മലപ്പുറം ജില്ലാ വിഭജനം വീണ്ടും സജീവചര്‍ച്ചയാവുകയാണ്. കേരളത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകള്‍ രൂപീകരിച്ച് ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മലപ്പുറം ജില്ല ജനിക്കുന്നത്. എറണാകുളം ജില്ല രൂപീകരിച്ച് 11 വര്‍ഷത്തിനുശേഷവും. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയും അവികസിത പ്രദേശങ്ങളും ജനങ്ങളുടെ കുറഞ്ഞ ജീവിതനിലവാരവും ദാരിദ്ര്യവും കാര്‍ഷിക വ്യാവസായിക പുരോഗതിയുടെ അഭാവവും ഒക്കെ പരിഗണിച്ചുകൊണ്ടാണ് എപ്പോഴും ജില്ലകളെ വിഭജിക്കാറുള്ളത്. എന്നാല്‍ മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു എങ്കില്‍ മലപ്പുറം ജില്ല വിഭജിക്കുന്നതിന് മുന്‍പേ വിഭജിക്കേണ്ട ജില്ലകളാണ് തിരുവനന്തപുരവും തൃശ്ശൂരും.
മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ 19 ലക്ഷമായിരുന്നു അവിടത്തെ ആകെ ജനസംഖ്യ. അതേ വര്‍ഷത്തില്‍ തിരുവനന്തപുരത്ത് 22 ലക്ഷവും തൃശ്ശൂരില്‍ 21 ലക്ഷവും ജനസംഖ്യ ഉണ്ടായിരുന്നു. പക്ഷേ ആ രണ്ടു ജില്ലകള്‍ വിഭജിച്ചില്ല. 1967-ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സപ്തകക്ഷി മുന്നണിയിലെ ഘടകകക്ഷികളില്‍ സി.പി.ഐ.എമ്മിന് അമ്പത്തിരണ്ടും സി.പി.ഐക്കും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും പത്തൊ ന്‍പതും മുസ്ലീം ലീഗിന് പതിനാലും റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ആറും കര്‍ഷക തൊഴിലാളി പാര്‍ട്ടിക്ക് രണ്ടും കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്. ഇതിനു പുറമെ നാലു സ്വതന്ത്രരും ഉണ്ടായിരുന്നു. മൊത്തം 133 സീറ്റുകളുണ്ടായിരുന്ന അന്നത്തെ നിയമസഭയില്‍ ഈ സഖ്യത്തിന് 117 എം.എല്‍.എമാരുടെ വന്‍ഭൂരിപക്ഷമാണുണ്ടായിരുന്നത്.
ഡോ. റാം മനോഹര്‍ ലോഹ്യ, ജോര്‍ജ് ഫര്‍ണാണ്ടസ്, മധു ലിമായെ, രാജ്‌നാരായണന്‍ എന്നിങ്ങനെയുള്ള സോഷ്യലിസ്റ്റ് നേതാക്കളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലെ നാലാമത്തെ വലിയ കക്ഷിയായിരുന്നു അന്ന് എസ്എസ്പി. അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ കെ. കേളപ്പന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ ഈ ജില്ലാ രൂപീകരണത്തെ ശക്തമായി എതിര്‍ത്തു. മലപ്പുറം ജില്ല രൂപീകരിക്കുന്നത് ‘കുട്ടി പാകിസ്ഥാന്‍’ ഉണ്ടാക്കുന്നതിന് തുല്യമാണ് എന്നാണ് അന്ന് അവര്‍ പറഞ്ഞിരുന്നത്. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ അന്ന് കോണ്‍ഗ്രസ്സും ജനസംഘവും അതിശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജനസംഘം നേതാക്കളായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയും, ലാല്‍ കൃഷ്ണ അദ്വാനിയും ഉള്‍പ്പെടെ അന്ന് മലപ്പുറത്ത് വന്ന് പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ 1970കളുടെ മധ്യത്തില്‍ ഇതേ മുസ്ലീം ലീഗുമായി കൂട്ടുചേര്‍ന്ന് അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് ഈ നിലപാട് തിരുത്തുകയാണ് ഉണ്ടായത്.
മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല ഉണ്ടാക്കണമെന്നും എറണാകുളം ജില്ല വിഭജിച്ച് മൂവാറ്റുപുഴ ജില്ല ഉണ്ടാക്കണമെന്നും ആദ്യമായി ആവശ്യപ്പെടുന്നത് മുസ്ലീം ലീഗ്, എംഎസ്എഫ്, എസ്ഡിപിഐ, കേരള മുസ്ലീം ജമാഅത്ത് എന്നീ സംഘടനകളാണ്. എന്നാല്‍ എറണാകുളത്തേക്കാള്‍ ജനസംഖ്യയുള്ള തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകള്‍ വിഭജിക്കണമെന്ന് ഈ സംഘടനകള്‍ ആവശ്യപ്പെടുന്നതേ ഇല്ല. അതായത് മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ജില്ലകളായി രൂപാന്തരപ്പെടുത്തി അതിന് പ്രത്യേക വികസന പാക്കേജുകള്‍ നേടിയെടുക്കുക എന്നുള്ള ലക്ഷ്യമാണ് മുസ്ലീം സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്. പിന്നാക്കാവസ്ഥയും വികസന ആവശ്യങ്ങളും ആണ് ഒരു ജില്ലാ രൂപീകരണത്തിന് കാരണമാവേണ്ടത് എങ്കില്‍ കുട്ടനാട് ജില്ലയാണ് പ്രധാനമായും രൂപീകരിക്കേണ്ടത്. വേമ്പനാട്ടു കായലിന്റെ ചുറ്റും കിടക്കുന്ന പ്രദേശങ്ങള്‍ക്ക് ഏതാണ്ട് ഒരേ സ്വഭാവമാണ് ഉള്ളത്. അപ്പര്‍ കുട്ടനാട്, ലോവര്‍ കുട്ടനാട്, കുമരകം എന്നിങ്ങനെയുള്ള സവിശേഷമായ പ്രത്യേകതകള്‍ ഒന്നിച്ചുചേരുന്ന ഒരു പ്രദേശമാണല്ലോ അത്.
കേരളത്തെ സംബന്ധിച്ച് തീരദേശ ജില്ലകളും മലയോര ജില്ലകളും വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന വികസന മേഖലകള്‍ തന്നെയാണ്. കേരളത്തിന്റെ ജില്ലാ വിഭജനത്തില്‍ വിഭവഭൂപടത്തെ കൃത്യമായി മനസ്സിലാക്കാന്‍ കഴിവുള്ള ഒരു വിദഗ്ധ സമിതി ശരിയായ പഠനം നടത്തി ജില്ലകള്‍ എങ്ങനെ രൂപീകരിക്കണം എന്ന് നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടത്. പക്ഷേ ഇന്ന് ആ ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത് മുസ്ലീം സംഘടനകളാണ്. മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളെ ഒന്നിച്ചു ചേര്‍ത്ത് മുസ്ലീം ഭൂരിപക്ഷ ജില്ല ഉണ്ടാക്കുക എന്നത് മാത്രമാണ് അവരുടെ ചിന്ത.
മുസ്ലീം സംഘടനകള്‍ക്ക് മുന്നില്‍ എറാന്മൂളികളായി നില്‍ക്കുന്ന കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും കൊണ്ട് ഇക്കാര്യം നേടിയെടുക്കുക വളരെ എളുപ്പമാണ് എന്ന് അവര്‍ പണ്ടേ തെളിയിച്ചിരിക്കുന്നു. ടൂറിസം മേഖല, വിദ്യാഭ്യാസ മേഖല, തീര്‍ത്ഥാടന മേഖല, സ്‌പൈസസ് മേഖല, മത്സ്യബന്ധന മേഖല, കാര്‍ഷിക മേഖല വ്യവസായ മേഖല എന്നിങ്ങനെ പുതിയ ജില്ലകളെ രൂപീകരിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ സാമ്പത്തിക പുരോഗതിക്കും അത് ഏറെ പ്രയോജനം ചെയ്യും. കേരളത്തിന്റെ സമഗ്ര വികസനം എന്ന ലക്ഷ്യം മാറ്റിവെച്ച്, മുസ്ലീം പ്രീണനം എന്ന സങ്കുചിത ലക്ഷ്യവുമായാണ് കേരളത്തിലെ ജില്ലാ വിഭജനങ്ങളും അതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അതിനെയാണ് ഇടത്, വലത് മുന്നണികള്‍ പ്രോത്സാഹിപ്പിക്കുന്നത്.






















