നു. പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും സാംസ്‌കാരിക നായകനുമായിരുന്ന ഡോ. ശിവറാം കാരന്ത് ഇങ്ങനെ നിരീക്ഷിച്ചു: ”പോരാട്ടത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരില്‍ 80 ശതമാനത്തിലധികം പേരും ആര്‍എസ്എസ്സില്‍ നിന്നുള്ളവരായിരുന്നു… അവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഒന്നുമില്ലായിരുന്നു, വിശ്രമിക്കാന്‍ സ്ഥലവുമില്ലായിരുന്നു. എന്നിട്ടും അവരുടെ ആവേശത്തിന് ഒരു കുറവുമുണ്ടായില്ല.”
മോഡേണ്‍ റിവ്യൂ മാസികയുടെ പത്രാധിപരായ എം. സി. സുബ്രഹ്മണ്യം ഈ വിലയിരുത്തലിനെ പിന്തുണച്ച് ഇങ്ങനെ എഴുതി: ”സാമൂഹികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സന്ന്യാസിമാരുടെ ഒരു സേനയെ ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്റെ സ്വപ്‌നത്തിന് ഏറ്റവും അടുത്ത മറുപടിയാണ് ഇവര്‍… അവരുടെ പഴയ എതിരാളികള്‍ പോലും അവരെ ബഹുമാനിച്ചിരുന്നു.”
ഇന്ത്യന്‍ മാധ്യമങ്ങളുടെ വായ് സെന്‍സര്‍ഷിപ്പിലൂടെ മൂടിക്കെട്ടിയ സാഹചര്യത്തില്‍, വിദേശ മാധ്യമപ്രവര്‍ത്തകരാണ് അടിയന്തരാവസ്ഥയുടെ മറഞ്ഞുകിടന്ന യാഥാര്‍ഥ്യങ്ങള്‍ ലോകത്തോട് പറഞ്ഞത്. 1976 ഏപ്രിലില്‍ ദി ന്യൂയോര്‍ക്ക് ടൈംസ് മാഗസിനില്‍ ജെ. ആന്തണി ലൂക്കസ് എഴുതിയ ‘കിറശമ ശ െമ െകിറശൃമ ഉീല’െ എന്ന ശക്തമായ വിമര്‍ശന ലേഖനം, ആര്‍എസ്എസ്സിനെ അക്രമാസക്തമായ ഒരു സൈന്യമായി ചിത്രീകരിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്റെ പ്രചാരണത്തെ ചോദ്യം ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ചിത്രങ്ങളില്‍ നീളമുള്ള മുളവടികളും മരംകൊണ്ടുള്ള വാളുകളുമാണ് കാണുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ എഴുതി. 7,50,000 പോലീസുകാരുടെ പിന്തുണയുള്ള പത്ത് ലക്ഷം അംഗങ്ങളുള്ള ഒരു സൈന്യത്തെ ഇത്തരം ഉപകരണങ്ങള്‍ എങ്ങനെ ഭീഷണിപ്പെടുത്തുമെന്നും ലേഖനത്തില്‍ ചോദിച്ചു.
അറസ്റ്റ് ഒഴിവാക്കി നേപ്പാളില്‍ എത്തി ഒളിപ്രവര്‍ത്തനം നടത്തിയിരുന്ന ആര്‍എസ്എസ് അംഗങ്ങളെ ഇന്ത്യയ്ക്ക് കൈമാറാന്‍ അവിടുത്തെ സര്‍ക്കാര്‍ വിസമ്മതിച്ചു. ”ഗാന്ധി ഭരണകൂടത്തിന് അവരെ കിട്ടില്ല” എന്നാണ് കാഠ്മണ്ഡുവിലെ സ്ഥാനപതികാര്യാലയത്തിന്റെ അടുത്ത വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടത്.
അക്കാലത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ബ്രഹ്മാനന്ദ റെഡ്ഡിയും ആര്‍എസ്എസ്സിന്റെ രാജ്യവ്യാപക സാന്നിധ്യം അംഗീകരിച്ചിരുന്നു. ഭാരതത്തിലുടനീളം ആര്‍എസ്എസ് ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ദിരയുടെ ആഭ്യന്തരമന്ത്രിതന്നെ രേഖപ്പെടുത്തുന്ന സ്ഥിതിയുണ്ടായി.
ജനാധിപത്യവും സ്വാതന്ത്ര്യവും
ആര്‍എസ്എസ് തങ്ങളുടെ എതിര്‍പ്പ് മയപ്പെടുത്തുകയാണെങ്കില്‍ സംഘടനയ്ക്കു മേലുള്ള നിരോധനം വ്യവസ്ഥാപിതമായി പിന്‍വലിക്കാമെന്ന് ഇന്ദിരാ ഗാന്ധി വാഗ്ദാനം ചെയ്തപ്പോള്‍ സംഘ നേതൃത്വം അത് നിരസിച്ചു. സ്വന്തം സംഘടനയ്ക്ക് മേലുള്ള നിരോധനം നീക്കുന്നതല്ല, രാജ്യത്തെ അടിമത്തത്തിലാഴ്ത്തുന്ന അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിലായിരുന്നു സംഘത്തിന്റെ മുന്‍ഗണന. തത്വാധിഷ്ഠിതമായ ഈ നിലപാടാണ് പിന്നീട് 1977 ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച് ജനതാ പാര്‍ട്ടി എന്ന രാഷ്ട്രീയ സഖ്യത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.
ആര്‍എസ്എസ്സിനെ ഭൂരിപക്ഷവാദത്തിന്റെ വക്താക്കളായി മുദ്രകുത്തുകയോ സംഘത്തിന്റെ വളര്‍ച്ചയെ ജനാധിപത്യത്തിന്റെ തകര്‍ച്ചയുടെ തെളിവായി കാണുകയോ ചെയ്യുന്നത് ചരിത്രപരമായി തെറ്റാണെന്ന് അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം സാക്ഷ്യപ്പെടുത്തുന്നു. 1975 ലെ ആര്‍എസ്എസ് പില്‍ക്കാലത്തേതുപോലെ അതിശക്തമായ ഒരു സംഘടനയായിരുന്നില്ല. സ്വയംസേവകര്‍ക്ക് അധികാരത്തിന്റെ പിന്തുണയോ അങ്ങനെയൊരു പ്രതിച്ഛായ പോലും ഉണ്ടായിരുന്നില്ല. നേരിട്ട് അധികാരം നേടാനും സംഘം ശ്രമിച്ചിരുന്നില്ല. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തിരഞ്ഞെടുപ്പ് മോഹമല്ല ഉണ്ടായിരുന്നത്.
രാജ്യത്തിന്റെ ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന ആഴത്തിലുള്ള ആശയപരമായ വിശ്വാസമായിരുന്നു സംഘത്തെ നയിച്ചത്.
ഭാരതത്തിന്റെ ഭാവി നിര്‍ണായകമായ വഴിത്തിരിവില്‍ എത്തിയിരുന്ന ആ ഘട്ടത്തില്‍ വലിയ ജനപിന്തുണയുള്ള സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി പിന്മാറ്റത്തിനുപകരം പ്രതിരോധത്തിന്റെ വഴിയാണ് ആര്‍എസ്എസ് തെരഞ്ഞെടുത്തത്.
അടുത്തത്:
ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലുകളും
അടിക്കുറിപ്പുകള്‍:-
1. The People versus Emergency-A Saga of Struggle, Sudhakar Raje.
2.Ibid





















