ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, …….. താറാവിന്‍കുഞ്ഞുങ്ങളെ വരിനിര്‍ത്തുകയാണ് ഡിക്കന്‍മാഷ്. എണ്ണിത്തീരുംമുമ്പ് അതിലൊരുത്തന്‍ വരിതെറ്റിച്ച് മുന്നോട്ടു കയറി.
ഒന്ന് രണ്ട് മൂന്ന്, നാല് അഞ്ച് ആറേഴ്
എണ്ണിയെണ്ണി വരിനിര്‍ത്തീടും നേരത്തയ്യയ്യേ!
കൂട്ടംതെറ്റി മുന്നിലെത്തി കുസൃതിത്താറാവ്
എണ്ണമെല്ലാം തെറ്റിച്ചല്ലോ വികൃതിക്കണ്ടപ്പന്‍.
മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
എല്ലാവരെയും നിരത്തിനിര്‍ത്തി അവരുടെ നമ്പറുകള്‍ പറഞ്ഞുകൊടുത്തു.
ഒന്നെന്നു ചൊല്ലുമ്പോളോടിയെത്താന്‍
ഓമനക്കുട്ടാ മറക്കല്ലേ
നാലെന്നു ചൊല്ലി വിളിച്ചിടീല്‍
നാണിക്കുട്ടീ വരണേ നീ അങ്ങനെ ഓരോരുത്തര്‍ക്കും കൊടുത്ത നമ്പറുകള്‍ അവരെ പഠിപ്പിച്ചു.
ഇതിനിടെ ചിലര്‍ നമ്പര്‍ തെറ്റിച്ച് ഓടിവരും. അവരെ മാഷ് തിരിച്ചയയ്ക്കും.
അടുത്തഘട്ടമായി ഓരോരുത്തരെയും വീണ്ടും വിളിച്ചു നമ്പറനുസരിച്ച് കൃത്യമായി വരുന്നവര്‍ക്ക് ധാന്യങ്ങളും പുഴുക്കളും സമ്മാനമായി കൊടുത്തു.
തെറ്റിച്ചോടി വരുന്നവര്‍ക്കോ?!
തിന്നാന്‍ കൊള്ളാത്ത കായ്കളും കൊടുത്തു.
രുചിയില്ലാത്ത കായ്കള്‍
വായിലിട്ട് ചവച്ചുതുപ്പിക്കളയുന്ന അവരോട് മാഷ് പറഞ്ഞു:
അക്കങ്ങള്‍ കേട്ടു വെക്കം വരുമ്പോള്‍
കിട്ടും പലവിധ സമ്മാനങ്ങള്‍
തെറ്റിച്ചാലിങ്ങനെ മാത്രം കിട്ടും
തെറ്റാതെ നോക്കണേ പൈതങ്ങളേ.
എന്നുപറഞ്ഞ് അവരെ ഉപദേശിച്ചു
അങ്ങനെ പാട്ടും കളിയും കഥയുമായി ഡിക്കന്‍ മാഷ് കുഞ്ഞുങ്ങളെ അക്കം പഠിപ്പിച്ചു.
അവര്‍ അങ്ങനെ പഠിച്ച് മിടുക്കരായി.
പ്രോത്സാഹനവും അംഗീകാരവും പഠനത്തെ എളുപ്പമാക്കും.






















