ജാതി വിവേചനത്തെ ആര്‍.എസ്.എസ് എങ്ങനെയാണ് നോക്കികാണുന്നത്? സവര്‍ണ്ണ-അവര്‍ണ്ണ വേര്‍തിരിവ് അംഗീകരിക്കാമോ?
ജാതി വിവേചനത്തെ ആര്‍.എസ്.എസ് അംഗീകരിക്കുന്നില്ല. ജാതിവിവേചനം ഹിന്ദുസമൂഹത്തെ ബാധിച്ച മാരകമായ ക്യാന്‍സര്‍ തന്നെയാണ്. ഈ മഹാരോഗത്തിനുള്ള മരുന്നാണ് ആര്‍.എസ്.എസ്സിന്റെ ശാഖാ പ്രവര്‍ത്തനത്തിലൂടെ നാം നല്‍കുന്നത്. ജാതിവിവേചനത്തിന് ശാസ്ത്രീയമായ അടിത്തറ ഇല്ല. വംശീയമായോ നരവംശശാസ്ത്രത്തിന്റെ മാനദണ്ഡങ്ങള്‍ വച്ചോ ജാതിവിവേചനത്തിന് ന്യായീകരണം ഇല്ല. ഹിന്ദു ദര്‍ശനങ്ങളിലും ജാതിവിവേചനത്തിന് അംഗീകാരമില്ല. ഹിന്ദു സമൂഹത്തിന് എല്ലാ കാലത്തും മാര്‍ഗ്ഗദീപമാകുന്നത് സന്ന്യാസി സമൂഹമാണ്. ജാതിവിവേചനം നീചമായി നിലനിന്ന നാളുകളില്‍പോലും കാവിയുടുത്ത സന്യാസിക്ക് ജാതി ഇല്ല. വേദവ്യാസന്‍ മുതല്‍ ശ്രീനാരായണഗുരുവരെയുള്ള മഹത്തുക്കളെ സമൂഹം സ്വീകരിച്ചത് ജാതിയടിസ്ഥാനത്തിലല്ല. വര്‍ത്തമാനകാലത്തും സായിബാബയും മാതാ അമൃതാനന്ദമയിദേവിയും, ബാബാ രാംദേവുമൊക്കെ ജനഹൃദയങ്ങളില്‍ പതിഞ്ഞത് ജാതിയുടെ അടിസ്ഥാനത്തിലല്ല. എന്നിരുന്നാലും ജാതി ഒരു യാഥാര്‍ത്ഥ്യമായി നില്‍ക്കുന്നു.
ചില രോഗങ്ങളെ നാം ‘Lifestyle diseases” എന്നു പറയുന്നതുപോലെ ജാതിയും ഹിന്ദുക്കളെ സാമൂഹികമായി തകര്‍ത്തുകൊണ്ടിരിക്കുന്ന life style disease തന്നെയാണ്. ഒരായിരം വര്‍ഷം ഭാരതം അടിമത്തംപേറിയത് ഈ മഹാ രോഗംകൊണ്ടാണ്. ആയിരക്കണക്കിന് സന്ന്യാസിവര്യന്മാരും, സാമൂഹ്യപരിഷ്‌കര്‍ത്താക്കളും ശ്രമിച്ചിട്ടും ജാതി വിവേചനത്തെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്നില്ല. ജനാധിപത്യവ്യവസ്ഥ വന്നതോടെ ജാതികളെ മറയാക്കി മതേതര രാഷ്ട്രീയക്കാര്‍ ജാതിഭേദങ്ങള്‍ക്ക് പുതിയ മുഖം നല്‍കി. സവര്‍ണ്ണ-അവര്‍ണ്ണ, മുന്നാക്ക-പിന്നാക്ക വിഭാഗങ്ങളായി അവര്‍ പോരാടി. ജാതിരാഷ്ട്രീയം ഹിന്ദുത്വത്തെ ശത്രുവായാണ് കാണുന്നത്. ഹിന്ദു ഏകീകരണത്തെ തുരങ്കം വയ്ക്കുന്നത് ജാതികളെ മുന്നില്‍ നിര്‍ത്തിയാണ്. വിദേശ ഭരണാധികാരികളും, മിഷണറിമാരും, വിഭാഗീയ ശക്തികളും ജാതി സ്വത്വത്തെ ഉയര്‍ത്തികാണിച്ചാണ് ഭാരതത്തിന്റെ ഏകത്വത്തെ വെല്ലുവിളിക്കുന്നത്.
ഒരു കാലഘട്ടത്തില്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്ന വര്‍ണ്ണ വ്യവസ്ഥയുമായി ജാതിക്ക് ബന്ധം ഇല്ല. അങ്ങനെയെങ്കില്‍ കേവലം നാലു ജാതികള്‍ മാത്രമേ ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നുള്ളു. ഇന്ന് ഭാരതത്തില്‍ പതിനായിരത്തിലധികം ജാതികള്‍ ഉണ്ട്. മണ്ഡല്‍ കമ്മീഷന്‍ നാലായിരത്തില്‍ അധികം പിന്നാക്കജാതികളുടെ ലിസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിന്റെ ദേശീയശക്തി അശക്തമായത് ജാതിബോധം കൊണ്ടാണ്. വര്‍ണ്ണ വ്യവസ്ഥയ്ക്കും ഇന്നത്തെ യുഗത്തില്‍ പ്രസക്തിയില്ല. അതുകൊണ്ടുതന്നെ ആര്‍.എസ്.എസ് ജാതി-വര്‍ഗ്ഗ വര്‍ണ്ണ വ്യവസ്ഥകളെ അംഗീകരിക്കുന്നില്ല. അയിത്തവും, അനാചാരങ്ങളും വിഭാഗീയതയും കഴിഞ്ഞ ഒരായിരം വര്‍ഷത്തിനുള്ളില്‍ കടന്നുവന്നതാണ്. വിദേശ ഭരണത്തിന്‍കീഴില്‍ അത് ശക്തവുമായി. സംഘടിത മതമല്ലാത്തതിനാല്‍ ഹിന്ദുസമൂഹത്തിന് ശരിയായ ദിശാബോധം നല്‍കാന്‍ വ്യവസ്ഥയുമുണ്ടായില്ല. ആര്‍.എസ്.എസ് രൂപംകൊണ്ടതുതന്നെ ഹിന്ദുസമാജത്തെ രക്ഷിക്കുന്നതിനാണ്.
ജാതിക്കെതിരായി ആര്‍.എസ്.എസ് സമരം നടത്തുന്നില്ല. പക്ഷേ നിശബ്ദ വിപ്ലവം നടത്തുന്നു. ജാതിഭേദമന്യേ ജനകോടികളെ ഇന്ന് സംഘപ്രസ്ഥാനങ്ങള്‍ക്ക് അണിനിരത്താന്‍ കഴിയുന്നതും അതുകൊണ്ടാണ്. പ്രസംഗവും, സമരവുമല്ല മറിച്ച്, അനുഭവത്തിലൂടെ ഹിന്ദുസമാജം ഒന്നാണെന്ന് നാം അറിയുന്നു. സ്വാമി വിവേകാനന്ദനും, ശ്രീനാരായണഗുരുവും സ്വീകരിച്ചതുപോലെ സാമൂഹികസമന്വയത്തിലൂടെയാണ് സാമൂഹിക വിപ്ലവും ആര്‍.എസ്.എസ് നടത്തുന്നത്. വിദ്വേഷത്തിന്റെ കണികപോലും ഇല്ലാതെ ഹിന്ദു സമാജം സ്വന്തം ശക്തി കൈവരിക്കുന്ന തരത്തിലാണ് പ്രവര്‍ത്തനം നടത്തുന്നത്. ജാതി ഇന്ന് ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെതിരായ പ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥ്യബോധത്തോടെയാവണം. ഉപരിതലത്തില്‍ പ്രചരണപരതയില്‍ ഒതുങ്ങുന്നതല്ല ജാതി വിവേചന നിര്‍മ്മാര്‍ജ്ജന നടപടികള്‍. ജാതിഭേദം മനസ്സില്‍ നിന്നാണ് ആദ്യം പോകേണ്ടത്. സംഘപ്രവര്‍ത്തനത്തിന്റെ പ്രധാന ശത്രു ജാതിവിവേചനം തന്നെയാണ്. ഹിന്ദുസമാജത്തെ ബോധവല്‍ക്കരിച്ച് സാമൂഹിക തിന്മകളില്‍നിന്നും മോചിപ്പിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. 1934ല്‍ മഹാത്മാഗാന്ധി ആര്‍.എസ്.എസ് ശിബിരത്തില്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്തുപറഞ്ഞത് ജാതിഭേദങ്ങള്‍ക്കെതിരായ സംഘപ്രവര്‍ത്തനശൈലിയാണ്.
ജാതിപരമായ ഉച്ചനീചത്വങ്ങളെ പ്രായോഗികതലത്തില്‍ തോല്‍പിച്ചുകൊണ്ടാണ് ഇന്നും ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളെ ശാക്തീകരിച്ച് ഉയര്‍ത്തിക്കൊണ്ടുവരുന്നു എന്ന് അവകാശപ്പെടുമ്പോള്‍ തന്നെ അവന്റെ ജാതി സ്വത്വത്തെ ചൂഷണം ചെയ്താണ് കപട മതേതര വോട്ട് ബാങ്ക് രാഷ്ട്രീയം ഇന്ന് നിലനില്‍ക്കുന്നത്. എന്നാല്‍ ആര്‍.എസ്.എസ് ഈ തരത്തില്‍ അല്ല പ്രവര്‍ത്തിക്കുന്നത്. വ്യക്തിശാക്തീകരിക്കുമ്പോള്‍ തന്നെ അവനില്‍ വിഭാഗീയ സ്വത്വത്തെ തകര്‍ത്ത് ദേശീയ വ്യക്ത്വത്തെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. ഈ ദേശീയ വ്യക്തിത്വം എല്ലാ നന്മകളെയും ഉള്‍ക്കൊളളുന്ന ലോകത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ആദര്‍ശ വ്യക്തിത്വമാണ്. സംഘപ്രസ്ഥാനത്തിലൂടെ ശാക്തീകരിക്കപ്പെട്ട ജനസമൂഹം മുന്നാക്ക-പിന്നാക്ക ബോധത്തെ അതുകൊണ്ടുതന്നെ തച്ചുടച്ചുകൊണ്ടാണ് മുന്നേറുന്നത്. ദേശീയ നിര്‍മ്മാണത്തിന്റെ അടിത്തറ സമൂഹത്തിന്റെ പുനസംഘടനയാണ്. അതുകൊണ്ടുതന്നെ സംഘത്തിന്റെ പ്രവര്‍ത്തനം സമാജസൃഷ്ടിയാണ്. ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ക്ക് അവിടെ സ്ഥാനമില്ല. പക്ഷേ ഇതൊരു ശക്തവും എന്നാല്‍ നിശബ്ദവും ആയ സാമൂഹിക വിപ്ലവമാണ്. ആര്‍.എസ്.എസ്സിനെ ഒരു സാമൂഹിക വിപ്ലവശക്തിയാക്കുന്നതും അതുകൊണ്ടാണ്.





















