സര്‍ഗ്ഗാത്മകതയുടെയും സാംസ്‌കാരിക ജീവിതത്തിന്റെയും വിഭിന്നമേഖലകളില്‍ ആര്‍ജ്ജവത്തോടെ നിലയുറപ്പിക്കുകയും അപ്രതീക്ഷിത നിലപാടുകളിലൂടെ പലപ്പോഴും ആസ്വാദകസമൂഹത്തെ വിസ്മയിപ്പിക്കുകയും ചെയ്ത എഴുത്തുകാരിയാണ് ഈയിടെ അന്തരിച്ച പി.വത്സല.
ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന വയനാട്ടിലെ ആദിവാസി ജീവിതത്തെ തുടരെത്തുടരെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്കാനയിച്ചുകൊണ്ടാണ് അവര്‍ സഹൃദയശ്രദ്ധ പിടിച്ചുപറ്റിയത്. പരിഷ്‌ക്കാരങ്ങളുടെ കുടിയേറ്റം ആദിവാസികളെ എങ്ങനെയെല്ലാം നിരാലംബരാക്കുന്നുവെന്ന് മലയാളി തിരിച്ചറിഞ്ഞത് വത്സലയുടെ നോവല്‍ത്രയത്തിലൂടെയാണ്.
മികച്ച നോവല്‍ എന്നതുപോലെ നെല്ല് മികച്ച സിനിമയുമായി. രാമു കാര്യാട്ട്, വയലാര്‍, സലില്‍ ചൗധരി, ലതാ മങ്കേഷ്‌കര്‍ എന്നീ അതുല്യപ്രതിഭകള്‍ ഒത്തുചേര്‍ന്നതോടെ മലയാളത്തിലെ വിസ്മയ സിനിമയായി അതുമാറി.
മനുഷ്യജീവിതത്തിന്റെ സൂക്ഷ്മതലങ്ങള്‍ അനിതരസാധാരണമായ കയ്യൊതുക്കത്തോടെ വരച്ചിടാന്‍ കെല്പുള്ള പ്രതിഭാശാലിയായ ഈ എഴുത്തുകാരിയെ കേവലം ഒരു ജനവിഭാഗത്തിന്റെ കഥാകാരിയായി തളച്ചിടുന്നത് അനീതിയായിരിക്കും. കേരളത്തില്‍ എക്‌സ്പ്രസ് ഹൈവേ ചര്‍ച്ചയായ ഘട്ടത്തില്‍ പുറത്തുവന്ന വത്സലയുടെ ‘മേല്‍പ്പാലം’ എന്ന നോവല്‍ പ്രവചനസ്വഭാവമുള്ള രചനയായിരുന്നെന്ന് അതിന്റെ സമകാലീനവായന ബോധ്യപ്പെടുത്തും. പരിഷ്‌കൃത സമൂഹത്തില്‍ വികസനത്തിന്റെ പേരില്‍ മണ്ണും മനസ്സും കലുഷമാകുന്നതെങ്ങനെയെന്നതിന്റെ നേര്‍ചിത്രമാണ് മേല്‍പ്പാലം. കെ-റെയില്‍ വിവാദം കെട്ടടങ്ങിയിട്ടില്ലാത്ത, ദേശീയ പാതാവികസനം മുന്നേറുന്ന, നമ്മുടെ നാട്ടില്‍ പൊതുചര്‍ച്ചയ്ക്കു വിധേയമാകേണ്ട കൃതിയാണത്.
പൊയില്‍ത്താഴം എന്ന ഗ്രാമത്തെ രണ്ടായി മുറിച്ചുകൊണ്ട് ദേശീയപാത കടന്നുവരുമ്പോള്‍ ഗ്രാമത്തിനുണ്ടാകുന്ന ആഘാതത്തെ ഒപ്പിയെടുക്കുകയാണ് നോവലിസ്റ്റ്. ജനകീയപ്രക്ഷോഭം ദയനീയമായി പരാജയപ്പെടുന്ന കാഴ്ച സമകാലിക കേരളത്തിന്റെ കാഴ്ച തന്നെയാണ്. ‘ലോകം ഒന്നായിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഒരു പാവം ഗ്രാമം രണ്ടായി എന്നേയ്ക്കും പിളര്‍ന്നു പോകുന്ന’ വല്ലാത്ത കാഴ്ച. നോവല്‍ പറയുന്നു: ‘ഹൈവേ ഒരു വഴിയല്ല. വഴിമുടക്കിയാണ്. ഒരു പാവം സൈക്കിളോട്ടക്കാരനുപോലും പ്രവേശനം സിദ്ധിക്കാത്ത റോഡ് ഇന്നാട്ടിലെ ആര്‍ക്ക് ഉപകാരപ്പെടും?’
നാട്ടുകാര്‍ ജീവിച്ചിരിക്കുമ്പോള്‍ നാട് മരിക്കുന്നു – ഇതാണ് നോവലിന്റെ തീര്‍പ്പ്. ‘കാലം ഒന്നും കാണുന്നില്ല. കേള്‍ക്കുന്നില്ല. അത് പഞ്ചേന്ദ്രിയങ്ങളില്ലാത്ത ഒരു പ്രതിഭാസമാണ്. ഇരുട്ടും വെളിച്ചവും ഒന്നാണെന്ന് നാം അറിയുന്നു. ചലനമാണ് പ്രധാനം. അതു മാത്രം.’
തിരക്കൊഴിയാത്ത എഴുത്തിനിടയിലും സംഘാടകയായി ഓടി നടക്കാന്‍ വത്സല സമയം കണ്ടെത്തി. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായി. മരണംവരെ കേരളസാഹിത്യസമിതി അധ്യക്ഷയായിരുന്നു. യാത്രകള്‍, പ്രഭാഷണങ്ങള്‍, സാമൂഹ്യസംസ്‌കാരിക പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍ – അങ്ങനെ സജീവമായ സാഹിത്യ സപര്യ.
പ്രബുദ്ധതയുടെ കാവലാളായി നിന്നപ്പോഴും ആധ്യാത്മികതയുടെ അനന്യശോഭ ഉള്ളില്‍ കെടാതെ സൂക്ഷിച്ചു. അത്തരമൊരു ലേഖനത്തിന്റെ പേരില്‍ പുരോഗമനനാട്യക്കാര്‍ കണ്ഠക്ഷോഭം ചെയ്തപ്പോള്‍ ആ രെയും കൂസാതെ മറുപടി പറഞ്ഞു. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തനിക്കുള്ളതെന്ന് ആര്‍ജ്ജവം പൂണ്ടു.
കണ്ണൂര്‍ സര്‍വകലാശാല വേണമോ വേണ്ടയോ എന്ന ചര്‍ച്ച ഉയര്‍ന്നുനിന്ന കാലത്ത് കേസരി സംഘടിപ്പിച്ച ചര്‍ച്ചയുടെ ഭാഗമായാണ് ഈ ലേഖകന്‍ പി.വത്സലയെ അവരുടെ വീട്ടില്‍ പോയി കണ്ടത്. തികഞ്ഞ അക്കാദമിക വിദഗ്ദ്ധയെപ്പോലെയാണ് അന്നവര്‍ സംസാരിച്ചത്. ഉന്നത വിദ്യാഭ്യാസരംഗത്തെ കാതലായ പ്രശ്‌നം നിലവാരത്തകര്‍ച്ചയാണെന്ന് തുറന്നു പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അതിപ്രസരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു ഭാഗത്തു നടക്കുന്നുണ്ട്. ചിട്ടയോടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ എവിടെയും നടക്കുന്നില്ല. കുട്ടികള്‍ നിരാശരാണ്. പ്രസിദ്ധരായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കഥകള്‍ കേട്ടാണ് പലരും സര്‍വകലാശാലാതലത്തില്‍ പഠിക്കാനെത്തുന്നത്. അങ്ങനെയൊരു ധൈഷണികതലം സ്വപ്‌നം കണ്ടാണ് അവരുടെ വരവ്. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ലെന്ന് വേഗം തിരിച്ചറിയുന്നു. ഇത് അവരെ നിരാശരാക്കുന്നു. ഇല്ലാത്ത ധിഷണശാലികളെ കിട്ടണമെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ? ഇല്ല. ഈ പ്രതിസന്ധി അവരെ പ്രകോപിതരാക്കും. അവരുടെ പ്രായമതാണ്. പ്രതികരിച്ചിട്ടും പ്രയോജനമില്ലെന്നുവരുമ്പോള്‍ പുതുതലമുറ സ്വപ്‌നസാഫല്യത്തിനായി നാടുവിടും. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ വിവാദമായ സര്‍വകലാശാലാ അധ്യാപക നിയമനങ്ങളെല്ലാം ടീച്ചറുടെ അഭിമുഖം അച്ചടിച്ചു വന്നതിനുശേഷമാണെന്നോര്‍ക്കുക. കണ്ണൂരില്‍ തന്നെ ഏറ്റവും അവസാനം നടന്നതെന്തെന്നും ഓര്‍ക്കുക. സാഹിത്യത്തില്‍ മാത്രമല്ല സമൂഹ ജീവിതത്തെ സംബന്ധിച്ചും പ്രവചനങ്ങള്‍ നടത്താന്‍ സര്‍ഗ്ഗശേഷിയുള്ളവര്‍ക്ക് എക്കാലവും കഴിഞ്ഞിട്ടുണ്ട്. പി. വത്സലയുടെ കഥയും മറ്റൊന്നല്ല. മണ്ണില്‍ കുരുത്ത മനുഷ്യസ്‌നേഹിയും എഴുത്തുകാരിയുമായിരുന്നു അവര്‍.