- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- ആശയരൂപീകരണത്തിലെ സമാന്തര പാതകള്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 7)
നാഗ്പൂരില്‍ ഡോ. ഹെഡ്‌ഗേവാര്‍ ആര്‍എസ്എസ്സിന് തുടക്കം കുറിച്ച് മൂന്നു മാസത്തോളം കഴിഞ്ഞാണ് കാണ്‍പൂരില്‍ എം.എന്‍. റോയിയുടെ നിര്‍ദ്ദേശാനുസരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിച്ചത്. 1925 സെപ്റ്റംബര്‍ 27 വിജയദശമി ദിനമാണ് ആര്‍എസ്എസ്സിന് തുടക്കം കുറിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിച്ച 1925 ഡിസംബര്‍ 26 എന്ന ദിനത്തിന് ഇങ്ങനെയൊരു സാംസ്‌കാരിക പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല.
ആര്‍എസ്എസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആരംഭത്തെ കേവലമായ സംഘടനാ രൂപീകരണമായി വിലയിരുത്താനാവില്ല. രണ്ടിന്റെയും ചരിത്രപശ്ചാത്തലവും സാഹചര്യവും ആശയരൂപീകരണവും സംഘടനാ രീതിയും വ്യത്യസ്തമായിരുന്നു. ഇത് എന്തൊക്കെയെന്ന് പരിശോധിക്കേണ്ടത് ഇരു സംഘടനകള്‍ക്കും ഉണ്ടായ വളര്‍ച്ച-തളര്‍ച്ചകളെക്കുറിച്ചും, ഈ സംഘടനകള്‍ സമൂഹത്തില്‍ സൃഷ്ടിച്ച മാറ്റത്തെക്കുറിച്ചും ലക്ഷ്യപൂര്‍ത്തിയില്‍ എത്രത്തോളം വിജയിച്ചു എന്നുമൊക്കെ മനസ്സിലാക്കാന്‍ ആവശ്യമാണ്.
കാണ്‍പൂര്‍ ഗൂഢാലോചന കേസ് എന്ന സംഭവത്തിന്റെ തുടര്‍ച്ചയായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്. കാണ്‍പൂര്‍ ഗൂഢാലോചന കേസ് എന്നാണ് പൊതുവെ അറിയപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അത് കാണ്‍പൂര്‍ ബോള്‍ഷെവിക് ഗൂഢാലോചന കേസാണ്. ഈ ബോള്‍ഷെവിക് വിശേഷണം ഏടുത്തുപറയാതിരുന്നാല്‍ കേസിനാസ്പദമായ സംഭവത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ കഴിയില്ല.

യൂറോപ്പില്‍ സോഷ്യലിസം ഒരു ജനകീയ പ്രസ്ഥാനമായിരുന്നു. അത് ബോള്‍ഷെവിക് ആയിരുന്നില്ല. ദേശീയ താല്‍പ്പര്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരുന്നത്. എന്നാല്‍ സോവിയറ്റ് യൂണിയനും ലെനിനും ഇത് സ്വീകാര്യമായില്ല. ജര്‍മ്മനിയിലെ സ്വതന്ത്ര ചിന്താഗതിക്കാരെയും ഫ്രഞ്ച് സോഷ്യലിസ്റ്റുകളെയും കോമിന്റേണില്‍ ഉള്‍പ്പെടുത്തുന്ന പ്രശ്‌നമില്ലെന്ന് ലെനിന്റെ വലംകയ്യായിരുന്ന സിനോവി അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. റഷ്യയില്‍ ബോള്‍ഷെവിസം വിജയിച്ചതോടെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് വളരെയധികം ആളുകളെ ആകര്‍ഷിക്കാന്‍ ലെനിന് കഴിഞ്ഞു. 1920 നു മുന്‍പും പിന്‍പുമായി പരിഷ്‌ക്കരണ വാദികളായ നിരവധി നേതാക്കളെ സോഷ്യലിസത്തില്‍ നിന്ന് വേര്‍പെടുത്തിയെടുക്കാന്‍ ബോള്‍ഷെവിക്കുകള്‍ക്ക് കഴിഞ്ഞു. ഒരു ബോള്‍ഷെവിക് അതായത് കമ്മ്യൂണിസ്റ്റ് ഭീകരന്‍ ആയതുകൊണ്ടാണ് എം.എന്‍. റോയ് ലെനിന് സ്വീകാര്യനായത്.
1917 ലാണല്ലോ റഷ്യയില്‍ ഒക്ടോബര്‍ വിപ്ലവം നടന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, കൃത്യമായി പറഞ്ഞാല്‍ 1918 ഡിസംബറില്‍ സോവിയറ്റ് ഭരണകൂടത്തിന്റെ വയര്‍ലെസ് സ്റ്റേഷന്‍ ഒരു വാര്‍ത്ത പ്രക്ഷേപണം ചെയ്യുകയുണ്ടായി. ‘ഇന്ത്യന്‍ ജനതയുടെ പേരില്‍’ ഒരു പ്രതിനിധി സംഘം സോവിയറ്റ് സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഒരു നിവേദനം കൈമാറിയിരിക്കുന്നു എന്നതായിരുന്നു ഈ വാര്‍ത്ത. ”ഇംഗ്ലണ്ടിന്റെ (ഇന്ത്യയിലെ) നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും, അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാന്‍ സ്വാതന്ത്ര്യം നേടിയ റഷ്യ പിതൃനിര്‍വിശേഷമായ സഹായഹസ്തം നീട്ടണം” എന്ന അഭ്യര്‍ത്ഥനയോടെയാണ് ഈ നിവേദനം അവസാനിച്ചിരുന്നത്.
1924 ഫെബ്രുവരി ആയപ്പോഴേക്കും ഭാരതത്തിനുമേല്‍ റഷ്യ നേരിട്ട് കണ്ണുവയ്ക്കാന്‍ തുടങ്ങി. ”സ്വതന്ത്രമാകുന്ന കിഴക്കന്‍ റിപ്പബ്ലിക്കുകളെ ഭാവി ഭാരതം നയിക്കണം” എന്ന പ്രഖ്യാപനം സോവിയറ്റ് യൂണിയന്റെ പ്രഥമ വിദേശകാര്യ മന്ത്രി ജോര്‍ജി ചിച്ചെറിന്‍ പ്രഖ്യാപിച്ചു. ഇത് പെട്ടെന്നുള്ള ആവേശംകൊണ്ട് പറഞ്ഞുപോയതല്ല. ആസൂത്രിതമായി നടപ്പില്‍ വരുത്താനുള്ള നയപ്രഖ്യാപനം ആയിരുന്നു.
ബോള്‍ഷെവിക്ക് ഗൂഢാലോചനയും കാണ്‍പൂര്‍ സമ്മേളനവും
സ്വാതന്ത്ര്യം, വിമോചനം എന്നൊക്കെയുള്ള വാക്കുകളാണ് പ്രയോഗിച്ചിരുന്നതെങ്കിലും ഭാരതത്തെ സോവിയറ്റ് യൂണിയന്റെ ഉപഗ്രഹമാക്കി മാറ്റുകയെന്ന പദ്ധതിയാണ് ബോള്‍ഷെവിക്കുകളായ കമ്മ്യൂണിസ്റ്റ് ഭീകരരെ സോവിയറ്റ് യൂണിയന്‍ ഏല്‍പ്പിച്ചിരുന്നത്. പുതുതായി രൂപീകരിക്കാന്‍ പോകുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ശാഖയായിരിക്കണമെന്ന റോയിയുടെ നിര്‍ദ്ദേശം 1924 ജൂലൈ മാസത്തില്‍ തന്നെ കോമിന്റേണ്‍ അംഗീകരിച്ചിരുന്നു. അതായത് സോവിയറ്റ് യൂണിയന്റെ സമ്പൂര്‍ണ പിന്തുണ ഈ പാര്‍ട്ടി രൂപീകരണത്തിന് ഉണ്ടായിരുന്നു എന്നര്‍ത്ഥം.
സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലത്ത് 1900 ല്‍ ഫ്രാന്‍സുമായി സൈനിക സഖ്യമുണ്ടാക്കി 3,00,000 സൈനികരുമായി താഷ്‌കെന്റുവഴി ഭാരതത്തെ കടന്നാക്രമിക്കാനും പിടിച്ചെടുക്കാനുമുള്ള വിഫലശ്രമം റഷ്യ നടത്തിയിരുന്നു. താഷ്‌കെന്റില്‍ റെയില്‍പാതയുടെ നിര്‍മ്മാണം യഥാസമയം പൂര്‍ത്തിയാകാതിരുന്നതുകൊണ്ടാണ് ഈ കടന്നാക്രമണം സംഭവിക്കാതെ പോയത്. 17 വര്‍ഷത്തിനുശേഷം സാര്‍ ഭരണകൂടത്തെ പുറത്താക്കി അധികാരത്തില്‍ വന്ന ലെനിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടവും ഭാരതത്തോട് സാര്‍ ചക്രവര്‍ത്തിമാരുടെ അതേ സാമ്രാജ്യത്വ മനോഭാവമാണ് പുലര്‍ത്തിയത്. അക്കാലത്ത് കരുത്തുറ്റ ബ്രിട്ടനെ നേരിട്ട് പരാജയപ്പെടുത്തി ഭാരതം പിടിച്ചെടുക്കാനാകില്ലെന്നും, അതിന് ദീര്‍ഘകാല പദ്ധതി ആവശ്യമാണെന്നും ശൈശവ ദശയിലായിരുന്ന സോവിയറ്റ് ഭരണകൂടം തിരിച്ചറിഞ്ഞു.
ഭാരതത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരായ സ്വാതന്ത്ര്യ സമരം ശക്തി പ്രാപിക്കുകയും, ലാഹോര്‍ മുതല്‍ കല്‍ക്കട്ട വരെയും മീററ്റ് മുതല്‍ മദ്രാസ് വരെയും നിരവധി സായുധ സമരങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. ഈ അവസരം ഉപയോഗിച്ച് സാമ്രാജ്യത്വ വിരുദ്ധ വിരോധത്തിന്റെ മുഖംമൂടിയണിഞ്ഞുള്ള കമ്മ്യൂണിസ്റ്റ് പ്രചാരണം ബോള്‍ഷെവിക്കുകള്‍ കെട്ടഴിച്ചുവിട്ടു. സോവിയറ്റ് യൂണിയനാണ് ഇത് ചെയ്തത്. പക്ഷേ നേരിട്ട് രംഗത്ത് വരാതെ എം.എന്‍. റോയിയെ പോലുള്ള കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ ഉപയോഗിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു കാണ്‍പൂര്‍ ബോള്‍ഷെവിക് ഗൂഢാലോചന.
കാണ്‍പൂര്‍ ഗൂഢാലോചന കേസില്‍ എം.എന്‍. റോയ്, മുസഫര്‍ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, ഗുലാം ഹുസൈന്‍, എസ്.എ. ഡാങ്കെ, ശിങ്കാരവേലു ചെട്ടിയാര്‍, ആര്‍.എല്‍. ശര്‍മ, നളിനി ഗുപ്ത, ഷംസുദ്ദീന്‍ ഹുസൈന്‍, എം.ആര്‍.എസ്. വേലായുധന്‍, ഡോ. മണിലാല്‍, സമ്പൂര്‍ണാനന്ദ, സത്യഭക്ത എന്നിങ്ങനെ 13 പേര്‍ പ്രതികളായെങ്കിലും എട്ട് പേര്‍ക്കാണ് കുറ്റപത്രം നല്‍കപ്പെട്ടത്. നാല് പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. മുസഫര്‍ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, നളിനി ഗുപ്ത, എസ്.എ. ഡാങ്കെ എന്നിവര്‍ക്ക് നാല് വര്‍ഷം തടവ് ശിക്ഷ ലഭിച്ചു.
ആരോഗ്യകാരണങ്ങളാല്‍ ശിങ്കാരവേലുവിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടെങ്കിലും അസുഖത്തെത്തുടര്‍ന്ന് ഇളവ് ലഭിച്ച് മുസഫര്‍ അഹമ്മദും പുറത്തിറങ്ങി. അക്കാലത്ത് ജര്‍മ്മനിയില്‍ കഴിഞ്ഞിരുന്ന എം.എന്‍. റോയിയെയും, ഫ്രഞ്ച് അധീന പ്രദേശമായിരുന്ന പോണ്ടിച്ചേരിയില്‍ കഴിഞ്ഞിരുന്ന ആര്‍.എല്‍. ശര്‍മയെയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സത്യഭക്ത ഒഴികെ എല്ലാവര്‍ക്കും സോവിയറ്റ് യൂണിയന്റെ മാര്‍ഗദര്‍ശനവും പരിശീലനവും സഹായങ്ങളും ലഭിച്ചിരുന്ന കാര്യം കേസില്‍ മാപ്പുസാക്ഷിയായ ഗുലാം ഹുസൈന്‍ വെളിപ്പെടുത്തി. പ്രതികളില്‍ ഏറെക്കുറെ എല്ലാവരും ബോള്‍ഷെവിക് ഭീകരവാദികള്‍ ആയിരുന്നു. പക്ഷേ ”കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ടു മാത്രം അത് കുറ്റകരമാകുന്നില്ല” എന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ പരാമര്‍ശം ഇവര്‍ ശരിക്കും ഉപയോഗിച്ചു. ”കമ്മ്യൂണിസത്തോടുള്ള ജനങ്ങളുടെ ഭയം നീങ്ങിയിരിക്കുന്നു” എന്ന് കല്‍ക്കട്ടയിലെ ഒരു പത്രം എഴുതി. ”മുന്‍കാലത്ത് തങ്ങളെ ഭയപ്പെടുത്തിയിരുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നത് ജനങ്ങള്‍ക്ക് ഇപ്പോള്‍ ശീലമായിട്ടുണ്ട്. ഈ സാഹചര്യം നാം മുതലെടുക്കണം. നമ്മുടെ പാര്‍ട്ടിയെ നിയമാനുസൃതമാക്കാനുള്ള പോരാട്ടത്തിന് തുടക്കം കുറിക്കണം” റോയ് ആഹ്വാനം ചെയ്തു.
ശിങ്കാരവേലു ചെട്ടിയാരുടെ അധ്യക്ഷതയില്‍ രണ്ടു ദിവസങ്ങളിലായി ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ കാണ്‍പൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുസഫര്‍ അഹമ്മദ് ഉള്‍പ്പെടെ 300 പ്രതിനിധികള്‍ പങ്കെടുത്തു എന്നതാണ് ഒരു കണക്ക്. 500 പേര്‍ പങ്കെടുത്തുവെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജര്‍മ്മനിയിലിരുന്നുകൊണ്ട് എം.എന്‍. റോയ് സമ്മേളനം സംഘടിപ്പിക്കുന്നതിനു വേണ്ട നിര്‍ദ്ദേശം നല്‍കി. മുംബൈയില്‍ ജനിച്ചയാളും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി എംപിയുമായ ഷപുര്‍ത്തി സക്ലറ്റ്‌വാലയുടെ സന്ദേശം കോണ്‍ഫറന്‍സില്‍ വായിക്കപ്പെട്ടു. അന്തര്‍ദ്ദേശീയ പിന്തുണയോടെ വിപുലമായ സമ്മേളനമാണ് നടന്നത്. സോവിയറ്റ് യൂണിയന്റെയും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഗൂഢാലോചനയായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
യഥാര്‍ത്ഥത്തില്‍ ആശയപാപ്പരത്തം അനുഭവിക്കുന്ന ഒരു നേതാവായിരുന്നു എം.എന്‍. റോയ്. ഇതുകൊണ്ടാണ് കമ്യൂണിസം പ്രചരിപ്പിക്കുകയല്ല, വിപ്ലവം നടത്തുകയാണ് വേണ്ടതെന്ന് റോയ് പറഞ്ഞിരുന്നത്. കാണ്‍പൂര്‍ ഗൂഢാലോചന കേസാണെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഫറന്‍സാണെങ്കിലും കമ്യൂണിസ്റ്റുകളായി അറിയപ്പെട്ടവരുടെ ബുദ്ധിസാമര്‍ത്ഥ്യമോ നേതൃശേഷിയോ അല്ല പ്രകടമായത്. രണ്ടു സംഭവങ്ങളും സോവിയറ്റ് യൂണിയന്റെയും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സംയുക്ത സംരംഭമായിരുന്നു. വൈദേശിക ശക്തികളുടെയും താല്‍പ്പര്യങ്ങളുടെയും കളിപ്പാവകളായിരുന്നു ‘ഇന്ത്യന്‍ കമ്യൂണിസത്തിന്റെ പിതാവ്’ എന്നറിയപ്പെട്ട എം.എന്‍. റോയിയും ബോള്‍ഷെവിക് കൂട്ടാളികളും.
മോഹിതേ ബാഡയിലെ കൗമാരക്കാര്‍
ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ആര്‍എസ്എസ്സിന്റെ തുടക്കം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പോലെ വൈദേശിക ശക്തികളുടെ നിയന്ത്രണമോ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോ ഭരണകൂടത്തിന്റെ ഒത്താശയോ സാമ്പത്തിക സഹായമോ ആര്‍എസ്എസ്സിന് ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം മുതല്‍ തന്നെ വലിയൊരു നേതൃനിര അതിനുണ്ടായിരുന്നു. ഇവരില്‍ പലരും ബുദ്ധിജീവികളായും എഴുത്തുകാരായും അറിയപ്പെട്ടിരുന്നു. ഇവരുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും നിരവധി പ്രസിദ്ധീകരണങ്ങളും നിലവിലുണ്ടായിരുന്നു. ശിങ്കാരവേലു ചെട്ടിയാരെപോലുള്ള ധനികര്‍ പാര്‍ട്ടിക്കുവേണ്ടി പണമൊഴുക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകരുടെ രാഷ്ട്രീയ ബന്ധം വിപുലമായിരുന്നു. ഇവരുടെ വൈദേശിക ബന്ധം ശക്തവുമായിരുന്നു. 1925 ലെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കാണ്‍പൂര്‍ സമ്മേളനം നടന്നയിടത്തു തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഫറന്‍സും നടന്നത്.
കാണ്‍പൂര്‍ സമ്മേളനത്തിലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ഘടകം ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (Communist Party of Great Britain-CPGB) ചെലുത്തിയ സ്വാധീനമാണ്. താഷ്‌കെന്റിലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം മുതല്‍ ബ്രിട്ടിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബന്ധമുണ്ട്. അബനി മുഖര്‍ജിയെ പോലുള്ളവര്‍ കോമിന്റേണില്‍ എത്തുന്നത് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഴിയാണല്ലോ. പില്‍ക്കാലത്ത് എം. എന്‍. റോയിയിലുള്ള വിശ്വാസം സോവിയറ്റ് യൂണിയനും കോമിന്റേണും നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ അവര്‍ക്ക് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായുള്ള ബന്ധം ശക്തിപ്പെട്ടു. ഔദ്യോഗിക ഗ്രൂപ്പിനൊപ്പം വിമതരുമായും തന്ത്രപരമായ ബന്ധം സ്ഥാപിക്കുകയെന്നത് കോമിന്റേണിന്റെ നയമായിരുന്നു. മറ്റു രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ഇടപെടുമ്പോള്‍ ഇത് തങ്ങളുടെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കുമെന്ന് കോമിന്റേണ്‍ കരുതി.
1925 ആകുമ്പോഴേക്കും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ നയിക്കാനുള്ള ഉത്തരവാദിത്വം കോമിന്റേണ്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്‍കിയിരുന്നു. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്മാരില്‍ ഒരാളും എഴുത്തുകാരനും ഇന്ത്യന്‍ വംശജനും ഇന്ത്യാകാര്യ വിദഗ്ധനുമായിരുന്ന രജനി പാമെ ദത്ത് മുന്‍നിരയിലേക്ക് വന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തില്‍പ്പെടുന്ന രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കൊളോണിയല്‍ ബ്യൂറോ രൂപീകരിച്ചപ്പോള്‍ അതിന്റെ ചുമതലയും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് നല്‍കപ്പെട്ടത്. ബ്രിട്ടനില്‍ കഴിയുന്ന ഇന്ത്യക്കാരായ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുക്കണമെന്ന് കോമിന്റേണ്‍ നിര്‍ദ്ദേശിച്ചു. ഇങ്ങനെ ചെയ്യാത്തവരെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കരുതെന്നും ഉത്തരവുണ്ടായി.
കാണ്‍പൂര്‍ കമ്മ്യൂണിസ്റ്റ് സമ്മേളനം കഴിഞ്ഞയുടന്‍ 1925 ഡിസംബര്‍ അവസാനം എം.എന്‍. റോയ് ബ്രിട്ടനിലും ജര്‍മ്മനിയിലും കഴിഞ്ഞിരുന്ന റഷ്യന്‍ കമ്മ്യൂണിസ്റ്റും കോമിന്റേണ്‍ പ്രതിനിധിയുമായിരുന്ന പീറ്റര്‍ പെട്രോഫിന് ഇങ്ങനെ എഴുതുന്നുണ്ട്: ”റഷ്യയില്‍ നിന്നും തിരിച്ചെത്തിയ പ്രതിനിധികള്‍ കോമിന്റേണ്‍ ഇതുവരെ അനുവര്‍ത്തിച്ചുപോരുന്ന നയങ്ങളല്ല പിന്തുടരുന്നതെന്ന് ബ്രിട്ടീഷ് പാര്‍ട്ടി ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊളോണിയല്‍ കമ്മീഷന്റെ പുതിയ നിര്‍ദ്ദേശപ്രകാരം ഇന്ത്യ, ഈജിപ്ത്, മറ്റ് കൊളോണിയല്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പരമമായ രാഷ്ട്രീയ ചുമതല ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്.” (2)
ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കീഴില്‍ ഒരു ഇന്ത്യന്‍ സബ് കമ്മീഷന്‍ രൂപീകരിക്കാനും, ഇന്ത്യയുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കാന്‍ ഇവര്‍ക്കാണ് ഉത്തരവാദിത്വമെന്നും കോമിന്റേണ്‍ തീരുമാനിച്ചു.
സംഘടനാപരമായ ഇത്തരം അനുകൂല ഘടകങ്ങളൊന്നും ആര്‍എസ്എസ് രൂപീകരണത്തിന് ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ വിപ്ലവ പ്രസ്ഥാനങ്ങളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്ത് മാത്രമായിരുന്നു ആര്‍എസ്എസ് ആരംഭിക്കുന്ന കാലത്ത് ഡോ. ഹെഡ്‌ഗേവാറിന്റെ മൂലധനം. തന്റെ മുപ്പത്തിയാറാം വയസ്സിലായിരുന്നു ഇത്. സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളെ തേടിപ്പിടിച്ച് സംഘടനയില്‍ ചേര്‍ക്കുകയായിരുന്നില്ല. ചില വ്യക്തികളുമായി ഇങ്ങനെയൊരു സംഘടന തുടങ്ങാനുള്ള തന്റെ ആശയം പങ്കുവെച്ചിരുന്നു എന്നു മാത്രം. പരിചയസമ്പന്നരായ ചില വ്യക്തികള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും 10-12 വയസ്സുള്ള കുട്ടികളെ വിളിച്ചുകൂട്ടിയാണ് ഹെഡ്‌ഗേവാര്‍ ആര്‍എസ്എസിന് തുടക്കം കുറിച്ചത്. ഭാവുജി കാവ്‌റെ, അണ്ണാ സോഹ്നി, വിശ്വനാഥ റാവു ഖേല്‍ക്കര്‍, ബാലാജി ഹുദ്ദാര്‍, ബാപ്പു റാവു ഭേദി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇവരെല്ലാവരും ഹെഡ്‌ഗേവാറിന്റെ ബാല്യകാല സുഹൃത്തുക്കളും വിപ്ലവ പ്രസ്ഥാനം, നാഗപൂര്‍ നാഷണല്‍ യൂണിയന്‍, ഗാന്ധിയന്‍ പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്തവരുമായിരുന്നു. 1925ല്‍ ഹെഡ്‌ഗേവാറിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഈ യോഗത്തില്‍ 17 പേര്‍ പങ്കെടുത്തു. 1926 മെയ് മാസത്തിലാണ് നാഗ്പൂരിലെ മഹല്‍ മോഹിതേ ബാഡയില്‍ ആദ്യ ശാഖ തുടങ്ങിയത്.

ഡോക്ടര്‍ ബിരുദം നേടിയിട്ടും ജോലി സമ്പാദിക്കാതെയും, വിപ്ലവ പ്രസ്ഥാനത്തിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചതിന്റെ പ്രശസ്തി ഉണ്ടായിരുന്നിട്ടും കുറച്ച് കൗമാരക്കാരെ മാത്രം ഉള്‍പ്പെടുത്തി കളിയും ചിരിയുമൊക്കെയായി ഇങ്ങനെയൊരു സംഘടന രൂപീകരിച്ചത് ഹെഡ്‌ഗേവാറിന്റെ മണ്ടത്തരമാണെന്ന് കരുതിയവര്‍ പോലുമുണ്ട്. അതുവരെ പരിചിതമായ സംഘടനാരീതി പരിഗണിക്കുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും പുതിയൊരു രീതിക്കാണ് ഹെഡ്‌ഗേവാര്‍ തുടക്കമിട്ടത്. ആര്‍എസ്എസ്സിന്റെ ഇങ്ങനെയൊരു തുടക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ പില്‍ക്കാലത്തെ അതിന്റെ വളര്‍ച്ചയെ അവിശ്വസനീയമായി മാത്രമേ നോക്കിക്കാണാന്‍ കഴിയുകയുള്ളൂ.
ആര്‍എസ്എസ്സിന്റെ തുടക്കത്തെക്കുറിച്ച് ഡോ. രാകേഷ് സിന്‍ഹ പറയുന്നത് ഇപ്രകാരമാണ്: ”സംഘത്തിന്റെ തുടക്കം തന്നെ അസാധാരണ രീതിയിലായിരുന്നു. സംഘടന രൂപീകരിക്കുന്നതു സംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്തയൊന്നും നല്‍കിയിരുന്നില്ല. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നുമില്ല. സംഘടന രൂപീകരിച്ച് ആറുമാസം വരെ അതിനൊരു പേരുപോലും നല്‍കിയില്ല. സംഘടനയുടെ വളര്‍ച്ചയ്‌ക്കൊപ്പമാണ് അതിന്റെ രൂപത്തെക്കുറിച്ചും ഭാരവാഹികളെക്കുറിച്ചും ധാരണയുണ്ടായത്. 1926 ഏപ്രില്‍ 17 നാണ് സംഘടനയ്ക്ക് പേരിട്ടത്. നാഗ്പൂരിലെ തിരക്കുപിടിച്ച രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തില്‍ ഇങ്ങനെയൊരു സംഘടനയുടെ രൂപീകരണം അധികമാരും ശ്രദ്ധിക്കാതെ പോയത് സ്വാഭാവികം. പ്രചാരണ കോലാഹലങ്ങളില്‍ നിന്ന് സംഘടനയെ ബോധപൂര്‍വ്വം അകറ്റി നിര്‍ത്തുകയായിരുന്നു. പ്രാദേശിക ഭരണകൂടവും ബുദ്ധിജീവികളും സംഘത്തിന്റെ ദൈനംദിന ശാഖയെ ആദ്യമൊക്കെ ഒരു വ്യായാമശാലയായേ കരുതിയിരുന്നുള്ളൂ.”(3) വിത്ത് ഒരു വടവൃക്ഷമായി വളരുകയായിരുന്നു. ജൈവികവും സഹജവും സാവധാനത്തിലുമുള്ള വളര്‍ച്ചയാണിത്.

അടിക്കുറിപ്പുകള്‍:
1. The Communist Betrayal of the Indian Freedom Struggle, Saraswati Sarkar, Shanmukh, Dikgaj.
2. Dr. Kesava Beliram Hedg evar, Rakesh Sinha, publication Division, Government of India.
അടുത്തത്: (ആശയരൂപീകരണത്തിലെ സമാന്തര പാതകള്‍)





















