സിപിഎം ആഭിമുഖ്യമുള്ള കേരള സര്‍വകലാശാല എംപ്ലോയീസ് യൂണിയന്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരള സര്‍വകലാശാലയില്‍ ഒരു പ്രഭാഷണ പരമ്പര നടത്താന്‍ നിശ്ചയിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പ് വേളയില്‍ സര്‍വകലാശാലയുടെ ഹാളും പരിസരവും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമല്ലാത്തതുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍ പരിപാടിക്ക് അനുമതി നിഷേധിച്ചു. പ്രഭാഷണ പരമ്പര എന്ന ഓമനപ്പേരില്‍ ഇടതുപക്ഷ നേതാക്കളെ മാത്രം തിരഞ്ഞുപിടിച്ച് വിളിച്ചുകൊണ്ടുവന്ന് രാഷ്ട്രീയ പ്രചരണം നടത്തുന്ന അനൗചിത്യത്തെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വൈസ് ചാന്‍സലര്‍ യോഗത്തിന് അനുമതി നിഷേധിച്ചത്.
സര്‍വകലാശാലയുടെ ഹാള്‍ പരിപാടിക്ക് കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍ എംപ്ലോയീസ് യൂണിയന്റെ ഓഫീസിലാണ് പ്രഭാഷണം സംഘടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ അംഗവുമായ ജോണ്‍ ബ്രിട്ടാസ് ആയിരുന്നു പ്രഭാഷകന്‍. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും കടമകളും എന്നതായിരുന്നു പ്രഭാഷണ വിഷയം. പ്രഭാഷണം തുടങ്ങിക്കൊണ്ട് ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് ഏറ്റവും കാലാനുസൃതവും ഉചിതവുമായ വിഷയമാണ് ഈ പ്രഭാഷണ പരമ്പരയ്ക്കായി തിരഞ്ഞെടുത്തത് എന്നാണ്. ജോണ്‍ ബ്രിട്ടാസിന്റെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കാതിരിക്കാന്‍ ആവില്ല. കാരണം, കേരളവും കേരള സര്‍വകലാശാലയും ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉന്നത വിദ്യാഭ്യാസരംഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും കോളേജ് ഹോസ്റ്റലിലെ തൂക്കിക്കൊലകളും സമീപകാലത്ത് കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത മാസപ്പടി വിവാദവും ഒക്കെ തന്നെ ഭാരതീയ ജനാധിപത്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ ഭാഗം തന്നെയാണ്. അതുകൊണ്ടുതന്നെ അക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏറ്റവും നല്ല വേദിയും സമയവും കേരള സര്‍വകലാശാല തന്നെയായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിക്കാനാവില്ല.
ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നടത്തിയ ചില പ്രഭാഷണങ്ങളിലെ ഉദ്ധരണികളായിരുന്നു. വിദ്യാഭ്യാസമേഖലയും പൊതുസമൂഹവും നിലപാടെടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിക്കില്ലായിരുന്നു എന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞതെന്ന് ബ്രിട്ടാസ് ഓര്‍മിപ്പിച്ചു. ഐന്‍സ്റ്റീനെ കുറിച്ച് ഓര്‍മ്മിക്കാന്‍ കാരണം കേരള സര്‍വകലാശാല ആരംഭിച്ചപ്പോള്‍ വൈസ് ചാന്‍സലര്‍ ആരാണെന്ന് അന്നത്തെ പത്രപ്രവര്‍ത്തകര്‍ ചാന്‍സലറായ ദിവാനോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ആണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹത്തിന് കത്തെഴുതിയിട്ടുണ്ട് എന്നും ദിവാന്‍ സി.പി.രാമസ്വാമി അയ്യര്‍ പറഞ്ഞു. അന്ന് 8000 രൂപ ശമ്പളത്തിനാണ് ഐന്‍സ്റ്റീനെ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആകാന്‍ ക്ഷണിച്ചത്. ഐന്‍സ്റ്റീനെ വൈസ് ചാന്‍സലര്‍ ആകാന്‍ ക്ഷണിച്ച കേരള സര്‍വകലാശാലയെ തകര്‍ത്തു തരിപ്പണമാക്കിയത് ആരാണ് എന്നകാര്യം കൂടി ബ്രിട്ടാസും അദ്ദേഹത്തിന് വേദിയൊരുക്കിയ കേരള സര്‍വകലാശാല എംപ്ലോയിസ് യൂണിയനും നെഞ്ചില്‍ കൈവെച്ച് ആലോചിക്കണം. നിലവാരമുള്ള, നട്ടെല്ലുള്ള, അന്തസ്സുള്ള ഒരു വൈസ് ചാന്‍സലര്‍ എത്രയോ കാലത്തിനുശേഷമാണ് കേരള സര്‍വകലാശാലയില്‍ ഇപ്പോള്‍ വന്നത് എന്നകാര്യം ആദ്യം ബ്രിട്ടാസ് ഓര്‍മ്മിക്കണം. സര്‍വ്വകലാശാലകള്‍ സംവാദങ്ങളുടെ വേദിയാകണം എന്നാണ് അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞത്. സംവാദം എന്ന് പറയുന്നത് ഒരു യൂണിയനും ഒരു പാര്‍ട്ടിയും മാത്രം മതി എന്ന് ശഠിക്കുന്ന ഇടതുപക്ഷ ജളന്മാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള ബുദ്ധിശക്തിയോ നയചാതുരിയോ ജോണ്‍ ബ്രിട്ടാസിനുണ്ടോ? ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സര്‍വകലാശാലയുടെ വേദി ഒരു പാര്‍ട്ടിയുടെ പ്രചാരണത്തിന് വേണ്ടി അവരുടെ സംവിധാനങ്ങളാക്കി മാറ്റുന്നത് ശരിയല്ല എന്ന് ഉപദേശിക്കാനുള്ള അന്തസ്സും ആര്‍ജ്ജവവുമായിരുന്നു ജോണ്‍ ബ്രിട്ടാസ് കാട്ടേണ്ടിയിരുന്നത്. അതിനുപകരം പ്രസംഗിക്കാന്‍ കിട്ടിയ വേദി ഉപയോഗപ്പെടുത്തിയ അദ്ദേഹം രാഷ്ട്രീയം തന്നെയാണ് ആ വേദിയില്‍ പറഞ്ഞത്. എന്നുമാത്രമല്ല കേന്ദ്രസര്‍ക്കാരിനും ഭരണകക്ഷിയായ ബിജെപിക്കും എതിരെ ദുഃസൂചനയുള്ള പരാമര്‍ശങ്ങള്‍ നടത്താനുള്ള വേദിയാക്കി മാറ്റുകയാണ് 45 മിനിറ്റുള്ള പ്രസംഗത്തില്‍ അദ്ദേഹം ചെയ്തത്.
ജനാധിപത്യം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ കേരളത്തില്‍ നിന്നു തന്നെ നമുക്ക് തുടങ്ങാം. ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഴിമതി തന്നെയല്ലേ? പത്തുവര്‍ഷം ഭരിച്ചിട്ട് ഒരു രൂപയുടെ അഴിമതിയാരോപണം പോലും ഉയരാതെ കളങ്കരഹിതമായ ഭരണ സംവിധാനവുമായി ജനങ്ങളുടെ മുന്നിലേക്ക് വോട്ട് തേടി നരേന്ദ്രമോദി എത്തുമ്പോള്‍ ആ സംശുദ്ധ രാഷ്ട്രീയത്തിനെതിരെ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എന്തു പറയാന്‍ കഴിയും? കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വന്നപ്പോള്‍ വളരെ കൃത്യമായി രേഖകള്‍ സഹിതം മാസപ്പടി വിവാദം മുതല്‍ കരുവന്നൂര്‍ വരെയുള്ള കാര്യങ്ങള്‍ എണ്ണി പറഞ്ഞപ്പോള്‍ അതിന് മറുപടി പറയാനുള്ള തന്റേടം പോലും സിപിഎമ്മിനോ മുഖ്യമന്ത്രി പിണറായി വിജയനോ ഉണ്ടായിട്ടില്ല. കോവിഡ് കാലത്തെ ഡാറ്റ കൈമാറ്റം മുതല്‍ സിഎംആര്‍എല്ലിന്റെ മാസപ്പടി വിവാദം വരെയുള്ള എല്ലാ സംഭവങ്ങളിലും ‘മകളേ നിനക്ക് വേണ്ടി’ എന്ന പിതാവിന്റെ കരുതല്‍ കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ കാണാത്തതാണ്. വെറും എല്‍പി സ്‌കൂള്‍ അധ്യാപിക മാത്രമായിരുന്ന ഭാര്യയുടെ പെന്‍ഷന്‍ തുകകൊണ്ടാണ് ബാംഗ്ലൂരില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള എക്‌സോലോജിക് എന്ന സ്ഥാപനം കെട്ടിപ്പടുത്തതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തന്നെയല്ലേ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
മാസപ്പടി വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഉപദേശകരായ സില്‍ബന്തി വൃന്ദത്തിനും എന്ത് ന്യായീകരണമാണ് കേരളത്തിലെ പൊതുസമൂഹത്തോട്, ഭാരതത്തിലെ പൊതുജനങ്ങളോട് പറയാനുള്ളത്? മുഖ്യമന്ത്രിയുടെ മകള്‍ക്ക് യാതൊരുവിധ സേവനവും നല്‍കാതെ കോടിക്കണക്കിന് രൂപ അക്കൗണ്ടിലേക്ക് കൊടുത്തതിനെ രാഷ്ട്രീയ അഴിമതി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. കേരളത്തിലെ മറ്റുപല രാഷ്ട്രീയ നേതാക്കളുടെയും മക്കള്‍ക്കും ഐ.ടി സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളുംവ്യവസായങ്ങളും ഒക്കെയുണ്ട്. അവര്‍ക്ക് ആര്‍ക്കെങ്കിലും ഇത്തരത്തില്‍ മാസപ്പടിയായി പണം വന്നത് ചൂണ്ടിക്കാട്ടാന്‍ കഴിയുമോ? അഴിമതിക്കെതിരെ പ്രസ്താവന മാത്രം ഇറക്കിയവരാണ് ഇടതുപക്ഷ പാര്‍ട്ടികളും ആംആദ്മി പാര്‍ട്ടിയും. ദല്‍ഹിയിലെ മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയിലിലായപ്പോള്‍ അത് ഭാരതത്തില്‍ തന്നെ ഒരു റെക്കോര്‍ഡ് ആവുകയായിരുന്നു. അധികാരത്തിലുള്ള ഒരു മുഖ്യമന്ത്രിയെ അഴിമതിക്കേസില്‍ വ്യക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് ചരിത്രത്തിലാദ്യമായിരുന്നു. മാസപ്പടി കേസില്‍ അന്വേഷണം കുറച്ചുകൂടി വേഗത്തില്‍ നടന്നിരുന്നെങ്കില്‍ ആ റെക്കോര്‍ഡ് ഒരുപക്ഷേ കേരളത്തിന് തന്നെ ലഭിക്കുമായിരുന്നു.
ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഴിമതിക്കാരായ രാഷ്ട്രീയക്കാരാണ് എന്ന കാര്യം സമ്മതിക്കാന്‍ ഇനിയെങ്കിലും ബ്രിട്ടാസിനും കേരള സര്‍വകലാശാല എംപ്ലോയിസ് യൂണിയനും കഴിയുമോ? യുഡിഎഫുകാരനായി വന്ന് എല്‍ഡിഎഫായി മാറിയ ഒരു വൈസ് ചാന്‍സലര്‍ നടത്തിയ അഴിമതി നിയമനം അര്‍ഹതയുള്ളവരെ മുഴുവന്‍ തഴയുന്നതായിരുന്നു. അന്നും നിയമനം കിട്ടിയത് ഇടതുപക്ഷ നേതാക്കളുടെയും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കുമായിരുന്നു എന്നകാര്യം മറക്കരുത്. അധ്യാപക നിയമനത്തിലും ഇതേകാര്യം കടന്നു വന്നില്ലേ? ഇടതുപക്ഷ നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കുമായി യോഗ്യത അട്ടിമറിച്ച് ഏറ്റവും കുറഞ്ഞ യോഗ്യതയുള്ളവരെ മാത്രം നിയമിച്ചപ്പോള്‍ അക്കാദമിക് യോഗ്യതയുള്ളവര്‍ മറ്റു സര്‍വകലാശാലകളിലേക്ക് ചേക്കേറുന്ന സ്ഥിതിയുണ്ടായി. ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഇതുതന്നെയല്ലേ? സര്‍വ്വകലാശാല ജീവനക്കാരുടെ സംഘടന ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നം സത്യത്തില്‍ ഇതല്ലേ? കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ സ്വകാര്യ സര്‍വകലാശാലകളിലേക്കും വിദേശ സര്‍വകലാശാലകളിലേക്കും ചേക്കേറിയതിന്റെ കാരണം ഇതുതന്നെയല്ലേ? ഇതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയല്ലേ? ജനാധിപത്യ സംവിധാനം മലീമസപ്പെടുകയും രാഷ്ട്രീയനേതാക്കളും പാര്‍ട്ടിക്കാരും ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ സ്വന്തം കാര്യത്തിനും സ്വാര്‍ത്ഥ താല്‍പര്യത്തിനും വേണ്ടി ദുരുപയോഗം ചെയ്തതുകൊണ്ടല്ലേ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഈ നിലയിലേക്കെത്തിയത്? ഇക്കാര്യത്തെക്കുറിച്ച് പ്രഭാഷണ പരമ്പരയോ സംവാദമോ നടത്താന്‍ ഈ യൂണിയനോ ബ്രിട്ടാസിനോ കഴിയുമോ?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല. പക്ഷേ കമ്മ്യൂണിസ്റ്റ് ആണ് എന്ന് ആരെങ്കിലും തന്നെക്കുറിച്ച് പറഞ്ഞാല്‍ അതില്‍ വിഷമം ഇല്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അധികാരത്തിന്റെയും വിഭവങ്ങളുടെയും കേന്ദ്രീകരണത്തിനും ഭരണകൂട ഇടപെടലിനും ഐന്‍സ്റ്റീന്‍ എതിരായിരുന്നു. അതുകൊണ്ടുതന്നെ സോഷ്യലിസത്തെ അനുകൂലിച്ചിരുന്ന ഐന്‍സ്റ്റീന്‍ കമ്മ്യൂണിസത്തെ എതിര്‍ക്കുകയാണ് ചെയ്തിരുന്നത്. ഐന്‍സ്റ്റീന്റെ ഈ നിലപാടിനോടുള്ള ബ്രിട്ടാസിന്റെയും സിപിഎമ്മിന്റെയും സമീപനം എന്താണെന്ന് അറിയാന്‍ കൗതുകമുണ്ട്.
സര്‍വ്വകലാശാലകളെ വിദ്യാഭ്യാസത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ചിന്തയുടെയും സംവാദത്തിന്റെയും വേദികളാക്കി മാറ്റാനും അക്കാദമിക് മെറിറ്റിന് പ്രാധാന്യം നല്‍കുന്ന രീതിയില്‍ നിയമനങ്ങള്‍ സുതാര്യവും പക്ഷപാതരഹിതവുമാക്കാനും എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ബ്രിട്ടാസിനും സര്‍വ്വകലാശാല എംപ്ലോയിസ് യൂണിയനും കഴിയുമോ? ജനാധിപത്യ സംവിധാനത്തില്‍ കേരള സര്‍വകലാശാല എത്രമാത്രം മലീമസപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം അവിടുത്തെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള പിഎച്ച്ഡി തീസിസിന്റെ പകര്‍പ്പ് എടുക്കാന്‍ അനുവദിക്കില്ല എന്ന അറിയിപ്പ് ബോര്‍ഡാണ്. പകര്‍പ്പ് എടുത്താല്‍ പേരുമാറ്റി ഗൈഡിനെയും മാറ്റി സ്വന്തം സഖാക്കള്‍ പിഎച്ച്ഡി എടുക്കും എന്ന് സര്‍വകലാശാലകളിലെ മാന്യന്മാരായ എല്ലാ അധ്യാപകര്‍ക്കും അറിയാം. ഇത്തരം പകര്‍പ്പ് വ്യവസായത്തിലൂടെയാണല്ലോ ചിന്തയുടെ വാഴക്കുലയും റഹീമിന്റെ ജിഹാദിസവും ഒക്കെ പിഎച്ച്ഡി തീസീസുകളായി പൂത്തുലയുന്നത്.
സര്‍വകലാശാലകള്‍ പ്രഭാഷണങ്ങളുടെയും സംവാദങ്ങളുടെയും വേദികളാകണം എന്ന അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. എതിര്‍ശബ്ദങ്ങള്‍ ഉയരാന്‍ അനുവദിക്കാത്ത ഒരുതരം അടിമത്ത മനോഭാവത്തില്‍ കേരള സര്‍വകലാശാലയുടെ ക്യാമ്പസും യൂണിവേഴ്‌സിറ്റി കോളേജും മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി എസ്എഫ്‌ഐയും ഇടതുപക്ഷ ജീവനക്കാരുടെ യൂണിയനുമാണ് എന്നകാര്യം മറക്കരുത്. എതിരഭിപ്രായങ്ങളെ പരിഗണിക്കാനും കേള്‍ക്കാനും ഖണ്ഡിക്കാനും കഴിയുന്ന തരത്തിലുള്ള സംവാദ മനോഭാവം വളര്‍ത്തിയെടുക്കാന്‍ എവിടെയെങ്കിലും സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ടോ? സ്വന്തം സംഘടനയിലും സംവിധാനത്തിലും നടപ്പാക്കാത്ത കാര്യം ഒരു സ്വപ്‌നമായി കൊണ്ടുനടന്ന് പ്രസംഗിച്ചു പോകാന്‍ ആര്‍ക്കും കഴിയും. അതിനപ്പുറം അല്പമെങ്കിലും മാന്യതയും മനസ്സാക്ഷിയും ഉണ്ടെങ്കില്‍ അത് നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്. ഇന്ത്യന്‍ ജനാധിപത്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി അഴിമതിയാണ്. അതിനെതിരെ പോരാടുന്ന ഏറ്റവും ഉന്നത ശീര്‍ഷനായ നേതാവ് നരേന്ദ്രമോദിയാണ്. അദ്ദേഹത്തിനൊപ്പം അഴിമതിക്കെതിരെ പടപൊരുതാന്‍ ശ്രമിക്കുന്നതിന് പകരം അഴിമതിക്കാര്‍ക്ക് വേണ്ടി സംസാരിക്കാനും സമരം നടത്താനും പോകുന്നവര്‍ക്ക് എന്ത് അഭിമാനബോധമാണുള്ളത്.