ജൂലായ് 17 രാമായണമാസാരംഭം
ക്രാന്തദര്‍ശിയായ ആദികവി വാല്മീകിയുടെ രാമായണം എ ത്രയോ കാലങ്ങളായി ഭാരതത്തിനകത്തും പുറത്തും വായിച്ചു പോരുന്നതാണ്. ഇതിനൊരു കാരണം അതില്‍ അനാവരണം ചെയ്യപ്പെടുന്ന സംസ്‌കൃതി കാലാതിവര്‍ത്തിയാണെന്നതാണ്. മറ്റൊന്ന്, രാമായണം ചിത്രീകരിക്കുന്ന ജീവിത ധര്‍മ്മത്തിന്റെ ആകര്‍ഷണമാണ്. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള സംഘര്‍ഷം അനാദികാലം മുതല്‍ മനുഷ്യചരിത്രത്തില്‍ നടന്നുവരുന്നതാണ്. മനുഷ്യമനസ്സിന് ജന്മസിദ്ധമായിട്ടുള്ള നന്മ-തിന്മ വിവേചനമാണ് ഈ സംഘര്‍ഷത്തിനു പിന്നില്‍. വിചാരം, വികാരം, വിഷയഗ്രഹണം, സര്‍ഗാത്മകത എന്നിവ പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന മാനസിക വൃത്തിയാണ് നന്മ, സത്യം, നീതി മുതലായ മൂല്യങ്ങള്‍ വേര്‍തിരിച്ചറിയുന്നത്. യുക്തിബോധം അഥവാ വിവേക ബുദ്ധിയുടെ ധര്‍മ്മമാണിത്തരം മൂല്യവിവേചനം. ഈ തിരിച്ചറിവ് കൂടാതെയുള്ള വ്യക്തിജീവിതവും സാമൂഹിക ജീവിതവും വ്യര്‍ത്ഥവും വിനാശകരവുമാണ്. ബുദ്ധി തെളിച്ചുതരുന്ന ഈ വെളിച്ചം നിഷേധിച്ചുകൊണ്ട് ജീവിക്കാന്‍ തുനിയുന്ന ഒരു കൂട്ടര്‍ ഇന്ന് ഉത്തരാധുനികത, സത്യാനന്തരത എന്നൊക്കെ വലിയ വീരവാദങ്ങള്‍ മുഴക്കുന്നവരായി സമൂഹമധ്യത്തില്‍ നിറഞ്ഞാടുകയാണ്. ജനങ്ങള്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചു വരുന്ന സത്യം, നീതി തുടങ്ങിയ മൂല്യങ്ങളെ ഇവര്‍ ബൂര്‍ഷ്വാ സംസ്‌കാരമെന്ന് മുദ്രയടിച്ച് അവയുടെ വിപരീതാവസ്ഥകള്‍ സൃഷ്ടിക്കുക വഴി അവയെ തകര്‍ക്കാന്‍ ഉദ്യമിക്കുന്നത് അധികാരക്കൊതിയന്മാരാണ്.
സാംസ്‌കാരിക മേഖലയെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ഇവരാണ് ഇതിഹാസ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും വക്രീകരിക്കാന്‍ തുനിയുന്നത്. രാമന്റെ കുറ്റങ്ങള്‍ നിരത്തുകയും രാവണനെ നായകനാക്കുകയും ചെയ്യുന്നതിലൂടെ ധര്‍മ്മാധര്‍മ്മങ്ങളുടെ മൂല്യവ്യവസ്ഥയെ തലകീഴാക്കുകയെന്നതാണ് ലക്ഷ്യം. രാവണന്റെ ആസുരിക പ്രവൃത്തികള്‍ക്ക് വിരാമമിടാന്‍ ദേവകാര്യാര്‍ത്ഥം അവതരിച്ച രാമനെ ആര്യസംസ്‌കാരത്തിന്റെ പ്രതീകമായും രാവണനെ അടിച്ചമര്‍ത്തപ്പെട്ട ആദിമ വര്‍ഗ്ഗത്തിന്റെ പ്രതിനിധിയുമാക്കുന്ന ഇവരുടെ ലക്ഷ്യം ദേശീയോദ്ഗ്രഥനം അസാധ്യമാക്കുകയെന്നതാണ്. ഈ ഉദ്ദേശ്യത്താലാണ് രാമായ ണത്തെ അപനിര്‍മാണ ശൈലിയില്‍ പുനര്‍വായന നടത്തുന്നത്. ഇക്കാരണത്താലാണ് അതിലെ വസ്തുതാപരമായ ചില കാര്യങ്ങളെ ഇവര്‍ മനഃപൂര്‍വ്വം വിട്ടുകളയുന്നത്. അവയില്‍ പ്രധാനം, രാമന്‍ ക്ഷത്രിയനും രാവണന്‍ ബ്രാഹ്മണ പുത്രനുമാണെന്നതാണ്. പണ്ഡിതശ്രേഷ്ഠരില്‍ ഒരാളും പുലസ്ത്യന്റെ പുത്രനുമായ വിശ്രവസ്സാണ് രാവണന്റെ പിതാവ്. പിതാവിന്റെ പക്കല്‍ നിന്ന് ശാസ്ത്രങ്ങളും വൈദിക വിധികളുമെല്ലാം പഠിച്ച് വലിയ നൈപുണ്യവും സിദ്ധിയുമാര്‍ജിച്ച ആളാണ് രാവണന്‍. രാവണനെ നേരിടുന്ന സമയത്ത് രാമന്‍ രാജപദവിയില്‍ നിന്നു നിഷ്‌കാസിതനായ ഒരു വനവാസിയാണ്. മറിച്ച്, രാവണന്‍ സര്‍വ്വൈശ്വര്യങ്ങളും നിറഞ്ഞ ലങ്കയുടെ രാജാവ്. ദേവലോകത്തെപ്പോലും കാല്‍ക്കീഴിലാക്കിയ സര്‍വ്വാധിപതി. ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തെ ധര്‍മ്മാധര്‍മ്മങ്ങളുടെ ഏറ്റുമുട്ടലായി കാണാന്‍ വിസമ്മതിക്കുകയും അധഃസ്ഥിതരെ നിര്‍മാര്‍ജനം ചെയ്യുന്ന ആര്യന്മാരുടെ ഹീന കൃത്യമായി കാണുകയും ചെയ്യുന്നത് ധര്‍മ്മബോധം കമ്മിയായതു മൂലമാണെന്നു കരുതാം. ധാര്‍മ്മിക ചിന്തയുടെ കുറവാകട്ടെ ബുദ്ധിക്കുറവാണെന്ന് പ്ലേറ്റോ പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണയിലെത്തുകയാണ്.
കൂടാതെ, ബ്രാഹ്മണ ശ്രേഷ്ഠനായ വിശ്രവസ്സ് രാക്ഷസിയായ കൈകസിയെ വിവാഹം ചെയ്ത കഥയും ഉത്തരാധുനിക വ്യാഖ്യാതാക്കള്‍ മനഃപൂര്‍വ്വം വിട്ടുകളയുന്ന ഒന്നാണ്. രാമായണ കാലത്തെ സാംസ്‌കാരിക ഔന്നത്യം മറച്ചു പിടിക്കുന്നതും പകരം ജാതീയവും വംശീയവുമായി അതിനെ ചുരുട്ടിക്കൂട്ടുന്നതും സാംസ്‌കാരിക നിന്ദയുടെ ഭാഗമായിട്ടാണ്. ഇവര്‍ക്ക് വേണ്ട ഉപദേശം നല്‍കുന്നതാണ് രാവണപത്‌നിയായ മണ്ഡോദരിയുടെ ജീവിതദര്‍ശനം.
മണ്ഡോദരിയുടെ ധര്‍മ്മപഥം
പ്രാതഃ സ്മരണീയരായിട്ടുള്ള ഇതിഹാസ കഥാപാത്രങ്ങളാകുന്ന പഞ്ചകന്യമാരില്‍ ഒരാളാണ് മയാസുരന്റെ പുത്രിയായ മണ്ഡോദരി. ഇതിഹാസങ്ങളിലെ ജീവിതാദര്‍ശം വെളിപ്പെടുത്തുന്ന വരേണ്യവനിതകളാണ് പഞ്ചകന്യമാരെന്നറിയപ്പെടുന്ന സീത, താര, മണ്ഡോദരി, അഹല്യ, ദ്രൗപദി എന്നിവര്‍. അസുരകുലജാതയും രാക്ഷസരാജപത്‌നിയുമായ മണ്ഡോദരിയുടെ ജീവിത കഥ പുതിയ അപനിര്‍മാതാക്കള്‍ക്ക് മഹത്തായ പാഠമാണ് നല്‍കുന്നത്. ഇവിടെ വ്യക്തിയുടെ സാമൂഹിക പദവിയാകുന്ന മേല്‍വിലാസത്തില്‍ ഒരാളെയും തളച്ചിടുന്നില്ല. അതിനാലാണ് മണ്ഡോദരിയുടെ സല്‍ഗുണങ്ങളെ ആദികവി നിര്‍ലോഭം പ്രകീര്‍ത്തിക്കുന്നത്. സ്വന്തം കുടുംബത്തിന്റെ ഭദ്രതക്കായി നിരൂപാധിക സ്‌നേഹവും ത്യാഗവും പുലര്‍ത്തിയ മഹതിയാണ് മണ്ഡോദരി. ആത്മാര്‍ത്ഥതയുള്ള ഭാര്യ എന്ന നിലയ്ക്ക് മണ്ഡോദരി തന്റെ ഭര്‍ത്താവിന് സദാ സ്‌നേഹവും ആത്മവിശ്വാസവും പകര്‍ന്നുകൊടുക്കുന്നതോടൊപ്പംതന്നെ ധര്‍മ്മപഥം കാട്ടിക്കൊടുക്കുന്ന ധര്‍മ്മപത്‌നിയുമാണ്. രാവണന്റെ സ്ത്രീലമ്പടത്വം തനിക്ക് സ്ഥിരം അപമാനഭാരമേല്‍പ്പിച്ചുകൊണ്ടിരുന്നിട്ടും പതിയോടുള്ള അവരുടെ കൂറും സ്‌നേഹവും പരിധിയില്ലാത്തതായിരുന്നു. വധിക്കപ്പെട്ടു കിടക്കുന്ന ദശാനനെ കണ്ടപ്പോഴുള്ള മണ്ഡോദരിയുടെ വിലാപവചനങ്ങള്‍ അവരുടെ മൂല്യബോധവും വിശാല മനസ്സും ഒപ്പംതന്നെ രാമായണ കഥയുടെ അന്തഃസാരവും വെളിപ്പെടുത്തുന്നതാണ്: ‘അല്ലയോ നാഥ! ക്രുദ്ധനായ അങ്ങയുടെ നേരെ നില്‍ക്കാന്‍ ഇന്ദ്രനും ഋഷിമാരും ഗന്ധര്‍വ്വന്മാരുമൊക്കെ ഭയപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ വനവാസിയായ ഒരു മനുഷ്യന്‍ അങ്ങയെ വധിച്ചതെങ്ങനെ? ഘോരന്മാരായ വാനരന്മാരെക്കൊണ്ട് ആഴിയില്‍ അണകെട്ടിയപ്പോള്‍, രാമന്‍ അമാനുഷനാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. രാമന്‍ മഹായോഗി യും പരമാത്മാവും ശാശ്വതനും സര്‍വ്വലോകേശ്വരനുമായ വിഷ്ണുവാണെന്ന് വ്യക്തമാണ്. അങ്ങ് പണ്ട് ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച് മൂന്നുലോകങ്ങളും കീഴടക്കി. തിരിച്ച് പക വീട്ടാനെന്നപോലെ ഇന്ന് ഇന്ദ്രിയങ്ങള്‍ അങ്ങയെ തോല്‍പ്പിച്ചു. ഐശ്വര്യത്തിനും സ്വജനങ്ങള്‍ക്കും ദേഹത്തിനും നാശം വരുത്താന്‍ അങ്ങ് സീതയെ കാമിച്ചു. ബന്ധുമിത്രാദികളുടെ ഹിതവചനങ്ങള്‍ അങ്ങ് ചെവിക്കൊണ്ടില്ല. പോരില്‍ അങ്ങേക്ക് ഭീരുത്വം വന്നിട്ടുള്ളതായി ഞാനോര്‍ക്കുന്നില്ല. എന്നാല്‍ നിന്ദ്യമായിട്ടുള്ള നാരീചോരണം ഭീരുത്വം തന്നെയാണ്.’
ലങ്കയില്‍ പലതവണ സീതയുടെ മാനം സംരക്ഷിച്ചത് മണ്ഡോ ദരിയായിരുന്നു. തന്റെ ഇംഗിതത്തിനു വഴങ്ങാത്തതിനാല്‍ ക്ഷമ നശിച്ച രാവണന്‍ സീതയെ വധിക്കാന്‍ തീരുമാനിച്ചപ്പോഴും തടഞ്ഞത് മണ്ഡോദരിയാണ്. എന്നാല്‍ ഉത്തരാധുനിക അപനിര്‍മാതാക്കളുടെ ഭാഷ്യത്തില്‍ രാവണന്റെ ഉദാരമനഃസ്ഥിതിയും സഭ്യതയും കാരണമാണ് സീതക്ക് തന്റെ പാതിവ്രത്യം സംരക്ഷിക്കാനായതെന്നാണ്.
രാമായണത്തിലെ സദാചാരബോധവും സമത്വദര്‍ശനവും അദ്വിതീയമാണെന്നതിന് ഉദാഹരണമാണ് രാക്ഷസരാജ്ഞിയായ മണ്ഡോദരിയെ സീത, അഹല്യ എന്നീ ഉന്നതകുലജാതകളോടൊപ്പം ചേര്‍ത്തുപിടിക്കുന്നത്. ശക്തമായ രാഷ്ട്രീയ താല്പര്യം പുലര്‍ത്തുന്ന കുതര്‍ക്കികളും ദുര്‍വ്യാഖ്യാതാക്കളുമായ എഴുത്തുകാര്‍ രാമായണത്തിലെ വൈശിഷ്ട്യം മുഴുവന്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. രാഷ്ട്രീയ ലക്ഷ്യം മാത്രമല്ല, മതാധിഷ്ഠിത താല്പര്യവും നേടുന്നതിനായി പരമ്പരാഗത മൂല്യങ്ങളെതകര്‍ത്ത് ഭൂരിപക്ഷജനതയുടെ സാംസ്‌കാരിക മേല്‍ക്കോയ്മയെ താഴെയിറക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇവരുടെ പദ്ധതിയാണ് ഇതിഹാസ ദുര്‍വ്യാഖ്യാനങ്ങള്‍. ബഹുഭൂരിപക്ഷം ആള്‍ക്കാരെയും സാംസ്‌കാരികമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഒരു കൃതിയാണ് രാമായണമെന്ന തിരിച്ചറിവാണ് ഇവരുടെ അപനിര്‍മാണത്തിനു പിന്നില്‍.





















