- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
- ആശയരൂപീകരണത്തിലെ സമാന്തര പാതകള്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 7)
ആര്‍എസ്എസ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രം പഠിക്കുമ്പോള്‍ രണ്ട് വ്യക്തിത്വങ്ങളുടെ സവിശേഷതകള്‍ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഒരാള്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍. മറ്റെയാള്‍ മാനവേന്ദ്രനാഥ റോയ്. രണ്ടുപേരും ഒരുകാലത്ത് ബംഗാളിലെ വിപ്ലവ പ്രസ്ഥാനമായ അനുശീലന്‍ സമിതിയില്‍ പ്രവര്‍ത്തിച്ചവരാണെങ്കിലും ഇരുവരുടെയും കാഴ്ചപ്പാടുകളും പ്രേരണകളും വ്യത്യസ്തമായിരുന്നു. വിരുദ്ധമായ ദിശകളിലേക്കാണ് ഇവര്‍ സഞ്ചരിച്ചത്. ഡോ. ഹെഡ്‌ഗേവാര്‍ ഭാരതത്തിന്റെ ദേശീയതയില്‍ വിശ്വസിക്കുകയും, രാഷ്ട്രത്തിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയുമാണ് ചെയ്തത്. എം.എന്‍. റോയ് പക്ഷേ ഭാരതത്തിന്റെ ദേശീയതയെ അംഗീകരിക്കുകയോ, എല്ലാത്തരം വൈദേശിക അടിമത്വവും വലിച്ചെറിഞ്ഞ് രാഷ്ട്രം സ്വാതന്ത്ര്യം നേടണമെന്ന് കരുതുകയോ ചെയ്തില്ല. രണ്ടുപേരുടെയും ചിന്തകളുടെ അനന്തര ഫലമായിരുന്നു യഥാക്രമം ആര്‍എസ്എസ്സിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും രൂപീകരണം എന്നൊരു വിലയിരുത്തല്‍ സാധ്യമാണ്. സോവിയറ്റ് യൂണിയന്റെയും കോമിന്റേണിന്റെയും ദല്ലാള്‍ എന്ന നിലയ്ക്കാണ് റോയ് താഷ്‌കെന്റില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഈ കമ്മ്യൂണിസ്റ്റിന് മേല്‍ക്കൈയുണ്ടായിരുന്നു. ഈ അര്‍ത്ഥത്തിലാണ് എം.എന്‍.റോയ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനാവുന്നത്.
കുട്ടിക്കാലം മുതല്‍ ദേശസ്‌നേഹിയായിരുന്ന ഹെഡ്‌ഗേവാര്‍ ജന്മനാടായ നാഗ്പൂരില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ തന്നെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന വിപ്ലവകാരികളുമായി ബന്ധം സ്ഥാപിച്ചിരുന്നു. ബംഗാളില്‍ നിന്നുള്ള മാധവ് ദാസ് സന്ന്യാസി എന്ന വിപ്ലവകാരിക്ക് നാഗ്പൂരില്‍ ഒളിത്താവളം ഒരുക്കിയത് ഹെഡ്‌ഗേവാര്‍ ആയിരുന്നു. അക്കാലത്ത് ‘വിപ്ലവകാരികളുടെ കാശി’ എന്ന് അറിയപ്പെട്ടിരുന്ന ബംഗാളില്‍ ഹെഡ്‌ഗേവാര്‍ വൈദ്യശാസ്ത്രത്തിന് പഠിക്കാന്‍ പോയതു തന്നെ വിപ്ലവ പ്രസ്ഥാനത്തില്‍ പങ്കാളിയാവാന്‍ വേണ്ടിയായിരുന്നു. അവിടെ പുലിന്‍ ബിഹാരി ബോസ് എന്ന വലിയ വിപ്ലവകാരിയുടെ തണലില്‍ പ്രവര്‍ത്തിച്ചു. ബംഗാളിലെയും മധ്യഭാരതത്തിലെയും വിപ്ലവകാരികളെ കൂട്ടിയിണക്കുന്ന കണ്ണിയായി ഹെഡ്‌ഗേവാര്‍ മാറി.(1)
ഹെഡ്‌ഗേവാര്‍ എന്ന ദേശീയ വിപ്ലവകാരി
ചില ദേശീയവാദികള്‍ ചേര്‍ന്ന് സ്ഥാപിച്ച നാഷണല്‍ മെഡിക്കല്‍ കോളേജിലാണ് ഹെഡ്‌ഗേവാര്‍ പഠിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പഠിക്കാന്‍ എത്തിയിരുന്നു. ഹെഡ്‌ഗേവാര്‍ എത്തിയപ്പോഴേക്കും ബ്രിട്ടീഷ് ഭരണാധികാരികള്‍ 1907 ലെ ദേശദ്രോഹ നിയമത്തിന്റെയും മറ്റു ചില നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ വിപ്ലവകാരികളെ ശക്തമായി അടിച്ചമര്‍ത്താന്‍ തുടങ്ങിയിരുന്നു. 1901ല്‍ സ്ഥാപിക്കപ്പെട്ട അനുശീലന്‍ സമിതി എന്ന വിപ്ലവ സംഘടനയിലാണ് അരവിന്ദ ഘോഷ് ഉള്‍പ്പെടെ ബംഗാളിലെ പ്രമുഖ വിപ്ലവകാരികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സംഘടനയെ ബ്രിട്ടീഷ് ഭരണകൂടം നിരോധിക്കുകയും, നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അതിനുശേഷം വിദ്യാര്‍ത്ഥികളാണ് അനുശീലന്‍ സമിതിയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയത്. കൊല്‍ക്കത്തയില്‍ എത്തിയ ഹെഡ്‌ഗേവാര്‍ ഈ സംഘടനയില്‍ അംഗമാവുകയും, കുറഞ്ഞ കാലം കൊണ്ടുതന്നെ സംഘടനയുടെ വിശ്വസ്തനായി മാറുകയും ചെയ്തു. ഹെഡ്‌ഗേവര്‍ താമസിച്ചിരുന്ന ലോഡ്ജ് വിപ്ലവ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാവുകയും, ഇവിടെ ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. ‘കൊകേന്‍’ എന്ന അപരനാമത്തിലാണ് ഹെഡ്‌ഗേവാര്‍ അനുശീലന്‍ സമിതിയില്‍ പ്രവര്‍ത്തിച്ചത്. അധികൃതരെ കബളിപ്പിക്കാന്‍ ‘അനാട്ടമി’ എന്നാണ് ആയുധങ്ങളെ വിളിച്ചിരുന്നത്. സംഘടനാ കാര്യങ്ങള്‍ പുറത്തു പറയില്ലെന്ന് അംഗങ്ങള്‍ പ്രതിജ്ഞയെടുത്തിരുന്നു. ഈ സംഘടനയില്‍ പ്രധാന പങ്കുവഹിച്ചിരുന്ന ബഹുമാനിതനായിരുന്നു ഹെഡ്‌ഗേവാറെന്ന് പല വിപ്ലവകാരികളും രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ അഞ്ചുവര്‍ഷത്തെ ജീവിതത്തിനിടെ വിപ്ലവകാരികളും ദേശീയവാദികളുമായ നേതാക്കള്‍ക്കിടയില്‍ ഹെഡ്‌ഗേവാര്‍ വലിയ ജനപ്രീതി നേടുകയുണ്ടായി. (2)
ഇക്കാലത്ത് ദേശീയവാദിയായിരുന്ന മൗലവി ലിയാഖത്ത് അലി ഖാന്‍ നടത്തിയിരുന്ന സമ്മേളനങ്ങളില്‍ ഹെഡ്‌ഗേവാര്‍ പങ്കെടുത്തിരുന്നു എന്നതും, പട്ടാളത്തൊപ്പി മാറ്റി ഗാന്ധി തൊപ്പി ധരിക്കാന്‍ അലി ഖാനെ ഹെഡ്‌ഗേവാര്‍ പ്രേരിപ്പിച്ചതിനെക്കുറിച്ചും, അത് സ്വീകരിച്ചതിനെ കുറിച്ചും ബംഗാളിലെ പ്രസിദ്ധ ചിന്തകനും രാഷ്ട്രീയ നേതാവുമായിരുന്ന അതുല്യ രത്‌നഘോഷ് പില്‍ക്കാലത്ത് എഴുതുന്നുണ്ട്.
‘ഹെഡ്‌ഗേവാര്‍ തന്റെ സാത്വിക പ്രകൃതം കൊണ്ടും, അസാധാരണമായ സംഘടനാ പാടവം കൊണ്ടും യുവാക്കളായ വിപ്ലവകാരികളുടെ മനം കവര്‍ന്നു. ഹെഡ്‌ഗേവാറിനോട് ഭക്തിഭാവം പുലര്‍ത്തിയ അനുയായികളും ഉണ്ടായിരുന്നു’3 ഇക്കാലത്ത് ദേശീയവാദിയായിരുന്ന മൗലവി ലിയാഖത്ത് അലി ഖാന്‍ നടത്തിയിരുന്ന സമ്മേളനങ്ങളില്‍ ഹെഡ് ഗേവാര്‍ പങ്കെടുത്തിരുന്നു എന്നതും, പട്ടാളത്തൊട്ടി മാറ്റി ഗാന്ധി തൊപ്പി ധരിക്കാന്‍ അലി ഖാനെ ഹെഡ്‌ഗേവാര്‍ പ്രേരിപ്പിച്ചതിനെക്കുറിച്ചും അത് സ്വീകരിച്ചതിനെ കുറിച്ചും ബംഗാളിലെ പ്രസിദ്ധ ചിന്തകനും രാഷ്ട്രീയ നേതാവുമായിരുന്ന അതുല്യ രത്‌ന ഘോഷ് പില്‍ക്കാലത്ത് എഴുതുന്നുണ്ട്. 4
‘ഹെഡ്‌ഗേവാര്‍ തന്റെ സാത്വിക പ്രകൃതം കൊണ്ടും, അസാധാരണമായ സംഘടനാ പാടവം കൊണ്ടും യുവാക്കളായ വിപ്ലവകാരികളുടെ മനം കവര്‍ന്നു. ഹെഡ്‌ഗേവാറിനോട് ഭക്തിഭാവം പുലര്‍ത്തിയ അനുയായികളും ഉണ്ടായിരുന്നു’ 5 എന്നാണ് മറ്റൊരു രേഖപ്പെടുത്തല്‍. 1910-15 കാലയളവില്‍ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കായി ധാരാളം ആയുധങ്ങള്‍ ബംഗാളില്‍ നിന്ന് മധ്യഭാരതത്തിലേക്ക് എത്തിച്ചിരുന്നു. നാഗ്പൂരിലേക്ക് വരുമ്പോഴൊക്കെ ഹെഡ്‌ഗേവാറും സ്വന്തം നിലയ്ക്ക് ആയുധങ്ങള്‍ കടത്തിക്കൊണ്ട് വന്നിരുന്നു.
നാഗ്പൂരിലെ വിപ്ലവകാരികള്‍ക്ക് ബംഗാളിലെ വിപ്ലവ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് അധികൃതര്‍ ഹെഡ്‌ഗേവാറിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ ഒരു ചാരനെ നിയോഗിക്കുകയുണ്ടായി. ഇയാള്‍ കൊല്‍ക്ക ത്ത നാഷണല്‍ മെഡിക്കല്‍ കോളേജില്‍ കയറിക്കൂടിയെങ്കിലും തെളിവുകളൊന്നും ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ ഹെഡ്‌ഗേവാറിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ തന്നെ 1911ലെ ദില്ലി ദര്‍ബാര്‍ ബഹിഷ്‌കരണ പ്രക്ഷോഭത്തിലും, നാഷണല്‍ മെഡിക്കല്‍ കോളേജിലെ ഡിഗ്രിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതിനെതിരെ 1914 ല്‍ നടന്ന പ്രക്ഷോഭത്തിലും ഹെഡ്‌ഗേവാര്‍ പങ്കെടുത്തു. വിപ്ലവ പ്രസ്ഥാനങ്ങളുമായുള്ള കോളേജിലെ വിദ്യാര്‍ത്ഥികളുടെ ബന്ധമാണ് ഡിഗ്രി അംഗീകരിക്കാതിരിക്കാന്‍ കാരണം. ‘ആനന്ദബസാര്‍ പത്രിക’ എന്ന പത്രം ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ഹെഡ്‌ഗേവാറിന്റെയും മറ്റും നേതൃത്വത്തില്‍ കല്‍ക്കട്ടയില്‍ വലിയൊരു പ്രകടനവും സംഘടിപ്പിച്ചു. നാഗ്പൂരില്‍ തിരിച്ചെത്തിയ ഹെഡ്‌ഗേവാര്‍ അവിടെയും സമ്മേളനം സംഘടിപ്പിക്കുകയും, നിരോധനത്തിന് കാരണമായ ബില്ലിനെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തു. അവസാനം 1916 ല്‍ സര്‍ക്കാരിന് ഈ നിരോധനം പിന്‍വലിക്കേണ്ടിവന്നു. (6)
കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍നിന്ന് വിജയകരമായി പഠനം പൂത്തിയാക്കിയ ഹെഡ്‌ഗേവാര്‍ രണ്ടുമാസം കൊല്‍ക്കത്ത വിക്ടര്‍ ആശുപത്രിയില്‍ പരിശീലനത്തിന് ചേര്‍ന്നു. അക്കാലമായപ്പോഴേക്കും ബംഗാളിലെ വിപ്ലവ പ്രസ്ഥാനം പല കാരണങ്ങളാല്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു. ഹെഡ്‌ഗേവാര്‍ ഡോക്ടറായി നാഗ്പൂരിലേക്ക് മടങ്ങി. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച കാലഘട്ടമായിരുന്നു അത്. 1914 ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ക്രിമിനല്‍ രഹസ്യാന്വേഷണ വിഭാഗം വിപ്ലവ പ്രസ്ഥാനങ്ങളെ ക്കുറിച്ച് പ്രസിദ്ധീകരിച്ച ‘ബുക്ക് 1914’ എന്ന ഒരു രേഖയില്‍ ഡോ. ഹെഡ്‌ഗേവാറിന്റെ പേരും ഉണ്ടായിരുന്നു. നാഗ്പൂരിലെ നീല്‍ സിറ്റി സ്‌കൂള്‍ മുതല്‍ ബംഗാളിലെ അനുശീലന്‍ സമിതി വരെയുള്ള ഹെഡ്‌ഗേവാറിന്റെ പ്രവര്‍ത്തനങ്ങള്‍ അതില്‍ വിശദീകരിച്ചിരുന്നു.
ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരായ നിലപാട് ഡോ.ഹെഡ്‌ഗേവാര്‍ അപ്പോഴും ഉപേക്ഷിച്ചിരുന്നില്ല. സാമ്രാജ്യത്വ സൈന്യത്തിന്റെ മെഡിക്കല്‍ സര്‍വീസിന്റെ ഭാഗമാകാന്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും കാരണമൊന്നും കാണിക്കാതെ അധികൃതര്‍ അത് നിരസിച്ചു. സൈന്യത്തില്‍ എങ്ങനെയെങ്കിലും കയറിക്കൂടി കലാപം ഉണ്ടാക്കാനുള്ള പദ്ധതി സുഹൃത്തുക്കളുമായി ചേര്‍ന്ന് ഹെഡ്‌ഗേവാര്‍ തയ്യാറാക്കിയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ തങ്ങളെ സഹായിച്ചാല്‍ ഭാരതത്തിന് ‘ഡൊമിനിയന്‍ പദവി’ നല്‍കാമെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ വാഗ്ദാനം കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കള്‍ അംഗീകരിച്ചെങ്കിലും ഹെഡ്‌ഗേവാര്‍ ഇതിനോട് യോജിച്ചില്ല. ബ്രിട്ടന്റെ ഈ പ്രതിസന്ധി മുതലെടുത്ത് പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു വേണ്ടി സംഘടിതമായി ശ്രമിക്കണമെന്ന പക്ഷക്കാരനായിരുന്നു ഹെഡ്‌ഗേവാര്‍. പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന തന്റെ കര്‍ക്കശ നിലപാട് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ലോകമാന്യ തിലകന്റെ ഹോംറൂള്‍ പ്രസ്ഥാനത്തില്‍ നിന്ന് ഹെഡ്‌ഗേവാര്‍ അകന്നു. ബ്രിട്ടീഷ് ഭരണവുമായി സഹകരിക്കാതെ ഹെഡ്‌ഗേവാര്‍ നാഗ്പൂരിലും വാര്‍ദ്ധയിലും വിപ്ലവകാരികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി. ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തി ഏതു പരിതഃസ്ഥിതിയും നേരിടാന്‍ തയ്യാറായ വിപ്ലവകാരികളുടെ ഒരു സംഘത്തിന് ഹെഡ്‌ഗേവാര്‍ രൂപം നല്‍കി. ഇവരില്‍ ചിലരെ രാജ്യത്തെ മറ്റിടങ്ങളിലേക്ക് അയച്ചു. വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ ആയുധങ്ങള്‍ സംഭരിച്ച് ആവശ്യാനുസരണം മറ്റിടങ്ങളിലേക്ക് അയച്ചു.
ഇതിനിടെ പൂനെയില്‍ ചെന്ന് ലോകമാന്യ തിലകനുമായി ഹെഡ്‌ഗേവാര്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇതിനോടകം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരടിക്കുന്ന അമേരിക്കയിലെ പ്രവാസി ഭാരതീയര്‍ രൂപീകരിച്ച ഗദര്‍ പാര്‍ട്ടിയുമായും ഹെഡ്‌ഗേവാര്‍ ബന്ധം സ്ഥാപിച്ചിരുന്നു. ഭാരതത്തിന്റെ പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, രാജ്യത്തിനകത്തും പുറത്തും വിപ്ലവ പ്രവര്‍ത്തനം സംഘടിപ്പിക്കണമെന്നുമുള്ള ഹെഡ്‌ഗേവാറിന്റെ അഭിപ്രായത്തോട് തിലകന്‍ യോജിച്ചില്ല. വിപ്ലവകാരികളില്‍ ചിലരുടെ ചിന്താഗതികള്‍ക്ക് മാറ്റം വരികയും, ഗാന്ധിജിയുടെ അഹിംസ സിദ്ധാന്തത്തോട് പൊരുത്തപ്പെടുകയും ചെയ്തു. ഇത് വിപ്ലവകാരികളില്‍ ചേരിതിരിവുണ്ടാക്കി. ഇതോടെ കലാപത്തിനുള്ള പദ്ധതികള്‍ ബ്രിട്ടീഷ് ഭരണത്തിന് ചോര്‍ന്നുപോകാനുള്ള സാധ്യതയുണ്ടെന്നും, നിര്‍ദോഷികളായ ദേശസ്‌നേഹികളെ സര്‍ക്കാര്‍ ദ്രോഹിക്കാന്‍ ഇടയുണ്ടെന്നും മനസ്സിലാക്കി വിപ്ലവകാരികളെ തിരിച്ചു വിളിക്കുകയും, വിപ്ലവത്തിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുകയും ആയുധങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
ഹെഡ്‌ഗേവാറിന്റെ ആദര്‍ശം വളരെ വ്യക്തമായിരുന്നു. ഏതെങ്കിലും വ്യക്തിയുടെയും സംഘടനയുടെയും മഹത്വത്തിന്റെ അളവുകോല്‍, രാഷ്ട്ര സേവനവും മാതൃഭൂമിക്കു വേണ്ടി ത്യാഗം ചെയ്യാനുള്ള മന:സ്ഥിതിയും പൂര്‍ണ്ണ സ്വാതന്ത്ര്യത്തെ അംഗീകരിക്കലുമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തോടുള്ള തിലകന്റെ നിലപാട് ഹെഡ്‌ഗേവാറിന് സ്വീകാര്യമായിരുന്നില്ല. ‘ലോകമാന്യ തിലകന്റെ നിര്‍ദ്ദേശമാണെങ്കില്‍ പോലും ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചിട്ടേ സ്വയം തീരുമാനിക്കാവൂ’ (7) എന്നാണ് ഹെഡ്‌ഗേവാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
ദേശീയവാദത്തില്‍ അടിയുറച്ച് വിശ്വസിച്ച ഹെഡ്‌ഗേവാര്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായ നേതൃത്വത്തെ ജീവിതത്തിലൊരിക്കലും അംഗീകരിച്ചില്ല.
നാഗ്പൂരില്‍ തിരിച്ചെത്തിയ ശേഷം വിവാഹിതനായി കുടുംബ ജീവിതം നയിക്കാന്‍ ഹെഡ്‌ഗേവാറിനെ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ചെങ്കിലും അതിനു വഴങ്ങിയില്ല. ഭാരതത്തെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കാന്‍ സന്ന്യാസതുല്യമായ ജീവിതം നയിക്കാനാണ് ഹെഡ്‌ഗേവാര്‍ ദൃഢനിശ്ചയമെടുത്തത്. ബ്രിട്ടീഷ് ഭരണം മാത്രമല്ല, അടിമത്തത്തിന്റെ ഒരു പരമ്പരതന്നെ ഭാരതം അനുഭവിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന ചിന്തയാണ് ഹെഡ്‌ഗേവാറിനെ അലട്ടിയത്. ഹിംസയുടെ മാര്‍ഗത്തിലായാലും അഹിംസയുടെ മാര്‍ഗത്തിലായാലും രാഷ്ട്രത്തെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കണം എന്ന ചിന്തയാണ് ഹെഡ്‌ഗേവാറിനെ നയിച്ചത്. ‘ചികിത്സയുടെ മേഖലയില്‍ പൂര്‍ണമായ യോഗ്യതകള്‍ ഉണ്ടായിരുന്നിട്ടും ആ ജോലിക്ക് പോകാതിരിക്കുകയും, വിവാഹം ചെയ്യില്ലെന്ന് തീരുമാനിച്ചതും ദേശസ്‌നേഹത്തിന്റെ പ്രേരണയില്‍ ആയിരുന്നു. ഈ ജീവിതവ്രതം അന്ത്യ നിമിഷം വരെ പാലിച്ചു’ 8) എന്നാണ് ലോകമാന്യതിലകന്‍ ആരംഭിച്ച കേസരി പത്രം മുഖപ്രസംഗത്തില്‍ എഴുതിയത്. (7)
രാജ്യത്ത് ജനിക്കുന്ന ഓരോ വ്യക്തിയും ആ രാജ്യത്തോട് കൂറുള്ളയാളാവുന്നത് സ്വാഭാവികമാണെന്നും, അങ്ങനെ തന്നെ ആയിരിക്കണമെന്നുമുള്ള അഭിപ്രായക്കാരനായിരുന്നു ഹെഡ്‌ഗേവാര്‍. ‘ദേശസ്‌നേഹി ജനിക്കുകയാണ്, അല്ലാതെ നിര്‍മ്മിക്കപ്പെടുകയല്ല. അമ്മയുടെ മടിത്തട്ടില്‍ നിന്ന് ലഭിക്കുന്നതാണ് ദേശസ്‌നേഹം. അത് സ്വയം സിദ്ധമാണ്.'(9)
ഓരോ വ്യക്തിയും അവരുടെ കഴിവിനും ചേതനയ്ക്കും അനുസരിച്ച് രാജ്യത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടവരാണ്. ഈ വികാരം സ്വാഭാവികവും സാധാരണവുമാണ്. അസ്വാഭാവികവും അസാധാരണവുമായിട്ടുള്ളത് ദേശദ്രോഹമാണ്. വളരെ കുറച്ചുപേര്‍ മാത്രമേ അത്തരക്കാരായുള്ളൂ എന്നതായിരുന്നു ഹെഡ്‌ഗേവാറിന്റെ ചിന്താഗതി. അത്ഭുതകരം എന്നു പറയട്ടെ, ഇത്തരക്കാരനായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന എം.എന്‍.റോയ്.
എം.എന്‍. റോയിയുടെ അപഥ സഞ്ചാരം
ബംഗാളിലെ വിപ്ലവ പ്രവര്‍ത്തനത്തിനിടെ ജര്‍മ്മനിയില്‍ നിന്ന് ആയുധം ശേഖരിക്കാന്‍ രാജ്യം വിട്ട റോയ് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എത്തിച്ചേര്‍ന്നു. ഇവിടെ വച്ചാണ് റോയി മാര്‍ക്‌സിസ്റ്റ് സിദ്ധാന്തവുമായി പരിചയപ്പെടുന്നത്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായ കോമിന്റേണ്‍ രൂപം കൊള്ളുന്നതിന് മുന്‍പു തന്നെ ആഗോളതലത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ശൃംഖല നിലവില്‍ വന്നിരുന്നു. അമേരിക്കയില്‍നിന്ന് മെക്‌സിക്കോയിലേക്കാണ് റോയ് പോയത്. സ്റ്റാന്റ്‌ഫോര്‍ഡ് സര്‍വകലാശാല പ്രസിഡന്റിന്റെ ശുപാര്‍ശ കത്തുമായി മെക്‌സിക്കോയുടെ പ്രധാനമന്ത്രിയെ കണ്ട റോയ് മെക്‌സിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. കോമിന്റേണ്‍ അംഗം ടിറ്റ് ബോറോദിന്റെ സഹായത്തോടെ മെക്‌സിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ പിളര്‍ത്തിയ റോയ് മെക്‌സിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ഈ പാര്‍ട്ടിയുടെ പ്രതിനിധിയായാണ് റോയ് കോമിന്റേണില്‍ എത്തിയത്. അങ്ങനെ ഒരുകാലത്ത് ദേശീയവാദിയായിരുന്ന റോയിക്ക് അതിനോടകം മാര്‍ക്‌സിസം തലയ്ക്കു പിടിച്ചിരുന്നു. കോമിന്റേണില്‍ എത്തിയ റോയ് അവിടെ ലെനിന്‍, സ്റ്റാലിന്‍ മുതലായവര്‍ക്കൊപ്പം ബോള്‍ഷെവിക് പാര്‍ട്ടിയുടെ പ്രമുഖ നേതാവായി മാറി.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള ഭാരത ദേശീയതയുടെ പോരാട്ടത്തെ പിന്തുണക്കുകയാണോ, അതോ കമ്മ്യൂണിസം പ്രചരിപ്പിക്കുകയാണോ വേണ്ടത് എന്ന കാര്യത്തില്‍ സോവിയറ്റ് യൂണിയനും കോമിന്റേണും തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ വിദേശ നുകത്തില്‍നിന്ന് മോചനം നേടാനുള്ള ഭാരതത്തിന്റെ സ്വാര്‍ത്ഥതയല്ല, ലോക കമ്മ്യൂണിസത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന നിലപാടില്‍ കോമിന്റേണ്‍ എത്തിച്ചേര്‍ന്നു. സ്വാഭാവികമായും ഭാരത ദേശീയതയുടെ എതിരാളിയായിത്തീര്‍ന്ന എം. എന്‍. റോയ് ഇതിനൊപ്പം നിന്നു. ഇതിന്റെ ഫലമായാണ് 1920 ല്‍ താഷ്‌കെന്റില്‍ റോയ് മുന്‍കയ്യെടുത്ത് ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’ രൂപീകരിച്ചത്.
ഒന്നാം ലോകമഹായുദ്ധകാലത്ത് 1915 ലാണ് റോയ് ഭാരതം വിടുന്നത്. ജര്‍മനിയില്‍നിന്ന് ദക്ഷിണ പൂര്‍വ്വേഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് അമേരിക്കയില്‍ എത്തിയതും, അവിടെ നിന്ന് മെക്‌സിക്കോയിലേക്ക് പോകുന്നതും. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സോവിയറ്റ് യൂണിയന്റെയും ഭാഗമായതോടെ ഒരിക്കല്‍പോലും റോയ് ഭാരതത്തിന്റെ ഉത്തമ താല്‍പ്പര്യത്തിനുവേണ്ടി നിലകൊണ്ടില്ല. താഷ്‌കെന്റിലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിലും, അഞ്ചുവര്‍ഷത്തിനുള്ളില്‍ കാണ്‍പൂരില്‍ സത്യഭക്ത സ്ഥാപിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിടിച്ചെടുത്തതിലും റോയ് വഹിച്ച പങ്ക് ഇതിന് തെളിവാണ്. ലെനിന്റെ മരണശേഷം ജോസഫ് സ്റ്റാലിന്‍ സോവിയറ്റ് യൂണിയന്റെ ഏകാധിപതിയും, ലോക കമ്മ്യൂണിസത്തിന്റെ നേതാവുമായതോടെ റോയ് അനഭിമതനായി. മറ്റു പലരെയും പോലെ സ്റ്റാലിന്‍ തന്നെയും കൊലപ്പെടുത്തുമെന്ന് വന്നപ്പോള്‍ ആശുപത്രി കിടക്കയില്‍ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. റോയിയുടെ ഭാര്യയും കോമിന്റേണ്‍ കമ്മ്യൂണിസ്റ്റുമായിരുന്ന എവിലിന്‍ ട്രെന്റ് ഒരു ചാരവനിതയായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു. 1930 കളില്‍ ഭാരതത്തില്‍ തിരിച്ചെത്തി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നെങ്കിലും ദേശീയ താല്‍പ്പര്യത്തിന് റോയ് എതിരായിരുന്നു. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ മറ്റു കമ്മ്യൂണിസ്റ്റുകളെ പോലെ ബ്രിട്ടന്റെ പക്ഷത്തുനിന്ന് റോയിയും എതിര്‍ത്തു.
കമ്മ്യൂണിസത്തില്‍ വിശ്വസിക്കുക മാത്രമല്ല റോയ് ചെയ്തത്. റഷ്യന്‍ കമ്മ്യൂണിസം മാത്രമേ പാടുള്ളൂ എന്നു ശഠിക്കുകയും ചെയ്തു. ആത്മീയ കമ്മ്യൂണിസത്തിന്റെ സാധ്യതകള്‍ ആരാഞ്ഞ മഹര്‍ഷി അരവിന്ദനെയും ലാലാ ഹര്‍ദയാലിനെയും റോയ് കടന്നാക്രമിക്കുന്നുണ്ട്. ഈ ഭാരതവിരുദ്ധ മനോഭാവത്തെ 1923 ല്‍ മദ്രാസില്‍ ശിങ്കാരവേലു ചെട്ടിയാര്‍ രൂപീകരിച്ച ഹിന്ദുസ്ഥാന്‍ ലേബര്‍ കിസാന്‍ പാര്‍ട്ടിയുടെ മാനിഫെസ്റ്റോ വിമര്‍ശിക്കുന്നുണ്ട്. ‘മുഖ്യമായും ഭാരതത്തില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ബുദ്ധിജീവികളായ വിദേശ ചാരന്മാര്‍ ബോള്‍ഷെവിക്കുകളായും തൊഴിലാളി നേതാക്കളായും അവരുടെ അഭ്യുദയകാംക്ഷികളായും ചമഞ്ഞു നടക്കുന്നുണ്ട്. തൊഴിലാളി സംഘടനകളുടെ രഹസ്യങ്ങള്‍ സര്‍ക്കാരിന് ചോര്‍ത്തി നല്‍കുകയാണ് ഇവരുടെ പരിപാടി… ഇത്തരക്കാര്‍ തുടങ്ങിയിട്ടുള്ള പ്രസ്ഥാനങ്ങള്‍ തൊഴിലാളികളുടെ ശരിയായ താല്‍പ്പര്യങ്ങള്‍ക്ക് വിനാശകരമായിരിക്കും… ദേശീയ സാഹചര്യങ്ങളെക്കുറിച്ച് അജ്ഞരായ ഇക്കൂട്ടര്‍ വിദേശ അനുഭവങ്ങള്‍ പറിച്ചു നടാന്‍ ശ്രമിക്കുകയാണ്.’ (10) കാണ്‍പൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക അംഗമായിരുന്ന ഒരാളാണ് ഇങ്ങനെ റോയിയെ തള്ളിപ്പറയുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
മനോഭാവത്തിലും ആശയഗതിയിലും പ്രവര്‍ത്തനങ്ങളിലും ഡോ. ഹെഡ്‌ഗേവാറും എം.എന്‍. റോയിയും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. വിപ്ലവ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലം ഇരുവര്‍ക്കും ഉണ്ടായിരുന്നെങ്കിലും ദേശീയതയെ കുറിച്ചും ഭാരതത്തിന്റെ മോചനത്തെക്കുറിച്ചുമുള്ള രണ്ടുപേരുടെയും സങ്കല്പങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ഇതിന്റെ സ്വാഭാവിക പരിണാമമായിരുന്നു ഇവര്‍ തുടക്കം കുറിച്ച പ്രസ്ഥാനങ്ങള്‍.
അടിക്കുറിപ്പ്:
1.Dr. Keshav Baliram Hedgewar, Rakes Sinha, publication division, Government of India.
2.Ibid
3.The Modern Review, 1941-march.
4.Ibid.
5.Armed struggle for freedom- 1857 to Subhash, Bal Shastri Hardas.
6.Dr. Keshav Baliram Hedgewar, Rakes Sinha, publication division, Government of India.
7. Ibid
8.Ibid.
9.Ibid.
10.DENYING NATIONAL ROOTS,
Early Communism and India, DR. Rahul A.Shastri.
അടുത്തത്:
ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം





















