ഭാരതീയത മുറുകെപ്പിടിക്കുകയും കഥകളില്‍ ഭാവതീവ്രതയുടെ പുത്തന്‍ തലങ്ങള്‍ സൃഷ്ടിക്കുകയും വര്‍ണവസന്തത്തിന്റെ പൂക്കള്‍ വിരിയിക്കുകയും ചെയ്ത എഴുത്തുകാരിയായിരുന്നു അന്തരിച്ച കെ.ബി.ശ്രീദേവി. പതിമൂന്നാം വയസ്സില്‍ പക്ഷിയുടെ മരണത്തെക്കുറിച്ച് ആദ്യകഥയെഴുതിയ കഥാകാരി പുതുതലമുറയുടെ ലക്ഷ്യബോധമില്ലായ്മയില്‍ സങ്കടപ്പെടുകയും പിന്തുടരാന്‍ മാതൃകയില്ലാത്ത ചെറുപ്പക്കാരുടെ അവസ്ഥയില്‍ വേദനിക്കുകയും ചെയ്തു. ആദര്‍ശങ്ങളില്‍ ഭാരതീയതയില്ലാത്ത രാഷ്ട്രീയത്തിനെതിരായിരുന്നു ഈ എഴുത്തുകാരി. സാഹിത്യത്തില്‍ തോന്നിയതുപറയുന്നതിനെതിരെ ശ്രീദേവിക്കു പരിഭവമുണ്ടായിരുന്നു. പണ്ടത്തെ എഴുത്തുകാര്‍ക്ക് മൂല്യബോധവും ലക്ഷ്യവുമുണ്ടായിരുന്നെന്ന് എന്നും ഇവര്‍ വാചാലയാകുമായിരുന്നു. സാഹിത്യം പണാധിപത്യത്തിലേക്ക് മാറിയെന്നും പുസ്തകപ്രസിദ്ധീകരണത്തിനുപോലും പലരും ശുപാര്‍ശയുമായി പുറകേ നടക്കുന്ന കാലമാണിതെന്നും ശ്രീദേവി പറയുമായിരുന്നു. എഴുത്തുകാര്‍ക്ക് ഉത്തരവാദിത്തം കൂടിയകാലമാണിതെന്നും പുസ്തകങ്ങള്‍ കാലാതീതമാകണമെങ്കില്‍ അദ്ധ്വാനിച്ച് എഴുതണമെന്നും ശ്രീദേവി ആണയിട്ടു. ഭാരതീയ സംസ്‌കാരത്തിലേക്കുള്ള തിരിച്ചുപോക്കാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമെന്ന് ശ്രീദേവി പറയുമായിരുന്നു. സനാതനമായ ഭാരതീയ സംസ്‌കാരം പറഞ്ഞു പഠിപ്പിക്കാനാകില്ലെന്നും കാണിച്ചുകൊടുക്കാനേ കഴിയൂവെന്നും അനുഭവത്തിലൂടെ മാത്രമേ പുതുതലമുറ എന്തും സ്വീകരിക്കുന്നുള്ളുവെന്നുമായിരുന്നു എഴുത്തുകാരിയുടെ ഭാഷ്യം. ദുഷിച്ചതെന്നുപറഞ്ഞ് പഴയ ആചാരങ്ങള തച്ചുടക്കുകയാണെന്നും എന്നാല്‍ അവയ്ക്ക് പകരം വക്കാന്‍ മറ്റൊന്നിനും സാധിക്കുന്നില്ലെന്നും അവര്‍ മനസ്സിലാക്കുകയും എഴുത്തിലൂടെ പറയുകയും ചെയ്തു.
പുതുതലമുറ ഭാരതീയ സംസ്‌കാരത്തെ മറന്ന് പാശ്ചാത്യസംസ്‌കാരത്തെ അന്ധമായി അനുകരിക്കുന്നതില്‍ ശ്രീദേവി എന്നും വ്യസനിച്ചു. ഭാരതീയത വീണ്ടെടുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ലക്ഷ്യപ്രാപ്തിക്ക് പത്രമാധ്യമങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമെന്ന് വിശ്വസിച്ചില്ലെങ്കിലും ഭാരതീയ സംസ്‌കാരത്തിലധിഷ്ഠിതമായ മാധ്യമങ്ങള്‍ എക്കാലത്തും പ്രസക്തമാണെനനും ശ്രീദേവി ആവര്‍ത്തിക്കുമായിരുന്നു. ജന്മം കൊണ്ട് മലപ്പുറംകാരിയാണെങ്കിലും ശ്രീദേവിയുടെ രചനാജീവിതത്തിന്റെ സുവര്‍ണ്ണകാലം തൃശ്ശൂരില്‍ താമസിച്ചപ്പോഴായിരുന്നു. സാഹിത്യ അക്കാദമിയിലെ സമ്പര്‍ക്കവും പല പ്രസിദ്ധ എഴുത്തുകാരുമായി പരിചയപ്പെടാനായതും എഴുത്തുജീവിതത്തിന് പൊന്‍തൂവലായി. അന്തര്‍ജന ജീവിതത്തിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നും എഴുതിത്തെളിഞ്ഞ ശ്രീദേവി സ്ത്രീകളുടെ ഉന്നമനത്തിനായി മഹിളാസമാജവും കുട്ടികള്‍ക്കായി ബാലസമാജവും രൂപീകരിച്ച് എന്നും സാമൂഹ്യപ്രതിബദ്ധതയുടെയും സ്‌നേഹത്തിന്റെയും കാവലാളും കരുതലുമായി മാറി.
സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യഅക്കാദമി അവാര്‍ഡും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ജ്ഞാനപ്പാന അവാര്‍ഡുമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പരേതരായ വി.എം.സി. നാരായണന്‍ ഭട്ടതിരിപ്പാടിന്റെയും ഗൗരി അന്തര്‍ജനത്തിന്റെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കൂടല്ലൂര്‍ മനയ്ക്കല്‍ കെ.ബി.നമ്പൂതിരിപ്പാട്. മക്കള്‍: കെ.ബി.ഉണ്ണി (റിട്ട.പോസ്റ്റല്‍ വകുപ്പ്, തൃശ്ശൂര്‍), കെ.ബി.ലത (ദല്‍ഹി), കെ.ബി.നാരായണന്‍ (തൃപ്പൂണിത്തുറ). മരുമക്കള്‍: തനൂജ, വാസുദേവന്‍ (റിട്ട. എന്‍ജിനീയര്‍), സൂര്യ ദീപ്തി.