നാഗ്പൂര്‍: ആത്മവിസ്മൃതിയകറ്റി തനിമയിലേക്ക് ഉണരുകയും അഭിമാനത്തോടെ നാം ഹിന്ദുക്കളാണെന്ന് ഉദ്ഘോഷിക്കുകയും വേണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ നിന്ന് ഉടലെടുത്ത അടിമത്ത മനഃസ്ഥിതിയാണ് നമ്മുടെ ആത്മവിശ്വാസം ചോര്‍ത്തിയത്. ചിന്തിക്കാനും സംസാരിക്കാനുമുള്ള ധൈര്യവും നമുക്കില്ലാതായി. അതുകൊണ്ടുതന്നെ സ്വാര്‍ത്ഥതയും വ്യാപകമായി. ഈ മനോഭാവത്തെ തരിമ്പും ബാക്കിയില്ലാതെ ഇല്ലാതാക്കണം, സര്‍സംഘചാലക് പറഞ്ഞു. മറാഠി വാരികയായ വിവേക് പ്രസിദ്ധീകരിച്ച ‘രാഷ്ട്രീയ സ്വയംസേവക സംഘം-ഹിന്ദുരാഷ്ട്ര ജീവിതലക്ഷ്യത്തിന്റെ വ്യവസ്ഥാപിത ആവിഷ്കാരം’ എന്ന പുസ്തകം നാഗ്പൂര്‍ ഹെഡ്ഗെവാര്‍ സ്മൃതിഭവനിലെ മഹര്‍ഷി വ്യാസ് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുസ്ഥാന്‍ പ്രകാശന് സന്‍സ്ത ചെയര്മാന് പദ്മശ്രീ രമേഷ് പതംഗെ, പൂനെയിലെ ജാദ്വാര് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ചെയര്മാന് സുധാകര്‍ ജാദ്വാര്, ആര്‍എസ്എസ് നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവര്‍ പങ്കെടുത്തു.