പയ്യാമ്പലം കടപ്പുറത്തെ ആ ശവകുടീരം തിരമാലകളുടെ നിതാന്തമായ ജയധ്വനികള്‍ കേട്ട് തലയുയര്‍ത്തിനിന്നു..’ഭയ കൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ’ എന്ന ചങ്കൂറ്റത്തിന്റെ മന്ത്രം അവിടെങ്ങും പ്രതിധ്വനിച്ചു. ആരുടെ ചിതാഭസ്മമാണോ ആ കുടീരത്തിനുള്ളില്‍ നിശ്ശബ്ദമായി ശയിക്കുന്നത് ആ മഹാപുരുഷനെ ഓര്‍ക്കാനും മാനിക്കാനുമായി അദ്ദേഹത്തെ പുറത്താക്കിയ നാട്ടില്‍ നിന്നുപോലും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇന്നുമുണ്ടായിരുന്നു ചില സന്ദര്‍ശകര്‍. ആരും നിസ്സാരക്കാരായിരുന്നില്ല.
ശവകുടീരം സന്ദര്‍ശിച്ചശേഷം അവര്‍ കോഴിക്കോട്ടുള്ള കല്യാണി അമ്മയുടെ വീട്ടിലേക്കാണ് പോയത്. കല്യാണി അമ്മയും ഗോമതി അമ്മയും അവരെ സ്വീകരിച്ചിരുത്തി. സ്വദേശാഭിമാനിയുടെ പീഡാനുഭവങ്ങളില്‍ പങ്കാളിയായ സ്ത്രീരത്‌നത്തെ അവര്‍ ആദരവോടെയും ആരാധനയോടെയും അഭിവാദനം ചെയ്തു. അവരെല്ലാം ഉപവിഷ്ടരായപ്പോള്‍ കല്യാണി അമ്മയും ഇരുന്നു. ഗോമതി അവര്‍ക്കുപിന്നില്‍ ചാരിനിന്നു.
ആഗതരില്‍ ഒരാള്‍ പരിചയപ്പെടുത്തല്‍ നടത്തി.
‘ഞാന്‍ കുമ്പളത്ത് ശങ്കുപ്പിള്ള. ഇദ്ദേഹം കെ.ആര്‍. ഇലങ്കത്ത്. ഇത് നെടുമ്പ്രത്ത് രാമന്‍ പിള്ള. അതാണ് ഡി.സി.കിഴക്കേമുറി.’
കല്യാണി അമ്മ ഓരോരുത്തരെയും നമസ്‌കരിച്ചു.
‘ഞങ്ങള്‍ വന്നത് ഒരു പ്രധാന ദൗത്യവുമായിട്ടാണ്’ കുമ്പളം തുടര്‍ന്നു: ‘സ്വദേശാഭിമാനിയുടെ പേരില്‍ വിപുലമായ ഒരു സ്മാരകസമിതി രൂപം കൊണ്ടിട്ടുണ്ട്. തിരുവനന്തപുരത്തും നെയ്യാറ്റിന്‍കരയിലുമുള്ളവര്‍ മാത്രമല്ല, നാടിന്റെ നാനാ ഭാഗത്തുമുള്ളവര്‍ ഇതില്‍ സഹകരിക്കുന്നുണ്ട്..’
‘ഇത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ചാരിതാര്‍ത്ഥ്യവും’ കല്യാണി അമ്മ പറഞ്ഞു.
‘തിരുവിതാംകൂര്‍ ഇന്ന് പശ്ചാത്തപിക്കുകയാണ്’ ഇലങ്കത്ത് പറഞ്ഞു.’ഞങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യണം..’
‘ചെയ്തുകൊള്ളൂ. അതിനെന്താ?’
അമ്മയുടെ മറുപടി കേട്ട് ഗോമതി അകത്തേക്ക് നടന്നു.
‘അതിന് കല്യാണിയമ്മ ഞങ്ങളോട് ക്ഷമിക്കണം’ ഡി.സി. പറഞ്ഞു. ‘സഹകരിക്കുകയും വേണം.’ ‘ഞാനെന്തു ക്ഷമിക്കാനാണ്?’ കല്യാണി അമ്മ ചോദിച്ചു. ‘പിന്നെ, ഈ കോഴിക്കോട്ടിരുന്ന് ഞാനെങ്ങനെ സഹകരിക്കാനാണ്?’ ‘തിരുവിതാംകൂറിലെ അന്നത്തെ ഭരണാധികാരികള്‍ ഇന്നില്ല’ നെടുമ്പ്രത്ത് പറഞ്ഞു. ‘സ്വദേശാഭിമാനിയും ഇന്നില്ല.’ ആ നാട്ടുകാരോട് കല്യാണിയമ്മ പൊറുക്കണം. അവര്‍ക്കൊന്നും അന്ന് നടന്ന ക്രൂരകൃത്യങ്ങളില്‍ ഒരു പങ്കുമില്ല. സ്വദേശാഭിമാനിയെപ്പറ്റി അഭിമാനം മാത്രമേയുള്ളൂ.’ ‘അതിന് പ്രത്യേകം ക്ഷമിക്കേണ്ട കാര്യമെന്താ?’ കല്യാണി അമ്മ ചോദിച്ചു. ‘കാലം മാറിയപ്പോ എല്ലാം മാറീല്ലേ? ഇനീപ്പോ ക്ഷമിക്കാനെന്താ ഉള്ളത്?’ ഒരുനിമിഷം ഓരോരുത്തരും അവനവന്റെ ലോകത്ത് ഒറ്റപ്പെടുന്നതുപോലെ. നിശ്ശബ്ദത അവര്‍ക്കിടയില്‍ അരിച്ചിറങ്ങി. അപ്പോഴാണ് ഗോമതി ഗ്ലാസ്സുകളില്‍ സംഭാരവുമായി എത്തിയത്. അവളത് ഓരോരുത്തരുടെയും നേര്‍ക്ക് നീട്ടി. ‘ഗോമതിയമ്മയല്ലേ?’ ഡി.സി. ചോദിച്ചു. ‘അതെ.’ ‘കണ്ടിട്ടില്ലെങ്കിലും വായിച്ചിട്ടുണ്ട്’ ഡി.സി. പറഞ്ഞു. ‘അതിന് ഞാനങ്ങനെ വലുതായിട്ടൊന്നും എഴുതിയിട്ടില്ലല്ലോ.’ ഗോമതി വിനയപൂര്‍വം പറഞ്ഞു. ‘എഴുതണം’ ഇലങ്കത്ത് പറഞ്ഞു. ‘അച്ഛനെപ്പറ്റിയും എഴുതണം.
വ്യാഴവട്ടസ്മരണകള്‍ പോലെ ഒന്ന്.’ ‘വ്യാഴവട്ടസ്മരണകള്‍ പോലെ വ്യാഴവട്ടസ്മരണകള്‍ മാത്രമേയുള്ളൂ.’ ഡി.സി. അഭിപ്രായപ്പെട്ടു. സാഹിത്യചര്‍ച്ചകള്‍ തുടങ്ങിയാല്‍ ഡി.സി. പിടിവിട്ടുപോകുമെന്ന് കുമ്പളത്തിനറിയാം. അതുകൊണ്ട് അദ്ദേഹം പെട്ടെന്ന് ഇടപെട്ടു. ‘ഞങ്ങള്‍ വന്ന കാര്യം പറയാം. കണ്ണൂരില്‍ സൂക്ഷിക്കുന്ന സ്വദേശാഭിമാനിയുടെ ചിതാഭസ്മം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം. അവിടെ പ്രതിമ സ്ഥാപിക്കാനും സ്മാരകമന്ദിരം പണിയാനും പരിപാടിയുണ്ട്.’ ‘പ്രതിമയും സ്മാരകമന്ദിരവുമൊക്കെ നിര്‍മ്മിച്ചുകൊള്ളൂ. ചിതാഭസ്മത്തിന്റെ കാര്യം മറന്നേക്കുക.’ ഉറച്ച സ്വരത്തില്‍ കല്യാണി അമ്മ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് വന്നവര്‍ പരസ്പരം നോക്കി. ‘എന്താ കല്യാണി അമ്മേ ഈ പറയുന്നത്?’ ഇലങ്കത്ത് വിശദീകരണത്തിനു മുതിര്‍ന്നു. ‘രാമകൃഷ്ണപിള്ള തിരുവിതാംകൂറിന്റെ പുത്രനാണ്. അദ്ദേഹത്തിന്റെ ചിതാഭസ്മമിരിക്കേണ്ടത് അവിടെയാണ്.”സ്വദേശാഭിമാനി തിരുവിതാംകൂറിന്റെ അതിര്‍ത്തി കടന്നിട്ട് മുപ്പത്തിയേഴ് വര്‍ഷമായി. അവിടെ നിന്ന് പോന്നിട്ട് ആറുവര്‍ഷം കൂടെയേ അദ്ദേഹം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞു ഞങ്ങളെങ്ങനെ ജീവിച്ചു എന്ന് തിരുവിതാംകൂറുകാര്‍ ആലോചിച്ചിട്ടുണ്ടോ?’ ‘തെറ്റുകള്‍ പലതും സംഭവിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് തിരുവിതാംകൂര്‍ അതിന്റെ ധീരപുത്രനെയോര്‍ത്ത് അഭിമാനിക്കുകയാണ്’ നെടുമ്പ്രത്ത് ആവേശത്തോടെ പറഞ്ഞു. ‘അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്’ കല്യാണി അമ്മ ശാന്തമായി പ്രതിവചിച്ചു. ‘പക്ഷേ ചിതാഭസ്മം അങ്ങോട്ട് കൊണ്ടുപോകണമെന്ന് മാത്രം പറയരുത്. തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തപ്പെട്ടപ്പോള്‍ ഇനിയൊരിക്കലും ആ മണ്ണില്‍ കാലു കുത്തുകയില്ല എന്നദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു.’ ‘ശരിയാണ്’ കുമ്പളം സൗമ്യമെങ്കിലും ഉറച്ച സ്വരത്തില്‍ പറഞ്ഞു: ‘പക്ഷേ ആ തിരുവിതാംകൂര്‍ ഇന്നില്ല. ബ്രിട്ടീഷുകാര്‍ പോയി. ഇന്ത്യ സ്വതന്ത്രയായി. ഭാഷാടിസ്ഥാനത്തില്‍ തിരുവിതാംകൂറും മലബാറുമെല്ലാം ഒരേ ഭരണത്തിലാക്കാന്‍ ആലോചന നടക്കുന്നുണ്ട്. അപ്പോപ്പിന്നെ കണ്ണൂരിലിരിക്കുന്ന ചിതാഭസ്മം തിരുവനന്തപുരത്തിരുന്നാല്‍ എന്താ കുഴപ്പം?’ ‘നോക്കൂ. എനിക്ക് വാദപ്രതിവാദം നടത്താന്‍ തീരെ താല്പര്യമില്ല. പറയാനുള്ളത് ഞാന്‍ പറഞ്ഞു കഴിഞ്ഞു.’ ‘വഴിനീളെ സ്വീകരണങ്ങളും ഏര്‍പ്പാട് ചെയ്താണ് ഞങ്ങള്‍ വന്നത്’ ഇലങ്കത്ത് പറഞ്ഞു. ‘ഞങ്ങളെ നിരുത്സാഹപ്പെടുത്തരുത്.’ ‘മറ്റൊരു കാര്യം കൂടി അറിയണം.’ ഡി.സി. ആവേശത്തോടെ പറഞ്ഞു. ‘സ്വദേശാഭിമാനിയെ ഇത്രയേറെ ദ്രോഹിച്ച രാജഗോപാലാചാരിയുടെ പുത്രന്‍ എസ്. വരദരാജന്‍ നായര്‍ ഇന്ന് കോണ്‍ഗ്രസ് നേതാവാണ്. സാത്വികനായ ഒരു മനുഷ്യന്‍. സ്വദേശാഭിമാനിക്ക് ഉചിതമായ സ്മാരകം പണിയാന്‍ പ്രവര്‍ത്തിക്കുന്നവരില്‍ അദ്ദേഹവുമുണ്ട്.’ കല്യാണി അമ്മ നിശ്ശബ്ദയായിരുന്നു. അവര്‍ക്ക് ആലോചിക്കാനുള്ള സമയം കൊടുക്കണമെന്ന് കുമ്പളത്ത് ശങ്കുപ്പിള്ളയ്ക്ക് തോന്നി. വളരെ വൈകാരികമായ ഒരു വിഷയമാണിത്. ധൃതി വച്ച് പാഴാക്കാന്‍ പാടില്ല. അതുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഞങ്ങളിപ്പോ പോകുന്നു. നാളെ വീണ്ടും വരാം. അപ്പോള്‍ ആലോചിച്ച് മറുപടി പറഞ്ഞാല്‍ മതി.’
കുമ്പളം എഴുന്നേറ്റു. മറ്റുള്ളവരും ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്ക്കാന്‍ തുടങ്ങി.
‘ഊണ് കഴിച്ചിട്ടു പോകാം’ കല്യാണി അമ്മ പറഞ്ഞു.
‘സംഭാരം കുടിച്ചല്ലോ’ കുമ്പളം പറഞ്ഞു. ‘ഇന്നത്തേക്കത് ധാരാളം.. ഊണ് നാളെയാവാം.’
അവര്‍ പുറത്തേക്കു നടന്നു. കല്യാണി അമ്മയും ഗോമതിയും അവരെ യാത്രയാക്കി.
തിരുവിതാംകൂറുകാര്‍ പോയിക്കഴിഞ്ഞപ്പോള്‍ അമ്മയും മകളും കുറച്ചുനേരം മൗനത്തിലമര്‍ന്നു. നിമിഷങ്ങളിലെ നിശ്ശബ്ദതയ്ക്കുശേഷം മൗനം ഭഞ്ജിച്ചത് കല്യാണി അമ്മയാണ്. അവര്‍ മകളോട് ചോദിച്ചു:
‘നിനക്ക് അഭിപ്രായമൊന്നുമില്ലേ ഗോമതീ?’ ‘ഉണ്ടല്ലോ. അമ്മ പറയുമ്പോള്‍ ഇടയ്ക്കുകയറി പറയേണ്ടെന്നു കരുതി.’
‘എന്നാലിപ്പോ പറ.’ ഗോമതി അമ്മയെ മുഖമുയര്‍ത്തിനോക്കി.
അമ്മ ആകാംക്ഷയോടെ തന്നെ നോക്കുകയാണ്. ആലോചിച്ചുറപ്പിച്ച വാക്കുകള്‍ ആത്മവിശ്വാസത്തോടെ അവള്‍ പുറത്തുവിട്ടു. ‘കുമ്പളത്തദ്ദേഹം പറഞ്ഞതില്‍ വലിയൊരു കാര്യമുണ്ട്. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതോടെ നാട്ടുരാജ്യങ്ങളും രാജാവും ദിവാനുമൊക്കെ പോയില്ലേ? തിരുവിതാംകൂറും മലബാറുമൊക്കെ ഇപ്പൊ ഒരേ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗമല്ലേ? ഭാഷാടിസ്ഥാനത്തില്‍ മലയാളികളെല്ലാം ഒരേ പ്രദേശത്തുകാരാവുന്ന കാലവും വരാന്‍ പോകുന്നു. അച്ഛന്‍ മടങ്ങിപ്പോകാന്‍ ഇഷ്ടപ്പെടാത്ത ആ രാജ്യം ഇന്നില്ലല്ലോ.’ ഗോമതി ഒന്ന് നിര്‍ത്തി. മലയാളികള്‍ ഒറ്റ പ്രദേശത്തുകാരാവുമ്പോള്‍ സ്വദേശാഭിമാനി കേരളത്തിന്റെ പൊതുസ്വത്താവുന്ന അഭിമാനകരമായ ആ അനുഭവം അവള്‍ ഉള്ളില്‍ക്കണ്ടു.
ആലോചനാമഗ്‌നയായി കല്യാണി അമ്മ എഴുന്നേറ്റു. മകളെ നോക്കാതെ അവര്‍ മെല്ലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.ഗോമതി തുടര്‍ന്നു.
‘മാത്രമല്ല, ഇന്നിപ്പോള്‍ തിരുവിതാംകൂറിന്റെ വികാരമാണ് അച്ഛന്‍. അവരുടെ അഭിമാനമാണ്.’
മറുപടി പറയാതെ കല്യാണി അമ്മ കുറച്ചുനേരം കൂടി ആ നടത്തം തുടര്‍ന്നു.
പിന്നെ മകളുടെ അടുത്തുവന്നിരുന്നു.
‘നീ പറയുന്നതില്‍ കാര്യമുണ്ട്. അവര്‍ ചിതാഭസ്മം തിരുവനന്തപുരത്തേക്ക് കൊണ്ട് പൊയ് ക്കോട്ടെ. വലിയ ആഘോഷങ്ങളല്ലേ അവര്‍ അവിടെ പരിപാടിയിട്ടിരിക്കുന്നത്. അതിന് ഞാനൊരു തടസ്സമാവുന്നില്ല. എന്നാല്‍ പയ്യാമ്പലത്തേക്കോ തിരുവനന്തപുരത്തേക്കോ ഞാനില്ല.’
ഗോമതി അമ്മയെ കെട്ടിപ്പിടിച്ചു.
‘നല്ല തീരുമാനം. പിന്നെ, അമ്മയില്ലാത്തിടത്ത് ഞാനുമില്ല. കാലം ചെല്ലുമ്പോള്‍ അമ്മയ്ക്ക് തിരുവനന്തപുരത്തേക്ക് പോണമെന്നു തോന്നിയാല്‍ ഞാനുമുണ്ടാവും കൂടെ.’
പയ്യാമ്പലത്ത് ജനങ്ങള്‍ കൂടി നിന്നു. അപൂര്‍വമായ ഒരു കാഴ്ചയായിരുന്നു അത്. സ്വദേശാഭിമാനിയുടെ കഥകള്‍ അവരെല്ലാം പരസ്പരം പറഞ്ഞു കേള്‍പ്പിച്ചു.ആ ജീവിതം അവരെ ഭയഭക്തിബഹുമാനങ്ങള്‍ കൊണ്ട് നിറച്ചു. വെറും കൗതുകമെന്ന നിലയില്‍ നോക്കിനിന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികാവശിഷ്ടം തിരുവനന്തപുരത്തേക്കുള്ള യാത്രയാരംഭിച്ചു.
വില്ലുവണ്ടിയിലല്ല, കാറിലായിരുന്നു ഇക്കുറി യാത്ര.
തിരുനെല്‍വേലി വഴിയുമായിരുന്നില്ല യാത്ര.
നാളെ സാക്ഷാല്‍ക്കരിക്കപ്പെടാന്‍ പോകുന്ന കേരളസംസ്ഥാനത്തിലൂടെ.
ആ മടക്കയാത്ര നാടുകടത്തല്‍ പോലെ മറ്റൊരു ചരിത്രമായി.
(അവസാനിച്ചു)






















