കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ എപ്പോഴൊക്കെ അധികാരത്തില്‍ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം അതത് കാലത്തെ ഗവര്‍ണ്ണര്‍മാരുമായി അഭിപ്രായവ്യത്യാസവും പോരാട്ടവും പതിവായിരുന്നു. ജനാധിപത്യമൂല്യങ്ങള്‍ക്കോ ഭാരതത്തിന്റെ ഭരണഘടനയ്‌ക്കോ ഭരണഘടനയുടെ അന്തസ്സത്തയ്‌ക്കോ മൂല്യങ്ങള്‍ക്കോ എന്തെങ്കിലും പരിഗണന ഒരിക്കലും കൊടുക്കുന്നവരല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നും സ്വാതന്ത്ര്യം കരിദിനമായി ആചരിക്കണമെന്നും പറഞ്ഞ് ദേശീയപതാക പോലും ഉയര്‍ത്താത്ത അവര്‍ക്ക് ഗവര്‍ണ്ണറോട് പരമപുച്ഛമാണെന്ന് മാത്രമല്ല, ഗവര്‍ണ്ണര്‍സ്ഥാനം തന്നെ അധികപ്പറ്റാണെന്ന ചിന്തയിലുമാണ്. ഇത്തരം വിവാദങ്ങള്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ കാലം മുതല്‍ തുടങ്ങിയതാണ്. ഗവര്‍ണ്ണര്‍ തങ്ങളുടെ മേധാവിത്വം അനുസരിക്കുന്ന ഒരു വിധേയന്‍ മാത്രമാണെന്നാണ് അവരുടെ പക്ഷം. ജസ്റ്റിസ് സദാശിവം മാത്രമാണ് ഒരുപക്ഷേ, കാര്യമായ സംഘര്‍ഷത്തിന് നില്‍ക്കാതെ പദവിയൊഴിഞ്ഞത്.
ഇപ്പോഴത്തെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വന്നപ്പോള്‍ തന്നെ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. ന്യൂനപക്ഷ വര്‍ഗ്ഗീയത ആളിക്കത്തിച്ച് പോപ്പുലര്‍ ഫ്രണ്ടിനോടും ഇതര മുസ്ലീം തീവ്രവാദ വിഭാഗങ്ങളോടും സന്ധിചെയ്ത് അവര്‍ക്ക് അരുനിന്ന് അവരുടെ കീഴാളനായി എത്തിയ പിണറായിക്ക് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആരിഫ് മുഹമ്മദ്ഖാന്‍ ഗവര്‍ണ്ണറായി വന്നത് ഒരുതരത്തിലും പിടിച്ചില്ല. അതിന്റെ കാരണം ഒരു ന്യൂനപക്ഷ നേതാവിനെ കൊണ്ടുവന്ന് ഗവര്‍ണ്ണറാക്കുന്നതിലൂടെ ബി ജെ പി രാഷ്ട്രീയനേട്ടം കൊയ്യുമെന്ന ആശങ്കയായിരുന്നു. കൃതഹസ്തനായ രാഷ്ട്രീയക്കാരന്‍, ഉജ്വലനായ വാഗ്മി, ആദര്‍ശനിഷ്ഠ ഒരിക്കലും വിടാത്ത പൊതുപ്രവര്‍ത്തകന്‍ ഈ രീതിയിലൊക്കെ ശ്രദ്ധേയനായ ആരിഫ് മുഹമ്മദ്ഖാന്‍ ഏതെങ്കിലും തരത്തില്‍ പിണറായിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി വിനീതദാസനാകുമെന്ന് കരുതിയെങ്കില്‍ തെറ്റ് ആരുടേതാണ്? വി.എസ്.അച്യുതാനന്ദനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് ജയിച്ചതിനുശേഷം കറിവേപ്പില പോലെ വലിച്ചെറിഞ്ഞ് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കു വേണ്ടി ഭരണപരിഷ്‌ക്കാര കമ്മീഷന്‍ പദവി വലിച്ചെറിഞ്ഞുകൊടുത്തതു പോലെ ഗവര്‍ണ്ണറെയും കുപ്പിയിലാക്കാമെന്ന ധാര്‍ഷ്ട്യത്തിനും അഹന്തയ്ക്കുമാണ് ആരിഫ് മുഹമ്മദ്ഖാന്‍ തിരിച്ചടി നല്‍കിയത്. 1987 ല്‍ രാജീവ്ഗാന്ധി മന്ത്രിസഭയില്‍ നിന്ന് ഷഹബാനു കേസിന്റെ പേരില്‍ മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് 37-ാം വയസ്സില്‍ ഇറങ്ങിപ്പോരാമെങ്കില്‍ അതിനേക്കാള്‍ വലിയ ഒരു ഉമ്മാക്കിയും പിണറായിക്ക് ആരിഫ് മുഹമ്മദ്ഖാനോട് കാട്ടാനാവില്ല.
ഇപ്പോള്‍ ഇടതുമുന്നണി നേതാക്കളെല്ലാം തന്നെ ഗവര്‍ണ്ണര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഗവര്‍ണ്ണര്‍ക്ക് ഇല്ലാത്ത കുറ്റങ്ങളില്ല ഇപ്പോള്‍. പഴയ ഹവാല ഡയറി കേസില്‍ ആരിഫ് മുഹമ്മദ്ഖാന്റെ പേരുണ്ട്, അദ്ദേഹം പാര്‍ട്ടി മാറി തുടങ്ങിയ പല ആരോപണങ്ങളും ഉന്നയിച്ചു. ആരോപണങ്ങള്‍ക്കൊന്നും ഒരു പ്രതികരണവും ഗവര്‍ണ്ണറുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അവസാനമാണ് കഴിഞ്ഞയാഴ്ച ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭഗവത് തൃശ്ശൂരില്‍ എത്തിയപ്പോള്‍ ഗവര്‍ണ്ണര്‍ അദ്ദേഹത്തെ കണ്ടത് വിവാദമാക്കാന്‍ ഇടതുമുന്നണിയും യു ഡി എഫും ഒരേപോലെ ശ്രമിച്ചത്. ഡോ. മോഹന്‍ഭഗവത് ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധസേനയുടെ തലവനാണ്. ഭാരതത്തിനുവേണ്ടി മാത്രം ജീവിക്കാനും ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം വരെ അര്‍പ്പിക്കാനും തയ്യാറായ പ്രസ്ഥാനമാണ് ആര്‍ എസ് എസ്. 1925 ല്‍ രൂപീകൃതമായതു മുതല്‍ ആര്‍ എസ് എസ്സിനു പിന്നാലെ വേട്ടപ്പട്ടികളെ പോലെ ദേശവിരുദ്ധ ശക്തികളുണ്ട്. ഇല്ലാക്കഥകള്‍ മെനഞ്ഞെടുത്തും കള്ളം പറഞ്ഞും പ്രചരിപ്പിച്ചും ആര്‍ എസ് എസ്സിനെ തേജോവധം ചെയ്യാനുള്ള ശ്രമമുണ്ടായി. രാഷ്ട്രഭക്തിയില്‍ നിന്നും ഭാരതത്തിനു വേണ്ടിയുള്ള സമര്‍പ്പിത ജീവിതത്തില്‍ നിന്നും താഴെയറ്റത്തുള്ള സാദാ സ്വയംസേവകന്‍ മുതല്‍ സര്‍സംഘചാലക് എന്ന കുടുംബനാഥന്‍ വരെ അണുവിട വ്യതിചലിച്ചിട്ടില്ല. വിഭജനസമയത്ത് ആപത്തില്‍ പെട്ടവര്‍ക്ക് രക്ഷകരായി, അതിര്‍ത്തി കടന്നുവന്നവര്‍ക്ക് സമാശ്വാസവും അഭയാര്‍ത്ഥിക്യാമ്പും ഒരുക്കി ആര്‍ എസ് എസ് രംഗത്തുവന്നു. ജമ്മുകാശ്മീര്‍ പിടിക്കാനുള്ള പാകിസ്ഥാനി പഠാന്‍കാരുടെ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സൈനികര്‍ക്കൊപ്പം രണ്ടാംനിരയായി ആര്‍ എസ് എസ് ഉണ്ടായിരുന്നു. 1961 ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിലും അറുപത്തിനാലിലെയും എഴുപത്തിയൊന്നിലെയും ഇന്ത്യാ പാക് യുദ്ധത്തിലും തൊണ്ണൂറ്റിയെട്ടിലെ കാര്‍ഗില്‍ യുദ്ധസമയത്തും സൈനികരുടെ രണ്ടാംനിരയായി സന്നദ്ധസേവനം മാത്രമല്ല, രക്തം നല്‍കാനും ആര്‍ എസ് എസ് ഉണ്ടായിരുന്നു. 1963ലെ റിപ്പബ്ലിക്ദിന പരേഡില്‍ ആര്‍ എസ് എസ്സിന്റെ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചത് ആ വീരസ്മരണയ്ക്കും ത്യാഗത്തിനുമുള്ള അംഗീകാരമായിട്ടായിരുന്നു. എല്ലാകാലത്തും ആര്‍ എസ് എസ്സിനെ നിശിതമായി വിമര്‍ശിക്കുകയും ഏതുതരത്തിലും ആര്‍ എസ് എസ്സിനെ നശിപ്പിക്കാന്‍ എല്ലാവിധ പരിശ്രമങ്ങളും നടത്തുകയും ചെയ്ത നെഹ്‌റു തന്നെയാണ് ആര്‍ എസ് എസ്സിനെ റിപ്പബ്ലിക്ക്ദിന പരേഡിലേക്ക് ക്ഷണിച്ചത്. 1964 ലെ ഇന്ത്യാ-പാക് യുദ്ധസമയത്ത് ആര്‍ എസ് എസ് സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വള്‍ക്കറെ അന്നത്തെ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ശാസ്ത്രി ക്ഷണിച്ചുവരുത്തിയാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും സഹായം അഭ്യര്‍ത്ഥിച്ചതും.
രാഷ്ട്രത്തിന്റെ കാര്യത്തില്‍ ഒരുതരത്തിലും വിരുദ്ധ നിലപാട് ആര്‍ എസ് എസ് ഒരിക്കലും സ്വീകരിച്ചിട്ടില്ല. ദുരന്തഭൂമികളില്‍ സഹായവുമായി ഓടിയെത്തിയത് ഒരിക്കലും രാഷ്ട്രീയം പരിഗണിച്ചായിരുന്നില്ല. മോര്‍ബി അണക്കെട്ട് ദുരന്തം ഉണ്ടായപ്പോള്‍ ദുരന്തസ്ഥലത്ത് ചീഞ്ഞുനാറിയ മൃതദേഹങ്ങള്‍ എടുക്കാനും സംസ്‌കരിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ആര്‍ എസ് എസ്സുകാരെ മാത്രമേ ഞാന്‍ കണ്ടുള്ളൂ എന്നുപറഞ്ഞത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. ഫുജ്ജിലും കച്ചിലും ഭൂകമ്പമുണ്ടായപ്പോള്‍ കേരളമടക്കം പലയിടത്തും പ്രളയം ദുരന്തം വിതച്ചപ്പോള്‍ സുനാമി ദുരന്തമായി ആഞ്ഞടിച്ചപ്പോള്‍ എല്ലാം സേവനവുമായി രംഗത്തിറങ്ങിയ ആര്‍ എസ് എസ്സും അനുബന്ധ സംഘടനയായ സേവാഭാരതിയും സേവനത്തിന് ആരുടെയും മതം അന്വേഷിച്ചില്ല. പ്രാണന്‍ നല്‍കിയാണ് സേവനപ്രവര്‍ത്തനം നടത്തിയത്. അതേസമയം ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥയുമായി ഈ നാടിന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ഒളിപ്പോര്‍ പ്രവര്‍ത്തനവുമായി സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ ഒരുങ്ങിയതും ആര്‍ എസ് എസ് തന്നെയായിരുന്നു. ആ ആര്‍ എസ് എസ്സിന്റെ പരമാദ്ധ്യക്ഷനെ ഒരു സംസ്ഥാന ഗവര്‍ണ്ണര്‍ സന്ദര്‍ശിച്ചാല്‍ എന്താണ് പ്രശ്‌നം?
ആദ്യം സഖാക്കള്‍ ആരോപിച്ചത് മോഹന്‍ഭഗവതിനെ കണ്ടത് പ്രോട്ടോക്കോള്‍ ലംഘനമാണ് എന്നാണ്. പ്രോട്ടോക്കോള്‍ എന്താണെന്ന് എന്തെങ്കിലും ധാരണയുണ്ടെങ്കില്‍ അത്തരമൊരു ആക്ഷേപം ഒരിക്കലും പറയില്ലായിരുന്നു. ഗവര്‍ണ്ണര്‍ മുതല്‍ രാഷ്ട്രപതി വരെ ഉന്നത ഭരണഘടനാ പദവിയിലുള്ള ആര്‍ക്കും ആരെയും കാണാം. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ ഡോ. കെ.എന്‍.രാജിനെ വീട്ടില്‍ പോയി സന്ദര്‍ശിച്ചു. അന്നും ചിലര്‍ നെറ്റി ചുളിച്ചു. ഡോ. എ.പി.ജെ. അബ്ദുള്‍കലാം രാഷ്ട്രപതിയായിരുന്നപ്പോള്‍ തിരുവനന്തപുരം രാജ്ഭവനില്‍ ഉച്ചവിരുന്ന് ഒരുക്കിയത് ഗാന്ധാരിയമ്മന്‍കോവില്‍ റോഡിലെ ചെരുപ്പുകുത്തിയായ ജോസഫിനായിരുന്നു. ഐ എസ് ആര്‍ ഒയില്‍ ഉദ്യോഗസ്ഥനായിരിക്കെ താമസിച്ച മുറിയുടെ അടുത്ത് ചെരുപ്പ് നന്നാക്കാനിരുന്ന ജോസഫിന് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണ് രാഷ്ട്രപതി വിരുന്ന് ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ പ്രസ്ഥാനത്തിന്റെ മേധാവിയെ കാണാന്‍ ഗവര്‍ണ്ണര്‍ പോകുമ്പോള്‍ എന്തിനാണ് ഇത്ര ചൊറിച്ചില്‍ എന്ന് മനസ്സിലാകുന്നില്ല. ഭാരതത്തിന്റെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഭൂരിപക്ഷം മന്ത്രിമാര്‍, ഏതാണ്ട് പത്തൊന്‍പതോളം മുഖ്യമന്ത്രിമാര്‍, ഇന്ത്യയിലെ ഭൂരിപക്ഷം ഗവര്‍ണ്ണര്‍മാര്‍ എന്നിവരെല്ലാം സംഘപ്രസ്ഥാനവുമായി ബന്ധപ്പെട്ടവരാണ്. ‘നമസ്‌തേ സദാവത്സലേ മാതൃഭൂമേ/ ത്വയാ ഹിന്ദുഭൂമേ സുഖംവര്‍ദ്ധിതോഹം/മഹാമംഗലേ പുണ്യഭൂമേ ത്വദര്‍ത്ഥേ/ പതത്വേഷ കായോ നമസ്‌തേ നമസ്‌തേ’ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലുന്നവരുമാണ്. മഹാമംഗല്യവതിയായ പുണ്യഭൂമേ, നിന്റെ കാര്യത്തിനായി എന്റെ ശരീരം പതിയ്ക്കട്ടെ. സ്വന്തം ജീവിതം ഈ മാതൃഭൂമിയുടെ കാര്യത്തിനായി സമര്‍പ്പിക്കുന്നു എന്ന് നെഞ്ചില്‍ കൈവെച്ച് ദിവസവും പ്രാര്‍ത്ഥന ചൊല്ലുന്ന വേറെ ഏതൊരു പ്രസ്ഥാനം ഈ ഭാരതത്തിലുണ്ട്?
നിഷ്‌കാമ കര്‍മ്മയോഗികളായി, സന്യസ്തരായി ജീവിക്കുന്ന ആര്‍ എസ് എസ് പ്രചാരകന്മാരില്‍ അഗ്രിമസ്ഥാനത്താണ് സര്‍സംഘചാലക് എന്ന കുടുംബനാഥന്‍. ഭാരതത്തിന്റെ വളര്‍ച്ചയിലും ഭാരതത്തിന്റെ പരമവൈഭവത്തിലും ഭാരതത്തെ ജഗദ്ഗുരുവായി കാണണമെന്ന് ആഗ്രഹിക്കുന്ന ഏവരും സര്‍സംഘചാലകിനെ കാണാനെത്തും. അതില്‍ വര്‍ഗ്ഗ-വര്‍ണ്ണ-രാഷ്ട്രീയ-മതഭേദങ്ങളില്ല. അദ്ദേഹം ആര്‍ക്കും പ്രാപ്യനാണ്. ആരെയും കേള്‍ക്കും. അതുകൊണ്ടുതന്നെ ഷഹബാനു കേസിന്റെ പേരില്‍ മുസ്ലീം സ്ത്രീകള്‍ക്ക് തുല്യത വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ ആരിഫ് മുഹമ്മദ്ഖാന്റെ വാക്കുകള്‍ക്ക് അദ്ദേഹം ശ്രദ്ധ കൊടുക്കും. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സര്‍സംഘചാലകനെ കാണാനും കേള്‍ക്കാനും ആളെത്തും. സാധാരണ സംഘസ്വയംസേവകന്റെ വീട്ടിലാണ് സര്‍സംഘചാലകും അന്തിയുറങ്ങുക. അല്ലാതെ നക്ഷത്രഹോട്ടലുകളിലല്ല. ഈ വ്യത്യാസം സി പി എമ്മിന് മനസ്സിലാവില്ല. ഒരു രാഷ്ട്രീയകക്ഷികള്‍ക്കും മനസ്സിലാവില്ല. ആര്‍ എസ് എസ് സര്‍സംഘചാലകനെ ഗവര്‍ണ്ണര്‍ സന്ദര്‍ശിച്ചത് വിവാദമാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലും നികൃഷ്ടമായ രാഷ്ട്രീയ അജണ്ടയാണുള്ളത്. ആര്‍ എസ് എസ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണിത്. കേരളത്തില്‍ മാത്രമേ ഇത് വിലപ്പോകുന്നുള്ളൂ. യു പിയില്‍ 50 ശതമാനത്തിലേറെ മുസ്ലീങ്ങളുള്ള രാംപുരില്‍ പോലും ബി ജെ പി ജയിച്ചത് ഈ ഹീനതന്ത്രം വിലപ്പോകാത്തതുകൊണ്ടാണ്. കേരളത്തിലും കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി. ക്രിസ്തീയ സംഘടനകളും പള്ളിക്കാരും മാത്രമല്ല, ഉല്പതിഷ്ണുക്കളായ ദേശീയ മുസ്ലീങ്ങളും ആര്‍ എസ് എസ്സിലേക്കും പരിവാര്‍ പ്രസ്ഥാനങ്ങളിലേക്കും എത്തിത്തുടങ്ങി. ഇത് ഇനിയെങ്കിലും പിണറായിയും സി പി എമ്മും മനസ്സിലാക്കണം.
ഗവര്‍ണ്ണറുമായുള്ള സര്‍ക്കാരിന്റെ അഭിപ്രായവ്യത്യാസത്തിന്റെ ഉള്ളറകളിലേക്ക് കടക്കുന്നില്ല. ഗവര്‍ണ്ണര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? മുഖ്യമന്ത്രിയുടെ സെക്രട്ടറി മുതല്‍ സി പി എമ്മിലെ ഉന്നത നേതാക്കളുടെ ബന്ധുക്കളെ മാത്രം മാനദണ്ഡം ലംഘിച്ച് നിയമിക്കാനുള്ളതാണോ കേരളത്തിലെ സര്‍വ്വകലാശാലകള്‍? യോഗ്യതയുള്ളവരെ മൂലയ്ക്കിരുത്തി, അനര്‍ഹരെ ബന്ധുത്വത്തിന്റെ പേരില്‍ മാത്രം തിരുകിക്കയറ്റുന്നത് ശരിയല്ലെന്ന ഗവര്‍ണ്ണറുടെ നിലപാടില്‍ എന്താണ് തെറ്റെന്ന് സാധാരണക്കാരെ ബോദ്ധ്യപ്പെടുത്താന്‍ പിണറായിക്കും സര്‍ക്കാരിനും കഴിയുമോ? നിയമസഭയില്‍ സ്പീക്കറുടെ പോഡിയം തള്ളിയിട്ട ഇ പി ജയരാജന്‍ പറയുന്നു, ഗവര്‍ണ്ണര്‍ക്ക് പക്വതയില്ലെന്ന്. ഇപ്പോഴത്തെ വിവാദത്തിലും പ്രോട്ടോക്കോള്‍ ലംഘിച്ച് ആദ്യം ഗവര്‍ണ്ണര്‍ക്കെതിരെ വെടിപൊട്ടിച്ചത് മുഖ്യമന്ത്രിയല്ലേ? ഗവര്‍ണ്ണര്‍ മിണ്ടാതിരിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. ആ തെറ്റലാണ് ഇപ്പോഴത്തെ ഞെട്ടലിന് കാരണം. ലോകായുക്ത ബില്ല് ഗവര്‍ണ്ണര്‍ ഒപ്പിട്ടില്ലെങ്കില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടിവരും എന്നകാര്യം പിണറായി മറക്കരുത്.