മതന്യൂനപക്ഷങ്ങളെ ആര്‍.എസ്.എസ്.എങ്ങനെ കാണുന്നു? ആര്‍.എസ്.എസ് ഒരു മുസ്ലീം വിരുദ്ധ പ്രസ്ഥാനമാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടോ?
”സര്‍വ്വ ധര്‍മ്മ സമഭാവന” എന്ന സനാതന ദര്‍ശനമാണ് ആര്‍.എസ്.എസ് അംഗീകരിച്ചിരിക്കുന്നത്. പാശ്ചാത്യ മതേതരത്വത്തിനും, ഇന്ത്യയില്‍ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന കപടത മതേതര നാട്യങ്ങള്‍ക്കും ബദലായി, പൂര്‍ണ്ണമായ മത സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് നല്‍കുന്നതാണ് ‘സര്‍വ്വധര്‍മ്മ സമഭാവന’. ഇവിടെ ന്യൂനപക്ഷവും ഭൂരിപക്ഷവുമില്ല. എല്ലാ മതങ്ങള്‍ക്കും ഒരേ പരിഗണന, ഒരേ അവകാശങ്ങള്‍, പരസ്പര സമഭാവനയോടെ സഹവര്‍ത്തിത്വത്തോടെ സമൂഹം കഴിയുന്നു. മതത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതാണ് ഭാരതത്തിന്റെ പ്രശ്‌നം. ആര്‍.എസ്.എസ്സിനെതിരായ ബോധപൂര്‍വ്വമായ പ്രചാരണത്തിന്റെ ഭാഗമാണ് ആര്‍.എസ്.എസ് മുസ്ലീം വിരുദ്ധമാണെന്നും, മതന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നുമുള്ളത്. മതത്തെ രാഷ്ട്രീയാവശ്യത്തിന് ആദ്യം ഉപയോഗിച്ചത് അലിഗഡ് പ്രസ്ഥാനവും സര്‍ സയ്യിദ് അഹമ്മദ് ഖാനുമാണ്. അതിനെ തുടര്‍ന്ന് 1906ല്‍ മുസ്ലീം ലീഗ് രൂപീകരിച്ചു. മുസ്ലീങ്ങള്‍ക്ക് പ്രത്യേക സംവരണം നിയമസഭകളില്‍ വേണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. 1916-ല്‍ ലക്‌നൗ പാക്റ്റിലൂടെ കോണ്‍ഗ്രസ്സും മുസ്ലിം ലീഗിന് മുന്നില്‍ കീഴടങ്ങി. 1921-ല്‍ തുര്‍ക്കിയിലെ സുല്‍ത്താനെ നിലനിര്‍ത്താനായി നടത്തിയ ഖിലാഫത്ത് പ്രസ്ഥാനത്തെ ഗാന്ധിജിയുടെ നേതൃത്വത്തി ല്‍ കോണ്‍ഗ്രസ് പിന്തുണച്ചു. അതിനെ തുടര്‍ന്ന് രാജ്യമെമ്പാടും കോണ്‍ഗ്രസ് ഖിലാഫത്ത് കമ്മിറ്റികള്‍ നിലവില്‍വന്നു (കെ. മാധവന്‍ നായര്‍ – മലബാര്‍ കലാപം, മാത്യഭൂമി ബുക്‌സ്. കാണുക). ഇന്ത്യയില്‍ ആദ്യമായി വമ്പിച്ച വര്‍ഗ്ഗീയ കലാപങ്ങള്‍ തുടങ്ങുന്നത് ഖിലാഫത്ത് പ്രസ്ഥാനത്തെ തുടര്‍ന്നാണ്. കേരളത്തില്‍ ഏറ്റവും വലിയ കൂട്ടക്കൊല നടന്നതും 1921ലെ ഖിലാഫത്ത് സമരത്തെ തുടര്‍ന്നാണ്. ഈ മാപ്പിള കലാപത്തിലാണ് ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടത്. വ്യാപകമായി മതപരിവര്‍ത്തനം നടത്തി. ഒരു ഹിന്ദുപോലും തിരിച്ചടിച്ചില്ല. ബ്രീട്ടിഷ് പട്ടാള ഇടപെടലിലാണ് കലാപം അവസാനിക്കുന്നത്. ഇന്നത്തെ മലപ്പുറം ജില്ലയില്‍ നിന്നും ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങള്‍ പലായാനം ചെയ്തു. ഈ കാലഘട്ടത്തില്‍ ആര്‍.എസ്.എസ് രൂപംകൊണ്ടിരുന്നില്ല. മാത്രമല്ല മറ്റൊരു ഹിന്ദു സംഘടനയും നിലവിലില്ലായിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍വാദവും, 1946ലെ ജിന്നയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഉണ്ടായ കൂട്ടക്കൊലയും രാജ്യത്തിന്റെ വിഭജനവും ഇസ്ലാമിക വിഭാഗീയ രാഷ്ട്രീയത്തിനെതിരായ വികാരം ജനിപ്പിച്ചു. ആര്‍.എസ്.എസ്. എതിര്‍ക്കുന്നത് മതത്തെയും, മതത്തിന്റെ പേരിലുള്ള ഈ തരത്തിലുള്ള വിഘടനവാദത്തെയും, രാജ്യദ്രോഹ സമീപനത്തെയുമാണ്. മതത്തെയല്ല. മതത്തെ ചില ശക്തികള്‍ വിഭാഗീയതയ്ക്ക് മുതലെടുക്കുന്നത് തടയാനും, അതിനെതിരായി വിശ്വാസികളെ ബോധവല്‍ക്കരിക്കാനും മതനേതൃത്വം തയ്യാറാകണം. ആരാധനാലയങ്ങള്‍ ആയുധപ്പുരകളാകാന്‍ അനുവദിക്കുമ്പോഴാണ് സംഘര്‍ഷത്തിന് മതത്തിന്റെ നിറം വരുന്നത്.
മുകളില്‍ സൂചിപ്പിച്ചതുപോലെ കേരളം കണ്ട ഏറ്റവും ക്രൂരമായ വര്‍ഗ്ഗീയ കലാപം 1921-ല്‍ നടന്ന മാപ്പിള കലാപമാണ്. അസംഘടിതരും, ജാതിഭേദങ്ങളില്‍പ്പെട്ട് പരസ്പരം യാതൊരു ബന്ധവുമില്ലാതെ കഴിഞ്ഞിരുന്ന ഹിന്ദു സമൂഹത്തെയാണ് ഖിലാഫത്ത് സമരത്തിന്റെ പേരില്‍ വ്യാപകമായി കൊല ചെയ്തതും, മതംമാറ്റിയതും. ആര്‍.എസ്.എസ് രൂപീകരിക്കുന്നതിനുമുമ്പും, കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനം തുടങ്ങുന്നതിനും ഏതാണ്ട് രണ്ട് ദശകങ്ങള്‍ക്ക് മുമ്പാണ് മലബാറില്‍ മാപ്പിള കലാപം നടന്നത് (മഹാകവി കുമാരനാശാന്റെ ദുരവസ്ഥ വായിക്കുക). മാപ്പിള കലാപം മുതല്‍ മാറാട് കലാപം വരെയുള്ളവ വസ്തുതാപരമായി പരിശോധിച്ചാല്‍ കാണുന്നത് മതത്തെ ഒരുവിഭാഗം രാഷ്ട്രീയലക്ഷ്യത്തോടെ ദുരുപയോഗം ചെയ്തു എന്നാണ്. ആരാണ് അത് ചെയ്തത്? മതേതരത്വത്തിന്റെ പേരില്‍ ആര്‍.എസ്.എസ്സിനെ പഴിക്കുന്നവര്‍ ഇതിന് ഉത്തരം പറയണം.
ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ കലാപമോ ന്യൂനപക്ഷ കൂട്ടക്കൊലയോ നടത്തിയ ഒരു സംഭവം പോലും കേരളത്തില്‍ ഉണ്ടായിട്ടില്ല. ആര്‍.എസ്.എസിന് സംസ്ഥാനത്ത് നാമമാത്രമായ പ്രവര്‍ത്തനം ഉണ്ടായ നാളില്‍ തലശ്ശേരിയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തെ ആര്‍.എസ്.എസ്സിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ചില കമ്മ്യൂണിസ്റ്റു ചരിത്രകാരന്മാര്‍ ശ്രമം നടത്തിയിരുന്നു. അതില്‍ പ്രതിയായവരെല്ലാം ‘മതേതര’ രാഷ്ട്രീയക്കാരായിരുന്നു. ആര്‍.എസ്.എസ് സംഘടന എന്ന നിലയ്‌ക്കോ, പ്രവര്‍ത്തകര്‍ വ്യക്തിപരമായോ, തലശ്ശേരി കലാപത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. പൂന്തുറ കലാപം അന്വേഷിച്ച അരവിന്ദാക്ഷന്‍ കമ്മീഷനും, മാറാട് കലാപം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷനും ആര്‍എസ്എസ്സിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. മാപ്പിള കലാപം, പൂന്തൂറ കലാപം, മാറാട് കലാപം തുടങ്ങിയവയില്‍ ഇരയുടെ സ്ഥാനത്താണ് ഹിന്ദുസമൂഹം എന്നത് എടുത്തുപറയേണ്ടതാണ്. വസ്തുതകള്‍ ഇതായിരിക്കെ ആര്‍.എസ്.എസ്സിനെ ന്യൂനപക്ഷവിരുദ്ധമായി ചിത്രീകരിക്കുന്ന കപടമതേതര രാഷ്ട്രീയത്തിന്റെ ലക്ഷ്യമാണ് ന്യൂനപക്ഷ സമൂഹം തിരിച്ചറിയേണ്ടത്. സംസ്ഥാനത്തെ 46 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെ രഹസ്യം. ജസ്റ്റിസ് ഹിദായത്തുള്ള, എം.സി. ഛഗ്ല, ഡോ. അബ്ദുല്‍കലാം തുടങ്ങി ജസ്റ്റിസ് കെ.ടി. തോമസ് വരെയുള്ള ദേശസ്‌നേഹികളായ പ്രതിഭകള്‍ ആര്‍.എസ്.എസ് – പരിവാര്‍ പരിപാടികളില്‍ നിരന്തരം പങ്കെടുത്തതുതന്നെ ആര്‍.എസ്.എസ് ന്യൂനപക്ഷവിരുദ്ധമല്ല എന്നതുകൊണ്ടല്ലേ? സമൂഹത്തിന് മാതൃകയാകുന്ന വ്യക്തിത്വങ്ങളെയാണ് നാം അംഗീകരിക്കേണ്ടത്. ഡോ. എ.പി.ജെ. അബ്ദുല്‍കലാം, ജസ്റ്റിസ് കെ.ടി. തോമസ് തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ക്ക് ഈ വിഷയത്തില്‍ വലിയ വിലയുണ്ട്.
സംഘശാഖകളില്‍ പങ്കെടുക്കുന്ന നിരവധി മുസ്ലീം – ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സ്വയംസേവകര്‍ ഉണ്ട്. ന്യൂനപക്ഷ മത വിഭാഗീയ രാഷ്ട്രീയത്തെ മാത്രമാണ് ആര്‍.എസ്.എസ് എതിര്‍ക്കുന്നത്. മാത്രമല്ല, എല്ലാ വിഭാഗീയരാഷ്ട്രീയത്തെയും ആര്‍.എസ്.എസ് എതിര്‍ക്കുന്നു. എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യനീതിയുണ്ടാവണം എന്നതാണ് ആര്‍.എസ്.എസ്സിന്റെ കാഴ്ചപ്പാട്. വോട്ട് ബാങ്കിന്റെ ബലത്തില്‍ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്ന മതേതര രാഷ്ട്രീയ ശൈലിയെയും കപട മതേതര നാട്യങ്ങളെയും ആര്‍.എസ്.എസ്. എതിര്‍ക്കുന്നു.





















