“നിങ്ങള്‍ക്കിപ്പോള്‍ നല്ല സുഖമല്ലേ. കടലാസിലും കമ്പ്യൂട്ടറിലുമൊക്കെയല്ലേ പരീക്ഷ.”
“അതെ. ഞങ്ങള്‍ക്കും കമ്പ്യൂട്ടറില്‍ പരീക്ഷയുണ്ട്. പക്ഷെ എന്റെ ക്ലാസിലൊരു കുട്ടിയുണ്ട്. അമല്‍. അവന് കമ്പ്യൂട്ടററിയില്ല. നന്നായി പഠിക്കുമെങ്കിലും പാവപ്പെട്ടവനായതുകൊണ്ട് അവന്റെ വീട്ടില്‍ കമ്പ്യൂട്ടറൊന്നുമില്ല. നന്നായി പടം വരക്കും. പക്ഷേ പരീക്ഷയിലവന്‍ തോറ്റുപോകും.”
“എന്റെ ക്ലാസ്സിലുമുണ്ട് അതുപോലൊരു കുട്ടി. അരുണ്‍. വലിയ ഓട്ടക്കാരനാണ്. മത്സരത്തിലവന് എന്തോരം സമ്മാനങ്ങളാ കിട്ടുവാന്നറിയോ? പക്ഷെ പരീക്ഷയിലവനും തോറ്റുപോകും. ഓട്ടത്തില്‍ മിടുക്കനാണെങ്കിലും അവന് എഴുതാന്‍ മിടുക്കില്ല. അക്ഷരങ്ങള്‍ മാറിപ്പോകും.”
“എന്റെ ക്ലാസ്സിലുമുണ്ടൊരു കുട്ടി. നന്നായി നൃത്തം ചെയ്യും. പാട്ടും പാടും. കലോത്സവത്തിനൊക്കെ അവള്‍ക്കാ ഏറ്റവും കൂടുതല്‍ സമ്മാനങ്ങളൊക്കെ കിട്ടുക. പക്ഷെ അവളും പരീക്ഷയില്‍ തോറ്റുപോകും. അവള്‍ക്കും എഴുതാന്‍ മിടുക്കില്ല. വളരെ സാവധാനത്തിലേ എഴുതാന്‍ പറ്റൂ. അവളെഴുതി പകുതിയാവുമ്പോഴേക്കും പരീക്ഷക്ക് അനുവദിച്ച സമയമൊക്കെ കഴിഞ്ഞുപോകും.”
“ഊം.. ശരി. ഇതാണ് എല്ലാവര്‍ക്കും ഒരേതരത്തിലുള്ള പരീക്ഷയായാലുള്ള കുഴപ്പം. വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെയൊക്കെ ഒരേ എഴുത്തുപരീക്ഷ കൊണ്ട് അളക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്.
“അതുശരിയാ. എനിക്കും തോന്നാറുണ്ട്. പടം വരയ്ക്കുന്നതില്‍ പരീക്ഷയുണ്ടായിരുന്നെങ്കില്‍ ഞാനൊന്നാമതായേനെ.”
അപ്പു പറഞ്ഞു.
“അതെ. ഇപ്പോഴത്തെ പരീക്ഷയ്‌ക്കൊക്കെ എന്തോ കുഴപ്പമുണ്ട്. നമ്മുടെ ഇഗ്വദ്വീപിലെ പരീക്ഷ അങ്ങനെയായിരുന്നില്ല.”
മുത്തശ്ശി പറഞ്ഞു.
“അവിടെ ഓരോ വിഭാഗം ജീവികള്‍ക്കും വ്യത്യസ്ത പരീക്ഷകളായിരുന്നു. ചിലര്‍ക്ക് മരം കയറ്റം, ചിലര്‍ക്ക് നീന്തല്‍, ചിലര്‍ക്ക് ഇഴയല്‍, ചിലര്‍ക്ക് പറക്കല്‍, ചിലര്‍ക്ക് ഓട്ടം അങ്ങനങ്ങനെ. ഓരോരുത്തരുടെയും കഴിവിനനുസരിച്ചുള്ള പരീക്ഷകള്‍. ദ്വീപുഭാഷയായ ഇഗ്വാളത്തിനും കണക്കിനും മാത്രം എല്ലാവര്‍ക്കും ഒരേ പരീക്ഷ. അല്ലാതെ എല്ലാ ജീവികള്‍ക്കുംകൂടെ ഒരേതരം പരീക്ഷയാണ് വെച്ചിരുന്നതെങ്കില്‍ എങ്ങനെയാവുമെന്നൊന്ന് ആലോചിച്ചു നോക്കിയേ.”
“അതുശരിയാ. മുതലയും താറാവും നീന്തുന്നതുപോലെ കുരങ്ങനോടും കരടിയോടും നീന്താന്‍ പറഞ്ഞാല്‍ നല്ല രസമായിരിക്കും. മുങ്ങിച്ചത്തുപോകുവല്ലാതെ പരീക്ഷയില്‍ ജയിക്കില്ല.”
“അതെ. വെള്ളത്തില്‍ നീന്തുന്ന മുതലയോട് കരയിലോടുന്ന പുള്ളിപ്പുലിയെപ്പോലെ ഓടാന്‍ പറഞ്ഞാലോ? ഓട്ടമത്സരമായിരുന്നു പരീക്ഷയെങ്കില്‍ മുതലയുടെ കാര്യം കട്ടപ്പൊക.”
“ഹ..ഹ..ഹ.. മാനിനോടും മുയലിനോടും കുരങ്ങനെപ്പോലെ മരം കയറാനും പക്ഷികളെപ്പോലെ പറക്കാനും പറഞ്ഞിരുന്നെങ്കില്‍ നല്ല കോളായേനെ. ഹ..ഹ..”
കുട്ടികളുടെ അഭിപ്രായങ്ങള്‍ കേട്ട് മുത്തശ്ശി ചിരിച്ചു.
“അതാണ് കാര്യം. എല്ലാവര്‍ക്കും പിടികിട്ടിയല്ലോ. അപ്പോള്‍ നിങ്ങളുടെ സ്‌കൂളിലെ നന്നായി പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന കുട്ടി എഴുത്തുപരീക്ഷയില്‍ തോറ്റുപോയാല്‍ ആ കുട്ടിക്ക് കഴിവില്ലെന്നു പറയുന്നതിലര്‍ത്ഥമുണ്ടോ?”
“ഇല്ല. ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടുന്ന അരുണിന് എഴുത്തു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുപോയെന്നു കരുതി നാണിക്കേണ്ട ഒരു കാര്യവുമില്ല. ഫുട്‌ബോള്‍ കളിക്കാരന്‍ ഐ.എം. വിജയന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പല ക്ലാസ്സിലും പലതവണ തോറ്റുപോയിട്ടുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.”
“ഇതുപോലെ എത്രയെത്ര കഥകളാണുള്ളതെന്നറിയാമോ? വലിയ വലിയ ആളുകളുടെ ജീവിതമെടുത്തുനോക്കിയാല്‍ ഇത് മനസ്സിലാകും. സ്‌കൂളിലെ പരീക്ഷയില്‍ തോറ്റുപോയിട്ടും വലിയ ശാസ്ത്രജ്ഞര്‍ വരെയായവരുണ്ട്.”
“അത് ശരിയാണ്. പക്ഷെ വളരെ ചുരുക്കം പേര്‍ക്കല്ലേ അങ്ങനെ വിജയം കൈവരിക്കാനായിട്ടുള്ളൂ? എല്ലാവര്‍ക്കും അവരവര്‍ക്ക് അഭിരുചിയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ എല്ലാവരും വലിയവരായി മാറിയേനെ. അല്ലേ?”
“അതെ. ഓരോരുത്തര്‍ക്കും ഈശ്വരന്‍ വ്യത്യസ്തമായ കഴിവുകളാണ് നല്‍കിയിട്ടുള്ളത്. ആ കഴിവുകളുടെ പോഷണമാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്ന് ഇഗ്വദ്വീപിലെ കടുവമാഷിനറിയാമായിരുന്നു. അരയന്നരാജ്ഞിക്കും സിംഹരാജാവിനുമറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ അങ്ങനെയൊരു പരീക്ഷ നടത്തിയത്.”
“നമ്മുടെ സ്‌കൂളിലും ഇഗ്വദ്വീപിലെപ്പോലെയുള്ള പരീക്ഷയായിരുന്നു വേണ്ടിയിരുന്നത്. അല്ലേ?”
കണ്ണന്‍ ചോദിച്ചു.
“എന്ത്? മരം കയറ്റവും നീന്തലും പറക്കലുമൊക്കെയോ?”
ആദിയുടെ ചോദ്യം കേട്ട് കണ്ണന് ദേഷ്യമാണ് തോന്നിയത്.
“നമുക്കാര്‍ക്കെങ്കിലും പറക്കാനാകുമോ? ഞാന്‍ കാര്യമായാണ് പറയുന്നത്. എല്ലാവര്‍ക്കും ഒരേപോലുള്ള എഴുത്തുപരീക്ഷ നടത്തുന്നതിന് പകരം ഓടാനും ചാടാനും നൃത്തം ചെയ്യാനും അഭിനയിക്കാനും ഒക്കെയറിയാവുന്നവര്‍ക്ക് അതിനനുസരിച്ചുള്ള പരീക്ഷയായിരുന്നെങ്കില്‍ അവര്‍ക്കും ജയിക്കാമായിരുന്നല്ലോ.”
“ശരിയാണ്. ഭാവിയില്‍ അങ്ങനെ വന്നുകൂടെന്നില്ല.”
മുത്തശ്ശി പറഞ്ഞു.
“ഹീരവാവയെ നോക്കൂ. അവന് പരീക്ഷയെന്തെന്നുപോലുമറിയില്ലല്ലോ.”
സ്‌കൂളില്‍ പോയിത്തുടങ്ങിയിട്ടില്ലാത്തതിനാല്‍ അവള്‍ക്കെന്ത് സുഖമാണെന്നാണ് മറ്റു കുട്ടികള്‍ എപ്പോഴും പറയുക.
മുത്തശ്ശി ഹീരവാവയെ മടിയിലെടുത്തിരുത്തി മുത്തം കൊടുത്തു. കഥ തുടര്‍ന്നു.
“ഇഗ്വദ്വീപിലെ പരീക്ഷയൊക്കെ വളരെ നല്ലതായിരുന്നു. പക്ഷെ വേ റൊരു പ്രശ്‌നമുണ്ടായിരുന്നു. പരീക്ഷയില്‍ പങ്കെടുത്തവരെല്ലാവരും മിടുക്കരായി ജയിച്ച് സന്തോഷത്തോടെ ആര്‍ പ്പുവിളിച്ച് നൃത്തം വെച്ചപ്പോള്‍ നമ്മു ടെ ഹരിണന് മാത്രം സങ്കടമായി.”
“അെതന്തുപറ്റി?”
“അവന് മറ്റു മാനുകളുടെ കൂടെ ഓട്ടമത്സര പരീക്ഷയായിരുന്നു. കാലിന് മുടന്തുള്ളതുകൊണ്ട് അവന് ഓടിയെത്താന്‍ കഴിഞ്ഞില്ല. കുറച്ച് ഓടുമ്പോഴേക്കും അവന്‍ വീണുപോയി. അവന്‍ ആകെ സങ്കടപ്പെട്ട് മൈതാനത്തിന്റെ ഓരത്ത് കിടന്നു കരയുകയാണ്. ആരുമവനെ ശ്രദ്ധിക്കുന്നുപോലുമില്ല.”
അത് കഷ്ടമായിപ്പോയി. ഹരിണന്റെ ദുര്‍വ്വിധിയോര്‍ത്ത് ആദിമോള്‍ക്ക് സങ്കടം വന്നു. അവളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.
(തുടരും)