കേരളത്തിലെ സ്വയംസേവകരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയ മാതൃകാ കാര്യകര്‍ത്താവാണ് ഈയിടെ സ്വര്‍ഗസ്ഥനായ കെ.പുരുഷോത്തമന്‍. അദ്ദേഹം പ്രചാരക ജീവിതം ആരംഭിച്ചതും ദീര്‍ഘകാലം വ്യത്യസ്ത ചുമതലകളില്‍ പ്രവര്‍ത്തിച്ചതും ഇരിങ്ങാലക്കുടയിലാണ്. അവിടുത്തെ കുടുംബങ്ങളില്‍ പുരുഷോത്തമനെ കുറിച്ചുള്ള ദീപ്തമായ ഓര്‍മ്മകള്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നുണ്ട്. 1958 മുതല്‍ എനിക്ക് പുരുഷോത്തമനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഞാന്‍ കോട്ടയം ജില്ലയിലെ ആനിക്കാട് പ്രചാരകനായി ചെല്ലുന്ന സമയത്ത് പുരുഷോത്തമന്‍ അവിടെ വിദ്യാര്‍ത്ഥിയായിരുന്നു. ശാഖാ ഗടനായക് എന്ന ചുമതലയായിരുന്നു അന്ന് ഉണ്ടായിരുന്നത്. സ്‌കൂള്‍ വിട്ട് വന്ന ശേഷം കുട്ടികളെ സമ്പര്‍ക്കം ചെയ്ത് ശാഖയില്‍ കൂട്ടിവരുമായിരുന്നു. എന്നും പുരുഷോത്തമന്റെ ഗടയില്‍ നിന്നായിരിക്കും ഏറ്റവും കൂടുതല്‍ സ്വയംസേവകര്‍ ഉണ്ടായിരുന്നത്. അന്ന് കേരളത്തില്‍ സംഘശിക്ഷാ വര്‍ഗ്ഗ് ആരംഭിച്ചിരുന്നില്ല. അതിനായിതമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയിലും മറ്റുമാണ് സ്വയംസേവകര്‍ പോയിരുന്നത്. ശിബിരത്തിന് സ്വയംസേവകരെ പറഞ്ഞുവിടാന്‍ വിഷുസമയങ്ങളില്‍ വീടുകളില്‍ കണിയുമായി പോകുകയും അതില്‍ നിന്ന് കിട്ടുന്ന പണം അതിനായി ഉപയോഗിക്കുകയും ചെയ്യും. പുരുഷോത്തമന്റെ ഗടയായിരിക്കും എല്ലാ വീടുകളിലും കയറി ഒന്നാമത് എത്തുന്നത്. സംഘം ഏല്പിക്കുന്ന ഏത് ജോലിയും വളരെ നിഷ്ഠയോടെയും കാര്യക്ഷമമായും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അന്ന് ആരംഭിച്ച ബന്ധങ്ങളൊക്കെ മരണം വരെ ശക്തമായിത്തന്നെ നിലനിന്നു.
ഇരുപതാമത്തെ വയസ്സിലാണ് പുരുഷോത്തമന്‍ പ്രചാരകനായി ഇറങ്ങുന്നത്. വലിയ പ്രസംഗകനോ ഗായകനോ ഒന്നുമായിരുന്നില്ല അദ്ദേഹം. എന്നാല്‍ പരിചയപ്പെടുന്ന എല്ലാവരുടേയും ഹൃദയം കീഴടക്കുന്ന ഒരു സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. പ്രചാരകനായി ഇറങ്ങിയ ആദ്യ ദിവസം അദ്ദേഹം താമസിച്ചത് കൊടുങ്ങല്ലൂര്‍ പുല്ലൂറ്റിലെ വേലായുധമേനോന്റെ വീട്ടിലാണ്. മേനോന്‍ ഒരിക്കല്‍ ഭാസ്‌കര്‍റാവുജിയെ കണ്ടപ്പോള്‍ പറഞ്ഞു നിങ്ങളുടെ ആ പയ്യന്‍ സമര്‍ത്ഥനാണ് എന്ന്. ആ സാമര്‍ത്ഥ്യം അവസാനം വരെ പുരുഷോത്തമന്‍ നിലനിര്‍ത്തി. പറവൂര്‍ താലൂക്ക് പ്രചാരക്, ഇരിങ്ങാലക്കുട – കണ്ണൂര്‍ ജില്ലാ പ്രചാരക്, എന്നീ നിലകളിലും എല്ലാ വിഭാഗുകളിലും വിഭാഗ് പ്രചാരകനെന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവരുമായും അടുത്തിടപഴകുകയും വിനയത്തോടുകൂടി പെരുമാറി അവരുടെ ആദരവ് പിടിച്ചു പറ്റുകയും ചെയ്യാന്‍ ഒരു സവിശേഷമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കണ്ണൂരില്‍ പ്രചാരകനായിരുന്ന കാലത്ത് ഡോ. മാധവനെ പോലുള്ള ഉന്നതസ്ഥാനീയരെ സമ്പര്‍ക്കം ചെയ്ത് സംഘാനുകൂലിയാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിരന്തരമായ സമ്പര്‍ക്കത്തിലൂടെ അമ്മമാരുടേയും സഹോദരിമാരുടേയും നിസ്സീമമായ സ്‌നേഹം അദ്ദേഹം പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ടു തന്നെ അസുഖം ബാധിച്ച് കിടന്നപ്പോള്‍ ഒരുപാട് പേര്‍ കുടുംബസമേതം അദ്ദേഹത്തെ കാണാന്‍ വരുന്നത് പതിവായിരുന്നു. പല കുടുംബങ്ങളും ഒരു കുടുംബനാഥന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടത്.
പ്രവര്‍ത്തകരുമായി പിണങ്ങുകയോ അത് പരിഹരിക്കാന്‍ ഇടപെടുകയോ ചെയ്യേണ്ട ഒരു സാഹചര്യം പോലും പുരുഷോത്തമന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഏത് ചുമതലകള്‍ നല്‍കിയാലും ഒരു പരിഭവവും കൂടാതെ അത് ഏറ്റെടുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്. ചുമതലകളിലെ വലുപ്പചെറുപ്പമോ മാന്യം അമാന്യം എന്ന ചിന്തയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. സംഘം ഏല്പിക്കുന്ന ഏത് ചുമതലയും ഒരു മടിയും കൂടാതെ അദ്ദേഹം ഏറ്റെടുത്തു. ഒരു പ്രചാരകനില്‍ നിന്ന് സംഘം പ്രതീക്ഷിക്കുന്നത് അതാണെന്ന് അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. വിഭാഗ് പ്രചാരകനില്‍ നിന്ന് പ്രാന്തകാര്യാലയ പ്രമുഖായും ജന്മഭൂമി എം.ഡിയായും മത്സ്യപ്രവര്‍ത്തകസംഘം സംഘടനാ സെക്രട്ടറിയായുമൊക്കെ ഒരേ മനോഭാവത്തോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. ജന്മഭൂമി അത്യന്തം പ്രതിസന്ധി നേരിടുന്ന സമയത്താണ് പുരുഷോത്തമന്‍ എം.ഡിയായി ചുമതലയേല്‍ക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തില്‍ സംഘ അധികാരികള്‍ക്കു മുന്നില്‍ കരയാതെ തന്റെ പരിചയ സമ്പത്ത് ഉപയോഗിച്ച് ആ പരിതസ്ഥിതിയെ തരണം ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. വേദവ്യാസന്റെ പിന്‍മുറക്കാരായ കടലോര പ്രദേശങ്ങളിലെ ജനതതിയെ സാംസ്‌കാരിക ധാരയില്‍ അണിനിരത്തണം എന്ന മാധവ്ജിയുടെ സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണം എന്ന നിലയില്‍ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ പ്രവര്‍ത്തനം ഏല്പിച്ചപ്പോള്‍ അത് ഭംഗിയായി നിറവേറ്റുകയും അതിന് ശക്തമായ സംഘടനാ സ്വരൂപം ഉണ്ടാക്കുകയും ചെയ്തു. ഒരു തൊഴിലാളി സംഘടന എന്നതിനോടൊപ്പം മത്സ്യപ്രവര്‍ത്തക സംഘം കടലമ്മയെ മാതൃഭാവത്തില്‍ കണ്ട് സാഗരപൂജ നടപ്പിലാക്കിത്തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ്.
ആരോഗ്യം നോക്കാതെയുള്ള പ്രവര്‍ത്തനം അദ്ദേഹത്തെ ഏറെ ക്ഷീണിതനാക്കി. പ്രമേഹത്തിന്റെ തീവ്രതയും ഡയാലിസിസ് സമയത്തു പോലുമുള്ള അദ്ദേഹത്തിന്റെ സമ്പര്‍ക്കസ്വഭാവവും ആരോഗ്യത്തെ കാര്യമായി ബാധിച്ചു. ഡയാലിസിസ് ചെയ്താലുണ്ടാകുന്ന ഭയങ്കര ക്ഷീണവും വേദനയും പോലും അദ്ദേഹം വകവയ്ക്കുമായിരുന്നില്ല. ഇന്ന് അദ്ദേഹത്തിന്റെ ഭൗതിക സാന്നിധ്യം നമ്മോടൊപ്പമില്ല. എന്നാല്‍ ആ സ്മരണകള്‍ എന്നും നമ്മോടൊപ്പം ഉണ്ടാകും. പ്രവര്‍ത്തിച്ച മേഖലകളിലും സ്ഥലങ്ങളിലുമൊക്കെ ധാരാളം കഴിവുറ്റ കാര്യകര്‍ത്താക്കളെ വളര്‍ത്തിയെടുക്കാന്‍ പുരുഷോത്തമന് സാധിച്ചു. ആ ദീപ്ത സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.