ഭാരത്മാതാ കീ ജയ് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത് പേഷ്വയുടെ മന്ത്രിയായ അസീമുള്ള ഖാന്‍ ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടുപിടുത്തം. മുഖ്യമന്ത്രിക്ക് ഈ ഉപദേശം നല്‍കിയത് എണ്ണിയാല്‍ ഒടുങ്ങാത്ത ഉപദേശകന്മാരില്‍ ആരാണെന്നറിയില്ല, മുഖ്യമന്ത്രിക്ക് തന്റെ ഉപദേശകന്മാരുടെ എണ്ണം അറിയുമോ എന്ന കാര്യം തന്നെ സംശയമാണ്. രണ്ടാംതവണ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രിക്ക് ഓര്‍മ്മക്കുറവിന്റെ പ്രശ്‌നം നന്നായിട്ടുണ്ട് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ വെച്ച് ഫയല്‍ ഒപ്പിട്ടു തുടങ്ങിയ വിവാദങ്ങള്‍ ഒക്കെ ഓര്‍മ്മയുണ്ടാകുമല്ലോ. മാത്രമല്ല, ബ്രണ്ണന്‍ കോളേജില്‍ ഊരിപ്പിടിച്ച കത്തിക്കിടയിലൂടെ വാളും പിടിച്ചു പോയി തുടങ്ങി സിനിമയില്‍ ഹരീഷ് കണാരന്‍ അവതരിപ്പിച്ച ഒരു കഥാപാത്രത്തെ വെല്ലുന്ന ഉഗ്രന്‍ തള്ളുകേട്ട് കേരളം ഞെട്ടിത്തരിച്ച ദിവസങ്ങള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ലെങ്കില്‍ കേന്ദ്രമന്ത്രിയോ ആയാലും എല്ലാം അറിയണമെന്നില്ല. പക്ഷേ, അറിയാത്ത കാര്യം പറയുകയും പറയുന്ന കാര്യത്തെക്കുറിച്ച് വിവരമില്ലാതിരിക്കുകയും പൊതുസമൂഹത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മാത്രം ശൈലിയാണ്. അതിന് ഹരീഷ് കണാരന്റെ കഥാപാത്രത്തിന്റെ തള്ള്കഥകള്‍ക്കുള്ള വില പോലും പൊതുസമൂഹം ഇപ്പോള്‍ നല്‍കുന്നുമില്ല.
ഭാരത മാതാ എന്ന സങ്കല്പം മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതുന്നതു പോലെ കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടായതല്ല. അതിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇനിയും കാലപ്പഴക്കം കണക്കാക്കിയിട്ടില്ലാത്ത വേദസൂക്തങ്ങളിലാണ് മാതൃഭൂമി, ഭാരതഭൂമി തുടങ്ങിയ സങ്കല്പങ്ങള്‍ ഉരുത്തിരിഞ്ഞിട്ടുള്ളത്. എന്തായാലും കാള്‍ മാര്‍ക്‌സിന്റെ മൂലധനം തലയില്‍ വച്ചു ഉറങ്ങിയ പിണറായി വിജയന്‍ ഒരിക്കലും ഋഗ്വേദവും യജുര്‍വേദവും അഥര്‍വവ്വേദവും വായിക്കാന്‍ ഇടയില്ല. അഥര്‍വ വേദത്തിലെ ‘മാതാ ഭൂമി: പുത്രോഹം പൃഥിവ്യാഃ’ (അഥര്‍വവേദം 4-66-6) എന്ന സൂക്തം പറയുന്നത്, ഭൂമി എന്റെ മാതാവാണ് ഞാന്‍ ഈ ഭൂമിയുടെ പുത്രനും എന്നാണ്. ഋഗ്വേദം ‘ഉപസര്‍പ്പ മാതരം ഭൂമിം’ (ഋഗ്വേദം 10-18-10) എന്നു പറയുന്നു. ഇതിന്റെ അര്‍ത്ഥം മാതൃഭൂമിയെ ശുശ്രൂഷിക്കുക എന്നാണ്. യജുര്‍വേദത്തിലും ഇതേ അര്‍ത്ഥതലത്തിലുള്ള സൂക്തം കാണാം. ‘നമോ മാത്ര പൃഥിവ്യോഃ’, മാതൃഭൂമിക്ക് നമസ്‌കാരം എന്നാണ് ഇതിന്റെ അര്‍ത്ഥം. സെമറ്റിക് മതങ്ങള്‍ ഉണ്ടാകുന്നതിന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ ഈ സങ്കല്പവും പാരമ്പര്യവും ഉണ്ടായിരുന്നു. ഭാരതീയമായ എല്ലാത്തിനെയും ഇകഴ്ത്തുകയും അവമതിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പിണറായി വിജയന് ഭാരതീയമായ പാരമ്പര്യത്തെ കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും അഭിമാനത്തേക്കാളേറെ വിപ്രതിപത്തി മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവനകളെ സപ്ലൈകോ കിറ്റിലെ ഉല്‍പ്പന്നങ്ങള്‍ പോലെ കണ്ടാല്‍ മതി.
ഭാരത മാതാ കീ ജയ് എന്ന മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത് അസീമുള്ള ഖാന്‍ ആയതുകൊണ്ട് ഭാരത മാതാ കീ ജയ് വിളിക്കുന്ന സംഘപരിവാറുകാര്‍ പാകിസ്ഥാനിലേക്ക് ഓടിപ്പോകുമോ എന്നതാണ് പിണറായി വിജയന്‍ ഉയര്‍ത്തുന്ന ചോദ്യം. അക്കര നില്‍ക്കുന്ന നായ തുടലും പൊട്ടിച്ചോടി വന്നാല്‍ എന്ത് ചെയ്യും എന്ന ചോദ്യം പോലെയാണിത്. ഒന്നാമത്തെ കാര്യം അസീമുള്ള ഖാന്‍ ഇങ്ങനെയൊരു മുദ്രാവാക്യം വിളിച്ചതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. ‘ഹംഹേ ഇസേ മാലിക് ഹിന്ദുസ്ഥാന്‍ ഹമാര’ എന്ന കവിത എഴുതിയ അസീമുള്ള ഖാന്‍ ഭാരത മാതാ കീ ജയ് മുദ്രാവാക്യം എവിടെയെങ്കിലും എഴുതിയതായി ഇന്ന് വരെ തെളിയിക്കപ്പെട്ടിട്ടില്ല. പിണറായി വിജയന് ഈ വിവരം എവിടെ നിന്ന് ലഭിച്ചു എന്ന കാര്യമാണ് ആദ്യം അറിയേണ്ടത്. 1873 ല്‍ കിരണ്‍ ചന്ദ്ര ബന്ദോപാധ്യയുടെ നാടകത്തിലാണ് ഭാരത മാതാ കീ ജയ് എന്ന മുദ്രാവാക്യം വേദകാലങ്ങള്‍ക്ക് ശേഷം ആദ്യം മുഴങ്ങിയത്. ബംഗാളിലെ സ്വാതന്ത്ര്യ സമരസേനാനികളുടെയും വിപ്ലവകാരികളുടെയും രക്തവും വിയര്‍പ്പും മണക്കുന്ന ആ മുദ്രാവാക്യം ഏതെങ്കിലും മതത്തിനോ ജാതിക്കോ ചാര്‍ത്തി കൊടുക്കാന്‍ ആകുന്നതല്ല. അത് ഭാരതീയന്റെ ഹൃദയവികാരമാണ്. അത് മനസ്സിലാക്കാന്‍ അക്കാലത്ത് തന്നെ അബനീന്ദ്രനാഥടാഗോര്‍ വരച്ച ഭാരത മാതാവിന്റെ ചിത്രം കാണണം. ലക്ഷ്മിയുടെയും ദുര്‍ഗയുടെയും കാളിയുടെയും പ്രതിരൂപങ്ങള്‍ ആവാഹിച്ചെടുത്ത ആ ചിത്രം അറേബ്യന്‍ ഗോത്രസമൂഹത്തിന്റെ പാരമ്പര്യവുമായി ഒത്തുപോകുന്നതല്ല. അത് ഭാരതത്തിന്റെ, ഹിന്ദുവിന്റെ, സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. അതുകൊണ്ടുതന്നെയാണ് ഭാരതമാതാവ് എന്ന സങ്കല്പം മുഖ്യമന്ത്രി പിണറായി വിജയനും മനസ്സിലാകാത്തത്. അത് മനസ്സിലാകണമെങ്കില്‍ ഭാരതത്തെ സ്‌നേഹിക്കണം, മാതൃശക്തി എന്താണെന്ന് സ്ത്രീശക്തി എന്താണെന്ന് അറിയണം. ഭാരത മാതാവ് എന്ന സങ്കല്പം വീണ്ടും ഊട്ടിയുറപ്പിച്ചതാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന നോവല്‍. വന്ദേമാതരം എന്ന ആനന്ദമഠം ആലേഖനം ചെയ്യുന്ന ഗീതമാണ് ഭാരത മാതാവിന്റെ യഥാര്‍ത്ഥ ചിത്രം. ഇത്രയും സങ്കല്പങ്ങള്‍ ഉണ്ടായിട്ടും കേരളത്തിലെ പൊതുസമൂഹത്തില്‍ അന്തഃഛിദ്രം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുമ്പെട്ടതിന്റെ കാരണം അദ്ദേഹത്തിന്റെ ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവും ഭാരതീയ സംസ്‌കാരവിരുദ്ധവുമായ കാഴ്ചപ്പാടും മനോഭാവവുമാണ്.
അതേപോലെ തന്നെയാണ് ‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യവും. നേതാജി സുഭാഷ്ചന്ദ്രബോസിന് ആ മുദ്രാവാക്യം നല്‍കിയത് ആബിദ് ഹസന്‍ ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അത് ശരിയല്ല. ആ മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത് മലയാളിയായ ചെമ്പകരാമന്‍ പിള്ളയാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ബ്രിട്ടനില്‍ തന്നെ പോരാട്ടം തുടങ്ങിയ കേരളത്തിന്റെയും ഭാരതത്തിന്റെയും അഭിമാന പുത്രനായ ചെമ്പകരാമന്‍ പിള്ള 1907 ലാണ് ആ മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത്. നേതാജി സുഭാഷ് ചന്ദ്രബോസ് ഐഎന്‍എ പടയാളികളെ അഭിസംബോധന ചെയ്യാന്‍ ഒരു വാക്കു വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആബിദ് ഹസന്‍ ആദ്യം നിര്‍ദ്ദേശിച്ച വാക്ക് ഹലോ ആയിരുന്നു. നേതാജി തന്നെ ഓര്‍മ്മിപ്പിച്ചപ്പോഴാണ് ചെമ്പകരാമന്‍ പിള്ളയുടെ ജയ്ഹിന്ദ് എന്ന വാക്ക് ആബിദ് ഹസന്‍ പറഞ്ഞതും നേതാജി സ്വീകരിച്ചതും.
എല്ലാത്തിന്റെയും പിതൃത്വം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം മുഖ്യമന്ത്രിയും മരുമോനും ഇനിയെങ്കിലും ഒഴിവാക്കണം. കേരളത്തില്‍ ഉടനീളം നിര്‍മ്മിച്ച ദേശീയപാതകളുടെയും പാലങ്ങളുടെയും ബൈപ്പാസുകളുടെയും ഒക്കെ സ്ഥാപകനും നിര്‍മ്മാതാവും താനാണെന്ന പേരില്‍ ഫ്‌ളക്‌സ് വെയ്ക്കുന്ന മരുമകനെ കണ്ട് അമ്മായി അച്ഛന്‍ പഠിക്കരുത്. മരുമകനോടുള്ള കൂറും അന്ധമായ വിധേയത്വവുമാണ് ഇതിനുകാരണം, മരുമകനും മരുമകന്റെ സമുദായവുമാണ് എല്ലാത്തിനും പിന്നില്‍. എല്ലാത്തിന്റെയും ഉടമസ്ഥരും അവരാണ് എന്ന ചിന്തയാണ് ഇപ്പോള്‍ പിണറായിയെ മുന്നോട്ടു നയിക്കുന്നത്. ഒരു മൂന്നാം ഭരണത്തിന് കാലം കിട്ടിയാല്‍ മരുമകനെ അത് ഏല്‍പ്പിക്കാനും വാഴ്ത്താനുമുള്ള തയ്യാറെടുപ്പില്‍ എല്ലാം വോട്ടുബാങ്ക് ആയ മുസ്ലീങ്ങളുടേതാണ് എന്ന സങ്കല്പമാണ് മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.
പക്ഷേ, ഒരു കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അബദ്ധം പറ്റി, ഭാരത മാതാ കീ ജയ് ഏതു സമുദായക്കാര് വിളിച്ചാലും അത് ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും സ്വപ്‌നമാണ്. ആര്‍എസ്എസിന് ജാതിയും മതവും ഇല്ല. ആര്‍എസ്എസിന്റെ ശാഖകളില്‍ സ്വയംസേവകരായി ചേരുന്നവരോട് ആരും ജാതിയും മതവും ചോദിക്കാറില്ല. രാഷ്ട്രത്തോടുള്ള അചഞ്ചലമായ കൂറും ഭാരതത്തിനു വേണ്ടി സ്വന്തം ജീവന്‍ പോലും ബലി കഴിക്കാനുള്ള ആത്മവീര്യവുമാണ് ആര്‍എസ്എസ് ഓരോ സ്വയംസേവകനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ആര്‍എസ്എസിന്റെ ശാഖകളില്‍ ഓരോ ദിവസവും നൂറുകണക്കിന് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒക്കെ പങ്കെടുക്കുന്നുണ്ട് എന്നകാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാത്തത് അദ്ദേഹത്തിന്റെ കണ്ണട കാരണമാണ്. ഇപ്പോള്‍ അദ്ദേഹം ധരിച്ചിരിക്കുന്ന വര്‍ഗ്ഗീയ കണ്ണട ഊരി മാറ്റണം. മുരുകന്‍ കാട്ടാക്കട പറഞ്ഞതുപോലെ മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു കണ്ണടകള്‍ വേണം എന്ന വരികള്‍ അങ്ങയെ കണ്ട് ദീര്‍ഘദര്‍ശനത്തോടെ എഴുതിയതായിരിക്കാമെന്നേ കരുതാനാകു. അതുകൊണ്ട് ആരു ഭാരതമാതാ കീ ജയ് വിളിച്ചാലും സംഘവും സംഘപരിവാറുകാരനും പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഓടേണ്ട കാര്യമില്ല. സംഘവും സംഘപരിവാറും ലക്ഷ്യമിടുന്നതും ഇതുതന്നെയാണ്. വിശ്വാസങ്ങള്‍ക്കും മതത്തിനും അതീതമായി മുഴുവന്‍ ഭാരതീയരും ഭാരത മാതാ കീ ജയ് വിളിക്കുകയും പാകിസ്ഥാന്‍ അടക്കമുള്ള ഭാരത വിരുദ്ധ ശക്തികളുടെ നെഞ്ചു പിളര്‍ക്കുന്ന ശക്തിയില്‍ അത് തോളോട് തോള്‍ ചേര്‍ന്ന് വിളിക്കുകയും ചെയ്യും. രണ്ടുതവണ മുഖ്യമന്ത്രിയും ഒരുതവണ മന്ത്രിസ്ഥാനവും ദശാബ്ദങ്ങളായി എംഎല്‍എ സ്ഥാനവും ഒക്കെ വഹിച്ച പിണറായി വിജയന്‍ എത്ര തവണ ഭാരത മാതാ കീ ജയ് വിളിച്ചിട്ടുണ്ട്?
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തെ, ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത് പണം പറ്റിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ‘ദ ഗ്രേറ്റ് ബിട്രേയല്‍’ എന്ന പുസ്തകത്തില്‍ അരുണ്‍ ഷൂരി തുറന്നുകാട്ടിയിട്ടുണ്ട്. അതിന്റെ കൂടുതല്‍ രേഖകള്‍ അടുത്തിടെ ബ്രിട്ടീഷ് ആര്‍ക്കൈവ്‌സിലെ രഹസ്യരേഖകള്‍ ഡി ക്ലാസിഫൈ ചെയ്തപ്പോള്‍ പുറത്തുവന്നിട്ടുമുണ്ട്. രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും സ്വാതന്ത്ര്യത്തിനു ശേഷവും ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പറ്റിയ പണത്തിന്റെ കണക്കും പുറത്തുവന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷവും സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നും യഥാര്‍ത്ഥ സ്വാതന്ത്ര്യം വരാനിരിക്കുന്നതേ ഉള്ളു എന്നും പ്രചരിപ്പിച്ച് ആ മോഹവലയത്തില്‍പ്പെട്ട് ദേശീയ പതാക അഴിച്ചിറക്കാന്‍ പോയി വെടിയേറ്റ് മരിച്ച സര്‍ദാര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിക്കുന്നുണ്ടോ? മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ഒരുകാര്യം ഓര്‍മ്മ വേണം, അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. 100 ശതമാനം സാക്ഷരതയും ഏറ്റവും കൂടുതല്‍ സ്ത്രീ സാക്ഷരതയും ഏറ്റവും കൂടുതല്‍ വിദ്യാ സമ്പന്നരും ഒക്കെയുള്ള കേരളത്തിന്റെ മുഖ്യമന്ത്രി. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെങ്കില്‍ പോലും എന്തിനാണ് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്? ഈ നാടകം ഇനിയും കേരളത്തിലെ ഹിന്ദുക്കളും മുസ്ലീങ്ങളും മനസ്സിലാക്കുന്നില്ല. ഇനിയും വോട്ട് ബാങ്കിന്റെ പേരില്‍ മുസ്ലിം സമൂഹം മൊത്തമായി വന്ന് വോട്ട് ചെയ്യുമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അങ്ങ് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.
എന്തായാലും ഒരു കാര്യത്തില്‍ മലയാളികള്‍ക്കും കേരളത്തിനും അഭിമാനിക്കാം. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനും വിഷം കുത്തിവെക്കാനുമാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഭാരത് മാതാ കി ജയ് വിളിച്ചു. മുഖ്യമന്ത്രി പ്രസംഗിച്ച രീതിശാസ്ത്രം അനുസരിച്ച് ഭാരത് മാതാ കീ ജയ് വിളിക്കുന്ന എല്ലാവരും സംഘപരിവാറുകാര്‍ ആണല്ലോ… ആ അര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാറുകാരന്‍ തന്നെ. സംഘപരിവാര്‍ ആകാന്‍ മരുമോന്റെ മതവും മരുമകളുടെ ജാതിയും ഒന്നും പ്രശ്‌നമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് തന്നെ പിണറായി തെളിയിക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ എന്തുപറയാന്‍.