ബ്രിട്ടന്റെ ആദ്യ റോമൻ കത്തോലിക്കനായ പ്രധാനമന്ത്രിയായി ആൻഡി ബേൺഹാം അധികാരമേറ്റു. പ്രധാനമന്ത്രിയാണെങ്കിലും ഭരണഘടനപരമായ എല്ലാ അധികാരങ്ങളും ഉപയോഗിക്കാൻ അദ്ദേഹത്തിനാവില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. ചർച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട നിയമനങ്ങളിൽ ബ്രിട്ടീഷ് രാജാവിനെ ഉപദേശിക്കാൻ അദ്ദേഹത്തിന് കഴിയില്ല. 1829-ലെ റോമൻ കത്തോലിക്ക റിലീഫ് ആക്ടിലെ (Catholic Emancipation Act) സെക്ഷൻ 18 ആണ് കാരണം. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന കത്തോലിക്ക–പ്രൊട്ടസ്റ്റന്റ് വൈരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമം രൂപംകൊണ്ടത്. നിയമത്തിന് മുൻപ് പാർലമെന്റ് അംഗമാകുവാൻ പോലും റോമൻ കത്തോലിക്കർക്ക് ബ്രിട്ടനിൽ അനുവാദമുണ്ടായിരുന്നില്ല.
കത്തോലിക്കർക്കെതിരായ മിക്ക നിയമപരമായ വിലക്കുകളും 1829 ൽ നീക്കിയെങ്കിലും ചില ഭരണഘടനാപരമായ വ്യവസ്ഥകൾ ഇന്നും നിലനിൽക്കുന്നു. പ്രധാനമന്ത്രി റോമൻ കത്തോലിക്കനാണെങ്കിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട ചുമതലകൾ ആ സഭയിൽ അംഗത്വമുള്ള മറ്റൊരു മന്ത്രിക്ക് കൈമാറും.
ബ്രിട്ടന്റെ പ്രധാനമന്ത്രിമാരിൽ റോമൻ കത്തോലിക്ക സഭയുമായി അടുത്ത ബന്ധം പുലർത്തിയവരിൽ ഏറ്റവും ശ്രദ്ധേയനായത് ടോണി ബ്ലെയറാണ്. 1997 മുതൽ 2007 വരെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ ഭാര്യ ഷെറി ബ്ലെയറുടെയും മക്കളുടെയും കൂടെ പതിവായി റോമൻ കത്തോലിക്കരുടെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നെങ്കിലും ഔദ്യോഗിക പദവി ഒഴിഞ്ഞ ശേഷമാണ് റോമൻ കത്തോലിക്ക സഭയിലേക്ക് മതപരിവർത്തനം ചെയ്തത്.
അടുത്ത കാലത്ത് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണും കത്തോലിക്ക പശ്ചാത്തലമുണ്ടായിരുന്നു. കുട്ടികാലത്ത് റോമൻ കത്തോലിക്കനായി മാമോദീസ സ്വീകരിച്ച അദ്ദേഹം പിന്നീട് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ചേരുകയും പ്രൊട്ടസ്റ്റന്റ് വിശ്വാസം പിന്തുടരുകയും ചെയ്തു. പിന്നീട് പ്രധാനമന്ത്രിയായി.
ഇപ്പോഴത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും 18 വയസിന് ശേഷം റോമൻ കത്തോലിക്കനായി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ വിഭാഗത്തിൽ പെടുന്നില്ല. റോമൻ കത്തോലിക്ക സഭയുടെ പരമോന്നത ആത്മീയ നേതാവ് റോമിലെ പോപ്പാണ്. അദ്ദേഹത്തിന്റെ ആത്മീയ അധികാരം സഭ അംഗീകരിക്കുന്നു. മറുവശത്ത് പ്രൊട്ടസ്റ്റന്റ് സഭകൾ പോപ്പിന്റെ പരമാധികാരം അംഗീകരിക്കുന്നില്ല. 16-ാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥറും മറ്റ് മതനവീകരണ നേതാക്കളും ആരംഭിച്ച മതനവീകരണ (Reformation) പ്രസ്ഥാനത്തിലൂടെയാണ് പ്രൊട്ടസ്റ്റന്റ് സഭകൾ രൂപംകൊണ്ടത്. ബൈബിളിനെയാണ് വിശ്വാസത്തിന്റെ പ്രധാന ആധാരമായി പ്രൊട്ടസ്റ്റന്റുകാർ കാണുന്നത്. അതേസമയം, കത്തോലിക്ക സഭ ബൈബിളിനൊപ്പം സഭയുടെ പാരമ്പര്യത്തിനും (Tradition) പോപ്പിന്റെയും മെത്രാന്മാരുടെയും പഠനങ്ങൾക്കും പ്രാധാന്യം നൽകുന്നു.
ബ്രിട്ടനിലെ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഒരു പ്രൊട്ടസ്റ്റന്റ് സഭയായതിനാൽ അത് പോപ്പിന്റെ ആത്മീയ അധികാരം അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് റോമൻ കത്തോലിക്ക വിശ്വാസിയായ പ്രധാനമന്ത്രിക്ക് ചർച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട ചില ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കാൻ ഇന്നും നിയമപരമായ നിയന്ത്രണമുള്ളത്. അമേരിക്കൻ പ്രസിഡന്റ് ട്രംപും മാർപ്പാപ്പയും തമ്മിലുള്ള തർക്കത്തിന്റെ അടിസ്ഥാനവും ഇത് തന്നെയാണ്.





















