- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
- ആശയരൂപീകരണത്തിലെ സമാന്തര പാതകള്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 7)
ഭാരതീയവും ഹൈന്ദവവുമായ ദേശീയത എന്ന ആശയത്തിനും, അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ജനതയുടെ ജീവിതാവിഷ്‌കാരങ്ങള്‍ക്കും സമര്‍പ്പിക്കപ്പെട്ട പ്രസ്ഥാനമാണ് ആര്‍എസ്എസ്. യൂറോപ്പിന് സുപരിചിതമായ വംശീയവും വിഭാഗീയവുമായ ദേശീയവാദമല്ല ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന സാംസ്‌കാരിക ദേശീയത.
ഇതിന് കടകവിരുദ്ധമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. റഷ്യ പോലും പില്‍ക്കാലത്ത് സ്വന്തം ദേശീയത ഉയര്‍ത്തിപ്പിടിച്ച സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ ഭാരതത്തിന്റെ കാര്യത്തില്‍ ദേശീയത എന്നൊന്നില്ലെന്ന് വിശ്വസിക്കുകയും, തുടക്കം മുതല്‍ ഈ രാഷ്ട്രത്തിന്റെ ദേശീയമായ താല്‍പ്പര്യങ്ങള്‍ക്കെതിരെ നീങ്ങുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളത്. അവരുടെ ചരിത്രത്തിന്റെ ആകെത്തുക ഇതാണെന്ന് നിസ്സംശയം പറയാം.
താഷ്‌കെന്റില്‍ സോവിയറ്റ് യൂണിയന്റെ പദ്ധതിയനുസരിച്ച് 1920 ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച കാലഘട്ടത്തില്‍ തന്നെ ബോംബെ, മദ്രാസ്, ബംഗാള്‍ മുതലായ മേഖലകളില്‍ വിദേശ ശൃംഖലയുടെ പിന്തുണയോടെ ചെറിയ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ രൂപം കൊണ്ടിരുന്നു. എം. എന്‍.റോയിക്കു പുറമേ മറ്റുചിലരെയും ഇതിനായി കോമിന്റേണും സോവിയറ്റ് യൂണിയനും ഉപയോഗിച്ചു. ബ്രിട്ടനും ഇതിനുള്ള ഒരു വേദിയായിരുന്നു.
ഭാരതത്തിലെ തൊഴിലാളി യൂണിയനുകളുമായാണ് കോമിന്റേണ്‍ ആദ്യം ബന്ധമുണ്ടാക്കിയത്. തൊഴിലാളി സമരങ്ങളെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകള്‍ പൊടുന്നനെ പിന്തുണക്കാന്‍ തുടങ്ങി. വിദേശത്ത് പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളുമായി ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാക്കിയ ബന്ധം ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ പശ്ചാത്തലമൊരുക്കി. പലതലമുറകളിലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഇംഗ്ലണ്ടില്‍ രാഷ്ട്രീയ പരിശീലനം നേടിയിരുന്നു. ഇവര്‍ പില്‍ക്കാലത്ത് ഭാരതത്തിലെ രാഷ്ട്രീയ- ഭരണരംഗത്തും അക്കാദമിക് മേഖലയിലുമൊക്കെ ഉയര്‍ന്ന പദവികള്‍ വഹിച്ചു. ബക്കര്‍ അലി മൂസ, സുശോഭന്‍ സര്‍ക്കാര്‍, ഇന്ദ്രജിത്ത് ഗുപ്ത, സുലോചന സര്‍ക്കാര്‍, മോഹന്‍ കുമാരമംഗലവും ഭാര്യ പാര്‍വതിയും, അരുണ്‍ ബോസ്, രമേഷ് ചന്ദ്ര, നിഖില്‍ ചക്രവര്‍ത്തിയും ഭാര്യ രേണുവും, മലയാളിയായ എന്‍.കെ.കൃഷ്ണന്‍, ജ്യോതി ബസു തുടങ്ങിയവരാണിത്.
താഷ്‌കെന്റിലെ പാര്‍ട്ടി രൂപീകരണത്തിനു ശേഷം റോയ് വഴി മോസ്‌കോയില്‍ നിന്ന് നേരിട്ടുതന്നെ ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരുന്നു. ഈ പണം കിട്ടാതിരിക്കുകയോ, അതില്‍ കുറവ് വരികയോ ചെയ്താല്‍ ഇവിടെയുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ അസ്വസ്ഥരാവുകയും ചെയ്തു പോന്നു. 1921 ല്‍ അന്നത്തെ രണ്ട് ട്രെയിന്‍ നിറയെ ആയുധങ്ങളും സ്വര്‍ണനാണയങ്ങളും ഇന്ത്യന്‍ രൂപയുമായാണ് റോയ് മോസ്‌കോയില്‍ നിന്ന് താഷ്‌കെന്റിലേക്ക് വന്നത്. പണം എത്ര വേണമെങ്കിലും ലഭ്യമാണെന്ന് 1924 ല്‍ ഭാര്യ എവിലിന് റോയ് എഴുതുകയുണ്ടായി. റോയ് നടത്തിയ ഈ ആഡംബര യാത്രയുടെ വാര്‍ത്ത പെട്ടെന്ന് പരന്നു. ഇതു കാരണം പുതുതായി രൂപീകരിച്ച ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രതീക്ഷിച്ചത്ര പണം ലഭിക്കാത്ത സാഹചര്യമുണ്ടായി. പാര്‍ട്ടിയുടെ കല്‍ക്കട്ട ഗ്രൂപ്പിന്റെ പേരില്‍ ജതിന്‍ മിത്ര എന്നാല്‍ പാര്‍ട്ടി നേതാവ് റോയിയുടെ വലംകയ്യായ മുഹമ്മദ് സിപാസിക്ക് കത്തെഴുതി. ജീന്‍ ഡി. ഓവര്‍ സ്ട്രീറ്റ്, മാര്‍ഷല്‍ വിന്‍ഡ് മില്ലര്‍ എന്നിവരുടെ ‘കമ്മ്യൂണിസം ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ഈ കത്തിലെ വിവരങ്ങള്‍ ഡോ. രാഹുല്‍ എ. ശാസ്ത്രി ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘ഞങ്ങളുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല… ബോസും (റോയ്) കുടുംബവും രാജകുമാരന്മാരെ പോലെയാണ് ജീവിക്കുന്നത്. ആത്മാര്‍ത്ഥതയുള്ള ഇവിടുത്തെ കുട്ടികള്‍ പട്ടിണിയിലും. നിങ്ങള്‍ കാപട്യക്കാരാണ്, ചൂഷകരും.’ (1)
അവര്‍ കമ്മ്യൂണിസ്റ്റ് കോടീശ്വരന്മാര്‍
പൊതുധാരണയില്‍ നിന്ന് വ്യത്യസ്തമായി മതവും മുതലാളിമാരും പണവും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിന് പ്രധാന പങ്കുവഹിക്കുകയുണ്ടായി. മോസ്‌കോയില്‍ നിന്ന് ലഭിച്ചിരുന്ന പണത്തിന് പുറമേയാണിത്. മുംബൈയിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിനെ സഹായിച്ചിരുന്നവരില്‍ ഒരാള്‍ മില്ലുടമയും കോടീശ്വരനും ആയിരുന്ന രണ്‍ചോഡ് ദാസ് ലോട് വാല ആയിരുന്നു. കര്‍ക്കശമായ വര്‍ഗവിഭജനത്തില്‍ ലോട് വാല വിശ്വസിച്ചില്ല. കാറല്‍ മാര്‍ക്‌സിനെ അല്ല, സമൂഹത്തെ വര്‍ഗ്ഗങ്ങളായി വിഭജിക്കുന്നതിനെ നിരാകരിക്കുന്നുവെന്ന് പറഞ്ഞ ലാലാ ഹര്‍ദയാലിനെയാണ് ഈ കോടീശ്വരന്‍ അംഗീകരിച്ചത്. വിദേശ ഇടതുപക്ഷ പത്രങ്ങളും സോഷ്യലിസ്റ്റ് സാഹിത്യങ്ങളും ശേഖരിച്ച് മുംബൈയില്‍ ലോട്ട് വാല ഒരു ലൈബ്രറി സ്ഥാപിച്ചു. ‘ഗാന്ധിയും ലെനിനും’ എന്ന പുസ്തകം വായിച്ച് അത് എഴുതിയ ഡാങ്കെക്ക് കൂടുതല്‍ പഠനത്തിനുവേണ്ടി ലോട് വാല പണം നല്‍കി. ഇരുവരും ചേര്‍ന്ന് മാര്‍ക്‌സിസ്റ്റ് ക്ലാസുകള്‍ വിവര്‍ത്തനം ചെയ്തു.(2)
മാര്‍ക്‌സിസ്റ്റ് പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങാന്‍ ലോട്ട് വാല ഒരു ലക്ഷം രൂപയാണ് നല്‍കിയത്. അന്നത്തെ നിലയ്ക്ക് ഇത് വലിയ തുകയായിരുന്നു. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്ന മറാഠി പത്രമായ ‘ഇന്ദുപ്രകാശ്’ ഏറ്റെടുക്കുകയും, ഡാങ്കെയുടെ പത്രാധിപത്യത്തില്‍ ‘സോഷ്യലിസ്റ്റ്’ എന്ന പത്രം തുടങ്ങുകയും ചെയ്തു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ തലതൊട്ടപ്പന്‍ ആയിരുന്നുവെങ്കിലും പില്‍ക്കാലത്ത് ലോട് വാല ബോധപൂര്‍വ്വം വിസ്മരിക്കപ്പെട്ടു. എസ്.എ. ഡാങ്കെ എന്ന ശ്രീപദ് അമൃത ഡാങ്കെയാണ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തെ ഏറ്റവും ശരിയായി പരിചയപ്പെടുത്തിയ ആദ്യ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്. ‘ഗാന്ധിയും ലെനിനും’ എന്ന പുസ്തകത്തില്‍ മനുഷ്യരുടെ സ്വഭാവം മാറ്റുന്നതിന് ബോള്‍ഷെവിക്കുകള്‍ അധികാരത്തെയും ഏകാധിപത്യത്തെയും ആശ്രയിക്കുമ്പോള്‍, ഗാന്ധിജി കര്‍മ്മവും മതവുമാണ് ഇതിനു വേണ്ടതെന്ന് കരുതുന്നു. ബോള്‍ഷെവിക്കുകള്‍ സാമൂഹ്യ നിയന്ത്രണത്തെയും ബലപ്രയോഗത്തെയും ആശ്രയിക്കുമ്പോള്‍, ഗാന്ധിജി വ്യക്തികളുടെ ആത്മശുദ്ധീകരണത്തെയും മാനസിക പരിവര്‍ത്തനത്തിനത്തെയുമാണ് ആശ്രയിക്കുന്നത്(3) എന്നൊക്കെയുള്ള കൗതുകകരമായ നിരീക്ഷണങ്ങളും ഡാങ്കെ നടത്തുന്നുണ്ട്. ഇതുകൊണ്ടു കൂടിയാവാം പില്‍ക്കാലത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഡാങ്കെ പുറത്താക്കപ്പെട്ടത്. അന്നത്തെ മദ്രാസ് സ്റ്റേറ്റില്‍ നിന്നുള്ള ശിങ്കാരവേലു ചെട്ടിയാര്‍ ആയിരുന്നു ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ കയ്യയച്ച് സഹായിച്ച മറ്റൊരു പണക്കാരന്‍.
ലെനിന്റെ തന്ത്രവും ഗാന്ധിയുടെ നേതൃത്വവും
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെ നിയന്ത്രിക്കാനാണ് സോവിയറ്റ് യൂണിയനും കോമിന്റേണും തുടക്കം മുതല്‍ തന്നെ ശ്രമിച്ചുപോന്നത്. ഒരുതരത്തിലും അത് ഭാരതത്തിന്റെ ദേശീയതാല്പര്യം സംരക്ഷിക്കുന്നതിനായിരുന്നില്ല. ലണ്ടനില്‍ നിന്ന് പിന്തിരിഞ്ഞ് കിഴക്കന്‍ രാജ്യങ്ങള്‍ മോസ്‌കോയിലേക്ക് കൈനീട്ടുകയാണെന്നും, കിഴക്ക് ചുവപ്പണിയുകയാണെന്നും റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ‘പ്രൗദ’ 1919ല്‍ തന്നെ നിരീക്ഷിക്കുകയുണ്ടായി. കാണ്‍പൂരിലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണവും ഇതിനുവേണ്ടിയായിരുന്നു. സാമ്രാജ്യത്വത്തില്‍ നിന്ന് മോചനം നേടുക എന്നതായിരുന്നു ഭാരതത്തിന്റെ അഭിലാഷമെങ്കില്‍ കമ്മ്യൂണിസത്തിന് ആഗോള സ്വീകാര്യത ഉണ്ടാക്കുകയായിരുന്നു സോവിയറ്റ് യൂണിയന്റെ ലക്ഷ്യം. ഇത് രണ്ടും പൊരുത്തപ്പെടുത്താനുള്ള വിഫലവും യാന്ത്രികവുമായ ശ്രമം നടന്നു. ലോകമാകെ കമ്മ്യൂണിസം പരത്തുക എന്ന സോവിയറ്റ് യൂണിയന്റെ ലക്ഷ്യം സമര്‍ത്ഥമായി മറച്ചുപിടിക്കപ്പെട്ടു. ‘നല്ല ദേശീയവാദി മോശം കമ്മ്യൂണിസ്റ്റിനേക്കാള്‍ മികച്ചയാളാണ്’ എന്ന് ലെനിന്‍ പറഞ്ഞത് ഇതിന്റ ഭാഗമായിരുന്നു.
താഷ്‌കന്റിലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അപ്പോള്‍ സൃഷ്ടിക്കേണ്ടതില്ലെന്നും, ഭാരതത്തില്‍ നടക്കുന്ന സ്വാതന്ത്ര്യസമരത്തെ കമ്മ്യൂണിസ്റ്റുകള്‍ മുതലെടുത്താല്‍ മതിയെന്നും, ബ്രിട്ടീഷുകാരെ പുറന്തള്ളിയ ശേഷം ദേശീയവാദികളില്‍ നിന്ന് അധികാരം പിടിച്ചെടുക്കാം എന്നുമായിരുന്നു ലെനിന്റെ അഭിപ്രായം.(4) എന്നാല്‍ ദേശീയവാദികളെ അവഗണിക്കണമെന്നും, അവരുമായി ഒരുതരത്തിലും സഹകരിക്കരുതെന്നും എം.എന്‍.റോയ് വാദിച്ചു. അക്കാലത്ത് ലെനിനോട് വിയോജിക്കുക എന്നതിനര്‍ത്ഥം ‘കൊല്ലപ്പെടുക’ എന്നതായിരുന്നു. പക്ഷേ ലെനിനെ ഒരേയൊരു രക്ഷകനായി കണ്ടിരുന്നതുകൊണ്ടും, ഭാരതത്തിലെ വിപ്ലവത്തിന് അയാളെ ആവശ്യമുള്ളതുകൊണ്ടും ലെനിന്‍ മാപ്പ് കൊടുത്തതാണ്.

രണ്ടാം കോമിന്റേണില്‍ അവതരിപ്പിക്കപ്പെട്ട കൊളോണിയല്‍ തീസിസില്‍ ലെനിന്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് അനുകൂലമായിരുന്നു എന്നൊരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന ലെനിന്റെ നിലപാട് ഒരു തന്ത്രമായിരുന്നു. ഭാരതം ഏഷ്യയുടെ നേതാവായിരുന്നു. ഭാരതത്തിന്റെ പിന്തുണയില്ലാതെ യൂറോപ്യന്‍ വിപ്ലവത്തെ ലോക കമ്മ്യൂണിസമാക്കി മാറ്റാന്‍ കഴിയില്ലായിരുന്നു. ഇതിനുവേണ്ടിയാണ് കമ്മ്യൂണിസ്റ്റുകള്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചത്. ‘കോമിന്റേണിന്റെ ഏഷ്യയിലെ പ്രതിബന്ധമാണ് ഭാരതം’ എന്നായിരുന്നു രണ്ടാം കോമിന്റേണിലെ ഉദ്ഘാടന പ്രസംഗത്തില്‍ സിനോവി പ്രഖ്യാപിച്ചത്.
സോവിയറ്റ് യൂണിയന്റെ ഈ തന്ത്രങ്ങളെക്കുറിച്ച് ഗാന്ധിജി ബോധവാനായിരുന്നു. ഭാരതത്തിലെ ജനങ്ങളെയും ഉത്തരവാദിത്തബോധമുള്ള ഇംഗ്ലീഷുകാരെയും മറ്റു ചില വിദേശ ഭരണാധികാരികളെയും ഗാന്ധിജി ഇക്കാര്യം ധരിപ്പിച്ചു. ബോള്‍ഷെവിസം ഭാരതത്തിലേക്ക് പ്രവേശിച്ചിട്ടില്ലായിരിക്കാം. സത്യഗ്രഹത്തെ അംഗീകരിക്കാതെ ബോള്‍ഷെവിസത്തെയും അതിന്റെ നിരങ്കുശമായ ഹിംസയെയും തടയാന്‍ കഴിയുമോയെന്ന് നിങ്ങള്‍ ചിന്തിക്കുമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ (4) എന്നാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായിരുന്ന വില്യം ഫെര്‍ഗൂസന്‍ മാസെക്ക് എഴുതിയ കത്തില്‍ ഗാന്ധി പറഞ്ഞത്.
ഭാരതമെന്ന പൗരാണിക നാഗരികതയുടെ മൂല്യങ്ങളിലേക്ക് ജനങ്ങളെ കൊണ്ടുവന്നാണ് ഗാന്ധിജി ബോള്‍ഷെവിസത്തെ വിജയകരമായി പ്രതിരോധിച്ചത്. ഭാരതത്തിന്റെ മണ്ണില്‍ നിന്ന് ബോള്‍ഷെവിസത്തെ തുടച്ചുനീക്കാനും ശ്രമിച്ചു. പൊതുധാരണയ്ക്ക് വിരുദ്ധമായി, എല്ലാത്തരം ഹിംസയെയും ഒഴിവാക്കണമെന്ന പക്ഷക്കാരന്‍ ആയിരുന്നില്ല ഗാന്ധിജി. രാഷ്ട്രത്തെ പ്രതിരോധിക്കേണ്ടി വരുമ്പോള്‍ ഹിംസ അനിവാര്യമാണെന്നു തന്നെ കരുതിയിരുന്നു. ‘ഭാരതത്തിന് സ്വന്തം ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള ശേഷി കൈവരിക്കുന്നില്ലെങ്കില്‍ സ്വരാജിന് നാം അര്‍ഹരാവുന്നില്ല (5)
(Complete works of Mahatma Gandhi vol 17,82) എന്നാണ് ഗാന്ധിജി ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്. ഇക്കാരണത്താലാണ് ബോള്‍ഷെവെിസത്തെയും വര്‍ഗ്ഗസമരത്തെയും ഗാന്ധിജി എതിര്‍ത്തത്. ഭാരതത്തില്‍ നമുക്ക് വ്യാഖ്യാനിച്ചു തന്നിട്ടുള്ള ബോള്‍ഷെവിസം അക്രമത്തിന്റെ അകമ്പടിയോടെയുള്ള നിയമരാഹിത്യം ആണെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. 1917 ല്‍ തന്നെ ഗാന്ധിജി ചമ്പാരന്‍ സത്യഗ്രഹത്തിലൂടെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചിരുന്നുവല്ലോ. തീവ്രദേശീയവാദികള്‍ എന്നു സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടുവര്‍ഷം തടവിലിടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന 1919 ലെ റൗലറ്റ് ആക്റ്റിനെതിരെയും ഗാന്ധിജി സമരം ചെയ്തു. ഇതേ കാലത്തുതന്നെയാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ നിയന്ത്രിക്കാന്‍ കോമിന്റേണും തീരുമാനിച്ചത്.
എം.എന്‍.റോയിയെ പോലുള്ള മറ്റൊരു കഥാപാത്രമാണ് അബനി മുഖര്‍ജി. ജാവയില്‍ വച്ച് കമ്യൂണിസ്റ്റായ അംബനി ഹോളണ്ടിന്റെ സഹായത്തോടെ റഷ്യയിലെത്തി രണ്ടാം കോമിന്റേണില്‍ പങ്കെടുത്തു. റോയിയെ എതിര്‍ക്കുന്ന ജര്‍മന്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഈ നേതാവ്. എം.എന്‍.റോയിയും അബനി മുഖര്‍ജിയും ചേര്‍ന്ന് ഗാന്ധിജിക്ക് ഒരു കത്തെഴുതുന്നുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന എല്ലാവരെയും സഹായിക്കാന്‍ 1920 ലെ കോമിന്റേണ്‍ സമ്മേളനം തീരുമാനിച്ചിട്ടുണ്ട് എന്നാണ് ഈ കത്തില്‍ പറഞ്ഞത്. ഭാരതത്തില്‍ കലാപം ഉണ്ടാക്കാന്‍ ഗാന്ധിജിക്ക് മോസ്‌കോ ‘പണവും പദ്ധതികളും’ വാഗ്ദാനം ചെയ്യുകയുണ്ടായെന്നും, ഗാന്ധിജി അത് നിരസിക്കുകയായിരുന്നുവെന്നും 1925 ല്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. (6) മോസ്‌കോ നിയന്ത്രിക്കുന്ന ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ’ പ്രവര്‍ത്തനരീതി എന്തായിരുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
ബോള്‍ഷെവിക് ക്ഷണം ഗാന്ധി നിരസിച്ചു
കോമിന്റേണിന്റെ കൊളോണിയല്‍ തീസിസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേരുന്ന വിപ്ലവകാരികളുടെ സമ്മേളനത്തിലേക്ക് റോയിയും മുഖര്‍ജിയും ചേര്‍ന്ന് ഗാന്ധിജിയെ ക്ഷണിച്ചു. 1921ലെ അഹമ്മദാബാദ് കോണ്‍ഗ്രസ് സമ്മേളനത്തിന് ഇവര്‍ ഒരു സന്ദേശമവും അയച്ചു. പാവപ്പെട്ടവരുടെ താല്പര്യം സംരക്ഷിക്കണമെന്നും, അതില്‍ പരാജയപ്പെട്ടാല്‍ തൊഴിലാളികളും കര്‍ഷകരും സ്വന്തം പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും കോണ്‍ഗ്രസിനെ താക്കീത് ചെയ്യുന്നതായിരുന്നു ഈ സന്ദേശം. ഇതിനിടെ സി.ആര്‍. ദാസ്, ഡോ. സമ്പൂര്‍ണാനന്ദ്, ശിങ്കാരവേലു ചെട്ടിയാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ സ്വാധീനിക്കാനും ശ്രമം നടന്നു. ഇതേസമയം ഡാങ്കെ ഗ്രൂപ്പ് സി.ആര്‍. ദാസിന്റെ മകനെയും സുഭാഷ് ചന്ദ്രബോസിനെയും 1922 ലെ കോമിന്റേണ്‍ സമ്മേളനത്തിലേക്ക് ക്ഷണിച്ചു. തുടക്കത്തില്‍ സി.ആര്‍.ദാസ് അനുകൂലമായി പ്രതികരിച്ചു. മധ്യവര്‍ഗങ്ങളുടെയും ബൂര്‍ഷ്വാസികളുടെയും മാത്രമല്ല, ബഹുജനങ്ങളുടെ സ്വരാജ് വേണമെന്ന് വാദിച്ചു.7
എന്നാല്‍ ഈ വിപ്ലവാഭിമുഖ്യം സി.ആര്‍.ദാസ് ഒട്ടും വൈകാതെ കയ്യൊഴിയുകയും, തീവ്രദേശീയവാദികളെ നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു.
അക്കാലത്തെ സ്വാതന്ത്ര്യസമര മുന്നേറ്റം ലോകത്തെ ഏതൊരു കമ്മ്യൂണിസ്റ്റിനും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്തത്ര വിപുലമായിരുന്നു. ബോള്‍ഷെവിസത്തെ പ്രതിരോധിക്കാന്‍ ഈ മുന്നേറ്റത്തിന് കഴിഞ്ഞു. ഗാന്ധിജിയാണ് ഇതിന് കാരണക്കാരനെന്ന് എം.എന്‍. റോയിയെ പ്പോലുള്ളവര്‍ കരുതി. അവര്‍ ഗാന്ധിജിയെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചു. ‘പ്രതിലോമ ശക്തികളുടെ അതികഠിനവും അത്യന്തം നിരാശാജനകവുമായ ആവിഷ്‌കാരമാണ്’ സ്വാതന്ത്രസമരം എന്നു പ്രഖ്യാപിച്ചു. ഗാന്ധിജി ‘സാന്‍മാര്‍ഗിക പ്ലേഗ്’ പരത്തുകയാണ് എന്നുവരെ അധിക്ഷേപിച്ചു. പ്രതിലോമ ശക്തികളുടെയും ബൂര്‍ഷ്വാസികളുടെയും ആശയമാണ് ഗാന്ധിസമെന്ന് വിലയിരുത്തി. ഗാന്ധിജി മരിച്ചതിനു ശേഷമാണ് കമ്മ്യൂണിസ്റ്റുകള്‍ നിലപാട് മാറ്റിയത്. ‘ഗാന്ധിജിയുടെ ആത്മീയ മഹത്വവും സത്യസന്ധതയും ധൈര്യവും മാനവരാശിയോടുള്ള സ്‌നേഹവും’ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ രജനി പാമേ ദത്ത് അംഗീകരിച്ചു!(8)
ചൗരി ചൗരാ സംഭവത്തിനുശേഷം ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തെ പിന്‍വലിച്ചതോടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഒരു മൃതദേഹം ആയിരിക്കുകയാണെന്ന് എം.എന്‍. റോയ് പരിഹസിച്ചു. പ്രതിലോമ ശക്തികളുടെ ഈ തകര്‍ച്ച അവരെ രാഷ്ട്രീയ രംഗത്തുനിന്ന് തുടച്ചു നീക്കുമെന്നും ആവേശം കൊണ്ടു. അധികം വൈകാതെ സംഭവിക്കുന്ന രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഫലമായി ബഹുജനങ്ങളെ അവരുടെ ശത്രുക്കളായ വിദേശ- ദേശീയ മുതലാളിമാര്‍ക്ക് എതിരാക്കും. ഭാരതത്തില്‍ ചെങ്കൊടി ഉയര്‍ത്തുക മാത്രമാണ് ഇനി കമ്മ്യൂണിസ്റ്റുകള്‍ക്ക് ചെയ്യാനുള്ളതെന്നും റോയ് സ്വപ്‌നം കണ്ടു.(9)
ഈ എടുത്തുചാട്ടത്തെ ഇഷ്ടപ്പെടാതിരുന്ന അബനി മുഖര്‍ജിയും മറ്റും റോയിക്കെതിരെ മോസ്‌കോയിലെ തങ്ങളുടെ യജമാനന്മാര്‍ക്ക് പരാതി കൊടുത്തു. സാമ്രാജ്യത്വത്തിനെതിരെ സമരം ചെയ്യുന്ന ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് പിന്തുണ കൊടുക്കാന്‍ മോസ്‌കോ റോയിയോട് ആവശ്യപ്പെട്ടു. യൂറോപ്പില്‍ നടക്കുന്ന (1922) കോമിന്റേണ്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഭാഷ് ചന്ദ്രബോസിനെ റോയ് ക്ഷണിച്ചിരുന്നുവല്ലോ. സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ബോസ് ഇത് നിരസിച്ചു. എന്നിട്ടും ബോസുമായുള്ള ‘സൗഹൃദം’ റോയ് തുടര്‍ന്നു. കമ്മ്യൂണിസ്റ്റുകള്‍ക്ക് സുഹൃത്തുക്കളെയല്ല, ഉപകരണങ്ങളെയാണ് വേണ്ടിയിരുന്നത്.
കാണ്‍പൂരിലെ രണ്ട് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍
ഇന്ത്യന്‍ കമ്മ്യൂണിസവും കോമിന്റേണും ആദ്യ വര്‍ഷങ്ങളില്‍ സമാന്തരമായാണ് പോയിരുന്നതെങ്കിലും പരസ്പരം ബന്ധമുണ്ടായിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഏകോപിപ്പിക്കാനായി ബോള്‍ഷെവിക്കുകളായിത്തീര്‍ന്ന മുഹാജിറുകളെയും ഇവിടേക്കയച്ചു. ഇതിലൊരാള്‍ ഷൗക്കത്ത് ഉസ്മാനി ആയിരുന്നു. കാണ്‍പൂര്‍ കേന്ദ്രീകരിച്ച് കമ്മ്യൂണിസ്റ്റു ഗ്രൂപ്പ് രൂപീകരിക്കാന്‍ ഉസ്മാനി ശ്രമിച്ചു. കോമിന്റേണ്‍ സിപിഐ അപ്പോള്‍ നിലവിലുണ്ടായിരുന്നെങ്കിലും ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് സ്വന്തമായി പാര്‍ട്ടി ഉണ്ടായിരുന്നില്ല. ശിങ്കാരവേലു ചെട്ടിയാര്‍ എസ്.എ. ഡാങ്കെ മുതലായ കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളിലാണ് പങ്കെടുത്തുപോന്നത്.
1923 ല്‍ നാഗ്പൂരില്‍ നിന്ന് ‘പ്രാണ്‍വീര്‍’ എന്നൊരു ഇടതുപക്ഷ വാരിക പ്രസിദ്ധീകരിച്ച സത്യഭക്തയുമായി ഡാങ്കെ കത്തിടപാടുകള്‍ നടത്തിയിരുന്നു. കാണ്‍പൂര്‍ ഗൂഢാലോചന കേസില്‍ ഷൗക്കത്ത് ഉസ്മാനി അറസ്റ്റിലായതോടെ സത്യഭക്ത കാണ്‍പൂരിലേക്ക് പോവുകയും, മസ്ദൂര്‍ സഭ സംഘടിപ്പിച്ച് വിക്ടോറിയ മില്ലില്‍ പണിമുടക്ക് നടത്തുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകള്‍ അല്ലാത്ത വിപ്ലവകാരികളുമായും സത്യഭക്ത ബന്ധം സ്ഥാപിച്ചു. കാണ്‍പൂര്‍ ഗൂഢാലോചന കേസില്‍ സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും സത്യഭക്ത വിചാരണ ചെയ്യപ്പെട്ടില്ല. എന്നാല്‍ വിചാരണ കാണാന്‍ കോടതിയില്‍ സ്ഥിരമായി എത്തിക്കൊണ്ടിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിന് തെളിവില്ലെന്നും, ഒരു ആശയം എന്ന നിലയ്ക്ക് കമ്മ്യൂണിസം നിയമവിരുദ്ധമല്ലെന്നും ഈ കേസില്‍ കോടതിയുടെ ഉത്തരവിലുണ്ട്. പ്രോസിക്യൂട്ടറുടെ ഈ പ്രസംഗത്തില്‍ നിന്നാണ് തനിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാനുള്ള ആശയം ലഭിച്ചതെന്ന് സത്യഭക്ത പറയുകയുണ്ടായി.
കാണ്‍പൂര്‍ കേസിന്റെ വിചാരണ കഴിഞ്ഞ ഉടന്‍ തന്നെ 1924ല്‍ സത്യഭക്ത ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’ രൂപീകരിച്ചു. 1924 സപ്തംബറില്‍ സത്യഭക്ത പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു. സത്യഭക്ത തന്നെയായിരുന്നു പുതിയ പാര്‍ട്ടിയുടെ സെക്രട്ടറി. പാര്‍ട്ടിയുടെ ഒരു ഭരണഘടനയും പ്രസിദ്ധീകരിച്ചു. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 78 അംഗങ്ങളാണ് അപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. പിന്നീട് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 150 ആയി വര്‍ദ്ധിച്ചു. വിദേശങ്ങളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് സാഹിത്യം ഇറക്കുതി ചെയ്ത സത്യഭക്ത അത് പ്രചരിപ്പിച്ച് പത്രപ്രവര്‍ത്തകരുടെ ഒരു ശൃംഖലയുണ്ടാക്കി.
1925 ല്‍ കര്‍ണാടകയിലെ ബെലഗാവി (ബെല്‍ഗാം) കോണ്‍ഗ്രസ് സമ്മേളനം നടന്നു. ഇതില്‍ പങ്കെടുത്ത കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള ചില പ്രതിനിധികള്‍ കാണ്‍പൂരില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം വിളിച്ചുചേര്‍ത്തു. 1925 ഡിസംബറില്‍ ആയിരുന്നു ഇത്. ഈ സമ്മേളനത്തില്‍ എസ്.വി. ഘാട്ടെയെ പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇവരില്‍ എല്ലാവരും തന്നെ കോമിന്റേണുമായി ആശയപരമായും സംഘടനാപരമായും ബന്ധമുള്ളവരായിരുന്നു. സിപിഎം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണമായി കാണുന്നത് എം.എന്‍.റോയി മുന്‍കയ്യെടുത്ത് 1920 ല്‍ താഷ്‌കെന്റില്‍ സംഘടിപ്പിച്ച യോഗമാണ്. എന്നാല്‍ സിപിഐ ഇതിനെ കാണുന്നത് വിദേശ സംഘടനയായാണ്. ഇതിനാലാണ് കാണ്‍പൂര്‍ സമ്മേളനത്തിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതെന്ന് കരുതുന്നത്. എന്നാല്‍ ഈ രണ്ടു പാര്‍ട്ടി രൂപീകരണങ്ങളും ദേശവിരുദ്ധതയുടെയും വൈദേശിക ദാസ്യത്തിന്റെയും ചരിത്രപരമായ തെളിവുകളാണ്.
1924 ല്‍ മരിക്കുന്നതുവരെ സോവിയറ്റ് യൂണിയന്റെ സാമ്രാജ്യത്വ താല്‍പ്പര്യം സംരക്ഷിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണവും ഭാരതത്തില്‍ ഉണ്ടാവണമെന്ന് ലെനിന്‍ ആഗ്രഹിക്കുകയും, അതിനുവേണ്ടി തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഇതിനു സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. ഇതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തില്‍ എത്തിച്ചത്. ദേശസ്‌നേഹം ആയിരുന്നില്ല, തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരിലുള്ള വൈദേശിക ദാസ്യമാണ് ഇതിനിടയാക്കിയത്. സ്ഥാപകനായ സത്യഭക്തയെ പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളിയത് ഇതിനാലാണ്.
അടിക്കുറിപ്പ്:
1.DENYING NATIONAL ROOTS
Early Communism and India, Dr. Rahul A Shastri.
2.Ibid
3.Ibid
4.Communism in India, by Gene D. Overstreet and Marshall Windmiller
5.DENYING NATIONAL ROOTS, Early Communism and India, Dr. Rahul A Shastri
6.Ibid.
7.Communism in India, by Gene D. Overstreet and Marshall Windmiller.
8.Ibid.
9.Ibid.
അടുത്തത്: സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല





















