- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- അടിയന്തരാവസ്ഥയ്ക്കു പിന്നിലെ ഇന്ദിര-സോവിയറ്റ് അച്ചുതണ്ട് (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 36)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
സാമ്രാജ്യത്വ വാഴ്ചയോട് പൊരുത്തപ്പെടാതെ അടിസ്ഥാനപരമായ പ്രതിരോധം സൃഷ്ടിക്കുക മാത്രമല്ല ആര്‍എസ്എസ് ചെയ്തിട്ടുള്ളത്. ബ്രിട്ടീഷ് ഭരണാധികാരികളുടെ അടിച്ചമര്‍ത്തല്‍ രീതികളെ സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികള്‍ പിന്‍പറ്റിയപ്പോള്‍ അതിനെതിരേയും ധീരമായി പോരാടാന്‍ ആര്‍എസ്എസ് മടിച്ചിട്ടില്ല. ഇക്കാരണം കൊണ്ടാണ് പ്രധാനമന്ത്രി നെഹ്‌റു ആര്‍എസ്എസ്സിന് എതിരായത്. ഒരു ഹിന്ദുവായിരിക്കുന്നതില്‍ അവജ്ഞ തോന്നുകയും ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കാതിരിക്കുകയും ചെയ്ത നെഹ്‌റുവിന്റെ ഇടതുപക്ഷ ചിന്താഗതിയേയും പാശ്ചാത്യ മനോഭാവത്തെയും റഷ്യന്‍ വികസന മാതൃകയേയും ജനാധിപത്യ വിരുദ്ധമായ സ്വഭാവത്തെയും ആര്‍എസ്എസ് നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഭരണാധികാരം ഉപയോഗിച്ചാണ് നെഹ്‌റു ഇതിനെ നേരിട്ടത്. സ്വതന്ത്ര ഭാരതത്തിന്റെ ഭരണം കുത്തകയാക്കിയ നെഹ്‌റു കുടുംബം അത് നിലനിര്‍ത്താന്‍ 1975 ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരേയും ധീരമായി പോരാടി ജനാധിപത്യം സംരക്ഷിച്ചതിന്റെ ബഹുമതി ആര്‍എസ്എസ്സിന് അവകാശപ്പെട്ടതാണ്.
ജനാധിപത്യം അട്ടിമറിക്കപ്പെട്ടു എന്നതാണ് എന്താണ് അടിയന്തരാവസ്ഥയില്‍ സംഭവിച്ചതെന്ന ചോദ്യത്തിന്റെ ഒറ്റ വാചകത്തിലുള്ള ഉത്തരം. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി, രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചു, പൗരസ്വാതന്ത്ര്യങ്ങള്‍ റദ്ദാക്കി. ഇതെല്ലാം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം സ്വേച്ഛാധിപതിയായ ഒരു സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങളിലേക്ക് ചുരുങ്ങിപ്പോയി. അടിയന്തരാവസ്ഥക്കാലത്ത് എന്തൊക്കെയാണ് സംഭവിച്ചതെന്ന് പത്രപ്രവര്‍ത്തകരും ചരിത്രകാരന്മാരും ബുദ്ധിജീവികളും പലതരത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്. എന്നാല്‍ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഭൂരിഭാഗം മുഖ്യധാരാ വിവരണങ്ങളിലും ആഖ്യാനങ്ങളിലും ഒരു ന്യൂനതയുണ്ട്. ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ പങ്ക് വലിയൊരളവോളം മറച്ചുവയ്ക്കപ്പെട്ടു.
അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസ്സിന്റെ സംഭാവനകളെ അംഗീകരിച്ചാല്‍ അത് ആ പ്രസ്ഥാനത്തെ ജനാധിപത്യവിരുദ്ധവും വിഭാഗീയവുമായ ഒരു ശക്തിയായി ചിത്രീകരിക്കുന്നതിന് തടസ്സമാകും. ചരിത്രരേഖകള്‍ നിഷ്പക്ഷമായി പരിശോധിച്ചാല്‍ കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ഏകാധിപത്യത്തെ ചെറുത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതില്‍ ആര്‍എസ്എസ് വഹിച്ച പങ്ക് വ്യക്തമാവും.
ഭാരതത്തിന്റെ ദേശീയതയോട് ഒരുകാലത്തും അനുഭാവം പുലര്‍ത്തിയിട്ടില്ലാത്ത ബ്രിട്ടീഷ് മാധ്യമമായ ദ എക്കണോമിസ്റ്റ് മാസിക പോലും അന്നത്തെ സാഹചര്യം വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു. 1976 ഡിസംബര്‍ 12 ലെ പതിപ്പില്‍ ആ മാസിക ഇങ്ങനെയാണ് എഴുതിയത്:
”ശ്രീമതി ഗാന്ധിക്കെതിരായ ഒളിപ്രവര്‍ത്തനം… അതിനെ വലതുപക്ഷ പ്രസ്ഥാനമെന്നു പോലും വിളിക്കാം. കാരണം അതില്‍ ഹിന്ദു സാമുദായിക പാര്‍ട്ടിയായ ജനസംഘവും ചിലര്‍ പറയുന്നതുപോലെ അതിന്റെ അര്‍ധസൈനിക ‘സാംസ്‌കാരിക’ സംഘടനയായ ആര്‍എസ്എസ്സുമാണ് ആധിപത്യം പുലര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ഒരൊറ്റ മുദ്രാവാക്യമേയുള്ളൂ; ഭാരതത്തില്‍ ജനാധിപത്യം തിരിച്ചുകൊണ്ടുവരുക… ഇത് ചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്ഥിരം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്… ഒളിപ്രവര്‍ത്തനം നടത്തുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഫലത്തില്‍ ഈ രംഗം ജനസംഘത്തിനും ആര്‍എസ്എസ്സിനും വിട്ടുകൊടുത്തിരിക്കുകയാണ്.”
ഇന്ദിരാഗാന്ധിയോടൊപ്പം ഇടതുപാര്‍ട്ടികളും
അടിയന്തരാവസ്ഥാ പ്രഖ്യാപനം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അധികാര മോഹവുമായി ബന്ധപ്പെട്ടതാണ്. റായ്ബറേലിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാഗാന്ധിയുടെ എംപി സ്ഥാനം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ ഇന്ദിര കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായണന്‍ നല്‍കിയ കേസിലായിരുന്നു ഈ വിധി. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് ആറു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ വോട്ടവകാശമില്ലാത്ത പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധിക്ക് തുടരാമെന്ന് വിധിച്ചു. ഇതിന്റെ ബലത്തിലാണ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ദിരയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് അഴിമതി വ്യാപകമായിരുന്നു. ഇതിനെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം അരങ്ങേറുകയായിരുന്നു. ഇന്ദിരയുടെ പ്രധാനമന്ത്രി പദവി നിയമപരമായി വെല്ലുവിളിക്കപ്പെടാനും സര്‍ക്കാര്‍ അസ്ഥിരപ്പെടാനുമുള്ള സാധ്യത വളരെയധികമായിരുന്നു. ഈ സാഹചര്യമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരയെ പ്രേരിപ്പിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസ്സുമായിരുന്നെങ്കിലും അന്ന് പ്രതിപക്ഷത്തായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്ദിരക്കൊപ്പം നിന്നു. സോവിയറ്റ് യൂണിയന്റെ പിന്തുണയുണ്ടായിരുന്ന സിപിഐ കോണ്‍ഗ്രസ്സിനൊപ്പം നിന്ന് അടിയന്തരാവസ്ഥയെ പൂര്‍ണമായി പിന്തുണച്ചപ്പോള്‍, സിപിഎം ഒരു പാര്‍ട്ടിയെന്ന നിലയ്ക്ക് വലിയ പ്രതിഷേധമൊന്നുമില്ലാതെ അതിന് വഴങ്ങിക്കൊടുത്തു. കേരളത്തില്‍ സിപിഐയും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന മുന്നണി സര്‍ക്കാര്‍ നിലവില്‍ വന്നിരുന്നല്ലോ. ഇന്ദിര എന്ന ഏകാധിപതിയുടെ വലംകയ്യായി സിപിഐ പ്രവര്‍ത്തിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് കക്ഷിരാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ഒരു സഖ്യമായിരുന്നില്ല. വൈദേശിക ശക്തിയായ സോ വിയറ്റ് യൂണിയന്റെ ഇടപെടല്‍ ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ ഇക്കാര്യം ചര്‍ച്ചചെയ്യപ്പെടാതെ പോയി. അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാര്‍ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഷാ കമ്മീഷനും ഈ ഒരു കാര്യം പരാമര്‍ശിച്ചില്ലെന്നത് ദുരൂഹമായിരിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര-സോവിയറ്റ് സഖ്യം നിലവില്‍ വന്നത് സവിശേഷമായ സാഹചര്യത്തിലാണ്. 1971 ല്‍ ഭാരതം പാകിസ്ഥാനെ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയും ബംഗ്ലാദേശ് എന്ന രാഷ്ട്രം നിലവില്‍ വരികയും ചെയ്തതോടെ, ഭാരതത്തിലെ അമേരിക്കന്‍ സ്വാധീനം ഗണ്യമായി കുറഞ്ഞു. സോവിയറ്റ് സ്വാധീനം അതുവരെ കാണാത്തവിധം ശക്തമായി എന്ന വിലയിരുത്തലുകളുണ്ടായി. ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായ യുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ ഭാരതത്തെ പിന്തുണച്ചിരുന്നു. ‘ഇക്കണോമിസ്റ്റ്’ മാസിക ഉപഭൂഖണ്ഡത്തിലെ ശാക്തിക സന്തുലിതാവസ്ഥയുടെ തകര്‍ച്ച സോവിയറ്റ് യൂണിയനെ മേഖലയിലെ പ്രധാന ശക്തിയുടെ രക്ഷാധികാരിയും സംരക്ഷകനുമാക്കിയെന്നു വിലയിരുത്തി. സോവിയറ്റ്-ഭാരത ബന്ധങ്ങ ള്‍ അതിവേഗം ഉയര്‍ന്നതായി തോന്നിച്ചു. പ്രതിപക്ഷത്തെ രാഷ്ട്രീയ നേതാവായിരുന്ന എം.ആര്‍. മസാനി, പലരും അന്ന് ചോദിച്ചിരുന്ന ചോദ്യത്തെ ആസ്പദമാക്കി ‘ഇന്ത്യ സോവിയറ്റ് സഖ്യകക്ഷിയാണോ?’ എന്നൊരു ലേഖനം പോലും എഴുതുകയുണ്ടായി.
സോവിയറ്റ്-ഇന്ത്യന്‍ സര്‍ക്കാരുകളുടെ രാഷ്ട്രീയ അടുപ്പം മറ്റ് മേഖലകളിലേക്കും വ്യാപിക്കാന്‍ ശ്രമങ്ങള്‍ നടന്നു. ഇതിന്റെ ഭാഗമായി 1972 ല്‍ സാമ്പത്തിക, ശാസ്ത്രീയ, സാങ്കേതിക സഹകരണത്തിനായുള്ള ഇന്‍ഡോ-സോവിയറ്റ് സംയുക്ത കമ്മീഷന്‍ രൂപീകരിക്കപ്പെട്ടു. ‘മൂന്നാം രാജ്യങ്ങളിലെ സംയുക്ത സംരംഭങ്ങള്‍’ ഉള്‍പ്പെടെയുള്ള സഹകരണം ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു. 1973 ഫെബ്രുവരിയില്‍ കൗണ്‍സിലിന്റെ ആദ്യയോഗത്തിന് ശേഷം, കിഴക്കന്‍ ബ്ലോക്കിന്റെ മാര്‍ഷല്‍ പ്ലാന്‍ പതിപ്പായി കണക്കാക്കപ്പെട്ട സോവിയറ്റ് നേതൃത്വത്തിലുള്ള കൗണ്‍സില്‍ ഫോര്‍ മ്യൂച്ചല്‍ എക്കണോമിക് അസിസ്റ്റന്‍സ് (സിഎംഇഎ) എന്ന സമിതിയില്‍ ഇന്ത്യ ചേരുമെന്ന അഭ്യൂഹങ്ങളും പരന്നു. ഭാരതത്തിലെ സോവിയറ്റ് സാംസ്‌കാരിക മുന്നേറ്റവും പുതിയ ഉയരങ്ങളിലെത്തി. മോസ്‌കോയുടെ കാഴ്ചപ്പാടില്‍, ഇന്‍ഡോ-സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി ഇന്‍ഡോ-സോവിയറ്റ് സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമായി മാറി.
സോവിയറ്റ്-ഇന്ത്യന്‍ ബന്ധങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഘട്ടമായിരുന്നു 1973 നവംബര്‍. അന്ന് സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രി ബ്രെഷ്‌നേവ് ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ ആവേശകരമായ ഒരു പ്രസംഗം നടത്തി. ആ പ്രസംഗത്തില്‍ ഇന്ദിരാ ഗാന്ധി നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ‘പുരോഗമനപരമായ വിശ്വാസ്യത’യെ സോവിയറ്റ് നേതാവ് പിന്തുണച്ചു. ഇതിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പ്രത്യേകിച്ച് സിപിഐയെ സോവിയറ്റ് ഭരണാധികാരി കൊച്ചാക്കിക്കളഞ്ഞുവെന്നാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രമേഷ് താക്കൂര്‍ അഭിപ്രായപ്പെട്ടത്.
അടിച്ചമര്‍ത്തലുകള്‍ക്ക് സോവിയറ്റ് പിന്തുണ
1970 കളുടെ മധ്യത്തോടെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ അസ്ഥിരതയും പ്രതിഷേധപ്രകടനങ്ങളും ഭാരതത്തിന്റെ ശ്രദ്ധയെ വിദേശകാര്യങ്ങളില്‍ നിന്ന് തിരിച്ചുവിട്ടു. 1975 ജൂണില്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആഭ്യന്തര രാഷ്ട്രീയ കലാപം രൂക്ഷമായി. പൗരസ്വാതന്ത്ര്യങ്ങള്‍ റദ്ദാക്കപ്പെട്ടു. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു. മാധ്യമങ്ങള്‍ക്കുമേല്‍ കര്‍ശനമായ സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തി. ഇതൊക്കെ ചെയ്ത ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാരിന് സോവിയറ്റ് യൂണിയന്‍ നിരുപാധികമായ പിന്തുണ നല്‍കി. പ്രത്യേകിച്ച് സോവിയറ്റ് മാധ്യമങ്ങള്‍ ഈ നടപടികളെ ആവേശപൂര്‍വം പിന്തുണച്ചു.
അധികാരം നഷ്ടമാകുമെന്ന ഘട്ടത്തില്‍ ഇന്ദിരാഗാന്ധി നടത്തിയ അറ്റകൈ പ്രയോഗമാണ് അടിയന്തരാവസ്ഥയെന്ന് ലളിതവല്‍ക്കരിക്കുന്ന കോണ്‍ഗ്രസ്സുകാരെ കാണാം. ഒരു വ്യക്തിയുടെ അധികാരമോഹത്തിനു വേണ്ടി രാജ്യത്ത് ഏകാധിപത്യം അടിച്ചേല്‍പ്പിച്ചത് വലിയ തിന്മയായി ഇക്കൂട്ടര്‍ കാണുന്നില്ല. കോണ്‍ഗ്രസ്സിന്റെ എതിരാളികളായിരുന്ന അന്നത്തെ പ്രതിപക്ഷ നേതാക്കളും-സോഷ്യലിസ്റ്റുകള്‍ പോലും-നെഹ്‌റു കുടുംബത്തിന്റെയും കോണ്‍ഗ്രസ് ഭരണത്തിന്റെയും ഉള്ളുകളികളെക്കുറിച്ച് വിശദമായി എഴുതിയിട്ടുള്ള പല മാധ്യമ പ്രവര്‍ത്തകരും അടിയന്തരാവസ്ഥയുടെ നാള്‍വഴി ആരംഭിക്കുന്നത് റായ്ബറേലിയില്‍ നിന്നുള്ള ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയതു മുതലാണ്. എന്നാല്‍ ഇത് ചിത്രത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. ഇന്ദിരയെ മുന്‍നിര്‍ത്തി സോവിയറ്റ് യൂണിയന്‍ എന്ന കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്വ ശക്തി അതിവിദഗ്ധമായി കളിക്കുകയായിരുന്നു.
യഥാര്‍ത്ഥത്തില്‍ അടിയന്തരാവസ്ഥയുടെ കൗണ്ട് ഡൗണ്‍ വളരെ മുന്‍പേ തുടങ്ങിയതാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര കാലത്തുതന്നെ സോവിയറ്റ് ചാര സംഘടനയായ കെജിബിയുടെ വലയത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെട്ടിരുന്നു. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് പ്രേമവും സോവിയറ്റ് സൗഹൃദവും കുപ്രസിദ്ധമാണല്ലോ. നെഹ്‌റുവിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന വി. കെ. കൃഷ്ണമേനോനും കെജിബിയുടെ ഇഷ്ടക്കാരനായി മാറി. ഭാരതം സ്വതന്ത്രമായതോടെ രാഷ്ട്രീയ-ഭരണരംഗത്ത് കെജിബി പിടിമുറുക്കി. നെഹ്‌റുവിനു മേല്‍ ഉണ്ടായ സ്വാധീനം മകള്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോഴും കെജിബി തുടര്‍ന്നു. പാകിസ്ഥാനുമായുള്ള യുദ്ധം സംബന്ധിച്ച കരാര്‍ ഒപ്പുവയ്ക്കാന്‍ സോവിയറ്റ് യൂണിയനിലെ താഷ്‌കെന്റില്‍ എത്തിയ ഭാരതത്തിന്റെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടതിനു പിന്നില്‍ കെജിബിയുടെ കറുത്ത കൈകളാണെന്ന് കരുതപ്പെടുന്നു. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അസ്വാഭാവികമായി മരണപ്പെട്ടത്. എന്നിട്ടും പോസ്റ്റ്‌മോര്‍ട്ടം പോലും നടത്താതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ വിശദാംശങ്ങള്‍ ‘പൊളിറ്റിക്കല്‍ മിസ്റ്ററീസ്’ എന്ന പുസ്തകത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും ഓര്‍ഗനൈസര്‍ വരികയുടെ പത്രാധിപരുമായിരുന്ന കെ.ആര്‍. മല്‍ക്കാനി രേഖപ്പെടുത്തിയിട്ടുണ്ട്. (1) ഇതു വായിക്കുന്ന ഏതൊരാള്‍ക്കും അത് വിദഗ്ധമായി നടത്തിയ ഒരു കൊലപാതകമായിരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും. ഇന്ദിരയ്ക്ക് പ്രധാനമന്ത്രിയാവാനുള്ള തടസ്സം ഒഴിവാക്കുകയായിരുന്നു കെജിബി എന്നാണ് കരുതേണ്ടത്.
ഇന്ദിരാഗാന്ധിയും കെജിബിയും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ദല്‍ഹിയിലെ സോവിയറ്റ് എംബസിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായിരുന്ന യൂറി ബ്രസ്മനോവ്, കെജിബി ആസ്ഥാനത്തെ ആര്‍ക്കൈവിസിന്റെ ചുമതലക്കാരനായിരുന്ന വാസിലി മിത്രോക്കിന്‍ എന്നിവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1953 ല്‍ ഇന്ദിരാഗാന്ധി സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചപ്പോള്‍ മുതല്‍ കെജിബി അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്ദിര പ്രധാനമന്ത്രിയായതോടെ ഈ ബന്ധം ശക്തിപ്രാപിച്ചു. ലോകരാജ്യങ്ങളില്‍ ഭാരതത്തിലായിരുന്നു കെജിബിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനം ഉണ്ടായിരുന്നത്. എഴുത്തുകാരെയും പത്രമാധ്യമങ്ങളെയും ഈ ചാര സംഘടന പണം കൊടുത്ത് വിലയ്‌ക്കെടുത്തു. ഭാരത സര്‍ക്കാരിനെ നയപരമായി സ്വാധീനിക്കാനും സോവിയറ്റ് ചേരിയിലേക്ക് ആകര്‍ഷിക്കാനുമായിരുന്നു ഇത് എന്നൊക്കെയാണ് മിത്രോക്കിന്‍ കെജിബി രേഖകളെ ഉദ്ധരിച്ച് പറയുന്നത്. (2)
കെജിബി ലക്ഷ്യമിട്ടത് രാജ്യത്തിന്റെ നിയന്ത്രണം
1967ലെ പൊതുതെരഞ്ഞെടുപ്പില്‍ 30 മുതല്‍ 40 ശതമാനം വരെ എംപിമാരെ സ്വാധീനിക്കാന്‍ കെജിബിക്ക് കഴിഞ്ഞതായി ഭാരതത്തിലെ സോവിയറ്റ് എംബസിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായിരുന്ന ലിയോനിഡ് ഷെബര്‍ഷിന്‍ മോസ്‌കോയിലേക്ക് റിപ്പോര്‍ട്ട് ചെയ്തതായി മിത്രോക്കിന്‍ ആര്‍ക്കൈവ്‌സില്‍ പറയുന്നുണ്ട്. 1971 ലെ യുദ്ധത്തില്‍ ഭാരത സൈന്യം ബംഗ്ലാദേശിനുമേല്‍ വിജയം നേടിയതിന്റെ ബഹുമതി സോവിയറ്റ് യൂണിയനും കെജിബിയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നല്‍കി. അന്ന് ഭാരതീയ ജനസംഘം നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി, ഇന്ദിരാഗാന്ധിയെ ദുര്‍ഗ എന്ന് വിശേഷിപ്പിച്ചതായി വ്യാപകമായ പ്രചാരണം നടന്നു. എന്നാല്‍ താന്‍ അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്ന് വാജ്‌പേയി പിന്നീട് പറയുകയുണ്ടായി.
ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയതിനെ തുടര്‍ന്നുള്ള സാഹചര്യം പരമാവധി മുതലെടുക്കാന്‍ സോവിയറ്റ് യൂണിയന്‍ തീരുമാനിച്ചു. ഈ അനിശ്ചിതാവസ്ഥയില്‍ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രം മെനയുന്നതില്‍ കെജിബിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു എന്നുവേണം ഊഹിക്കാന്‍. പ്രക്ഷോഭപാതയിലായിരുന്ന പ്രതിപക്ഷത്തെ നേരിടാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് ഇന്ദിരാഗാന്ധിയെ ബോധ്യപ്പെടുത്താന്‍ കെജിബിക്കും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കും സിപിഐയുടെ പ്രമുഖ നേതാക്കള്‍ക്കും കഴിഞ്ഞു. ഫലത്തില്‍ അടിയന്തരാവസ്ഥ എന്നത് സോവിയറ്റ് യൂണിയന്റെ ഒരു പദ്ധതിയായിരുന്നു. ഇന്ദിരാ ഗാന്ധിയെ മുന്‍നിര്‍ത്തി അത് നടപ്പാക്കുന്നതിലേക്ക് സ്ഥിതിഗതികളെ എത്തിച്ചത് കെജിബിയും. അടിയന്തരാവസ്ഥയുടെ സോവിയറ്റ് ബന്ധമാണ് സിപിഐയെ ഒപ്പം നിര്‍ത്തിയതിന്റെയും അടിയന്തരാവസ്ഥയ്‌ക്കെതിരെ ആത്മാര്‍ത്ഥമായ സമരം നടത്താന്‍ ഇടതുപാര്‍ട്ടികള്‍ തയ്യാറാവാതിരുന്നതിന്റെയും കാരണം.
സ്വാതന്ത്ര്യസമര കാലത്തുതന്നെ ഭാരതത്തിന്റെ നിയന്ത്രണം കയ്യിലെടുക്കാനുള്ള ശ്രമങ്ങള്‍ സോവിയറ്റ് യൂണിയന്‍ നടത്തിയതാണ്. ഒരു വിപ്ലവത്തിലൂടെ ഭാരതത്തില്‍ അധികാരം പിടിക്കാനുള്ള സാധ്യതയില്ലെന്ന് അവര്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. വിപ്ലവം എന്ന ലക്ഷ്യത്തോടെ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ സഹായിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അവര്‍ മനസ്സിലാക്കി. ഇതിന്റെ ഫലമായാണ് സ്വതന്ത്രഭാരതത്തിന്റെ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇന്ദിരാ ഗാന്ധിയെയും മറ്റും സ്വാധീനിച്ച് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ സോവിയറ്റ് യൂണിയന്‍ ശ്രമിച്ചത്. ഈ ഭരണാധികാരികളെ ഏറിയകൂറും സോവിയറ്റ് ചേരിയില്‍ നിര്‍ത്താനും കഴിഞ്ഞു. ഇതിനുമപ്പുറം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ ഭാരതത്തെയും തങ്ങളുടെ ഉപഗ്രഹമാക്കി മാറ്റാന്‍ സോവിയറ്റ് യൂണിയന്‍ ആഗ്രഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലൂടെ മാത്രം ഇത് സാധ്യമാകില്ലെന്നു വന്നതോടെയാണ് കോണ്‍ഗ്രസ് ഭരണകൂടത്തെ വരുതിയിലാക്കിയത്. ഇക്കാര്യത്തില്‍ വളരെയേറെ വിജയിക്കാനും സോവിയറ്റ് യൂണിയന് കഴിഞ്ഞു. ഈ സ്വാധീനത്തിന്റെ നിര്‍ണായകമായ ഒരു ഘട്ടമായിരുന്നു അടിയന്തരാവസ്ഥ.
സോവിയറ്റ് യൂണിയന്റെ പദ്ധതി അടിയന്തരാവസ്ഥയില്‍ അവസാനിക്കുന്നതായിരുന്നില്ല. ജനാധിപത്യ സംവിധാനങ്ങളെയെല്ലാം നിര്‍ജീവമാക്കി അധികാരം ഇന്ദിരാഗാന്ധിയില്‍ കേന്ദ്രീകരിക്കുക. അനുകൂലമായ സാഹചര്യം സൃഷ്ടിച്ച് ഇന്ദിരയെയും ഇല്ലാതാക്കി രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായും കയ്യിലെടുക്കുക. ഭാരതത്തെ സോവിയറ്റ് യൂണിയന്റെ ഉപഗ്രഹമാക്കുക. ഈ ലക്ഷ്യത്തോടെയാണ് സിപിഐ അടിയന്തരാവസ്ഥയെ പിന്തുണച്ചതും ഇന്ദിരാഗാന്ധിക്കൊപ്പം നിന്നതും. പത്രമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും പൗരാവകാശങ്ങളെ റദ്ദാക്കിയും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തിയും അടിയന്തരാവസ്ഥക്കാലത്ത് ഭാരതത്തില്‍ നിലനിന്ന അവസ്ഥയായിരുന്നല്ലോ. ലെനിന്‍ മുതല്‍ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ വരവുവരെയുള്ള ആറ് പതിറ്റാണ്ടുകാലം സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ പ്രതിയോഗികള്‍ കൂട്ടത്തോടെ ഉന്മൂലനം ചെയ്യപ്പെട്ടില്ല എന്നതു മാത്രമാണ് വ്യത്യാസം.
അടുത്തത്: ജനാധിപത്യം പുനഃസ്ഥാപിച്ച ആര്‍എസ്എസ് ദൗത്യം
അടിക്കുറിപ്പുകള്‍:-
1. Political Mysteries, K.R.Malkani.
2. The Mitrokhin Archive II:The KGB and the World, Christopher Andrew and Vasili Mitrokhin.





















