- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
- ആശയരൂപീകരണത്തിലെ സമാന്തര പാതകള്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 7)
ഹിന്ദുത്വത്തിലും ദേശീയതയിലും അധിഷ്ഠിതമായ ആര്‍എസ്എസും, മാര്‍ക്‌സിസവും സാര്‍വദേശീയതയും ഉയര്‍ത്തിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഭാരതത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് ഒരേ കാലത്താണ്. ഇതിനുശേഷമുള്ള ഒരു നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അവയുടെ പ്രത്യയശാസ്ത്രവും വിനാശത്തിന്റെ വക്കിലാണ്. അതേസമയം ആര്‍എസ്എസിന്റെ ആശയവും പ്രവര്‍ത്തന പദ്ധതിയും രാജ്യാതിര്‍ത്തികള്‍ കടന്നും മുന്നേറിയിരിക്കുന്നു. ലോകം ഉറ്റുനോക്കിയ ചരിത്രപരവും സംഭവബഹുലവുമായ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെയും ഹിന്ദുത്വമുന്നേറ്റത്തിന്റെയും യാത്ര ഭാരതം എന്ന മഹത്തായ രാഷ്ട്രത്തിന്റെ മാത്രമല്ല, മാനവരാശിയുടെ തന്നെ ഭാവിയെ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ മാറ്റങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നു. രണ്ടു പ്രസ്ഥാനങ്ങളുടെയും ചരിത്രപരമായ യാത്രകളെ അടയാളപ്പെടുത്തുന്ന ലേഖനപരമ്പര ആരംഭിക്കുന്നു.
ആശയപരവും സംഘടനാപരവുമായ വ്യത്യാസങ്ങള്‍ക്കു പുറമെ പിറവികൊണ്ടുതന്നെ സ്വഭാവം നിര്‍ണയിക്കപ്പെട്ട പ്രസ്ഥാനങ്ങളാണ് ആര്‍എസ്എസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും. ആദ്യത്തേത് രൂപംകൊണ്ടത് ഭാരതത്തിന്റെ ഹൃദയ ഭൂമിയായ നാഗ്പൂരില്‍ ആണെങ്കില്‍, രണ്ടാമത്തേത് ഒരു വിദേശരാജ്യത്തും. പില്‍ക്കാലത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ പിതൃഭൂമിയായി വിശ്വസിച്ചു പോന്ന സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്‌കെന്റില്‍ ആണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടത്. ഇപ്പോള്‍ ഈ പ്രദേശം സ്വതന്ത്ര രാജ്യമായ ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമാണ്.
ഭാരതത്തിന്റെ ദേശീയത്തനിമയേയും സാംസ്‌കാരിക മഹത്വത്തെയും അടിസ്ഥാനമാക്കിയാണ് ആര്‍എസ്എസ് ആവിര്‍ഭവിച്ചതെങ്കില്‍, ഈ രണ്ട് ഘടകങ്ങളെയും നിരാകരിക്കുന്നതാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വൈദേശികമായ തുടക്കം.
ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൂര്‍ണ്ണമായും ഒരു വിദേശ ഉല്‍പ്പന്നമാണ്. ആശയപരമായും സംഘടനാപരമായും അത് അങ്ങനെയാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനിതകത്തില്‍ പോലും ഭാരതത്തോടുള്ള വിരോധമുണ്ട് എന്നര്‍ത്ഥം. ഈ വിരോധത്തിന് നിരവധി ധാരകളുമുണ്ട്. കമ്മ്യൂണിസ്റ്റ് റഷ്യയുടെ സാമ്രാജ്യത്വ താല്പര്യങ്ങളും ഇസ്ലാമിക മതസാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങളും ഒരേസമയം സംരക്ഷിച്ചു കൊണ്ടാണ് ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം’ രൂപം കൊണ്ടത്. 100 വര്‍ഷം പിന്നിടുമ്പോഴും ഇത് സംബന്ധിച്ച് ശരിയായ വസ്തുതകള്‍ ബഹുജനങ്ങളില്‍ എത്തിയിട്ടില്ല. ഭാരതത്തിലെ വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിനു പോലും ഇക്കാര്യത്തില്‍ വലിയ ധാരണയൊന്നുമില്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിമര്‍ശകരുടെ രചനകളില്‍ പോലും അതിന്റെ തുടക്കത്തെക്കുറിച്ചുള്ള വസ്തുതകള്‍ അപര്യാപ്തമായും, ചരിത്ര വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുമാണ് പ്രതിപാദിച്ചിട്ടുള്ളത്. ലെനിനെ പോലുള്ള റഷ്യന്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികള്‍ അവതരിപ്പിച്ച വാദഗതികളും പ്രചരിപ്പിച്ച വിവരങ്ങളും നിഷ്‌ക്കളങ്കമായി ഉള്‍ക്കൊള്ളുകയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിമര്‍ശനാത്മക ചരിത്രം എഴുതിയ മലയാളികളായ എഴുത്തുകാരും ചെയ്തത്.
മതതീവ്രവാദികള്‍ ഭാരതം വിടുന്നു
റഷ്യയില്‍ 1917 ലെ ഒക്ടോബര്‍ വിപ്ലവം നടന്ന് കൃത്യം മൂന്നുവര്‍ഷം കഴിഞ്ഞ് 1920 ഒക്ടോബറില്‍ എം.എന്‍.റോയിയുടെ മാര്‍ഗദര്‍ശനത്തില്‍ ഭാരതത്തിലെ പരദേശി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എങ്ങനെയാണ് രൂപംകൊണ്ടതെന്ന് ചരിത്രകാരിയായ സുചേതന ചതോപാധ്യായ വിശദീകരിക്കുമ്പോള്‍ ഈ സംഭവവികാസത്തിന്റെ ഇസ്ലാമിക സ്വഭാവം പൂര്‍ണമായിത്തന്നെ വ്യക്തമാവുന്നുണ്ട്.(1)
സുചേതന ചതോപാധ്യായ ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ‘ഫ്രണ്ട് ലൈന്‍’ മാസികയ്ക്ക് നല്‍കിയ ദീര്‍ഘമായ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ ക്രോഡീകരിക്കാം:
ഒന്നാം ലോകമഹായുദ്ധ കാലത്തെയും യുദ്ധാനന്തരകാലത്തെയും ബ്രിട്ടീഷ് ഭരണത്തെ പ്രതിരോധിക്കുന്നതിനും, അതില്‍നിന്ന് രക്ഷനേടുന്നതിനും 1915-20 കാലഘട്ടത്തില്‍ ഭാരതത്തില്‍ നിന്ന് ഓരോ സംഘങ്ങളായി മുസ്ലിം മതവിശ്വാസികളായ മുഹാജിറുകള്‍ കാബൂളിലേക്ക് കടന്നു. ഇവരില്‍ ചിലര്‍ സോവിയറ്റ് മധ്യേഷ്യയിലേക്ക് നീങ്ങുകയും, അവിടെ 1920- 21 കാലയളവില്‍ ഒരു ചെറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ പാന്‍ ഇസ്ലാമിസ്റ്റുകളായ ഇവര്‍ ആ നിലപാടില്‍ നിന്ന് പിന്നീട് മാറുകയുണ്ടായി.
ബാല്‍ക്കന്‍ യുദ്ധങ്ങളുടെ കാലത്തും, ഒന്നാം ലോകമഹായുദ്ധകാലത്തും പാന്‍ ഇസ്ലാമിസം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായിരുന്നു. സുന്നി ഇസ്ലാമിന്റെ ഐക്യവും ഒട്ടോമന്‍ ചക്രവര്‍ത്തിയായ ഖലീഫയുടെ അധികാരവും ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു ഇവര്‍. വിഭജനത്തിനു മുന്‍പുള്ള പാകിസ്ഥാനില്‍ ഉള്‍പ്പെട്ട ലാഹോറിലെ ഗവണ്‍മെന്റ് കോളേജില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കാബൂളിലേക്ക് രക്ഷപ്പെട്ടു. ഈ വിദ്യാര്‍ത്ഥികള്‍ പാന്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടു. മധ്യകാല ഖിലാഫത്തിനു കീഴിലല്ല, ആധുനികവല്‍ക്കരണത്തിന് വിധേയമാകുന്ന മുസ്ലിം സമൂഹങ്ങളില്‍ ജീവിക്കാനാണ് ഇവര്‍ ഇഷ്ടപ്പെട്ടത്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ ഇങ്ങനെയൊരു ഇസ്ലാമിക നവീകരണം ഇല്ലാതിരുന്നത് ഇവരെ നിരാശപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഇവര്‍ ഭാരതത്തില്‍ നിന്ന് പോയി കാബൂളില്‍ ഒളിച്ചുതാമസിക്കുന്ന പാന്‍ ഇസ്ലാമിക പ്രബോധകനായ ഉബൈദുള്ള സിന്ധിയുടെ അനുയായികളായി. ഇവര്‍ അവിടെ ഭാരതത്തിന്റെ ഒരു പ്രവിശ്യാ ഭരണകൂടം രൂപീകരിച്ചു. ഖുറാനൊപ്പം ബ്രിട്ടീഷ് പാര്‍ലമെന്ററി മാതൃകയും ഇവര്‍ താല്പര്യത്തോടെ പഠിച്ചു.
അഫ്ഗാന്‍ ഭരണാധികാരി അമീര്‍ ഹബീബുള്ളയെ ബ്രിട്ടീഷ് വിരുദ്ധ ചേരിയില്‍ നിര്‍ത്താനുള്ള 1915 ലെ ഇന്തോ-തുര്‍ക്കിഷ്- ജര്‍മ്മന്‍ ദൗത്യം പരാജയപ്പെട്ടു. എന്നാല്‍ യുദ്ധം കഴിഞ്ഞതോടെ ബ്രിട്ടീഷ് വിരുദ്ധനായ ഭരണാധികാരി അഫ്ഗാനില്‍ അധികാരമേറ്റു. ഇതോടെ മുഹാജിറുകളായ ഇസ്ലാമിസ്റ്റുകള്‍ വല്ലാതെ നിരാശപ്പെട്ടു. ഭാരതത്തിലേക്ക് മടങ്ങുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ ഇവര്‍ അന്നത്തെ റഷ്യയുടെ ഭാഗമായ മധ്യേഷ്യയിലേക്കും തുര്‍ക്കിയിലേക്കും നീങ്ങി. ഇതേ സമയത്തുതന്നെ ഭാരതത്തില്‍ നിന്നും മുസ്ലിങ്ങളുടെ വലിയൊരു സംഘം അപ്രതീക്ഷിതമായി അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടു. ഇങ്ങനെ ഏകദേശം 40000 പേര്‍ അതിര്‍ത്തി കടന്ന് അഫ്ഗാനിസ്ഥാനില്‍ എത്തി.
എം.എന്‍.റോയ് നല്‍കുന്ന കണക്കനുസരിച്ച് 200 ഖിലാഫത്തുകാര്‍ റഷ്യന്‍ തുര്‍ക്കിസ്ഥാനിലെത്തി. ഇവര്‍ക്ക് ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. തുര്‍ക്കിയിലേക്ക് പോകാന്‍ ആഗ്രഹിച്ച മുഹാജിറുകളില്‍ ഭൂരിപക്ഷവും വിമതരുടെ കയ്യില്‍പ്പെട്ടു. ഇവര്‍ പലതരത്തിലുള്ള പീഡനങ്ങള്‍ അനുഭവിച്ചു. ഇക്കൂട്ടത്തില്‍ നിന്ന് റെഡ് ആര്‍മി രക്ഷിച്ചെടുത്ത 36 പേര്‍ റഷ്യക്കാര്‍ ഉള്‍പ്പെടുന്ന ബോള്‍ഷെവിക് സൈന്യത്തില്‍ ചേര്‍ന്നു. താഷ്‌കെന്റില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചവരുടെ മാതൃക ഇവരില്‍ മതിപ്പുളവാക്കി.
എം.എന്‍.റോയിയുടെ രംഗപ്രവേശം
ഭാരതത്തില്‍ നിന്ന് മെക്‌സിക്കോ വഴി മോസ്‌കോയില്‍ എത്തിയ എം.എന്‍. റോയിയെ ഇവരുടെ കാര്യം നോക്കാന്‍ ബോള്‍ഷെവിക് അധികൃതര്‍ ചുമതലപ്പെടുത്തി. ഈ പാന്‍ ഇസ്ലാമിസ്റ്റുകളെ ബോള്‍ഷെവിക് സിദ്ധാന്തത്തിലേക്ക് കൊണ്ടുവരുക അത്ര എളുപ്പമല്ലെന്ന് റോയ് കരുതി. എങ്കിലും താഷ്‌കന്റില്‍ ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഒരുക്കി.
ബ്രിട്ടീഷ് സൈന്യത്തില്‍ നിന്ന് ഓടിപ്പോന്ന മുസ്ലിങ്ങളെ ഇതിനോടകം തന്നെ റോയ് റെഡ് ആര്‍മിയുടെ അന്താരാഷ്ട്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവരെ മധ്യേഷ്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു. ഈ വിവരം അറിഞ്ഞ് ദിനംതോറും ബ്രിട്ടീഷ് സൈന്യത്തില്‍ നിന്ന് കൂടുതല്‍ മുസ്ലിങ്ങള്‍ എത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഇവരെ ഉള്‍പ്പെടുത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ റോയ് വലിയ താല്‍പര്യം കാണിച്ചില്ലത്രേ.

മുഹാജിറുകളെ കമ്മ്യൂണിസ്റ്റുകാരാക്കുന്നതിനാണ് റോയ് താല്‍പര്യം കാണിച്ചത്. മുഹാജിറുകളായ ഖുഷി മുഹമ്മദ്, മുഹമ്മദ് ഷാഫി എന്നിവരെ ഇതിനോടകം തന്നെ റോയ് കമ്മ്യൂണിസ്റ്റുകളാക്കിയിരുന്നു. ഈ വിവരമറിഞ്ഞ് ഭാരതത്തില്‍ നിന്നുള്ള ഏകദേശം 50 മുഹാജിര്‍ വിദ്യാര്‍ത്ഥികള്‍ താഷ്‌കെന്റിലെ ഇന്ത്യന്‍ മിലിട്ടറി സ്‌കൂളില്‍ ചേര്‍ന്നു. ഇതില്‍ ചിലര്‍ കമ്മ്യൂണിസത്തെക്കുറിച്ച് സംശയാലുക്കള്‍ ആയിരുന്നെങ്കിലും പിന്നീട് അത് മാറി. അങ്ങനെ ഇടതുപക്ഷക്കാരായ ഇവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറായി. ഈ പാന്‍ ഇസ്ലാമിസ്റ്റുകളുടെ സമ്മര്‍ദ്ദം മൂലമാണ് 1920 ഒക്ടോബര്‍ അവസാനം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കാറല്‍ മാര്‍ക്‌സിന്റെ തത്ത്വം ബോധപൂര്‍വ്വം വിസ്മരിച്ച്, കമ്മ്യൂണിസം എന്ന വാക്ക് പോലും ഉച്ചരിക്കാതെ പ്രഭാഷണങ്ങള്‍ നടത്തി കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്നു. ഇസ്ലാമിസ്റ്റുകളെ വേദനിപ്പിക്കും എന്നതിനാല്‍ അവരുടെ മതത്തെക്കുറിച്ച് പറയാതെ ബഹുജന വിപ്ലവത്തെ കുറിച്ചാണത്രേ എം.എന്‍. റോയിയും മറ്റും ഉദ്‌ബോധനങ്ങള്‍ നടത്തിയിരുന്നത്.
ലോകമെമ്പാടും വിപ്ലവം സംഘടിപ്പിക്കേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആണെന്ന് രണ്ടാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ പ്രഖ്യാപിച്ചു (കോമിന്റേണ്‍ എന്ന ചുരുക്കപ്പേരിലാണ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ അറിയപ്പെട്ടത്). ഈ നിലപാട് രൂപീകരിക്കാന്‍ റോയ് നിര്‍ണായക പങ്കു വഹിച്ചു. ദേശീയ വിമോചനത്തിന്റെ ദൗത്യം ദേശീയവാദികളുടെ കൈകളില്‍ ഏല്‍പ്പിക്കാനാവില്ലെന്ന് ലെനിനെയും കോമിന്റേണിനേയും റോയ് ധരിപ്പിക്കുകയും സമ്മതിപ്പിക്കുകയും ചെയ്തു. ദേശീയവാദികള്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവുമെന്നും, വര്‍ഗ്ഗപരമായ അസമത്വം പുനഃസ്ഥാപിക്കുമെന്നും റോയ് വാദിച്ചു. അതുകൊണ്ട് കമ്മ്യൂണിസ്റ്റു പാര്‍ട്ടികളായിരിക്കണം തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിച്ച് കൊളോണിയല്‍/ അര്‍ദ്ധ- കൊളോണിയല്‍ രാജ്യങ്ങളില്‍ ദേശീയ വിപ്ലവം നടത്തേണ്ടത്. 1920 ല്‍ ചേര്‍ന്ന ബാക്കു കോണ്‍ഗ്രസും ഈ നയം അംഗീകരിച്ചു. മുതലാളിത്തത്തെ ഇല്ലാതാക്കുന്നതിന് ബഹുജനങ്ങളുടെ കലാപമാണ് ആവശ്യമെന്നതായിരുന്നു നിലപാട്. ഈ അന്തരീക്ഷത്തില്‍ കൂടുതല്‍ പരിശീലനം നേടാന്‍ മുഹാജിറുകള്‍ ആഗ്രഹിക്കുകയും, ഏകദേശം 40 പേര്‍ 1921 മധ്യത്തില്‍ മോസ്‌കോയിലെ ടോയിലേഴ്‌സ് ഓഫ് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേരുകയുമുണ്ടായി. അവശേഷിക്കുന്ന ഏകദേശം 100 മുഹാജിറുകള്‍ക്ക് മധ്യേഷ്യയില്‍ താമസിക്കുന്നതിനോ തുര്‍ക്കിയിലേക്ക് പോകുന്നതിനോ, അഫ്ഗാനിസ്ഥാനിലേക്കും ഭാരതത്തിലേക്കും തിരിച്ചെത്തുന്നതിനോ ആവശ്യമായ പണം താന്‍ നല്‍കുമായിരുന്നുവെന്ന് റോയ് പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസം സ്വീകരിച്ച മുഹാജിറുകള്‍ ഭാരതത്തില്‍ തിരിച്ചെത്തി തൊഴിലാളികളെയും കര്‍ഷകരെയും വനിതകളെയും യുവാക്കളെയും ബുദ്ധിജീവികളെയും സംഘടിപ്പിച്ച് ബഹുജനപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ആയിരുന്നുവത്രേ പദ്ധതി.
ഉസ്മാനിയുടെ മതകമ്മ്യൂണിസം
1920 ല്‍ ഹിജ്‌റ നടത്തിയവരില്‍ ഒരാളായ ഷൗക്കത്ത് ഉസ്മാനി ‘ബുദ്ധിമാനും അങ്ങേയറ്റം മതതീവ്രവാദിയും’ ആയിരുന്നുവെന്ന് റോയ് സമ്മതിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റായി തീര്‍ന്ന ഇയാളുടെ പ്രസംഗങ്ങള്‍ മറ്റുള്ളവരില്‍ സ്വാധീനം ചെലുത്തി. റോയി തങ്ങള്‍ക്ക് ‘പിതൃതുല്യന്‍’ ആയിരുന്നുവെന്ന് പില്‍ക്കാലത്ത് ഉസ്മാനിയും എഴുതുന്നുണ്ട്. കാറല്‍ മാര്‍ക്‌സിന്റെ ആശയങ്ങളെക്കുറിച്ച് കാര്യമായ അറിവൊന്നും ഇല്ലായിരുന്നെങ്കിലും ബൂര്‍ഷ്വാസി, തൊഴിലാളിവര്‍ഗ്ഗം എന്നൊക്കെയുള്ള പദാവലികള്‍ ഇയാള്‍ പ്രസംഗത്തില്‍ ആവര്‍ത്തിക്കുമായിരുന്നുവത്രേ. ഒരിക്കല്‍ ട്രേഡ് യൂണിയനിസത്തെ കുറിച്ച് വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍, വാണിജ്യത്തിലും വ്യവസായത്തിലുമൊന്നും തനിക്ക് താല്പര്യമില്ല എന്നായിരുന്നു ഉസ്മാനിയുടെ മറുപടി! ഇതുകേട്ട് റോയിക്കും അമേരിക്കന്‍ ഭാര്യയായ എവ്‌ലിനും ചിരിയടക്കാന്‍ കഴിഞ്ഞില്ലത്രേ. എന്നിരുന്നാലും വളരെ വേഗം ഉസ്മാനി കോമിന്റേണിന്റെ സോഷ്യലിസ്റ്റ് പദാവലികള്‍ പഠിച്ചെടുത്തു.
ഭാരതത്തില്‍ തിരിച്ചെത്തി സാമ്രാജ്യത്വ ഭരണം ഉന്മൂലനം ചെയ്യാന്‍ കമ്മ്യൂണിസം സ്വീകരിച്ച മുഹാജിറുകള്‍ ആഗ്രഹിച്ചുവത്രേ. ഭാരതത്തിലെത്തിയ ഉസ്മാനി, 1924 ലെ കാണ്‍പൂര്‍ ഗൂഢാലോചനാ കേസില്‍ മുസാഫര്‍ മുഹമ്മദിനും എസ്.എ. ഡാങ്കേക്കും എം.എന്‍. യുടെ ദൂതനായ നളിനി ഗുപ്തക്കുമൊപ്പം ശിക്ഷിക്കപ്പെട്ടു. മുന്‍ മുഹാജിറുകള്‍ ഭാരതത്തില്‍ അറസ്റ്റിലാവുകയാണെന്ന് മോസ്‌കോ വിടുമ്പോള്‍ ഉസ്മാനിക്ക് അറിയില്ലായിരുന്നു. കമ്മ്യൂണിസ്റ്റുകളായി മാറിയ മുഹാജിറുകള്‍ കാല്‍നടയായാണ് സോവിയറ്റ് മധ്യേഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും, അവിടെ നിന്ന് വടക്കു കിഴക്കന്‍ അതിര്‍ത്തിയിലൂടെ ഭാരതത്തിലേക്കും എത്തിയത്.
മുഹാജിറുകള്‍ക്കിടയിലേക്ക് ചാരന്മാരെ കടത്തിവിട്ട് അവരുടെ നീക്കങ്ങള്‍ കൃത്യമായി അറിയാന്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് കഴിഞ്ഞിരുന്നു. താഷ്‌കന്റിലേക്കും മോസ്‌കോയിലേക്കുമുള്ള മുഹാജിറുകളുടെ യാത്രാവിവരങ്ങള്‍ മുഴുവന്‍ ബ്രിട്ടീഷുകാര്‍ ശേഖരിച്ചു.
താഷ്‌കെന്റിലെ ഇരുനില കെട്ടിടമായ ഇന്ത്യ ഹൗസ് ആയിരുന്നു മുഹാജിറുകളുടെ കേന്ദ്രം. വ്യത്യസ്ത പശ്ചാത്തലമുള്ളവരും പല പ്രായക്കാരുമായിരുന്നു ഇവര്‍. ഭാരതത്തില്‍ നിന്നുള്ള ഈ മുഹാജിറുകള്‍ക്ക് വേണ്ട എല്ലാ സഹായവും ബോള്‍ഷെവിക്കുകള്‍ ചെയ്തു കൊടുത്തിരുന്നുവെന്ന് എം. എന്‍. റോയി പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. അതേസമയം ഇസ്ലാമിസ്റ്റുകളായ ഇവര്‍ക്ക് കമ്മ്യൂണിസത്തെക്കുറിച്ച് അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായി ഉസ്മാനിയും സമ്മതിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണ് താഷ്‌കെന്റിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതെന്ന് സുചേതന ചതോപാധ്യായ പറയുന്നു.
മുഹമ്മദ് നബിയോടൊപ്പം മക്കയിലേക്കു പോയ വരെയാണ് മുഹാജിറുകള്‍ എന്നു വിളിക്കുന്നത്. ഈ പലായനത്തെയാണ് ഹിജ്‌റ എന്നു വിശേഷിപ്പിക്കുന്നത്. അവിശ്വാസികള്‍ ഭരിക്കുന്ന രാജ്യം ഇസ്ലാമിക വിശ്വാസികള്‍ക്ക് നിഷിദ്ധമായ ദാറുള്‍ ഹര്‍ബ് ആണ്. ഇവിടെ ജീവിക്കാന്‍ മതവിശ്വാസികളായ മുസ്ലിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഇസ്ലാമിക ഭരണമുള്ള രാജ്യങ്ങള്‍ ദാറുല്‍ ഇസ്ലാം ആണ്. സ്വാതന്ത്ര്യ സമരകാലത്ത് ഖിലാഫത്തിനോട് ഐക്യം പ്രഖ്യാപിച്ച് ഭാരതത്തില്‍ നിന്ന് ഹിജ്‌റ നടത്തിയ മുഹാജിറുകളാണ് അഫ്ഗാന്‍ വഴി താഷ്‌കെന്റില്‍ എത്തിയതും, എം എന്‍ റോയിയെ മുന്‍നിര്‍ത്തി സോവിയറ്റ് യൂണിയന്‍ ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’ രൂപീകരിച്ചതും. ഇതിന്റെ മതപരവും ഭാരത വിരുദ്ധവുമായ സ്വഭാവം ആര്‍ക്കും നിഷേധിക്കാനാവില്ല.
താഷ്‌കെന്റില്‍ രൂപീകൃതമായ ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’ കോമിന്റേണിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു. കോമിന്റേണ്‍ പ്രതിനിധിയായ എം. എന്‍.റോയി യിലൂടെയാണ് മോസ്‌കോ ഇത് ചെയ്തുകൊണ്ടിരുന്നത്. പരിധിയില്ലാത്ത അധികാരമാണ് അക്കാലത്ത് റോയിക്ക് ഉണ്ടായിരുന്നത്. അത് തന്നിഷ്ടപ്രകാരം ഉപയോഗിക്കുകയും ചെയ്തു. മുഹമ്മദ് ഷഫീഖ് സിദ്ദിഖി ആയിരുന്നു ഈ പാര്‍ട്ടിയുടെ സെക്രട്ടറി. റോയ്, എവ്‌ലിന്‍ റോയ്, അബനി മുഖര്‍ജി, റോസാ ഫിറ്റിംഗോവ്, മുഹമ്മദ് അലി, എംപിബിടി ആചാര്യ എന്നിവര്‍ കമ്മറ്റി അംഗങ്ങളും. പിന്നീട് കുറെയധികം മുഹാജിറുകളെയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. ഇതിനു ശേഷം 22 പേരെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനുവേണ്ടി റോയ് മോസ്‌കോയിലേക്ക് കൊണ്ടുപോയി. താഷ്‌കെന്റില്‍ രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോമിന്റേണ്‍ വഴി റഷ്യ വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇതിന്റെയും ചുമതലക്കാരന്‍ റോയ് ആയിരുന്നു.

ബാക്കു കോണ്‍ഗ്രസും വിശുദ്ധ ജിഹാദും
സുചേതന ചതോപാധ്യായ പറയുന്നതിനപ്പുറത്താണ് കാര്യങ്ങള്‍. ലോകമെമ്പാടുമുള്ള ഭരണകൂടങ്ങളെ വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ രണ്ടാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ആഹ്വാനം ചെയ്തിരുന്നല്ലോ. പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇത് പരാജയപ്പെട്ടപ്പോള്‍ ലെനിന്റെ ശ്രദ്ധ ഏഷ്യയിലേക്ക്, പ്രത്യേകിച്ച് ഭാരതത്തിലേക്ക് തിരിഞ്ഞു. ഭാരതത്തില്‍ വിപ്ലവം നടത്താന്‍ ലെനിന് മോസ്‌കോയില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന കമ്മ്യൂണിസ്റ്റ് ചാരന്മാരെ ആവശ്യമുണ്ടായിരുന്നു. ഇതിനു പറ്റിയ ഒരാളെ കിട്ടുകയും ചെയ്തു. അതാണ് എം.എന്‍. റോയ് എന്ന മാനവേന്ദ്രനാഥ റോയ്. മെക്‌സിക്കോയില്‍ കണ്ടുമുട്ടിയ കോമിന്റേണ്‍ അംഗം മിഖായില്‍ ബോറോദിന്‍ വഴി മോസ്‌കോയിലെത്തിയ റോയ്, ലെനിനുമായി സ്വകാര്യ സംഭാഷണം നടത്തി. മോസ്‌കോയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചിരുന്ന റോയ് പില്‍ക്കാലത്ത് ലെനിന്റെ വലംകയ്യായ സിനോവിയെ തന്റെ പുതിയ യജമാനനായി സ്വീകരിച്ചു.
ഇന്നത്തെ അസര്‍ബൈജാന്റെ തലസ്ഥാനമായ ബാക്കുവില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിനിധികളായി പങ്കെടുക്കാന്‍ 20 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 1920 സപ്തംബറില്‍ കോമിന്റേണ്‍ ക്ഷണിച്ചു. ബാക്കു കോണ്‍ഗ്രസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകം മുഴുവന്‍ വിശുദ്ധ ജിഹാദ് നടത്താന്‍ മുസ്ലിങ്ങളെ ഈ സമ്മേളനം ആഹ്വാനം ചെയ്തു. സിനോവി നടത്തിയ ഉദ്ഘാടന പ്രസംഗം മുസ്ലിം പ്രതിനിധികളെ ഇളക്കിമറിച്ചു.’ ആവേശം കൊണ്ട് വാളുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും, കൈതോക്കുകള്‍ പുറത്തെടുക്കുകയും ചെയ്ത അവര്‍ സിനോവി യുടെ വാക്കുകള്‍ മുഴക്കത്തോടെ ഏറ്റു പറഞ്ഞു. ‘ഇവരുടെ ബഹളം അടക്കാന്‍ കഴിയാതിരുന്നതിനാല്‍ സിനോവിക്ക് കുറച്ചുനേരം പ്രസംഗം നിര്‍ത്തിവയ്‌ക്കേണ്ടി വരികയും ചെയ്തു’എന്നാണ് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ പീറ്റര്‍ ഹോപ്കിര്‍ക്ക് (2) എഴുതിയിട്ടുള്ളത്.
ഒക്ടോബര്‍ വിപ്ലവത്തെ തുടര്‍ന്ന് ഇസ്ലാമിക മതതീവ്രവാദികള്‍ കൂട്ടത്തോടെ കമ്മ്യൂണിസ്റ്റുകളായി മാറിയ സാഹചര്യത്തിലാണ് ബാക്കു കോണ്‍ഗ്രസ് നടന്നത്. പില്‍ക്കാലത്തെ പാന്‍ ഇസ്ലാമിസത്തിന്റെയും ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെയും ശാക്തീകരണത്തിനും മുന്നേറ്റത്തിനും ഈ സമ്മേളനം ചരിത്രപരമായ പങ്കുവഹിച്ചതായി വിലയിരുത്താന്‍ കഴിയും. ബോള്‍ഷെവിക്കുകളും ഇസ്ലാമിസ്റ്റുകളും ലോകത്തിന്റെ പല ഭാഗങ്ങളിലും പരസ്പരം കൈകോര്‍ത്തു. 1926 ലെ ഇന്തോനേഷ്യന്‍ കലാപം ഇത്തരമൊരു അവിശുദ്ധസഖ്യത്തിന്റെ അനന്തരഫലം ആയിരുന്നു.
എന്നാല്‍ ഈ സഖ്യം അധികനാള്‍ നീണ്ടു നിന്നില്ല. സോവിയറ്റ് യൂണിയന്റെ സ്വേച്ഛാധിപതിയായിരുന്ന സ്റ്റാലിന്റെ മരണശേഷം കമ്മ്യൂണിസ്റ്റ്-ഇസ്ലാമിസ്റ്റ് സഖ്യം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും 1960 കളില്‍ സിറിയ, ഇറാക്ക്, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ അരങ്ങേറിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ അട്ടിമറികളോടെ ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടു. എന്നാല്‍ 1980 കളില്‍ അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടതോടെ പൊളിറ്റിക്കല്‍ ഇസ്ലാം വീണ്ടും കരുത്താര്‍ജിച്ചു. അഫ്ഗാനിസ്ഥാനില്‍ പരാജയമടഞ്ഞത് സോവിയറ്റ് യൂണിയന്‍ ആയിരുന്നെങ്കിലും ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളും ഇസ്ലാമിക തീവ്രവാദത്തിന്റെ പിന്തുണക്കാരുമായി മാറി.
ഭാരതത്തിനെതിരെ ലെനിന്റെ ജിഹാദ്
ഒക്ടോബര്‍ വിപ്ലവത്തിനു ശേഷം മധ്യേഷ്യന്‍ രാജ്യങ്ങളിലെ ജിഹാദിന് ലെനിനും റഷ്യയും തുടക്കം മുതല്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. സാര്‍ ചക്രവര്‍ത്തിമാരുടെ റഷ്യന്‍ സാമ്രാജ്യം തകര്‍ന്നതോടെ, കുറച്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മാത്രം അതിന്റെ ഭാഗമാക്കപ്പെട്ട രാജ്യങ്ങള്‍ പിരിഞ്ഞു പോകാന്‍ ആഗ്രഹിച്ചു. പക്ഷേ ദേശീയതകളുടെ സ്വയം നിര്‍ണയ അവകാശത്തെക്കുറിച്ച് വാചാലനായിരുന്നെങ്കിലും സോവിയറ്റ് യൂണിയന്റെ ഭാഗമായ ഒരിഞ്ചു ഭൂമിയും വിട്ടുകൊടുക്കാന്‍ ലെനിന്‍ തയ്യാറായില്ല. ഈ രാജ്യങ്ങളുടെ സ്വാതന്ത്ര്യം എന്ന ആശയം പോലും യഥാര്‍ത്ഥത്തില്‍ ലെനിന് ഉണ്ടായിരുന്നില്ല. മധ്യേഷന്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യ ദാഹത്തിനെതിരെ അതുവരെ കേട്ടുകേള്‍വിയില്ലാത്ത അതിക്രമങ്ങളാണ് ഉരുക്കുമുഷ്ടി ഉപയോഗിച്ച് ലെനിന്റെ സൈന്യമായ ബോള്‍ഷെവിക്കുകള്‍ നടത്തിയത്.
ഒന്നാം ലോക മഹായുദ്ധത്തിന് മുന്നോടിയായി നടന്ന ബാല്‍ക്കന്‍ യുദ്ധത്തിനുശേഷം മധ്യേഷ്യയില്‍ എന്താണ് നടക്കുന്നതെന്ന് ബ്രിട്ടന് ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ വിപ്ലവത്തെ തുടര്‍ന്ന് സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായ മധ്യേഷ്യയുടെ തലസ്ഥാനമായി താഷ്‌കെന്റ് മാറി. ഈ പ്രവിശ്യയില്‍ അടിച്ചമര്‍ത്തലുകള്‍ നടത്തി സോവിയറ്റ് യൂണിയന്‍ പിടിമുറുക്കി.
ഇതിനെതിരെ പോരാടിയ പ്രതിവിപ്ലവകാരികള്‍ക്കുള്ള പിന്തുണ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടന്‍ പിന്‍വലിച്ചു. ഇതോടെ മധ്യേഷ്യന്‍ നഗരങ്ങള്‍ ഒന്നൊന്നായി ബോള്‍ഷെവിക്കുകളുടെ കീഴിലമര്‍ന്നു. സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണം പുനഃസ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയിരുന്ന റഷ്യന്‍ ആര്‍മിക്കുള്ള പിന്തുണയും ബ്രിട്ടന്‍ പിന്‍വലിച്ചതോടെ ലെനിനും ബോള്‍ഷെവിക്കുകള്‍ക്കും കാര്യങ്ങള്‍ എളുപ്പമായി. മധ്യേഷ്യന്‍ രാജ്യങ്ങളെല്ലാം സോവിയറ്റ് യൂണിയന്റെ കീഴിലുമായി.
ഒന്നാം ലോകയുദ്ധത്തിന് ശേഷം ബ്രിട്ടീഷ് സൈന്യം ദുര്‍ബ്ബലമായെന്ന് തെറ്റിദ്ധരിച്ച് അഫ്ഗാന്‍ ഭരണാധികാരി അമാനുള്ള 1919 ല്‍ ഭാരതത്തെ ആക്രമിച്ചു. എന്നാല്‍ ഈ കടന്നുകയറ്റം പരാജയപ്പെട്ടു. അമാനുള്ളയെ നേരിട്ട് സഹായിച്ചില്ലെങ്കിലും ബോള്‍ഷെവിക്കുകള്‍ അയാള്‍ക്ക് പ്രതീക്ഷ നല്‍കി. ‘അടിച്ചമര്‍ത്തപ്പെട്ട മുസ്ലിങ്ങളെയെല്ലാം മോചിപ്പിക്കുക’ എന്ന അമാനുള്ളയുടെ നിയോഗത്തെ അഭിനന്ദിച്ച് ലെനിന്‍ ടെലിഗ്രാം സന്ദേശമയച്ചു.(3)
ഈ പശ്ചാത്തലത്തിലാണ് താഷ്്‌കെന്റില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം എന്നാണെന്നതില്‍ ഇടതു പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ട്. 1920 ല്‍ താഷ്‌കെന്റിലാണ് പാര്‍ട്ടി രൂപീകരിച്ചതെന്ന് ഒരു വിഭാഗം വാദിക്കുകയും, അതനുസരിച്ച് സ്ഥാപന ദിനം ആചരിക്കുകയും ചെയ്യുന്നു. എന്നാല്‍ 1924 ല്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടതെന്ന് മറുവിഭാഗം വാദിക്കുന്നു. താഷ്‌കെന്റില്‍ നിന്ന് കാണ്‍പൂരില്‍ എത്തുമ്പോള്‍ സാഹചര്യങ്ങള്‍ മാറുന്നുണ്ടെങ്കിലും പാര്‍ട്ടി രൂപീകരിച്ചവരുടെ മനോഭാവത്തില്‍ യാതൊരു മാറ്റവും വരുന്നില്ല. ഇക്കൂട്ടരുടെ ദേശവിരുദ്ധ ചിന്താഗതി ശക്തിപ്പെടുകയാണ് ചെയ്തത്.
അടുത്തത്: കാണ്‍പൂരില്‍ കണ്ടതും ദേശവിരുദ്ധ മുഖം
അടിക്കുറിപ്പുകള്‍:
1. Interview: Suchetana Chattopadhyay,
Origins of Communist Party of India in Tashkend, Frontline, Nov 08, 2020.
2.Setting the East Ablaze: Lenin’s Dream of an Empire in Asia, Peter Hopkirk.
3.Ibid





















