- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
- ആശയരൂപീകരണത്തിലെ സമാന്തര പാതകള്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 7)
1925 ലാണല്ലോ ആര്‍എസ്എസ് സ്ഥാപിക്കപ്പെട്ടത്. 1920,1924,1925. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നതായി കണക്കാക്കപ്പെടുന്നത് ഇതില്‍ എത് വര്‍ഷമാണെങ്കിലും ആര്‍എസ്എസ് രൂപീകരണവുമായി താരതമ്യം ചെയ്യുമ്പോള്‍ കാലഘട്ടത്തിന് വലിയ മാറ്റം സംഭവിക്കുന്നില്ല. അതേസമയം ആര്‍എസ്എസ്സിന്റെയും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റേയും ഒരു നൂറ്റാണ്ടിന്റെ ചരിത്രം കാതലായ ചില വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
കമ്മ്യൂണിസ്റ്റുകള്‍ സാര്‍വദേശീയതയില്‍ വിശ്വസിക്കുന്നവരായതിനാല്‍ താഷ്‌കെന്റില്‍ രൂപീകരിക്കപ്പെട്ടത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നു കരുതുന്ന ഇടതുപക്ഷ പാര്‍ട്ടികളും, കാണ്‍പൂരില്‍ രൂപീകരിക്കപ്പെട്ടതാണ് യഥാര്‍ത്ഥ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് കരുതുന്ന ഇടതു പാര്‍ട്ടികളും ഒരേപോലെ ബോധപൂര്‍വ്വം വിസ്മരിക്കുന്നതാണ് സത്യഭക്ത എന്നയാള്‍ 1924 ല്‍ പാര്‍ട്ടി രൂപീകരിച്ചതും, തുടര്‍ന്നുള്ള സംഭവവികാസങ്ങളും. ഇത് ചര്‍ച്ചയായാല്‍ തങ്ങളുടെ ദേശസ്‌നേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുമെന്ന് ഭാരതത്തിലെ എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഭയക്കുന്നു.
1925 ല്‍ സത്യഭക്തയുടെ ഓഫീസില്‍ നിന്ന് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷന്റെ ഒരു ലഘുലേഖ ബ്രിട്ടീഷ് അധികൃതര്‍ പിടിച്ചെടുത്തു. പൗരാണിക ഋഷിമാരുടെ ദര്‍ശനങ്ങളെയും സമകാലിക ബോള്‍ഷെവിസത്തെയും സമന്വയിപ്പിക്കുന്നതായിരുന്നു ഇതിലെ ഉള്ളടക്കം. ഇതിന് കോമിന്റേണുമായി ബന്ധമുണ്ടായിരുന്നില്ല. തന്റെ സംഘടനയില്‍ ചേരാന്‍ സ്വീഡനില്‍ കഴിയുന്ന ലാലാ ഹര്‍ദയാല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സത്യഭക്ത ഒരു പത്രപ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. ആത്മീയ കമ്മ്യൂണിസത്തിന്റെ വക്താവായിരുന്നു ഹര്‍ദയാല്‍. 1925 ലെ കാണ്‍പൂര്‍ കമ്മ്യൂണിസ്റ്റ് കോണ്‍ഫറന്‍സിനു മുന്‍പ് സത്യഭക്ത പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവിപരിപാടിയില്‍ ഹര്‍ദയാലിന്റെ ഈ ആശയം ഉള്‍പ്പെടുത്തിയിരുന്നു. (1)
കോമിന്റേണ്‍ രൂപം നല്‍കിയ സിപിഐയുടെ ആശയധാരയില്‍ ഉള്‍പ്പെടുന്ന ആളായിരുന്നില്ല സത്യഭക്തയെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. കോമിന്റേണിന്റെ നിര്‍ദ്ദേശപ്രകാരം 1923 ല്‍ ലാഹോറില്‍ ചേരാനിരുന്നതും, എന്നാല്‍ നടക്കാതെ പോയതുമായ ബോള്‍ഷെവിക്കുകളുടെ ഓള്‍ ഇന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച 25 പേരില്‍ സത്യഭക്ത ഉണ്ടായിരുന്നില്ല. സത്യഭക്ത ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’ രൂപീകരിച്ചതറിഞ്ഞ് എം.എന്‍. റോയ് അത്ഭുതപ്പെടുകയും, അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. 1925 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത എസ്. വി.ഘാട്ടെയും സത്യഭക്തയോട് നീരസം പ്രകടിപ്പിക്കുന്നുണ്ട്. സത്യഭക്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് ഘാട്ടെ പരിഹസിക്കുകയും ചെയ്തു.(2)
സത്യഭക്ത രൂപീകരിച്ച പാര്‍ട്ടിയുടെ തുടക്കത്തിലെ അംഗസംഖ്യ 78 ആയിരുന്നു. 1925 ല്‍ അത് 215 ആയി ഉയര്‍ന്നു. ഇവരില്‍ 140 പേര്‍ യുണൈറ്റഡ് പ്രോവിന്‍സില്‍ അതായത് ഇന്നത്തെ ഉത്തര്‍പ്രദേശില്‍ ഉള്ളവരായിരുന്നു. (3)
വളരെ കുറച്ചു പേര്‍ക്ക് മാത്രം അറിയാവുന്ന പരമരഹസ്യമായി ഈ അംഗങ്ങളുടെ പേരുവിവരങ്ങള്‍ സത്യഭക്ത സൂക്ഷിച്ചു. തന്റെ പാര്‍ട്ടിയെ കൊമിന്റേണ്‍ ഗ്രൂപ്പ് പിടിച്ചെടുത്ത് പുനര്‍നാമകരണം ചെയ്തപ്പോള്‍ ഈ അംഗങ്ങളുടെ പേരുകള്‍ സത്യഭക്ത കൈമാറിയില്ലെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം എഡിറ്റ് ചെയ്ത ജി. അധികാരിയും രേഖപ്പെടുത്തുന്നു. (4) സത്യഭക്ത രൂപീകരിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഹൈന്ദവ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിപ്ലവകാരികള്‍ക്കും ഇടതുപക്ഷക്കാരായ കോണ്‍ഗ്രസുകാര്‍ക്കും ശിങ്കാരവേലു ചെട്ടിയാരെ പോലുള്ള കമ്മ്യൂണിസ്റ്റുകള്‍ക്കും ആഭിമുഖ്യം ഉണ്ടായിരുന്നു എന്നതാണ് വസ്തുത. കോമിന്റേണ്‍ കമ്മ്യൂണിസ്റ്റുകളെയും സത്യഭക്ത തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
1924 ല്‍ ലെനിന്‍ മരിച്ചതോടെ കോമിന്റേണിന്റെ മുദ്രാവാക്യം മാറി. റഷ്യന്‍ മാതൃക എല്ലായിടങ്ങളിലും നടപ്പാക്കാന്‍ തീരുമാനിച്ചു. സ്റ്റാലിനും സിനോവിയും ഇതിന് നേതൃത്വം നല്‍കി. സ്വാതന്ത്ര്യസമരം നടക്കുന്ന ഭാരതം പോലുള്ള രാജ്യങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് മേല്‍ക്കൈ വേണമെന്ന് ഇവര്‍ നിര്‍ദ്ദേശിച്ചു. ഇതിന് ഏകീകൃത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെടണം. ഇതിനുവേണ്ടി ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകളോട് ഐക്യപ്പെടാന്‍ കോമിന്റേണ്‍ ആഹ്വാനം ചെയ്തു. എല്ലാ ദേശീയ സംഘടനകളെയും വിപ്ലവ പാര്‍ട്ടിയാക്കാന്‍ കോണ്‍ഗ്രസുമായും സ്വരാജ് പാര്‍ട്ടികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിയന്തര ഫലമായിരുന്നു കാണ്‍പൂരിലെ കമ്മ്യൂണിസ്റ്റ് സമ്മേളനം. എസ്.വി. ഘാട്ടെക്കൊപ്പം കോണ്‍ഗ്രസില്‍ വിപ്ലവകാരിയായി അറിയപ്പെട്ട ജെ.പി. ബഗര്‍ഹട്ടയും, സത്യഭക്തയില്‍നിന്ന് പിടിച്ചെടുത്ത പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. സ്വാഭാവികമായും ഇതിനോട് പൊരുത്തപ്പെടാന്‍ സത്യഭക്തയ്ക്ക് കഴിയുമായിരുന്നില്ല.
സത്യഭക്ത പാര്‍ട്ടിക്ക് പുറത്താവുന്നു
സത്യഭക്ത രൂപീകരിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, റഷ്യ നിയന്ത്രിക്കുന്ന കോമിന്റേണ്‍ കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള വൈരുദ്ധ്യം പ്രകടമായിരുന്നു. സത്യഭക്ത വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ശിങ്കാരവേലു ചെട്ടിയാര്‍ ഇങ്ങനെ പറഞ്ഞു: ‘ഇന്ത്യന്‍ കമ്മ്യൂണിസം ബോള്‍ഷെവിസമല്ല. റഷ്യക്കാര്‍ അവരുടെ നാട്ടില്‍ സ്വീകരിച്ച കമ്മ്യൂണിസത്തിന്റെ രൂപമാണ് ബോള്‍ഷെവിസം. നമ്മള്‍ റഷ്യക്കാരല്ല. ബോള്‍ഷെവിക്കുകളെയും ബോള്‍ഷവിസത്തെയും ഭാരതത്തിന് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല… നമ്മള്‍ ലോക കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒപ്പമാണ്, ബോള്‍ഷെവിക്കുകള്‍ക്ക് ഒപ്പമല്ല.'(5) ലോകമാന്യ തിലകന്റെ അനുയായിയും ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവുമായ ഹസ്രത്ത് മൊഹാനിയും ഇതേ അഭിപ്രായക്കാരനായിരുന്നു.ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടേത് പരിശുദ്ധമായ ഭാരതീയതയാണെന്നും, വിദേശ പാര്‍ട്ടികളോട് മാനസിക അടുപ്പം മാത്രമാണുള്ളതെന്നും, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോമിന്റേണ്‍ സഹയാത്രികരാണ്, അതിന്റെ അനുബന്ധമല്ലെന്നും മൊഹാനി പറയുകയുണ്ടായി.
പാര്‍ട്ടി പരിപാടിക്കു വേണ്ടി തയ്യാറാക്കിയ രൂപരേഖയില്‍ സത്യഭക്ത പറയുന്നത് പ്രതിധ്വനിപ്പിക്കുക മാത്രമാണ് ശിങ്കാരവേലു ചെട്ടിയാരും മൊഹാനിയും ചെയ്തത്. ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ത്തും ഒരു സ്വതന്ത്ര സംഘടനയാണ് കോമിന്റേണുമായി അതിനുള്ളത് ഒരേ തത്വം പിന്തുടരുന്നവര്‍ എന്ന നിലയ്ക്കുള്ള സൗഹൃദവും സഹാനുഭൂതിയും മാത്രമാണ്. നമ്മുടെ കൈകള്‍ ബന്ധിക്കപ്പെടാനോ മറ്റുള്ളവരില്‍ നിന്ന് ഉത്തരവുകള്‍ സ്വീകരിക്കുവാനോ നാം ഒരുക്കമല്ല’ എന്നാണ് സത്യഭക്ത പ്രഖ്യാപിച്ചത്.(6) ഇത് യാദൃച്ഛികമായ അഭിപ്രായ പ്രകടനം ആയിരുന്നില്ല. കോമിന്റേണിനോട് പുതുതായി രൂപംകൊണ്ട ഭാരതീയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ പ്രതിരോധമായിരുന്നു.
സത്യഭക്തയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ കോമിന്റേണ്‍ കമ്മ്യൂണിസ്റ്റുകളെല്ലാം ഒരുമിച്ചു. ഇവരെല്ലാവരും കാണ്‍പൂരിലെത്തി. ദേശീയ കമ്മ്യൂണിസം സംബന്ധിച്ച സത്യഭക്തയുടെ ആശയങ്ങളാണ് മറ്റുള്ളവരുമായി ഏറ്റുമുട്ടലിന് ഇടയാക്കിയതെന്ന് ജി. അധികാരി തന്നെ പറയുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേര് സത്യഭക്ത ഉപയോഗിക്കുന്നതും, അതുവഴി ഭാവിയില്‍ കോമിന്റേണ്‍ കമ്മ്യൂണിസ്റ്റുകളുടെ വഴിമുടക്കുന്നതും തടയുന്നതിനാണ് തങ്ങളെല്ലാം കാണ്‍പൂരിലേക്ക് പോയതെന്നും അധികാരി സമ്മതിക്കുന്നു. ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന പേര് തടയുകയാണ് സംഘടിതരായെത്തിയ കോമിന്റേണ്‍ കമ്മ്യൂണിസ്റ്റുകള്‍ ആദ്യ ദിവസം ചെയ്തത്. സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രമേയം തയ്യാറാക്കുന്ന കമ്മറ്റിയുടെ ചുമതല ഏറ്റെടുത്ത കോമിന്റേണ്‍ കമ്മ്യൂണിസ്റ്റുകള്‍ മൂന്നാം ദിവസം സത്യഭക്ത നിര്‍ദ്ദേശിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (ഐസിപി) എന്ന പേരുമാറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്ന പേര് സ്വീകരിച്ചു. സത്യഭക്തയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പാര്‍ട്ടിയുടെ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുകയും, പാര്‍ട്ടിയുടെ ആസ്ഥാനം ബോംബെയിലേക്ക് മാറ്റുകയും ചെയ്തു. പുതിയ പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കുമെന്ന് ഓരോ പാര്‍ട്ടി അംഗവും സത്യപ്രതിജ്ഞ ചെയ്തു. സത്യഭക്തയും ഹസ്രത്ത് മൊഹാനിയും മറ്റും കമ്മറ്റിയില്‍ അംഗങ്ങളായിരുന്നെങ്കിലും പാര്‍ട്ടിയുടെ വിദേശ സംയോജനത്തോടുള്ള ഇവരുടെ എതിര്‍പ്പ് തള്ളിക്കളഞ്ഞു.(7) ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യന്‍ ഘടകമാണ് വേണ്ടതെന്ന നിലപാട് ദേശവിരുദ്ധമായിരുന്നു. സമ്മേളനത്തിന്റെ മൂന്നാമത്തെ രാത്രി സത്യഭക്ത ആ സത്യം തിരിച്ചറിഞ്ഞു. താന്‍ രൂപം നല്‍കിയ പഴയ പാര്‍ട്ടിക്ക് കാണ്‍പൂര്‍ സമ്മേളനത്തില്‍ രൂപീകരിച്ച പുതിയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. നാലാമത്തെ ദിവസം തന്റെ രേഖകളെല്ലാമെടുത്ത് സത്യഭക്ത സമ്മേളന സ്ഥലം വിട്ടു.
പാര്‍ട്ടി രൂപീകരണത്തിന്റെ പശ്ചാത്തലത്തില്‍ സത്യഭക്തയും മറ്റും നടത്തിയ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ കോമിന്റേണിനെക്കുറിച്ച് ജനങ്ങളില്‍ മോശം ധാരണ സൃഷ്ടിച്ചു എന്നാണ് എം.എന്‍. റോയ് പിന്നീട് പറഞ്ഞത്. സത്യഭക്ത, ശിങ്കാരവേലു തുടങ്ങിയവര്‍ ബാലിശമായാണ് പ്രവര്‍ത്തിച്ചതെന്നും റോയ് പറഞ്ഞു. സത്യഭക്തയെ പോലുള്ളവര്‍ പുറത്തായതോടെ റോയ് സിപിഐയുടെ പ്രധാന സൈദ്ധാന്തികനായി. കോമിന്റേണില്‍ അംഗത്വമെടുക്കാന്‍ പുതിയ പാര്‍ട്ടിയോട് റോയ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പെട്ടെന്ന് സംഭവിച്ചില്ല. സത്യഭക്ത രൂപീകരിച്ച പാര്‍ട്ടിയെ കോമിന്റേണ്‍ കമ്മ്യൂണിസ്റ്റുകള്‍ സമര്‍ത്ഥമായി പിടിച്ചെടുത്തതോടെ ഭാരതത്തില്‍ മറ്റൊരു രൂപത്തിലുള്ള കമ്മ്യൂണിസം വികസിക്കാനുള്ള എല്ലാ സാധ്യതയും അടഞ്ഞു. അങ്ങനെ റഷ്യന്‍ മാതൃകയിലുള്ള കമ്മ്യൂണിസത്തിന്റെ കുത്തക യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റുകള്‍ക്ക് ലഭിച്ചു. ഇതുവഴി സ്വാതന്ത്ര്യ സമരകാലത്തും പിന്നീടും ദേശവിരുദ്ധതയുടെ പരമ്പരകള്‍ സൃഷ്ടിക്കപ്പെട്ടു.
ഭാരതത്തില്‍ കമ്മ്യൂണിസം പ്രചരിപ്പിക്കാനും പാര്‍ട്ടി കെട്ടിപ്പടുക്കാനും കോമിന്റേണ്‍ വഴി റഷ്യ വന്‍തോതില്‍ പണമൊഴുക്കി എന്നത് ഒരു വസ്തുതയാണ്. പണം കൊടുത്ത് പാര്‍ട്ടി നേതാക്കളെ വിലക്കെടുക്കാനുള്ള ശ്രമം സത്യഭക്തയുടെ കാര്യത്തിലും കോമിന്റേണ്‍ നടത്തി. കാണ്‍പൂര്‍ സമ്മേളനത്തിന് രണ്ടുമാസം മുന്‍പ് സത്യഭക്ത തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയുണ്ടായി. പണത്തിനുവേണ്ടി കോമിന്റേണിനെ സമീപിക്കാന്‍ സുഹൃത്തുക്കള്‍ തന്നെ ഉപദേശിച്ചു എന്നാണ് സത്യഭക്ത പറഞ്ഞത്. എന്നാല്‍ വിദേശത്തുനിന്ന് പണം വാങ്ങുന്നത് അഴിമതിക്കും അപചയത്തിനും കാരണമാകും എന്നു പറഞ്ഞ് ഈ ഉപദേശം സത്യഭക്ത നിരസിക്കുകയായിരുന്നു. സത്യഭക്തയുടെ അടുത്ത് റഷ്യന്‍ തന്ത്രം ചെലവായില്ലെങ്കിലും ധനമോഹം മറ്റ് പല നേതാക്കളെയും വീഴ്ത്തുകയുണ്ടായി. റോയ് വഴി വിതരണം ചെയ്യുന്ന പണം ഭാരതത്തില്‍ എത്തുന്നില്ലെന്ന് 1927 ല്‍ മോസ്‌കോ സന്ദര്‍ശിച്ച് രവീന്ദ്രനാഥ ടാഗൂറിന്റെ സഹോദരന്‍ സൗമ്യേന്ദ്രനാഥ ടാഗൂര്‍ പരാതിപ്പെടുന്നുണ്ട്. സിപിഐയുടെ ഉത്തരവാദിത്തം ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് മാറിയതോടെ റോയ് വഴി പണം വിതരണം ചെയ്യുന്ന രീതി അവസാനിച്ചു എന്നുവേണം കരുതാന്‍. പിടിച്ചെടുത്ത പാര്‍ട്ടി രേഖകളില്‍ ഇതിന്റെ വ്യക്തമായ സൂചനയുണ്ട്. 1924 ല്‍ 5000 പൗണ്ട് ആണ് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോമിന്റേണ്‍ നല്‍കിയത്. ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ ഇത് 16000 പൗണ്ട് ആയി വര്‍ദ്ധിച്ചുവെന്നാണ് അമേരിക്കന്‍-ബ്രിട്ടീഷ് എഴുത്തുകാരായ കെവിനും ജെറമിയും എഴുതുന്നത്. (8)
വൈദേശിക വിധേയത്വം പാടില്ലെന്ന നിലപാട് എസ്.എ. ഡാങ്കെയും സ്വീകരിച്ചിട്ടുള്ളത് കാണാം. വ്യത്യസ്ത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗങ്ങള്‍ തമ്മില്‍ ദേശീയ താല്‍പ്പര്യത്തിന്റെ കാര്യത്തില്‍ ഏറ്റുമുട്ടലു ണ്ടാവാം എന്നായിരുന്നു ഡാങ്കെ പറഞ്ഞത്. യൂറോപ്യന്‍ കമ്മ്യൂണിസ്റ്റ് അനുഭവം ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഡാങ്കെ എതിരായിരുന്നു. സ്വാഭാവികമായും കോമിന്റേണിന്റെ രണ്ട് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ഡാങ്കെ തയ്യാറായതുമില്ല. 1922 ല്‍ മോസ്‌കോ സന്ദര്‍ശിക്കാനുള്ള ക്ഷണം ഡാങ്കെ നിരസിച്ചതാണ് ആദ്യത്തേത്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് ആഷ്‌ലി വഴിയാണ് ഈ ക്ഷണം എത്തിയത്. ‘വിദൂര രാജ്യത്തുള്ള ഒരു പാര്‍ട്ടിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറല്ല. കോമിന്റേണ്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരുക്കമല്ലെന്ന് ഞാന്‍ (ആഷ്‌ലിയോട്) പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയം യൂറോപ്പില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണെന്നും ഞാന്‍ പറഞ്ഞു.’ (9)
ഇതായിരുന്നു ഡാങ്കെയുടെ വാക്കുകള്‍. 1923 ല്‍ കോമിന്റേണ്‍ സമ്മേളനത്തിലേക്കുള്ള ക്ഷണം നിരസിച്ചുകൊണ്ട് ശിങ്കാരവേലു ചെട്ടിയാര്‍ക്ക് ഡാങ്കെ ഇങ്ങനെ എഴുതി: ‘യൂറോപ്യന്‍ കോണ്‍ഫറന്‍സുകളില്‍ കമ്മ്യൂണിസം വേട്ടയാടി പിടിക്കാന്‍ ഇന്ത്യക്കാര്‍ പോകുന്നത് തലതിരിഞ്ഞ പരിപാടിയാണ്. എന്താണോ വേണ്ടത്, അത് ഭാരതത്തില്‍ തന്നെ ചെയ്യുക.’ (10)
സോഷ്യലിസ്റ്റ് എന്ന തന്റെ പ്രസിദ്ധീകരണത്തില്‍ കോമിന്റേണ്‍ തന്ത്രങ്ങളെ ഡാങ്കെ നിശിതമായി വിമര്‍ശിച്ചു. സംഘടിത തൊഴിലാളിവര്‍ഗ്ഗം നിലവിലുള്ള യൂറോപ്പിന്റെ അനുഭവം വച്ചാണ് കോമിന്റേണ്‍ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതെന്നും, ഭാരതത്തിലെ തൊഴിലാളികള്‍ സംഘടിതരല്ലെന്നും, ഇവിടെ രഹസ്യ പ്രചാരണം ആവശ്യമില്ലെന്നും ഡാങ്കെ നിലപാടെടുത്തു. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ നിയമവിരുദ്ധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഡാങ്കെ എതിര്‍ത്തു.
വെറുതെയല്ല ഡാങ്കെയെ പില്‍ക്കാലത്ത് അമേരിക്കന്‍ ചാരനെന്നും മറ്റും മുദ്രകുത്തി കമ്മ്യൂണിസ്റ്റു പാര്‍ട്ടി പുറത്താക്കിയത്.
സത്യഭക്ത രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വ ഫീസ് ഏര്‍പ്പെടുത്തിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് തത്ത്വങ്ങള്‍ക്ക് എതിരായതിനാല്‍ പണം മാനദണ്ഡമാക്കുന്നത് അവസാനിപ്പിക്കണം എന്നതായിരുന്നു സത്യഭക്തയുടെ നിലപാട്. ഇത് പൊതുവായ കമ്മ്യൂണിസ്റ്റ് ധാരണയ്ക്ക് ചേര്‍ന്നതല്ലെന്നും, ലാല ഹര്‍ദയാലിന്റെ ചിന്തകളാണ് എന്നുമായിരുന്നു കോമിന്റേണ്‍ കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞത്. പണം മുതലാളിത്തത്തിന്റെ പോലീസുകാരനാണെന്നും, കമ്മ്യൂണിസം ഇത് ഇല്ലായ്മ ചെയ്യുമെന്നുമായിരുന്നു ഹര്‍ദയാലിന്റെ ആശയം. കോമിന്റേണ്‍ വഴി സോവിയറ്റ് യൂണിയനില്‍ നിന്നും പിന്നീട് ബ്രിട്ടനില്‍ നിന്നും വന്‍തോതില്‍ പണം കൈപ്പറ്റിക്കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് സത്യഭക്തയുടെ പണസംബന്ധമായ നിസ്സംഗത സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല.
ഭാരതീയതയുടെ വര്‍ഗ്ഗ ശത്രുക്കള്‍
ഭാരതീയതയോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്വേഷമാണ് സത്യഭക്തയ്ക്ക് വിനയായത്. കാരണം സത്യഭക്ത ഭാരതീയതയില്‍ ഉറച്ചുവിശ്വസിച്ചു. കമ്മ്യൂണിസത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശം ഭൂമിയില്‍ ‘രാമരാജ്യം’ സ്ഥാപിക്കുക എന്നതാണെന്ന് പ്രഖ്യാപിച്ചയാളാണ് സത്യഭക്ത. സാമ്രാജ്യത്വവും മുതലാളിത്തവും അവസാനിക്കുമെന്നും, ‘രാമരാജ്യം’ നിലവില്‍ വരുമെന്നും ആഗ്രഹിച്ചയാളുമാണ്. ഹൈന്ദവ ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ കമ്മ്യൂണിസത്തെ പുനര്‍നിര്‍വചിക്കാന്‍ സത്യഭക്ത ശ്രമിച്ചു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നിരന്തരം എഴുതുകയും ചെയ്തു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സത്യഭക്തയെ ആദ്യം ഒറ്റപ്പെടുത്തുകയും, പിന്നീട് അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തത് ഇതിനാലാണ്.
ക്രൈസ്തവ മതവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിമോചന ദൈവശാസ്ത്രം (Liberation Theology) കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്വീകാര്യമാകുമ്പോഴും ഹൈന്ദവ വിമോചന ദൈവശാസ്ത്രം അവര്‍ക്ക് അന്യമാണല്ലോ. കമ്മ്യൂണിസ്റ്റ് സഹജമായ ഈ വിദ്വേഷത്തിന്റെ തുടക്കം സത്യഭക്തയോടുള്ള എതിര്‍പ്പില്‍ തെളിഞ്ഞു കാണാം. പില്‍ക്കാലത്ത് ഹൈന്ദവ വിമോചന ദൈവശാസ്ത്രത്തിന്റെ ആവശ്യകത മുന്നോട്ടുവച്ച ഒ.വി.വിജയനെയും ഇടതുപക്ഷം കടന്നാക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവല്ലോ.
രാജസ്ഥാനിലെ ഭരത് പൂരില്‍ 1879 ലാണ് സത്യഭക്ത ജനിച്ചത്. മുത്തച്ഛന്‍ തനിക്ക് പുരാണകഥകള്‍ പറഞ്ഞു തരുമായിരുന്നുവെന്ന് ‘മര്‍ണെ കി ബാദ്’ എന്ന പുസ്തകത്തില്‍ സത്യഭക്ത പറയുന്നുണ്ട്. ഭാഗവതപുരാണവും ഗരുഡപുരാണവും നന്നായി പഠിച്ച സത്യഭക്ത രാമചരിത മാനസത്തിലും ആകൃഷ്ടനായി. ആദ്യകാലത്ത് ഭാരത് മിത്ര, സത്യ സനാതന ധര്‍മ്മ, പ്രതാപ് എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചു.
1934 ല്‍ സാമ്യവാദ് കി സിദ്ധാന്ത് (കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍) എന്നൊരു പുസ്തകം സത്യഭക്ത എഴുതുകയുണ്ടായി. ഹിന്ദു ധര്‍മ്മത്തെയും കമ്മ്യൂണിസത്തെയും ആത്മീയതയെയും ഭൗതിക വാദത്തെയും സമന്വയിപ്പിക്കാനാണ് ഇതില്‍ ശ്രമിച്ചത്. ഈ പുസ്തകത്തിന്റെ കവര്‍ പേജില്‍ ഏറ്റവും മുകളിലായി സനാതന ധര്‍മ്മത്തിന്റെ എക്കാലത്തെയും പ്രതീകമായ ‘ഓം’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. സത്യഭക്തയുടെ ഹൈന്ദവമായ ആത്മീയതയും ദേശീയ ചിന്തയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീര്‍ത്തും അന്യമായിരുന്നു. ‘കമ്മ്യൂണിസം പ്രചരിപ്പിക്കുമ്പോള്‍ തന്നെ ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതകള്‍ തന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഭാരതത്തിലെ ജനങ്ങള്‍ക്ക് ആത്മീയതയില്‍ താല്പര്യമുണ്ടെങ്കില്‍ കമ്മ്യൂണിസത്തിന്റെ പ്രചാരണത്തില്‍ അത് ഉള്‍പ്പെടുത്തുന്നത് തെറ്റല്ല’ (11) എന്നാണ് സത്യഭക്ത ഈ പുസ്തകത്തില്‍ എഴുതിയത്.
ഭാരതീയര്‍ക്ക് കമ്മ്യൂണിസം പുതിയൊരു ആശയമാണെന്ന് പറയുന്ന ഭാരത് മേം സാമ്യവാദ് (കമ്മ്യൂണിസം ഭാരതത്തില്‍) എന്ന പുസ്തകത്തില്‍ സത്യഭക്ത എഴുതുന്നത് ഇങ്ങനെയാണ്: ‘നമ്മുടെ സംസ്‌കാരത്തില്‍ പൗരാണിക കാലം മുതല്‍ ഐക്യത്തിന്റെയും മൈത്രിയുടെയും മനോഭാവമുണ്ട്. എല്ലാ മനുഷ്യരും ആത്മീയ ജീവികളാണ് എന്നതിലേക്ക് ഈ മനോഭാവം വികസിക്കുകയുണ്ടായി.’ (12) ഹിന്ദു ധര്‍മ്മത്തിന്റെ മാനുഷികവും ധാര്‍മികവുമായ പരിഗണനകള്‍ സത്യഭക്ത എടുത്തു പറയുന്നുണ്ട്. സ്ഥിതിസമത്വം ഹിന്ദു ധര്‍മ്മത്തിന് അന്യമല്ലെന്നും സത്യഭക്ത കരുതി.
ആത്മീയ കമ്മ്യൂണിസം എന്നത് അയഥാര്‍ത്ഥമായ ഒരു ആശയഗതിയാണ്. ഭൗതികാതീതമായി മനുഷ്യന് ഒരു അസ്തിത്വമുണ്ടെന്നോ ആത്മാവുണ്ടെന്നോ മാര്‍ക്‌സിസം കരുതുന്നില്ല. പലപ്പോഴും ആത്മീയ കമ്മ്യൂണിസത്തിലെ ‘ആത്മീയത’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ധാര്‍മികതയാണ്. സിദ്ധാന്തത്തിലും പ്രയോഗത്തിലും ഇങ്ങനെയൊന്ന് മാര്‍ക്‌സിസത്തിന് ഉണ്ടായിട്ടേയില്ല. ആത്മീയ കമ്മ്യൂണിസം പ്രചരിപ്പിച്ചതിന്റെ പേരിലല്ല സത്യഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടത്. ഭാരതപ്പഴമയേയും ദേശീയത്തനിമയേയും അംഗീകരിച്ചതിനാലാണ്. ഈ ദുഷിച്ച പാരമ്പര്യം ചരിത്രത്തില്‍ ഉടനീളം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
അടിക്കുറിപ്പ്:
1.Communism in India, Sir David Petr
2.Communism in India, by Gene D. Overstreet and Marshall Windmiller.
3.Communism in India, Sir David Petr
4.Documents of the history of the communist party of India vol. 2 G. Adhikari.
5.Communism in India, by Gene D. Overstreet and Marshall Windmiller.
6.Documents of the History of the Communist party of India vol. 2, G. Adhikari.
7.Ibid
8.The Comintern: a Short History of International Communism from Lenin to Stalin, Kevin McDermott and Jeremy Agnew.
9.Documents of the History of the Communist party of India vol. 2, G. Adhikari.
10.Ibid
11.A Communist Ram Rajya? Satyabhakta is a forgotten figure of Hindu Left, Charu Gupta.
12.Ibid
അടുത്തത്: ദേശീയവാദിയും ഭാരതവിരുദ്ധനും





















