Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ദ്രാവിഡവാദവും ശിഥിലീകരണവും

ഡോ. വിമൽകുമാർ സി.എൽ.ഡോ. വിമൽകുമാർ സി.എൽ.
3 July 2026

സാഹിത്യത്തിലോ പുരാവസ്തുക്കളിലോ ജനിതകപഠനത്തിലോ ഒന്നും തന്നെ അധിഷ്ഠിതമാക്കാനൊക്കുന്നതല്ല ദ്രാവിഡവാദമെങ്കിലും ഭാരതീയന്റെ സാധാരണ ജീവിതത്തില്‍ പോലും ചര്‍വ്വിതചര്‍വ്വണം ചെയ്യപ്പെടുന്ന ഏറ്റവും വലിയ പ്രമാദമായി ഇന്നും അതു തുടര്‍ന്നുപോരുന്നു. ഏതാണ്ട് എ.ഡി. 1850നു ശേഷം പ്രചരിക്കാന്‍ തുടങ്ങിയ ഈ അശരീരിയുടെ വിശ്വാസ്യത എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞതാണ്. പുരാതന സംഘസാഹിത്യം, സംസ്‌കൃതസാഹിത്യം, സരസ്വതി സൈന്ധവതടങ്ങളിലെ ഉത്ഖനനങ്ങള്‍, ആധുനിക ജനിതകപഠനങ്ങള്‍, സംഘസാഹിത്യം, പുരാതന വൈജ്ഞാനിക പ്രമാണങ്ങളെല്ലാം തന്നെ ദ്രാവിഡവാദത്തെ തള്ളിക്കളഞ്ഞതാണ്. ഒരു സാഹിത്യഗ്രന്ഥത്തിലും ദ്രാവിഡമെന്ന പദത്തിനു വര്‍ഗ്ഗസംബന്ധിയായ അര്‍ത്ഥം കണ്ടെത്തുക അസാദ്ധ്യമാണ്. ഇതിനെ വംശീയമായി ചിത്രീകരിക്കാനാവുകയില്ല. വംശമെന്ന പദത്തിന് സംസ്‌കൃതത്തില്‍ മുളയെന്നര്‍ത്ഥമുള്ളിടത്തോളം ‘റേയ്‌സ്’ (race) എന്ന പദത്തെ വംശമെന്നു തര്‍ജ്ജമ ചെയ്യുന്നതു പ്രയാസം. പിന്നെയെങ്ങനെയാണു ദ്രാവിഡം വംശം ആവുന്നത്? റോബര്‍ട്ട് കാള്‍ഡ്‌വെല്ലിന്റെ ‘ദക്ഷിണഭാരതത്തിലെ ദ്രാവിഡഭാഷാവ്യാകരണങ്ങളുടെ താരതമ്യപഠനം’ (A Comparative Gra mmar of the Dravidian or South-Indian Family of Lnguages) എന്ന ഗ്രന്ഥത്തിലൂടെയാണ് ദ്രാവിഡവാദം ഭാരതത്തില്‍ അലയാന്‍ തുടങ്ങിയത്. ഈ വാദത്തെ ആര്യന്‍ ആക്രമണവാദവുമായി കൂട്ടിക്കെട്ടാന്‍ മറ്റൊരു ശ്രമവും. അതോടൊപ്പം ഈ രണ്ടു സംസ്‌കാരങ്ങളും പ്രവാസികളാണെന്നൊരു വാദവും ”ഭാരതത്തിലെന്തു നല്ലതു കണ്ടാലും അതിനെല്ലാം വൈദേശിക ആവിര്‍ഭാവം കണ്ടെത്തുകയെന്നത് യൂറോപ്യന്‍ പണ്ഡിതരുടെ താത്പര്യമായിരുന്നു”എന്ന സര്‍ദാര്‍ കെ.എം. പണിക്കരുടെ അഭിപ്രായം ശ്രദ്ധേയമാണ്.

Google NewsAdd Kesari Weekly as a preferred source on Google

ദ്രാവിഡമെന്ന പദംതന്നെ സംസ്‌കൃതമാണെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ആദിസംഘ-തമിഴ് സാഹിത്യങ്ങളിലൊന്നിലും ‘ദ്രാവിഡ’ എന്നൊരു വാക്ക് മരുന്നിനെടുക്കാന്‍ പോലുമില്ല. അതിലെല്ലാം തമിഴിനെപ്പറ്റിയെ പരാമര്‍ശമുള്ളൂ. ദ്രാവിഡവംശമില്ല ‘ദ്ര’ എന്നത് ജലത്തെയും ‘വിഡ’ എന്നത് സംഗമസ്ഥാനത്തെയും സൂചിപ്പിക്കുന്നതാകയാല്‍ ഈ പദം സമുദ്രസംഗമത്തിനടുത്തുള്ള ദക്ഷിണപഥത്തെ സൂചിപ്പിക്കുന്നുവെന്ന ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയുടെ മതം അന്വര്‍ത്ഥമാണ്. നാരായണീയത്തിലെ മത്സ്യാവതാരകഥയില്‍ സത്യവ്രതനെ ”ദ്രമിഡസ്യഭര്‍തു” അല്ലെങ്കില്‍ ദ്രമിഡരാജ്യത്തിന്റെ ഭരണാധികാരിയെന്ന് മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി വിശേഷിപ്പിക്കുന്നു. കേരളത്തില്‍ ജനിച്ച ആദിശങ്കരന്‍ താന്‍ ‘ദ്രാവിഡശിശു’ വാണെന്നു സ്വയം വിശേഷിപ്പിച്ചതായി പരാമര്‍ശമുണ്ട്. തമിഴ്കവിയായ തിരുജ്ഞാനസംബന്ധര്‍ ശങ്കരാചാര്യരെ ‘ദ്രാവിഡശിശു’ എന്നു വിശേഷിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ തേവാരം കൃതികളില്‍ തന്റെ സ്വത്വത്തെ വിശേഷിപ്പിക്കാന്‍ അദ്ദേഹം ദ്രാവിഡമെന്ന പദമല്ല ഉപയോഗിക്കുന്നത് മറിച്ച് തമിഴെന്നു തന്നെയാണ്. സംസ്‌കൃതത്തില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന ദ്രാവിഡമെന്ന പദത്തിന് ഭൂമിശാസ്ത്രപരമല്ലാതെ വര്‍ഗ്ഗസംബന്ധിയായ യാതൊരര്‍ത്ഥവുമില്ല. കുമാരിലഭട്ടന്റെ തന്ത്രവാര്‍ത്തികത്തില്‍ ദക്ഷിണത്തിലെ ഭാഷകളെ ‘ആന്ധ്ര-ദ്രാവിഡ-ഭാഷ’ എന്നു വിളിക്കുന്നു. ഇവിടെയും ഇതു വര്‍ഗ്ഗീയാടിസ്ഥാനത്തിലല്ല പ്രയോഗിച്ചിരിക്കുന്നത്. മഹാഭാരതത്തില്‍ തമിഴ്‌സംഘത്തിനു നേതൃത്വം നല്‍കിയ പാണ്ഡ്യരാജാക്കന്മാരെ ‘ദ്രാവിഡരാജാക്കള്‍’ എന്നു സാദരം വിളിക്കുന്നതു ശ്രദ്ധേയമാണ് (പാണ്ഡ്യര്‍ എന്ന പദം പോലും പാണ്ഡവര്‍ എന്നതില്‍ നിന്നും പരിണമിച്ചതാണ്). ദക്ഷിണത്തിന്റെ ജ്ഞാനാമൃതമായ നമ്മാഴ്‌വാരുടെ തിരുവായ്‌മൊഴിയെ ‘ദ്രാവിഡവേദസാഗരം’ എന്നു സംസ്‌കൃതസാഹിത്യം ഉദ്‌ഘോഷിക്കുന്നു. ഇവിടെയും ദ്രാവിഡമെന്നത് തമിഴിന്റെ പര്യായമാണ്, വര്‍ഗ്ഗപരമല്ല. പില്‍ക്കാല തമിഴ് ശൈവകവിയായ തായൂമാനവര്‍ തന്റെ ‘സിദ്ധര്‍ഗണ’ത്തില്‍ തമിഴ്ഭാഷയെ ദ്രാവിഡമെന്നു വിളിക്കുന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഭാഷാപരിണാമപഠനമനുസരിച്ച് നോക്കിയാല്‍ തമിഴിന്റെ മറ്റൊരു രൂപംതന്നെയാണ് ദ്രമിഡം അല്ലെങ്കില്‍ ദ്രമിളം. തമിഴില്‍ നിന്നോ ദ്രവിഡമെന്ന പരാമര്‍ശം ഏറ്റവുമധികമുള്ള സംസ്‌കൃതഭാഷയില്‍ നിന്നോ ഉരുത്തിരിഞ്ഞ ഈ പദത്തിന് ആധുനികകാലത്തെ തലതിരിഞ്ഞ ‘ദ്രാവിഡ’ വാദവുമായി പുലബന്ധം പോലുമില്ല.

യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടാളത്തിനു നാലു വിഭാഗങ്ങളുണ്ടെന്നും ആ നാലാമത്തെ വിഭാഗം അവയുടെ പളളിമതമാണെന്നും യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രപഠനത്തില്‍ നിന്നും വ്യക്തമാണ്. വിദ്യാഭ്യാസത്തിലൂടെയുള്ള മസ്തിഷ്‌ക്കപ്രക്ഷാളനം ഈക്കൂട്ടരുടെ സ്ഥിരം പദ്ധതിയായിരുന്നു. പക്ഷേ ഈ ഗൂഢതന്ത്രത്തെയെല്ലാം മറച്ചുപിടിക്കാനവര്‍ക്ക് ‘വെള്ളക്കാരന്റെ ദൗത്യം’ (Whiteman’s burden)- എന്ന സംസ്‌കരികതയുടെ മുഖംമൂടിയുണ്ടായിരുന്നു. എന്തെന്നാല്‍ കറുത്തവര്‍ഗ്ഗക്കാരെല്ലാം അപരിഷ്‌കൃതരാണെന്നും അവരെ പരിഷ്‌കൃതരാക്കുന്നതിനുള്ള പ്രയാസമേറിയ ദൗത്യം തങ്ങള്‍ക്ക് ദൈവദത്തമാണെന്നും അവര്‍ മറ്റുള്ളവരെ വിശ്വസിപ്പിച്ചു. ഈ കുതന്ത്രത്തിനു പല പിരിവുകളുണ്ടായിരുന്നു. അതിലൊന്നായിരുന്നു സാധാരണജനത്തിന്റെ മനസ്സില്‍ അവരറിയാതെതന്നെ വിഘടനവാദത്തിന്റെ വിഷം നിറക്കുകയെന്നത്. പാശ്ചാത്യര്‍ സാമൂഹികപഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിപ്പോന്നതിന്റെ കാരണവും ഇതുതന്നെയായിരുന്നു. ഭാരതീയരുടെയിടയിലുള്ള സാമൂഹിക ഉച്ചനീചത്വങ്ങളും വിഭാഗീയതകളും മനസ്സിലാക്കിയിട്ടുവേണം സമൂഹങ്ങളുടെയിടയിലെ വിള്ളലുകളില്‍ കരണ്ടികയറ്റി അടര്‍ത്തിക്കൊണ്ടുപോകുവാന്‍.

ADVERTISEMENT

ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെ പാതിരിയായ റോബര്‍ട്ട് കാള്‍ഡ്‌വെല്‍ ഇത്തരം കൂരുട്ടുബുദ്ധിയില്‍ പ്രവീണനായിരുന്നു. ദക്ഷിണേന്ത്യയിലെത്തിയ കാള്‍ഡ്‌വെല്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിക്കടുത്ത് തന്റെ പ്രവര്‍ത്തനത്തിനു പറ്റിയ സ്ഥലം കണ്ടെത്തി. ആ സ്ഥലത്തിനയാള്‍ പേരിട്ടതോ ഇടയന്‍കുടിയെന്നും! കുടിയിടകളിലല്ലേ ഇടയമതം പ്രചരിപ്പിക്കാന്‍ പറ്റൂ. അങ്ങനെ തന്റെ പാതിരിപ്രവര്‍ത്തനത്തിനു പറ്റിയതരത്തിലുള്ള നിരക്ഷരതയും ദാരിദ്ര്യവും അന്ധവിശ്വാസവുമുള്ള ഈ കുടിയിടയില്‍ നിന്നും കാള്‍ഡ്‌വെല്‍ തന്റെ കുടിലഗവേഷണം തുടങ്ങി. തെന്നിന്ത്യയെ ഉത്തരഭാരതത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയെന്നുള്ളതായിരുന്നു കാള്‍ഡ്‌വെല്ലിന്റെ താത്പര്യം. അതിനായി കാള്‍ഡ്‌വെല്‍ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടാന്‍ ശ്രമിക്കുകയും സംസ്‌കൃതമില്ലാതെ തന്നെ തമിഴിനു സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയുമെന്ന വാദത്തിനു പ്രചാരം നല്‍കാന്‍ തുടങ്ങുകയും ചെയ്തു. സംസ്‌കൃതത്തില്‍ നിന്നും തമിഴിനെ വിച്ഛേദിച്ചാല്‍ ഉത്തരഭാരതത്തില്‍ നിന്നും ദക്ഷിണത്തെ മുറിച്ചുമാറ്റാമെന്നു കാള്‍ഡ്‌വെല്‍ അന്നേ ചിന്തിച്ചു. അവിടെ നിന്നും തുടങ്ങുന്നു ‘കട്ടിങ്ങ് സൗത്ത്’ എന്ന അടുത്ത കാലത്തെ ശിഥിലീകരണവാദത്തിന്റെ സൈദ്ധാന്തികഭൂമികയുടെ മെനയല്‍. കാള്‍ഡ്‌വെല്ലിന് ഇതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നു. കാരണം ഭാരതത്തിന്റെ സാംസ്‌കാരിക അഖണ്ഡത ഈ പാശ്ചാത്യന്‍ കണ്ടതിലും അപ്പുറമായിരുന്നു. പാണ്ഡവരില്‍ നിന്നും പാണ്ഡ്യരെ അകറ്റിമാറ്റാന്‍ അസാദ്ധ്യമെന്നപോലെയായിരുന്നു എല്ലാ ഉത്തര-ദക്ഷിണ ഭാരതബന്ധങ്ങളും. ശൈവ-വൈഷ്ണവ സമ്പ്രദായങ്ങള്‍ ഉത്തരത്തിലേതിനേക്കാളും ശക്തങ്ങളായിരുന്നു ദക്ഷിണത്തില്‍. എല്ലോറയില്‍ കൈലാസക്ഷേത്രമായിരുന്നെങ്കില്‍ കാഞ്ചിയില്‍ കൈലാസനാഥന്റെ ക്ഷേത്രമായിരുന്നു. തമിഴന് അവന്റേതായ കാശികളുണ്ടായിരുന്നു. ഒന്നുകില്‍ തെങ്കാശി അല്ലെങ്കില്‍ ശിവകാശി, കടലോരത്തു സര്‍വ്വപാപഹരനായ രാമേശ്വനും. ചുരുക്കിപ്പറഞ്ഞാല്‍ ശൈവതത്വത്തിന്റെ സൈദ്ധാന്തികഭൂമികയാല്‍ ശാക്തീകരിക്കപ്പെട്ട അഖണ്ഡഭാരതത്തിന്റെ ബലിഷ്ടമായ ശക്തിദുര്‍ഗ്ഗമായിരുന്നു തമിഴകം. ഏറ്റവും ശക്തരായ ചോളരാജക്കന്മാര്‍ ഭസ്മഭൂഷിതനുവേണ്ടി വിശ്വോത്തരമായ ബൃഹദേശ്വരം പണിതയുര്‍ത്തിയതും ഇവിടെയായിരുന്നു. കാശിയില്‍ വിശാലക്ഷിയുള്ളതുപോലെ മധുരക്കു മീനാക്ഷിയും കാഞ്ചിക്കു കാമാക്ഷിയുമുണ്ടായിരുന്നു. ഭാരതീയ മനസ്സുകളെ സംഗീതസാന്ദ്രമാക്കിയ കര്‍ണ്ണാടകസംഗീതവും തെന്നിന്ത്യന്‍ അപ്‌സരസ്സുകള്‍ നൂപുരധ്വനിയുതിര്‍ത്ത നടനകലകളുമെന്നുവേണ്ടാ മനുഷ്യമനസ്സുകളെ ചിത്തശുദ്ധിയിലെത്തിക്കാനുള്ള എല്ലാ സാധനകളുടെയും കേദാരമായിരുന്നു തമിഴകം. അംബരചുബികളായ ക്ഷേത്രഗോപുരങ്ങള്‍, കല്ലില്‍ കവിത രചിച്ചതുപോലെയുള്ള കൊത്തുപണികള്‍, ശിലകളില്‍നിന്നും കൊത്തിയിറക്കിയ ഗുഹാക്ഷേത്രങ്ങള്‍, സ്വപ്‌നലോകത്തെ യക്ഷിക്കഥകളെപ്പോലുമതിശയിപ്പിക്കുന്ന വര്‍ണ്ണരമ്യമായ ചുവര്‍ച്ചിത്രങ്ങള്‍, ഇതിനെയെല്ലാം സംരക്ഷിക്കാനെന്നവണ്ണം മലമുകളില്‍ ശൂലമേന്തി സ്ലഷ്ണശിലാസൗധങ്ങളില്‍ വാണരുളുന്ന ദേവസേനാപതിമാര്‍. എല്ലാം നാകലോകത്തുചെന്ന മനുഷ്യക്കുട്ടിയെന്നപോലെ വിദേശിക്ക് അത്ഭുതമായിരുന്നു. പാതിവ്രത്യത്തിന്റെ പൊന്‍നൂലില്‍ അങ്ങു കൈലാസം മുതല്‍ ഇങ്ങു കൊടുങ്ങല്ലൂരുവരെ ഭാരതത്തെ ഭദ്രമായി ബന്ധിച്ച കണ്ണകി മുതല്‍ യുദ്ധത്തില്‍ വ്രണിതകായരായ ഭര്‍ത്താക്കന്മാരില്‍ നിന്നും അവരുടെ ആത്മാക്കളെ കവര്‍ന്നുകൊണ്ടുപോകാന്‍ വരുന്ന പിശാചുക്കളില്‍ നിന്നും തങ്ങളുടെ കണവന്മാരുടെ പ്രാണനെ രക്ഷിക്കാന്‍ ഉത്തരത്തിന്റെ സാവിത്രിയെപ്പോലെ ഭര്‍ത്തൃസവിധേ കണ്ണിലെണ്ണയൊഴിച്ചിരുന്ന തോടകാഞ്ചിയിലേ ഭര്‍ത്തൃമതികള്‍. എല്ലാം ഒരു സംസ്‌കൃതിയുടെ ശക്തികളായിരുന്നു. ഇതൊക്കെക്കണ്ട് അത്ഭുതപരതന്ത്രനായ ഒരു വെള്ളക്കാരന് അപകര്‍ഷതാബോധവും അസൂയയുമുണ്ടായെങ്കില്‍ അതു സ്വാഭാവികം മാത്രം. പക്ഷേ ഈ വിശ്വോത്തര സംസ്‌കൃതിയുടെ ഈറ്റില്ലമായ ഭാരതത്തെ നാമാവശേഷമാക്കണമെന്നുള്ളതായിരുന്നു മതപരിവര്‍ത്തകരുടെ ഉള്ളിലിരുപ്പ്. കാള്‍ഡ്‌വെല്‍ ഈക്കൂട്ടത്തില്‍ കുപ്രസിദ്ധനായിരുന്നു. എങ്ങനെയെങ്കിലും അഖണ്ഡഭാരതത്തെ രണ്ടാക്കണം. പാതിരി രണ്ടും കല്‍പ്പിച്ചിറങ്ങി. തമിഴിനു സംസ്‌കൃതവുമായോ ഉത്തരഭാരതവുമായോ ബന്ധമില്ലെന്നും തമിഴര്‍ ഒരു പ്രത്യേക വര്‍ഗ്ഗമാണെന്നും തമിഴിന്റെ സംസ്‌കൃതി ഉത്തരഭാരത സംസ്‌കൃതിയില്‍ നിന്നും വ്യതിരിക്തവും വിരുദ്ധവുമാണെന്നു സ്ഥാപിച്ചെടുക്കുകയെന്നതായി കാള്‍ഡ്‌വെല്ലിന്റെ ഉദ്യമം.

ആര്യന്മാര്‍ ഭാരതത്തിലേക്ക് വന്നവരാണെന്നു മാക്‌സ്മുള്ളറും മറ്റു മിഷണറിമാരും വാദിച്ചപ്പോള്‍ ദ്രാവിഡരും ആര്യന്മാരെപ്പോലെ വിദേശികളാണെന്നായിരുന്നു കാള്‍ഡ്‌വെല്ലിന്റെ വാദം. ചുരുക്കിപ്പറഞ്ഞാല്‍ ഭാരതത്തിലുള്ളവരെല്ലാം വിദേശികളാണെന്നു സ്ഥാപിക്കുകയെന്നതായിരുന്നു ഇവരുടെ താത്പര്യം. ദക്ഷിണഭാരതത്തിലുള്ളവരാരും ഇന്‍ഡോ-യൂറോപ്യന്‍ കുടുംബത്തില്‍പ്പെട്ടവരല്ലെന്നും മറിച്ച് ആര്യന്മാര്‍ ഭാരതത്തിലെത്തുന്നതിനും എത്രയോ കാലം മുമ്പ് വന്ന സിതിയന്‍ വിഭാഗവുമായി ബന്ധപ്പെട്ടവരാണെന്നും കാള്‍ഡ്‌വെല്‍ അനുമാനിച്ചു. ആധുനിക ജനിതകശാസ്ത്രം ഈ വാദത്തെ ശാസ്ത്രീയമായി തള്ളിയതാണെങ്കിലും കാള്‍ഡ്‌വെല്ലിന്റെ ഈ വിഘടനവാദത്തിനായിരുന്നു പ്രചാരണം ലഭിച്ചത്. ശാസ്ത്രത്തെ ചങ്ങലക്കിട്ട്, ഗിയോര്‍ഡാനോ ബ്രൂണൊയെ പച്ചക്കു കത്തിച്ചവര്‍ക്കെന്തു ശാസ്ത്രാഭിമുഖ്യം? ദക്ഷിണേന്ത്യയിലെ ദ്രാവിഡര്‍ക്കും യൂറോപ്പുകാര്‍ക്കും പൊതുവായ ഒരു സിതിയന്‍ വേരുണ്ടെന്നു പ്രചരിപ്പിച്ചതിലൂടെ യൂറോപ്യന്‍ ക്രിസ്ത്യാനികളും തെക്കേ ഇന്ത്യാക്കാരും വിദൂരബന്ധുക്കളാണെന്നു കളവു പറഞ്ഞു വിശ്വസിപ്പിക്കുകയെന്ന തന്ത്രമായിരുന്നു കാള്‍ഡ്‌വെല്ലിന്റേത്. അയാള്‍ മെനഞ്ഞ ഈ തന്ത്രമായിരുന്നു പില്‍ക്കാലത്ത് പലതരത്തിലുള്ള ദേശീയവിരുദ്ധതയ്ക്കും വിഘടനവാദ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും ബീജാവാപം നല്‍കിയത്. ദ്രാവിഡഭാഷയെന്നത് ദ്രാവിഡരാഷ്ട്രീയമായി. അത് ഭ്രാന്തുപിടിച്ച ഇടുങ്ങിയ തമിഴ്-ദ്രാവിഡവാദമായി മാറി. ദ്രാവിഡരാഷ്ട്രീയമില്ലെങ്കില്‍ ഒരു പ്രസ്ഥാനത്തിനും പാണ്ഡ്യ-പല്ലവ-ചേര-ചോള മണ്ണില്‍ പിടിച്ചുനില്‍ക്കാനാവാതെയായി. അങ്ങനെ മധുരമീനാക്ഷിക്കുനേരേ കൊലവിളി നടത്തിയ ഹിന്ദുവിരോധിയായ പെരിയാറുടെ ജസ്റ്റിസ് പാര്‍ട്ടി മുതല്‍ ഡിഎംകെ, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ജനിച്ചു. പെരിയാറുടെ ബ്രാഹ്മണവിരോധം ചെന്നെത്തിയത് ഭാരതത്തോടും അതിന്റെ സംസ്‌കാരത്തോടുമുള്ള വിരോധത്തിലായിരുന്നെങ്കില്‍ അയാളുടെ പുതുതലമുറ ഇന്നു കൊലവിളി നടത്തുന്നത് സനാതനധര്‍മ്മത്തിനു നേരെയാണ്. തമിഴിന്റെ മണ്ണില്‍നിന്നും സനാതനധര്‍മ്മത്തെ ഉന്മൂലനാശം ചെയ്യുമെന്ന ബാലിശവും ബോധശൂന്യവുമായ കിരാതശപഥമായിരുന്നു അടുത്തകാലത്തു കേട്ടത്. ഇതിനെ പിന്തുണക്കുന്നവയായിരുന്നു ഗൂഢോദ്ദേശ്യത്തോടെയുള്ള ചില ഗവേഷണങ്ങള്‍. ആര്യന്മാരും ദ്രാവിഡരും വിദേശികളാണെന്നും ദളിതരെല്ലാം ഭാരതത്തിന്റെ യഥാര്‍ത്ഥ ആദിവാസികളാണെന്നും അവരെയെല്ലാം മതപരിവര്‍ത്തനം ചെയ്തു ക്രിസ്ത്യാനികളാക്കിയെന്നുമുള്ള വാദം വന്നതോടെ അക്രൈസ്തവരെല്ലാം വിദേശികളാണെന്ന വാദം ജനിച്ചു.

ഇനിയും വിഘടനവാദികള്‍ കൊട്ടിഘോഷിക്കുന്ന ആര്യ-ദ്രാവിഡ വ്യത്യാസത്തെപ്പറ്റി അല്‍പ്പം ചിന്തിക്കാം. തമിഴ് സാഹിത്യങ്ങളിലൊന്നിലും ‘ആര്യ’ എന്ന പദം ഒരു പ്രത്യേക വര്‍ഗ്ഗത്തെ സൂചിപ്പിക്കാനായി പ്രയോഗിക്കപ്പെടുന്നില്ല. മറിച്ച് ‘ശ്രേഷ്ഠ’ എന്ന അര്‍ത്ഥത്തിലാണ് കാണപ്പെടുന്നത്. ഹിമാലയത്തിലെ തപോധനരായ മുനിമാരെ ശ്രേഷ്ഠതയുടെ മൂര്‍ത്തീഭാവങ്ങളെന്ന നിലയില്‍ ‘ആരിയര്‍’ എന്നു കണ്ണനാര്‍ പതിറ്റുപ്പത്തില്‍ സംബോധന ചെയ്യുന്നതു കാണാം. അകനാനൂറില്‍ (പാട്ട് – 276) ഉയരമുള്ള ആനകളുടെ പാപ്പാന്മാരെ അവരുടെ ഗാംഭീര്യം കണക്കിലെടുത്ത് ‘ആര്യന്മാര്‍’ എന്നു വിശേഷിപ്പിക്കുന്നു. കുറുന്തൊകയില്‍ (പാട്ട് – 7) ഞാണിന്മേല്‍ കളിക്കാരനെ അയാളുടെ വൈദഗ്ദ്ധ്യത്തെ മാനിച്ച് ‘ആര്യന്‍’ എന്നു വിളിക്കുന്നതു കാണാം. ചേര-ചോള-പാണ്ഡ്യ രാജാക്കള്‍ തമിഴില്‍ അറിയപ്പെട്ടിരുന്നതു തന്നെ ‘മൂവേന്ദര്‍’ (സംസ്‌കൃതത്തിലെ മൂവേന്ദ്രര്‍) എന്നായിരുന്നു. മാത്രമോ, ഈ മൂന്നു രാജാക്കളുടെ സംഗമത്തെ കവയത്രിയായ അവ്വയാര്‍ ഉപമിക്കുന്നത് ‘മൂത്തി’ (മൂന്നു തീ) കളോടാണ്. അതായത് ആവഹനീയം, ദക്ഷിണാഗ്‌നി, ഗാര്‍ഹപത്യം എന്ന മൂന്ന് അഗ്‌നികളോടാണ് (പുറം. പാട്ട് 376). മധുരാനഗരത്തിന്റെ പ്രഭാതം പൊട്ടിവിടര്‍ന്നത് ചതുര്‍വേദമന്ത്രോച്ചാരണത്തോടെയാണെന്ന് ‘മധുരൈകാഞ്ചി’യും ‘പരിപാദല്‍ തിരട്ടും’ പരാമര്‍ശിക്കുന്നു. കൂടുതല്‍ പറഞ്ഞാല്‍ വൈദികസംസ്‌കാരത്തിന് ഊന്നല്‍ കൊടുത്തിരുന്ന നാടാണ് തമിഴകം. പാണ്ഡ്യരാജാവായ മുതുകൂടുമി പെരുവഴുതി അനേകം യാഗശാലകളും യാഗസ്തൂപങ്ങളും നിര്‍മ്മിച്ചതായി മധുരൈ കാഞ്ചിയും പുറനാനൂറും രേഖപ്പെടുത്തുന്നു. ചേരരാജാവായ പെരുംചേരല്‍ ഇരുമ്പൊറൈ നടത്തിയ പുത്രകാമേഷ്ടിയാഗത്തെപ്പറ്റി പതിറ്റുപ്പത്തും യാഗങ്ങള്‍ നടത്തി അനേകം യാഗത്തൂണുകള്‍ സ്ഥാപിച്ച കരികാലചോളനെപ്പറ്റി പുറനാനൂറും പരാമര്‍ശിക്കുന്നതു കാണാം.

ശത്രുരാജാക്കളായ കനകനെയും വിജയനെയും തോല്‍പ്പിച്ച ചേരന്‍ ചെങ്കുട്ടവനെ ദാനവാരിയായ ദേവേന്ദ്രനോടുപമിക്കുന്നത് ശ്രദ്ധേയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ തമിഴ്‌സാഹിത്യത്തിന്റെ ബിംബങ്ങള്‍പോലും വേദേതിഹാസപുരാണങ്ങളിലേതാണ്. എന്തിന് ആസേതുഹിമാചലമെന്ന ഭാരതത്തിന്റെ രാഷ്ട്രബോധം തമിഴ്‌നാടിന്റെ സിരകളിലൂടെ പണ്ടേ ഓടുന്നതാണ്. വടക്കു ഹിമാലയവും തെക്കു കന്യാകുമാരിയും കിഴക്കും പടിഞ്ഞാറും വെള്ളത്താല്‍ ചുറ്റപ്പെട്ടതുമായ ഭാരതവര്‍ഷത്തെപ്പറ്റി കവി കുറുംകോഴിയൂര്‍ കിഴാര്‍ (പുറം – 17) വര്‍ണ്ണിക്കുന്നതുകാണാം. ഭൗമഭ്രംശത്തില്‍പ്പെട്ട് കടലെടുത്തുപോയ തെക്കന്‍പ്രദേശമായ കുമരിക്കണ്ടത്തെ (സംസ്‌കൃതത്തില്‍ കുമാരീഖണ്ഡം) കുറിച്ച് കാരി കിഴാര്‍ പരാമര്‍ശിക്കുന്നുണ്ട്. ഭാരതത്തിന്റെ തെക്കുള്ള കുമാരിയോ? അങ്ങു വടക്കു ഹിമാലയം മുതല്‍ ഭാരതത്തെ മുഴുവനും ദേവചൈതന്യത്തില്‍ പൊതിയുന്ന ശക്തിപീഠവും ദേവതാത്മാവായ ഹിമവാനും ഹിമവല്‍സാനുവില്‍ നിന്ന് പ്രവഹിക്കുന്ന ഗംഗാമയിയും ചേരന്മാര്‍ക്കും ചോളന്മാര്‍ക്കും ഒരുപോലെ പ്രിയങ്കരങ്ങളായിരുന്നു. ഗംഗൈക്കൊണ്ടചോളനെന്നു സ്വയം നാമകരണം ചെയ്ത് തമിഴിന്റെ ഹൃദയഭാഗത്ത് ഗംഗയെ തിരുമുടിയില്‍ ചൂടിയ ദേവന്റെ പേരില്‍ ക്ഷേത്രനഗരിയും അംബരചുംബിയായ കോവിലും പണിത രാജേന്ദ്രനും കൊടുങ്ങല്ലൂരില്‍ കണ്ണകിയെ പ്രതിഷ്ഠിക്കുവാന്‍ വിഗ്രഹത്തിനുള്ള ശിലക്കുവേണ്ടി ഗംഗാതടംവരെ ജൈത്രയാത്ര നടത്തിയ ചേരരാജാവും അവകാശപ്പെട്ട പാരമ്പര്യം ഒന്നുതന്നെയായിരുന്നു. അവര്‍ക്കു ദക്ഷിണോത്തര വ്യത്യാസമില്ലായിരുന്നു. പില്‍ക്കാലത്തൊരിക്കലും ഈ വ്യത്യാസം ഉണ്ടായിട്ടുമില്ല. അധികാരരാഷ്ട്രീയത്തിന്റെ വടംവലികള്‍ ഉണ്ടായപ്പോള്‍ പോലും സാംസ്‌കാരികഭാരതം ഒന്നായിത്തന്നെ തുടര്‍ന്നുപോന്നു. വര്‍ദ്ധനന്മാരും പല്ലവരും ചാലൂക്യരും തങ്ങളുടെ രാഷ്ട്രീയമേല്‍ക്കോയ്മക്കുവേണ്ടി പരസ്പരം ഏറ്റുമുട്ടിയത് ചരിത്രസംഭവമാണ്. എന്നാല്‍ ഈ സമയത്തുപോലും ചൈനീസ് സഞ്ചാരിയും ബുദ്ധഭിക്ഷുവുമായ യുവാന്‍ ച്വാങ്ങിനെ (ഹൂയാന്‍സാങ്) വരവേല്‍ക്കാന്‍ ഈപ്പറഞ്ഞ രാജാക്കളുടെയെല്ലാം തലസ്ഥാനനഗരികള്‍ ഒരുപോലെ അണിഞ്ഞൊരുങ്ങിയതായിക്കാണാം. ബൗദ്ധദര്‍ശനത്തെ അന്വേഷിച്ചുവന്ന ആ യുവയോഗിയുടെ പര്യടനത്തില്‍ ഭാരതം ദക്ഷിണോത്തരവ്യത്യാസമെന്യേ ഹര്‍ഷപുളകിതയായതു ചരിത്രമാണ്. കന്യാകുബ്ജത്തെയും കാഞ്ചിയെയും വാതാപിയെയും ധര്‍മ്മത്തിന്റെയും ബൗദ്ധതയുടെയും ദര്‍ശനം ഒരു പൊന്‍നൂലിലെന്നവണ്ണം കോര്‍ത്തിണക്കി. ആരെത്ര കഠിനാദ്ധ്വാനം ചെയ്താലും ഭാരതത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പശ്ചാത്തലത്തില്‍ നിന്നും ദക്ഷിണത്തെ ഇഴപിരിച്ചുമാറ്റാനൊരിക്കലുമാവുകയില്ല. ദക്ഷിണോത്തരപഥങ്ങള്‍ ഊടും പാവും നെയ്ത് പ്രൗഢമാക്കിയതാണ് ഭാരതത്തിന്റെ സാംസ്‌കാരിക അസ്തിത്വം.

ഇനിയും ഒരിക്കല്‍ കൂടെ ആര്യ-ദ്രാവിഡവാദങ്ങളിലേക്കു പോകാം. മദ്ധേഷ്യയില്‍ നിന്നു വന്ന ആര്യന്മാര്‍ സൈന്ധവതടങ്ങളിലേക്കു ആക്രമിച്ചു കുടിയേറിയെന്നും അവിടേക്കു പണ്ടെന്നോ കുടിയേറിത്താമസമാക്കിയ ദ്രാവിഡരെ തുരത്തിയോടിച്ചെന്നുമാണ് വെള്ളക്കാരായ ഇന്‍ഡോളജിസ്റ്റുകളുടെ വാദം. ശിവനും അഗ്നിയുമൊക്കെ ആര്യന്മാര്‍ കൊണ്ടുവന്ന ദൈവങ്ങളാണെന്നുമാണ് അവരുടെ വാദം. അങ്ങനെയെങ്കില്‍ ചരിത്രവിദ്യാര്‍ത്ഥിക്കുണ്ടാകാവുന്ന സംശയം തികച്ചും സ്വാഭാവികം മാത്രം. എന്തെന്നാല്‍ ആര്യന്മാര്‍ മദ്ധേഷ്യയില്‍ നിന്നു കൊണ്ടുവന്ന ഈ ആരാധനാമൂര്‍ത്തികള്‍ ദ്രാവിഡസംസ്‌കൃതിയെന്ന് ഇവര്‍തന്നെ സിദ്ധാന്തിച്ച സൈന്ധവതടങ്ങളില്‍ നേരത്തെതന്നെ ആരാധിക്കപ്പെട്ടിരുന്നതായുള്ള തെളിവുകള്‍ അസംഖ്യമാണ്. സിന്ധുനാഗരികതയില്‍ നിന്നും കണ്ടെടുത്ത പശുപതിമുദ്രയും സോമയാഗങ്ങളുടെ അവശിഷ്ടങ്ങളും പറയുന്നത് ആര്യന്മാരുടെ വരവിനു മുമ്പുതന്നെ സൈന്ധവതടങ്ങളില്‍ ശൈവ-അഗ്ന്യാരാധനകള്‍ നിലനിന്നിരുന്നുവെന്നാണ്. അങ്ങനെയെങ്കില്‍ ആര്യനാക്രമണത്തിനുമുമ്പുതന്നെ സൈന്ധവതടങ്ങളില്‍ ആര്യസംസ്‌കൃതി നിലനിന്നിരുന്നുവെന്ന് മണ്‍മറഞ്ഞുപോയ ഇന്‍ഡോളജിസ്റ്റുകള്‍ക്കു സമ്മതിക്കേണ്ടിവരും. യുക്തിഭദ്രമായ ചിന്തകളെ കാലാതിവര്‍ത്തികളാവുകയുള്ളൂ. അല്ലെങ്കില്‍ അവ മണലുകൊണ്ടു പിരിച്ച കയറുപോലെയാവും. കാള്‍ഡ്‌വെല്ലിന്റെ ദ്രാവിഡവര്‍ഗ്ഗവാദം ഇത്തരത്തിലുള്ളതാണ്. അതു യുക്തിഭദ്രമോ വസ്തുനിഷ്ഠമോ അല്ല.

(ലേഖകന്‍ ഭാരതീയ ഇതിഹാസ സങ്കലന്‍ സമിതിയുടെ സംസ്ഥാന ട്രഷററാണ്)

Tags: ദ്രാവിഡ
ShareTweetSendShare

Related Posts

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ജില്ലാവിഭജനം മത വിഭജനത്തിനോ?

ജില്ലാവിഭജനം മത വിഭജനത്തിനോ?

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

ബാളാസാഹേബ് ദേവറസ് : സാമാജിക സമരസതയുടെ ഉപാസകന്‍

ബാളാസാഹേബ് ദേവറസ് : സാമാജിക സമരസതയുടെ ഉപാസകന്‍

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies