എ.ബി.വി.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, ബിജെപി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി, തിരുവനന്തപുരം മേഖലാ ഉപാദ്ധ്യക്ഷന്‍ തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചിരുന്ന അശ്വനിദേവിന്റെ അകാലത്തെ വിടവാങ്ങല്‍ വേദനാജനകമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അപകടത്തില്‍പെട്ട് ബോധം നഷ്ടപ്പെട്ട് ചികിത്സയിലായിരുന്നു അദ്ദേഹം. മാസങ്ങളോളം നീണ്ട ആശുപത്രി ചികിത്സക്ക് ശേഷം കണ്ണൂരിലെ സഹോദരിയുടെ വീട്ടില്‍ താമസിച്ച് ചികിത്സ തുടരുകയായിരുന്നു. അതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
ചെറുപ്പകാലം മുതല്‍ സ്വയംസേവകനായിരുന്ന അശ്വനി എ.ബി.വി.പിയിലൂടെയാണ് പൊതു പ്രവര്‍ത്തന രംഗത്തെത്തിയത്. കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പിയുടെ തീപ്പൊരി പ്രാസംഗികനായിരുന്നു. എ.ബി.വി.പിയുടെ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്ന ചുമതലയില്‍ തിളങ്ങി. പുതിയ പദങ്ങള്‍ കണ്ടെത്തി, കോര്‍ത്തിണക്കി പ്രസംഗകലയുടെ തമ്പുരാനായി മാറിയ അശ്വനിയുടെ പ്രസംഗം കേള്‍ക്കാന്‍ നിരവധിപേര്‍ തടിച്ചു കൂടുമായിരുന്നു. എ.ബി.വി.പിയുടെ സംസ്ഥാന പഠനശിബിരങ്ങളില്‍ അശ്വനിയുടെ ആശയത്തില്‍ പിറന്ന സ്‌ക്രിപ്റ്റുകളിലൂടെ നിരവധി തെരുവുനാടകങ്ങള്‍ അരങ്ങേറി. ആ തെരുവുനാടകങ്ങളിലെ ആക്ഷേപഹാസ്യങ്ങള്‍ വ്യാപകമായി ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നു. എ.ബി.വി.പി കാലഘട്ടത്തിനുശേഷം ബിജെപിയുടെ പ്രവര്‍ത്തകനായി വിവിധ ചുമതലകള്‍ വഹിച്ചു. ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി, തിരുവനന്തപുരം മേഖല ഉപാദ്ധ്യക്ഷന്‍ എന്ന നിലയിലും തന്റെ സംഘടനാപാടവം തെളിയിച്ചിരുന്നു. കായംകുളം നഗരസഭയില്‍ രണ്ടു തവണ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രതിനിധി എന്ന നിലയില്‍ തന്റെ വാര്‍ഡിലെ ജനങ്ങള്‍ക്ക് വേണ്ടി നിരവധി സഹായങ്ങളും പദ്ധതികളും നടപ്പാക്കി ജനകീയ നേതാവായി വളര്‍ന്നു.
രാഷ്ട്രീയ മേഖലയില്‍ തിളങ്ങിയതിനോടൊപ്പം തന്നെ വ്യത്യസ്തമേഖലയിലും തന്റെ വ്യക്തി മുദ്രപതിപ്പിച്ചിരുന്നു. അദ്ധ്യാത്മിക പ്രഭാഷകന്‍ എന്ന നിലയില്‍ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ പ്രഭാഷകനായി. കായംകുളത്തെ ആശ്രമത്തിലെ നിത്യസന്ദര്‍ശകനും അവിഭാജ്യഘടകവുമായിരുന്നു അശ്വനി ദേവ്. വ്രതമെടുത്ത് എല്ലാവര്‍ഷവും ശബരിമലക്ക് പോകുമായിരുന്നു. ജനം ടി.വിയുടെ മകരവിളക്ക് പരിപാടിയുടെ ദൃക്‌സാക്ഷി വിവരണം നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹത്തിന്റെ വിവരണം കേള്‍ക്കാന്‍ ലക്ഷങ്ങള്‍ കാതോര്‍ത്തിരിക്കുമായിരുന്നു.
കവി, സാഹിത്യകാരന്‍, കലാകാരന്‍, എഴുത്തുകാരന്‍, നാടക സംവിധായകന്‍, കവിതാലാപകന്‍ തുടങ്ങി സമാനതകളില്ലാതെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ചിരുന്നു. അന്തരിച്ച കവി അനില്‍ പനച്ചൂരന്റെ അടുത്ത സുഹൃത്തായിരുന്ന അശ്വനിയുടെ നിരവധി ഗീതങ്ങള്‍ പനച്ചൂരാനിലൂടെ പ്രേക്ഷകരില്‍ എത്തിച്ചിരുന്നു. രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അശ്വനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ കവിതകള്‍ ആലപിച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്ന നിലയില്‍ നിരവധി അടിയന്തിര സാഹചര്യങ്ങളില്‍ ഓടിയെത്തുമായിരുന്നു. അനൗണ്‍സര്‍ എന്ന രീതിയില്‍ അശ്വനിയുടെ ഗാംഭീര്യമാര്‍ന്ന ശബ്ദം പ്രേക്ഷകര്‍ക്ക് സുപരിചിതമായിരുന്നു. ഞാന്‍ രണ്ടു തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും അശ്വനിയുടെ ഘനഗംഭീരമായ ശബ്ദത്തിലൂടെയുള്ള അനൗണ്‍സ്‌മെന്റ് ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. ഇങ്ങനെ എല്ലാരംഗത്തും നിറസാന്നിധ്യമായവര്‍ വളരെ വിരളമാണ്. ഏറ്റവും പ്രിയപ്പെട്ടവരെ ദൈവം വേഗം വിളിക്കാം എന്നു പറയാറുണ്ട്. അശ്വനിയുടെ കാര്യത്തില്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുന്നു. വീട്ടില്‍ ചെല്ലുമ്പോള്‍ അശ്വനിയെ വിവാഹത്തിന് നിര്‍ബ്ബന്ധിക്കാന്‍ അമ്മ പറയുമായിരുന്നു. എന്നാല്‍ എന്നും ഒറ്റയാനായി നില്‍ക്കാനായിരുന്നു അശ്വനിക്ക് താല്‍പര്യം. ഒരുപാടുകാര്യങ്ങള്‍ ചെയ്തു പൂര്‍ത്തിയാക്കാന്‍ കഴിയാതെ അകാലത്തില്‍ വിട പറഞ്ഞ അശ്വനിയുടെ സ്മരണയ്ക്കു മുന്‍പില്‍ പ്രണാമം.